Image

ആദിവാസികളെ വിധിക്കു വിട്ടുകൊടുക്കുകയല്ല ചെയ്യേണ്ടത്, സ്വന്തം വിധി നിര്‍ണയിക്കാന്‍ അവരെ പ്രാപ്തരാക്കുകയാണു വേണ്ടത്

രമേശ് ചെന്നിത്തല Published on 07 December, 2016
ആദിവാസികളെ വിധിക്കു വിട്ടുകൊടുക്കുകയല്ല ചെയ്യേണ്ടത്, സ്വന്തം വിധി നിര്‍ണയിക്കാന്‍ അവരെ പ്രാപ്തരാക്കുകയാണു വേണ്ടത്
അട്ടപ്പാടിയും അവിടുത്തെ ആദിവാസി സമൂഹവും നേരിടുന്ന പ്രശ്‌നങ്ങള്‍ അനന്തമായി നീളുകയാണ്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ നിരവധി പദ്ധതികള്‍ ആദിവാസിസമൂഹത്തിന്റെ നന്മയ്ക്കായി പ്രയോഗത്തില്‍ വരുത്തിയെങ്കിലും അതെല്ലാം വെള്ളത്തില്‍ വരച്ച വര പോലെയാവുകായിരുന്നു.

ഞാന്‍ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോള്‍ രണ്ടുതവണ അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ അന്നത്തെ സര്‍ക്കാരിന്റെ സജീവശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ ഉത്സാഹത്തില്‍ പല പ്രശ്‌നങ്ങള്‍ക്കും അതുമൂലം പരിഹാരമുണ്ടാക്കാന്‍ കഴിയുകയും ചെയ്തിരുന്നു.

കഴിഞ്ഞ നവംബര്‍ 30 ന് ഞാന്‍ വീണ്ടും അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ചെന്നു. നിരവധി കുട്ടികള്‍ പോഷകാഹാരക്കുറവുമൂലവും മതിയായ ആരോഗ്യപരിരക്ഷ ഇല്ലാത്തതിനാലും മരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് അവിടേയ്ക്കു ചെന്നത്. ആദിവാസിസമൂഹത്തിന്റെ പ്രതിനിധികളുമായും പൊതുപ്രവര്‍ത്തകരുമായും ആശയവിനിമയം നടത്തി.

ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അട്ടപ്പാടിയില്‍ വീണ്ടും പോഷകാഹാരക്കുറവും അനാരോഗ്യവും മൂലം ശിശുമരണങ്ങളുണ്ടാകുന്നുവെന്നതു സത്യമാണ്.
ആദിവാസിസ്ത്രീകളുടെ പ്രസവകാലത്തും അതിനുശേഷവുമുള്ള ആരോഗ്യശുശ്രൂഷയ്ക്കു കഴിഞ്ഞ സര്‍ക്കാര്‍ വളരെയധികം പരിഗണന കൊടുത്തിരുന്നു. അതുകൊണ്ടു നവജാതശിശു മരണങ്ങള്‍ ഗണ്യമായി കുറയുകയും ചില മാസങ്ങളില്‍ ഇല്ലാതാവുകയും ചെയ്തിരുന്നു.

നിര്‍ഭാഗ്യകരമെന്നു പറയട്ടെ അത്തരത്തിലൊരു പരിഗണന ആരോഗ്യവിഭാഗത്തില്‍നിന്നും മറ്റും ഇപ്പോള്‍ കിട്ടുന്നില്ലെന്ന് അവരോടു സംസാരിച്ചപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞു. എനിക്കൊപ്പമുണ്ടായിരുന്ന മണ്ണാര്‍ക്കാട് എം.എല്‍.എ ഷംസുദ്ദീന്‍ നേരത്തേതന്നെ ഇക്കാര്യം എന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടായിരുന്നു. മാത്രമല്ല, നിയമസഭയില്‍ അതിശക്തമായി ഈ വിഷയങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തിരുന്നു.

നവജാതശിശുക്കളുടെ തൂക്കം ഗണ്യമായി കുറയുന്നത് ആശങ്കാജനകമാണ്. പോഷകാഹാരക്കുറവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമാണു തൂക്കം കുറയാന്‍ കാരണം. ഇതു കുട്ടികളുടെ ജീവനു വലിയഭീഷണിയാണ് ഉയര്‍ത്തുന്നത്. കുട്ടികള്‍ മരിച്ച മാതാപിതാക്കളെ ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. അവരുടെ വേദന ഭരണകര്‍ത്താക്കള്‍ മനസിലാക്കണം.
വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ വലിയപ്രശ്‌നമാണ് അവിടെ സൃഷ്ടിക്കുന്നത്. അസുഖം മൂര്‍ച്ഛിക്കുമ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് മാത്രമാണ് ഇവരുടെ ഏക ആശ്രയം. മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തത പ്രശ്‌നങ്ങള്‍ ഗുരുതരമാകാന്‍ വഴിയൊരുക്കുന്നു. ഗര്‍ഭിണിയായിരിക്കുന്ന വേളയിലും പ്രസവശേഷവും ആദിവാസിസ്ത്രീകള്‍ക്കു കൃത്യമായ വൈദ്യപരിശോധന ലഭിക്കേണ്ടതുണ്ട്. അത് എല്ലാ മാസവും വേണം.

ഗര്‍ഭിണിയായിരിക്കുന്ന വേളയിലും കുഞ്ഞിനെ മുലയൂട്ടുന്ന കാലത്തും വിറ്റാമിന്‍ ഗുളികകള്‍ നല്‍കണം. കാല്‍സ്യം, വിറ്റാമിന്‍, ഇരുമ്പ് എന്നിവയുടെ കുറവു കണ്ടെത്തി കൃത്യമായ ടാബ്ലെറ്റുകള്‍ അമ്മക്കും കുഞ്ഞിനും നല്‍കണം. ഹീമോഗ്ലോബിന്റെ കുറവുമൂലം ഏട്ടാംക്ലാസില്‍ പഠിക്കുന്ന കുട്ടി മരിച്ച സംഭവം അടുത്തകാലത്തുണ്ടായി.

കാര്യങ്ങള്‍ നിരീക്ഷിച്ചു ഫലപ്രാപ്തി ഉറുപ്പ് വരുത്താന്‍ സര്‍ക്കാര്‍ സംവിധാനം എപ്പോഴും ജാഗരൂകമായിരിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ജാഗ്രതയില്ലായ്മ അഭംഗുരം തുടരുകയും കുഞ്ഞുങ്ങള്‍ മരിക്കുകയും ചെയ്യുന്ന ദുരന്തപൂര്‍ണമായ അന്തരീക്ഷമാണ് അട്ടപ്പാടിയില്‍ നില നില്‍ക്കുന്നത്.

കേരളം വെളിയിടവിസര്‍ജ്ജന വിമുക്ത സംസ്ഥാനമായെന്നു സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നുണ്ട്. എന്നാല്‍, 3500 ഓളം കക്കൂസുകള്‍ ഇനിയും അട്ടപ്പാടിയില്‍ വേണ്ടതുണ്ട്. രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അട്ടപ്പാടിയില്‍ അനുഭവപ്പെടുന്നത്. ശിരുവാണിപ്പുഴയില്‍ അണക്കെട്ട് പണിയുന്നതിനെ തമിഴ്‌നാട് സര്‍ക്കാര്‍ എതിര്‍ക്കുകയാണ്. അണക്കെട്ടിനുള്ള പാരിസ്ഥിതികാഘാത പരിശോധനക്കുള്ള അനുവാദം തമിഴ്‌നാടിന്റെ സമ്മര്‍ദ്ധത്തെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ഈ പദ്ധതി നടപ്പായാല്‍ മാത്രമേ തമിഴ്‌നാട്ടിലേക്കൊഴുകുന്ന ജലം നമുക്ക് ഉപയോഗിക്കാനാകൂ. അതുവഴി കുടിവെള്ള ക്ഷാമം മാത്രമല്ല, കേരളത്തിനുവേണ്ട പച്ചക്കറികള്‍ മുഴുവന്‍ ഉല്‍പ്പാദിപ്പിക്കാന്‍ അട്ടപ്പാടിക്കു കഴിയും.

ഇതെല്ലാം മുന്‍നിര്‍ത്തിയാണ് അട്ടപ്പാടിക്കായി ഒരു സമഗ്രപാക്കേജ് വേണമെന്ന ആവശ്യം ഞാന്‍ മുന്നോട്ടുവച്ചത്. ഇതിനായി മുഖ്യമന്ത്രിക്കു വിശദമായ കത്തും നല്‍കുന്നുണ്ട്. ഇനി, ഒരു കുഞ്ഞുപോലും പോഷകാഹാരക്കുറവുമൂലമോ ആരോഗ്യസംവിധാനത്തിന്റെ അപര്യാപ്തതമൂലമോ അട്ടപ്പാടിയില്‍ മരിക്കരുത്.

സ്‌കൂളില്‍നിന്നു കൊഴിഞ്ഞുപോകുന്ന കുട്ടികള്‍, വെളിച്ചമില്ലാത്ത വഴികള്‍ , തൊഴിലില്ലായ്മ, വിവിധങ്ങളായ സാമൂഹ്യപ്രശ്‌നങ്ങള്‍… ഇവയെല്ലാം അട്ടപ്പാടിയുടെ ദുരന്തചിത്രങ്ങളായി നമ്മുടെ മുന്നിലുണ്ട്. ആദിവാസികളെ അവരുടെ വിധിക്കു വിട്ടുകൊടുക്കുകയല്ല ചെയ്യേണ്ടത്, സ്വന്തം വിധി നിര്‍ണയിക്കാന്‍ അവരെ പ്രാപ്തരാക്കുകയാണു വേണ്ടത്. കേരളീയസമൂഹത്തിന്റെ വലിയ ദൗത്യവും അതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക