Image

മാധ്യമ പ്രവര്‍ത്തകര്‍ ജനപക്ഷത്തു നിലയുറപ്പിക്കണം: എം.വി. നികേഷ്‌കുമാര്‍

Published on 22 January, 2017
മാധ്യമ പ്രവര്‍ത്തകര്‍ ജനപക്ഷത്തു നിലയുറപ്പിക്കണം: എം.വി. നികേഷ്‌കുമാര്‍


      ജിദ്ദ: കേരളത്തിലെ അഭിഭാഷകര്‍ ഏകപക്ഷീയമായി പത്രപ്രവര്‍ത്തകര്‍ക്കുനേരെ അതിക്രമം അഴിച്ചുവിട്ടിട്ടും പത്രപ്രവര്‍ത്തകര്‍ക്ക് ജനങ്ങളുടെ പിന്തുണ ലഭിക്കാതെ പോയത് അവരുടെ അഹന്തകൊണ്ടാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടിവി എംഡിയുമായ എം.വി. നികേഷ്‌കുമാര്‍. ജിദ്ദ ഇന്ത്യന്‍ മീഡിയഫോറം സംഘടിപ്പിച്ച സൗഹൃദ സംഭാഷണത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 

പത്രലേഖകരുടെ മുഖവും ഭാവവുമെല്ലാം തങ്ങള്‍ എല്ലാത്തിനും മുകളിലെന്ന പ്രതീതിയാണ് സൃഷ്ടിച്ചിരുന്നത്. ഇത് ജനങ്ങളില്‍ മടുപ്പുണ്ടാക്കിയിരുന്നു. അതിന്റെ ഫലമായാണ് വനിതാ പത്രപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ക്കുനേരെ ക്രൂരമായ അതിക്രമം ഉണ്ടായിട്ടും ജനങ്ങള്‍ അത് ഏറ്റെടുക്കാതിരുന്നതെന്നും ഇതു തിരിച്ചറിയാന്‍ പത്രപ്രവര്‍ത്തകര്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. 

ഏതു പത്രപ്രവര്‍ത്തകര്‍ക്കും അബദ്ധങ്ങളും തെറ്റുകളും സംഭവിക്കും. അത്തരം തെറ്റ് തനിക്കും ഉണ്ടായിട്ടുണ്ട്. കേരള രാഷ്ട്രീയത്തിലെ വിവാദ കേസില്‍ കോഴിക്കോട് പ്രത്യക്ഷപ്പെട്ട ഇരയെയും അവരുടെ കുഞ്ഞിനെയും അന്ന് ടിവിയില്‍ കാണിച്ചത് തെറ്റായിരുന്നു. ഇന്ന് അതു കാണിക്കുന്നതിനെതിരെ നിയമമുണ്ട്. അന്ന് നിയമുണ്ടായിരുന്നില്ലെങ്കിലും ഇരയെ കാണിക്കാന്‍ പാടില്ലായിരുന്നു. തെറ്റു സംഭവിച്ചതില്‍ ഖേദം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

സോളാര്‍ കേസില്‍ തന്റെ നിലപാടില്‍ ഒരു തെറ്റും ഉണ്ടായിട്ടില്ല. 
ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാധ്യമങ്ങളുടെ കോര്‍പ്പറേറ്റ് വത്കരണമാണ്. പ്രാദേശിക മാധ്യമങ്ങള്‍ പോലും കോര്‍പറേറ്റുകളുടെതായി മാറുന്ന സ്ഥിതി വിശേഷം അപകടകരമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താവതാരകന്‍, അല്ലെങ്കില്‍ വാര്‍ത്തകള്‍ നിശ്ചയിക്കുന്നയാള്‍ എന്ന നിലയില്‍ ഇനി ടിവിയില്‍ പ്രത്യക്ഷപ്പെടില്ല. അതേ സമയം തന്റെ രാഷ്ട്രീയം ജനങ്ങള്‍ മനസിലാക്കിക്കൊണ്ടുതന്നെ എല്ലാവര്‍ക്കും സ്വീകാര്യമായ ടെലിവിഷന്‍ ഷോകളുമായി താമസിയാതെ രംഗത്തുവരുമെന്ന് നികേഷ്‌കുമാര്‍ പറഞ്ഞു.

മീഡിയ ഫോറത്തിന്റെ ഉപഹാരം ഫോറം ഭാരവാഹികള്‍ നികേഷിന് സമര്‍പ്പിച്ചു.
ഫോറം പ്രസിഡന്റ് പി.എം. മായിന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജറല്‍ സെക്രട്ടറി സാദിഖലി തുവൂര്‍, ട്രഷറര്‍ സുള്‍ഫീക്കര്‍ ഒതായി എന്നിവര്‍ പ്രസംഗിച്ചു. മീഡിയ ഫോറം അംഗങ്ങളായ ജലീല്‍ കണ്ണമംഗലം, ജാഫറലി പാലക്കോട്, കെ.ടി.എ. മുനീര്‍, അബ്ദുറഹ്മാന്‍ വണ്ടൂര്‍, നാസര്‍ കരുളായി, ശരീഫ് സാഗര്‍, സി.കെ. ശാക്കിര്‍, ഹാഷിം കോഴിക്കോട്, മുസ്തഫ പെരുവള്ളൂര്‍, ഹനീഫ ഇയ്യാംമടക്കല്‍, പി.കെ. സിറാജുദ്ദീന്‍, നിയാസ്, മൂസക്കുട്ടി വെട്ടിക്കാട്ടിരി, കെബീര്‍ കൊണ്ടോട്ടി, നിഷാദ് അമീന്‍, ശിവന്‍ പിള്ള, എം.ഡി. ശുഐബ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക