Image

വായനാനുഭവം 'ഭൂമിക്കുമേലൊരു മുദ്ര'' (തോമസ് കളത്തൂര്‍)

തോമസ് കളത്തൂര്‍) Published on 05 December, 2016
വായനാനുഭവം 'ഭൂമിക്കുമേലൊരു മുദ്ര'' (തോമസ് കളത്തൂര്‍)
ആദ്യന്തം വായിച്ചു തീരും മുന്‍പ് മടക്കി വയ്ക്കാന്‍ കഴിയാതിരുന്ന ഒരു പുസ്തകമായിരുന്നു എസ്. കെ. പൊറ്റക്കാടിന്റെ ""വിഷകന്യക''. കനകം വിളയുന്ന കന്നി മണ്ണിന്റെ സ്വപ്നവും പേറി, വയനാട്ടിലേക്കുള്ള കുടിയേറ്റവും, അവിടെ പറിച്ചുനടപ്പെട്ടവരുടെ ജീവിത ആയോധനങ്ങളും, മറക്കാനാകാത്ത രീതിയില്‍ അദ്ദേഹം ആഖ്യാനം ചെയ്തിരിക്കുന്നു. പൗലോ കൊയ്‌ലോയുടെ ""ആല്‍ക്കമിസ്റ്റ്'' ഒരു സ്പാനിഷ് ഇടയച്ചെറുക്കന്റെ നിധി തേടി ഈജിപ്തിലെ മണലാരണ്യങ്ങളിലൂടെയുള്ള യാത്രയും, സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളുമായുള്ള നേര്‍കാഴ്ചയുമാണ്. എം. മുകുന്ദന്‍ എന്ന നോവലിസ്റ്റ് "മയ്യഴിപുഴയുടെ തീര'ങ്ങളിലൂടെ സഞ്ചരിച്ച് ഫ്രാന്‍സിലേക്ക് വിരല്‍ചൂണ്ടുന്നു. ഒരു നാടന്‍ ഗ്രാമത്തിന്റെ എല്ലാ ഭാവങ്ങളും വികാരങ്ങളും ഉള്‍ക്കൊണ്ട്, മയ്യഴി എന്ന കൊച്ചുഗ്രാമത്തില്‍ "ഫ്രാന്‍സ്' എന്ന സ്വര്‍ഗ്ഗവും സ്വപ്നം കണ്ട്, കപ്പലിന്റെ ചൂളംവിളിക്കായി ചെവിയോര്‍ത്തിരിക്കുന്ന മനുഷ്യരുടെ ജീവിതങ്ങളുടെ കഥയാണ്.

എസ്.കെ. പൊറ്റക്കാടിനേയും പൗലോ കൊയ്‌ലോയേയും, എം. മുകുന്ദനേയും പോലെ ദേശങ്ങളുടെ കഥയാണ് ജോണ്‍ മാത്യുവും നമ്മോട് പറയുന്നത്. എന്നാല്‍ ജോണ്‍ മാത്യുവിന്റെ ""ഭൂമിക്കുമേലൊരു മുദ്ര'' ഭൂഖണ്ഡങ്ങളെ പിന്നിടുന്നതിനൊപ്പം കാലങ്ങളേയും ഋതുക്കളേയും സംസ്കാരങ്ങളേയും അവിടെയൊക്കെ വന്നുചേരുന്ന മാറ്റങ്ങളേയും നമ്മെ പരിചയപ്പെടുത്തുന്നു. ഇതില്‍ രാഷ്ട്രീയവും മതവുമുണ്ട്. ചരിത്രവുമുണ്ട്. മതങ്ങളും സഭകളും തമ്മിലുണ്ടായിട്ടുള്ള രക്തച്ചൊരിച്ചിലുകളുടേയും, അവയുടെ പിന്നാലെയുള്ള പീഡനങ്ങളുടേയും വാഗ്മയ ചിത്രങ്ങളുമുണ്ട്. പച്ചയായ ജീവിതങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും ഗ്രാമീണതയുടെ നിഷ്കളങ്കതയും, കച്ചവടകണ്ണോടെ എല്ലാം കാണുന്നവരുമുണ്ട്. ""ഭൂനയ ബില്ലി''ന്റെ സ്വപ്നം മാത്രം സ്വത്തായിട്ടുള്ളവരേയും കാണുന്നു. നാം അറിയാതെ, നാം കടന്നുപോന്ന കൊളോണിയലിസവും ഇന്‍ഡസ്ട്രിയലൈസേഷനും എല്ലാം ലേഖകന്‍ നമുക്ക് മുന്‍പില്‍ തുറന്ന് കാട്ടുന്നു.

ഈ നോവലിലൂടെ നാല്‍പതോളം കഥാപത്രങ്ങളെ, ലോകത്തിന്റെ പാല ഭാഗത്തുനിന്നായി നമ്മുടെ മുന്നിലെത്തിക്കുന്നു ജോണ്‍ മാത്യു. കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തില്‍ നിന്ന് കുടിയിറക്കപ്പെട്ടവരുടേയും കുടിയിറങ്ങിയവരുടേയും കഥയാണിത്. സാമ്പത്തികവും ജാതീയവുമായ അസമത്വങ്ങളും രാഷ്ട്രീയ സംഭവങ്ങളും വരച്ചുകാട്ടാന്‍ മറന്നിട്ടില്ല. ബ്രിട്ടീഷുകാരും, മാവോസേതൂങ്ങും റഷ്യയും സര്‍ ചക്രവര്‍ത്തി നിക്കോളാസും കടന്നുവന്ന് ചരിത്രത്തിന്റെ ഓര്‍മ്മയെ പുതുക്കുന്നു. ജന്മി കുടിയാന്‍ വ്യവസ്ഥിതിയും ഭൂനയ ബില്ലും കൊടുക്കുന്ന പതിമൂന്നര സെന്റിന്റെ പ്രതീക്ഷയും ഇന്‍ക്വിലാബ് സിന്ദാബാദും സമൂഹത്തില്‍ ഓളങ്ങളും സ്വപ്നവും വിതയ്ക്കുമ്പോള്‍ മറ്റൊരു ദിക്കില്‍ നിന്നും ""എന്‍ സങ്കടങ്ങള്‍ സകലതും തീര്‍ന്നുപോയി....., സീയോനെ നീ ഉണര്‍ന്നെഴുന്നേല്ക്കുക ശാലേം രാഞ്ജി ഇതാ വരുവാറായ്...'' തുടങ്ങിയ പ്രത്യാശയുടെ ഗാനങ്ങളുമായി സുവിശേഷപ്രസംഗങ്ങള്‍, കഷ്ടതയിലും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന കാഴ്ചകാണാം. എന്നാല്‍ ഈ ദുരിതങ്ങളില്‍ നിന്നെല്ലാം ഒരു പാലായനത്തിനായി വെമ്പുന്ന മനുഷ്യരേയും അവരുടെ സാഹചര്യങ്ങളേയും ജോണ്‍ മാത്യു മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

ടോമിയും, ചക്കര എന്ന ദളിത് സുഹൃത്തും ബാല്യകൗമാരങ്ങളിലെ സൗഹൃദത്തിന്റെ നിഷ്കളങ്കതയും ആഴവും ഓര്‍മ്മിപ്പിക്കുന്നു. പഴയകാലത്തിന്റെ അദ്ധ്വാനത്തിലും സഹകരണത്തിലും സുഖമനുഭവിച്ച ഗ്രാമാന്തരീക്ഷം ഭാവോജ്ജ്വലമായിത്തന്നെ ജോണ്‍ മാത്യു അവതരിപ്പിച്ചിരിക്കുന്നു. ""പാലായനങ്ങള്‍ എല്ലാം ഒരുപോലെയല്ല'' എന്ന നോവലിന്റെ ആദ്യ വാചകം തന്നെ കഥയെ ഉള്‍ക്കൊള്ളുന്നു. ഇത് പാലായനങ്ങളുടെ കഥയാണ്. ദേശങ്ങളില്‍ നിന്ന് ദേശങ്ങളിലേക്ക് മാത്രമല്ല, പാരമ്പര്യത്തില്‍ നിന്നും വിശ്വാസാചാരങ്ങളില്‍ നിന്നും ഭാവി സ്വപ്നങ്ങളില്‍ നിന്നും വര്‍ത്തമാനകാലത്തിന്റെ ആവശ്യകതയിലേക്കും ഒക്കെ പാലായനം ചെയ്യുന്ന മനുഷ്യനെയാണ് കാണുന്നത്. സ്‌പെയിനും പോര്‍ച്ചുഗലും ബ്രസീലും അമേരിക്കയുമൊക്കെ കഥയുടെ ഭാഗങ്ങളായി മാറുന്നു. അമേരിക്കയിലെ മിഷിഗണും അവിടത്തെ ഡിട്രോയിറ്റ് എന്ന നഗരവും കടന്ന് ടെക്‌സാസിലെ ഹ്യൂസ്റ്റനിലേക്ക് യാത്ര നീളുകയാണ്. 1980-കളില്‍ അമേരിക്കയില്‍ രൂക്ഷമായി അനുഭവപ്പെട്ട ക്ഷാമത്തിന്റെ കെടുതികളെ ഓര്‍മ്മിപ്പിക്കുന്നു. അനേക പ്രവാസികള്‍ വീണ്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറേയ്ക്കും ഒക്കെ പാലായനത്തിന് നിര്‍ബന്ധിതരായി. തദ്ദേശവാസികളുടെ കാര്യം പറയുകയും വേണ്ടല്ലോ. ഈയുള്ളവന്‍ ജോലിസ്ഥലങ്ങള്‍ മാറി മാറി അവസാനം ""റസ്റ്റോറന്റ് ബിസിനസ്സിലും'' ശ്രമിച്ച്, ധനനഷ്ടവും, ക്ലേശങ്ങളുമായി നീങ്ങിയത് ഓര്‍മ്മിക്കുവാന്‍ ഈ നോവല്‍ കാരണമാക്കി. അങ്ങനെ ജീവിതത്തിന്റെ പല അവസ്ഥാഭേദങ്ങളേയും സ്പര്‍ശിച്ച് കടന്നുപോകുന്ന ""ഭൂമിക്കുമേലൊരു മുദ്ര'' ജീവിതങ്ങള്‍ രേഖപ്പെടുത്തിയ മുദ്രകളെക്കൊണ്ടൊരു പിന്‍വിളിയാവുകയാണ്.

ടോണിയും ലൈസയുമായുള്ള പ്രേമരംഗങ്ങള്‍ വളരെ വാസ്തവികത അനുഭവിപ്പിക്കുന്നതാണ്. അവരുടെ മകന്‍ ഓഡേ, വര്‍ഷങ്ങള്‍ക്കുശേഷം ഒരു മെക്‌സിക്കന്‍ കൂട്ടുകാരിയേയും കൂട്ടി വിട്ടിലെത്തുന്നതും അവരുടെ അനൗപചാരികമായ വിവാഹവും, പോകുന്ന വഴിയില്‍ പള്ളിയില്‍ കയറിയുള്ള പ്രാര്‍ത്ഥനയും, ഒക്കെ മാറ്റം വന്നുകൊണ്ടിരിക്കുന്ന ഒരു തലമുറയെയാണ് വരച്ചുകാട്ടുന്നത്. അവസാനം ടോണി തന്റെ പൂര്‍വ്വ കാമുകി ""മേരി''യെ വീണ്ടും കണ്ടുമുട്ടുന്ന ഭാഗം വളരെ ഭംഗിയായി ഒരു ക്ലൈമാക്‌സ് രംഗമാക്കി കഥയവസാനിപ്പിച്ചത്, ഒരു നോവലിസ്റ്റ് എന്ന ""മുദ്രയ്ക്ക്'' ജോണ്‍ മാത്യുവിനെ അര്‍ഹനാക്കുന്നു. ഒരു നല്ല നോവല്‍ വായിക്കാന്‍ സാധിച്ചതിലുള്ള കൃതാര്‍ത്ഥയോടെ, എല്ലാ ഭാവുകങ്ങളും നേരുന്നു.
വായനാനുഭവം 'ഭൂമിക്കുമേലൊരു മുദ്ര'' (തോമസ് കളത്തൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക