Image

നടന്‍ അജിത്‌ ബള്‍ഗേറിയയിലെ ഷൂട്ടിങ്‌ അവസാനിപ്പിച്ച്‌ ചെന്നൈയില്‍: മടക്കം ജയലളിതയുടെ പിന്‍ഗാമിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ

Published on 06 December, 2016
നടന്‍ അജിത്‌ ബള്‍ഗേറിയയിലെ ഷൂട്ടിങ്‌ അവസാനിപ്പിച്ച്‌ ചെന്നൈയില്‍: മടക്കം ജയലളിതയുടെ പിന്‍ഗാമിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ

തമിഴ്‌നാട്‌: ജയലളിതയുടെ മരണത്തിന്‌ പിന്നാലെ അവരുടെ പിന്‍ഗാമി ആരാകുമെന്ന അഭ്യൂഹം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. ജയയുടെ പിന്‍ഗാമി തമിഴ്‌ സൂപ്പര്‍സ്‌റായ അജിത്‌ ആകുമെന്ന അഭ്യൂഹങ്ങളായിരുന്നു ഏതാനും ദിവസങ്ങളായി ഉയര്‍ന്നിരുന്നത്‌. 

ബള്‍ഗേറിയയില്‍ ഷൂട്ടിങ്‌ ഉണ്ടായിരുന്ന അജിത്‌ അവിടുത്തെ ഷൂട്ടിങ്‌ അവസാനിപ്പിച്ച്‌ ചെന്നൈയിലേക്ക്‌ മടങ്ങിയതായാണ്‌ വിവരം. ജയലളിതയുടെ പിന്‍ഗാമി ആരാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ്‌ ഇതെന്ന്‌ ശ്രദ്ധേയമാകുന്നത്‌.

അജിതിനെ പിന്‍ഗാമിയാക്കാന്‍ ജയലളിത നേരത്തെ തീരുമാനിച്ചിരുന്നതായി അണ്ണാ ഡി.എം.കെ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. തന്റെ വിശ്വസ്‌തര്‍ക്ക്‌ ജയലളിത എഴുതി നല്‍കിയ വില്‍പ്പത്രത്തില്‍ അജിതിനെ പിന്‍ഗാമിയാക്കണമെന്ന്‌ പറയുന്നതായും സൂചനയുണ്ടായിരുന്നു.

ജയലളിത ആശുപത്രിയില്‍ കഴിയുന്ന സമയത്ത്‌ തന്നെ അജിതിനെ പിന്‍ഗാമിയാക്കാന്‍ തീരുമാനിച്ചിരുന്നതായി ഒരു കന്നഡ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

ജയലളിതയുമായി ഏറെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന നടനാണ്‌ അജിത്‌. സ്വന്തം മകനെ പോലെയാണ്‌ ജയലളിത തന്നെ സ്‌നേഹിക്കുന്നതെന്ന്‌ വിവിധ അഭിമുഖങ്ങളില്‍ അജിത്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌.

പാര്‍ട്ടി അണികള്‍ക്കിടയിലും അജിത്‌ പ്രിയങ്കരനാണ്‌. അജിത്‌ ഭരണനേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാകുന്നതുവരെയാണ്‌ പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി തുടരുകയെന്നാണ്‌ വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്‌.

ബള്‍ഗേറിയയിലെ ഷൂട്ടിങ്ങിനിടെയാണ്‌ അജിത്‌ ജയലളിതയുടെ മരണവാര്‍ത്ത്‌ അറിയുന്നത്‌. ജയലളിതയ്‌ക്ക്‌ ആദരാഞ്‌ജലി അര്‍പ്പിച്ച്‌ അജിത്‌ പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു. ജയലളിതയുടെ രോഗശാന്തിക്കായി പ്രാര്‍ത്ഥിച്ച്‌ പ്രതീക്ഷയോടെ കാത്തിരിക്കവേ എത്തിയ മരണവാര്‍ത്ത തന്നെ ഞെട്ടിച്ചെന്നും അമ്മയുടെ ആത്മാവിന്‌ നിത്യശാന്തി ലഭിക്കെട്ടെയെന്നും അജിത്‌ പറഞ്ഞിരുന്നു.

ജയലളിതയുടെ തോഴി ശശികല അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു വരുന്നുവെന്നു സൂചന. ചില ദേശീയ മധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

ജയലളിത മല്‍സരിച്ച ആര്‍കെ നഗറില്‍ നിന്ന് ഉപതെരഞ്ഞെടുപ്പിനെ നേരിടുന്ന കാര്യവും ശശികല ആലോചിക്കുന്നുണ്ട്. പനീര്‍ശെല്‍വത്തെ മുന്നില്‍ നിര്‍ത്തി പിന്നില്‍ നിന്ന് നിയന്ത്രിക്കുന്ന ജയലളിതയുടെ അതേ ശൈലിയാകും ശശികലയും സ്വീകരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചത്തെ ജയലളിതയുടെ സംസ്‌കാര ചടങ്ങില്‍ ശശികലയായിരുന്നു ശ്രദ്ധാകേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദി ശശികലയുടെ തലയില്‍ കൈവച്ചാണ് ആശ്വസിപ്പിച്ചത്. ഇതെല്ലാം ശശികലയുടെ രാഷ്ട്രിയ ഭാവി മുന്നില്‍ കണ്ടുള്ള നീക്കങ്ങളായാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.

ഏതൊരു സാധാരണക്കാരനും പാര്‍ട്ടിയെ മുന്നോട്ടുനയിക്കാനാകുമെന്നാണ് ശശികലയുടെ ഭര്‍ത്താവും എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകനുമായ എം. നടരാജന്‍ പറയുന്നത്. ഒരു ദേശീയ മാധ്യമത്തിനോടാണ് നടരാജന്‍ ഇങ്ങനെ പ്രതികരിച്ചത്. പാര്‍ട്ടിയില്‍ ഇപ്പോള്‍ ശൂന്യതയില്ല. എം.ജി.ആറിന്റെയും അമ്മയുടെയും പേര് എത്ര നാളുകളോളം നിലനില്‍ക്കുമോ, അത്ര തന്നെ എ.ഐ.എ.ഡി.എം.കെ. പാര്‍ട്ടിയും നിലനില്‍ക്കും.
എം.ജി.ആര്‍ മരണാസന്നനായി കിടന്നിരുന്ന വേളയില്‍ അമ്മയായിരിക്കണം അടുത്ത നേതാവെന്ന് ഞങ്ങള്‍ ഒറ്റക്കെട്ടായാണ് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അന്ന് വേറെയും പ്രധാന നേതാക്കള്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. 
നടന്‍ അജിത്‌ ബള്‍ഗേറിയയിലെ ഷൂട്ടിങ്‌ അവസാനിപ്പിച്ച്‌ ചെന്നൈയില്‍: മടക്കം ജയലളിതയുടെ പിന്‍ഗാമിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ
file photo of Hillary Clinton with Jayalalitha
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക