Image

പള്‍സര്‍ സുനിയും വിജീഷും കാക്കനാട് ജില്ലാ ജയിയിലില്‍

Published on 24 February, 2017
പള്‍സര്‍ സുനിയും വിജീഷും കാക്കനാട് ജില്ലാ ജയിയിലില്‍
ആലുവ: നടിയെ അക്രമിച്ച കേസിലെ പ്രതികളായ പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെയും വിജേഷിനെയും കോടതി റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. പോലീസ് കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. ശിവരാത്രി പ്രമാണിച്ച് ഇന്ന് കോടതി അവധി ദിനമായതിനാല്‍ ആലുവ മജിസ്ട്രേറ്റിന്റെ വസതിയിലാണ് പ്രതികളെ ഹാജരാക്കിയത്. സുനിയെയും വിജേഷിനെയും കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. ആക്രമണ സാധ്യത മുന്നില്‍ കണ്ട് വന്‍ സുരക്ഷയിലാണ് സുനിയ ഹാജരാക്കിയത്. മജിസ്ട്രേറ്റിന്റെ വീടിന് മുന്നില്‍ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. മുഖം മറക്കാതെയാണ് പൊലീസ് പള്‍സര്‍ സുനിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.

അതേസമയം, സമൂഹ മാധ്യമങ്ങള്‍ വ്യാജപ്രചാരണം നടത്തുന്നുവെന്നാരോപിച്ചാണ് ദിലീപ് രേഖാമൂലം ഡി.ജി.പിക്ക് പരാതി നല്‍കിയത്. സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം നടത്തിയവര്‍ക്കും അനാവശ്യമായി തന്റെ പേര് കേസിലേക്ക് വലിച്ചിഴച്ചവര്‍ക്കുമെതിരെയാണ് പരാതി നല്‍കിയത്. നടിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പ്രമുഖ നടനാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇത് ദിലീപിനെയാണ് ഉദ്ദേശിക്കുന്നതെന്ന രീതിയിലാണ് സമൂഹമാധ്യമങ്ങള്‍ പ്രചാരണം നടത്തിയത്. ദിലീപിനെ പോലീസ് ചോദ്യം ചെയ്തതായും പ്രചാരണമുണ്ടായിരുന്നു. തുടര്‍ന്ന് ദിലീപ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പോലീസ് ചോദ്യം ചെയ്തുവെന്ന് പറയുന്ന ആ നടന്‍ താനല്ലെന്നും ഫോണില്‍ പോലും പോലീസ് ബന്ധപ്പെട്ടില്ലെന്നും ദിലീപ് പറഞ്ഞിരുന്നു.

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനിയും സംഘവും ഉപയോഗിച്ച ഫോണ്‍ തേടി പൊലീസ്. സുനിയുടെ മൊഴിയെ അടിസ്ഥാനമാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനായി പൊലീസ് പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പ്രതി സുനി പറഞ്ഞ സ്ഥലങ്ങളിലാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. അപമാനിച്ചു ദൃശ്യങ്ങളെടുത്ത മൊബൈല്‍ ഫോണ്‍ വെള്ളത്തിലെറിഞ്ഞെന്നാണ് സുനി ആദ്യം മൊഴി നല്‍കിയത്. ഓടയില്‍ എറിഞ്ഞെന്നായിരുന്നു ആദ്യം മൊഴി പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാവിലെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിന് ശേഷമാണ് പ്രതി വീണ്ടും മൊഴി മാറ്റിയത്. പുഴയില്‍ എറിഞ്ഞെന്ന വിധത്തിലുള്ള മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. ഇത് പ്രകാരം ഫോണ്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് തുടരുകയാണ്. അതേസമയം, ബ്ലാക്ക് മെയില്‍ കെണിയില്‍ കൂടുതല്‍ താരങ്ങള്‍ കുടുങ്ങിയിട്ടുണ്ടെന്ന നിഗമനത്തിലാണു പൊലീസ്. മറ്റു നടിമാരുടെ നഗ്നദൃശ്യങ്ങള്‍ സുനി പകര്‍ത്തിയിട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. അത്തരത്തിലൊന്നും ചെയ്തിട്ടില്ലെന്നാണു സുനിയുടെ മൊഴി.

ഇന്നലെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ സുഹൃത്തിനെ കാണാന്‍ പോയതിന്റേതാണെന്നു സുനി മൊഴി നല്‍കി. ലഹരിയിലായിരുന്ന സുഹൃത്തു വാതില്‍ തുറന്നില്ലെന്നുമാണു മൊഴി. എന്നാല്‍ വാതില്‍ തുറന്നില്ലെങ്കില്‍ പിന്നെ 20 മിനിറ്റ് വൈകി തിരിച്ചെത്തിയതെന്തിനാണെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്.

പള്‍സര്‍ സുനിയും വിജീഷും കാക്കനാട് ജില്ലാ ജയിയിലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക