Image

മമതയുടെ വിമാനം വൈകിയ സംഭവം: ആറ്‌ ജീവനക്കാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

Published on 07 December, 2016
മമതയുടെ വിമാനം വൈകിയ സംഭവം: ആറ്‌ ജീവനക്കാര്‍ക്ക്‌ സസ്‌പെന്‍ഷന്‍


ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സഞ്ചരിച്ച വിമാനത്തില്‍ ഇന്ധനമില്ലെന്ന്‌ അറിയിച്ചിട്ടും ലാന്‍ഡിങിന്‌ അനുമതി നിഷേധിച്ച ഇന്റിഗോ, സ്‌പൈസ്‌ ജെറ്റ്‌, എയര്‍ ഇന്ത്യ വിമാനങ്ങളിലെ ആറ്‌ ജീവനക്കാരെ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ സസ്‌പെന്‍ഡ്‌ ചെയ്‌തു. സംഭവത്തില്‍ കേന്ദ്രം അന്വേഷണത്തിന്‌ ഉത്തരവിട്ടതിനെ തുടര്‍ന്നാണ്‌ നടപടി.

എന്നാല്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌ത നടപടിയില്‍ എയര്‍ലൈനുകള്‍ അതൃപ്‌തി പ്രകടിപ്പിച്ചു. അരമണിക്കൂറോളം വട്ടമിട്ടു പറക്കാന്‍ ആവശ്യമായ ഇന്ധനവുമായാണ്‌ സാധാരണയായി ഒരു വിമാനം പറന്നുയരുന്നത്‌. 

കൊല്‍ക്കത്തില്‍ ലാന്‍ഡ്‌ ചെയ്യാന്‍ അനുവദിക്കുന്നത്‌ വരെ വട്ടമിട്ടു പറക്കുന്നതിന്‌ മതിയായ ഇന്ധനമില്ലെന്നും ലാന്‍ഡിങിനായി ഭുവനേശ്വര്‍ വിമാനത്താവളത്തെ ആശ്രയിക്കേണ്ടി വരുമെന്നുമാണ്‌ പൈലറ്റുമാര്‍ അറിയിച്ചത്‌. അതേസമയം പൈലറ്റിനും കൊല്‍ക്കത്ത എയര്‍ ട്രാഫിക്ക്‌ കണ്‍ട്രോളിനുമിടയില്‍ ആശയവിനിമയം നടത്തുന്നതില്‍ തടസം നേരിട്ടതിനെ തുടര്‍ന്നാണ്‌ വിമാനം ലാന്‍ഡ്‌ ചെയ്യുന്നതിന്‌ താമസം നേരിട്ടതെന്നാണ്‌ അധികൃതരുടെ വാദം.

കഴിഞ്ഞ ദിവസമാണ്‌ മമത സഞ്ചരിച്ച വിമാനത്തിന്‌ കൊല്‍ക്കത്തയിലെ നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന്‌ അനുമതി നല്‍കുന്നത്‌ വൈകിപ്പിച്ചത്‌. ബുധനാഴ്‌ച രാത്രി ഏഴരയ്‌ക്ക്‌ പാട്‌നയില്‍ നിന്ന്‌ പുറപ്പെട്ട വിമാനം എട്ടരയ്‌ക്ക്‌ കൊല്‍ക്കത്തയില്‍ ഇറങ്ങേണ്ടതായിരുന്നു.ഇന്ധനം കുറവാണെന്നും എത്രയും പെട്ടെന്ന്‌ ലാന്‍ഡിങ്ങിനുള്ള അനുമതി നല്‍കണമെന്നും പൈലറ്റ്‌ അഭ്യര്‍ത്ഥിച്ചത്‌. എന്നാല്‍, അരമണിക്കൂറിനു ശേഷം മാത്രമാണ്‌ ഇറങ്ങാന്‍ പൈലറ്റിന്‌ അനുമതി ലഭിച്ചത്‌.

സംഭവം വിവാദമായതിനെ തുടര്‍ന്ന്‌ കേന്ദ്ര വ്യോമയാനമന്ത്രാലയം അന്വേഷണത്തിന്‌ ഉത്തരവിട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക