Image

നടിയെ അധിക്ഷേപിച്ച കൈരളി ചാനല്‍ പരസ്യമായി മാപ്പുപറയണമെന്ന്‌ ബൃന്ദ കാരാട്ട്‌

Published on 25 February, 2017
നടിയെ അധിക്ഷേപിച്ച കൈരളി ചാനല്‍ പരസ്യമായി മാപ്പുപറയണമെന്ന്‌ ബൃന്ദ കാരാട്ട്‌

ന്യൂദല്‍ഹി: നടിക്കെതിരെയുണ്ടായ ആക്രമണത്തെ മറ്റു രീതിയില്‍ വ്യാഖ്യാനിച്ച കൈരളി ചാനല്‍ പരസ്യമായി മാപ്പു പറയണമെന്ന്‌ പോളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്‌. എന്‍.ഡി ടി.വി വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തിലാണ്‌ പാര്‍ട്ടി ചാനലിനെയും കോടിയേരി ബാലകൃഷ്‌ണന്റെ നിലപാടിനെയും ബൃന്ദാ കാരട്ട്‌ വിമര്‍ശിച്ചത്‌.

`നടിയെ അപമാനിക്കുന്ന തരത്തിലുള്ള വാര്‍ത്തയാണ്‌ കൈരളി ചാനല്‍ റിപ്പോര്‍ട്ടു ചെയ്‌തത്‌. ചാനല്‍ പരസ്യമായി മാപ്പു പറയണം. ഇത്തരത്തില്‍ വാര്‍ത്ത സെന്‍സേഷണലൈസ്‌ ചെയ്‌തു റിപ്പോര്‍ട്ടു ചെയ്‌ത മറ്റു ചാനലുകളും മാപ്പു പറയണം.' കൈരളിയുടെ പേരു പറഞ്ഞുകൊണ്ടുതന്നെ ബൃന്ദ കുറിക്കുന്നു.

നടി ആക്രമിക്കപ്പെട്ടതിന്‌ പിന്നാലെ പാര്‍ട്ടി ചാനല്‍ നല്‍കിയ വാര്‍ത്തയില്‍ നടിയും പ്രതിയും തമ്മില്‍ ബന്ധമുണ്ടെന്ന പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നത്‌ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

നടിക്കെതിരെയുള്ള ആക്രമണം ഒറ്റപ്പെട്ടതാണെന്ന്‌ പറഞ്ഞ കോടിയേരിക്കുള്ള മറുപടിയായി, കേരളത്തില്‍ സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ കണക്കുകള്‍ വെളിപ്പെടുത്തുന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ്‌ ബ്യൂറോ ലിസ്റ്റും ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ഈ സംഭവത്തെ പ്രാധാന്യം കുറച്ചുകാണുന്നത്‌ തീര്‍ത്തും തെറ്റാണെന്നു പറഞ്ഞുകൊണ്ടാണ്‌ ബൃന്ദ കേരളത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്‌. കേരളത്തില്‍ സ്‌ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ നിരക്ക്‌ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇത്‌ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നെന്നും ബൃന്ദ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക