Image

ആ പുരസ്‌കാരം സ്വീകരിക്കാന്‍ അദ്ദേഹം എത്തുമോ? (ശ്രീപാര്‍വതി)

Published on 19 October, 2016
ആ പുരസ്‌കാരം സ്വീകരിക്കാന്‍ അദ്ദേഹം എത്തുമോ? (ശ്രീപാര്‍വതി)

പുരസ്‌കാരങ്ങള്‍ക്കായി കണ്ണിലെണ്ണയുമൊഴിച്ച് എഴുത്തുകാര്‍ തലങ്ങും വിലങ്ങും കാത്തിരിക്കുമ്പോഴാണ് കിട്ടിയ നോബല്‍ സമ്മാനം പോലും മൈന്‍ഡ് ചെയ്യാതെ ഒരു എഴുത്തുകാരന്‍. ഇത്തവണത്തെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ച ബോബ് ഡിലന്‍ ഇതുവരെ സ്വീഡിഷ് അക്കാദമിയുടെ പുരസ്‌കാര വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ലെന്നാണ് വാര്‍ത്തകള്‍. പുരസ്‌കാര വാര്‍ത്ത ലോകമറിഞ്ഞ അന്ന് ലെസ് വെഗാസില്‍ വച്ച് നടന്ന കച്ചേരിയില്‍ പോലും തനിക്ക് ലഭിച്ച മഹത്തരമായ ആ പുരസ്‌കാരത്തെ കുറിച്ച് പറയാന്‍ ബോബ് ഡിലന്‍ മറന്നു.

ബോബ് ഡിലനു നോബല്‍ സമ്മാനം ലഭിച്ചതിനെ തുടര്‍ന്ന് പല ഭാഗങ്ങളില്‍ നിന്നും അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. റോക്ക് ഗായകനായ ബോബിനു എന്തുകൊണ്ട് മികച്ച സാഹിത്യകാരന്മാര്‍ക്കു നല്‍കുന്ന ലോകോത്തര പുരസ്‌കാരം നല്‍കപ്പെട്ടു എന്ന നിലയില്‍ ലോകം മുഴുവന്‍ ചര്‍ച്ചകള്‍ നടന്നു. തന്റെ പാട്ടുകള്‍ക്ക് ബോബ് എഴുതിയ വരികള്‍ അഭൗമ സൗന്ദര്യം തുളുമ്പുന്നവ തന്നെയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ മുതലുള്ളവര്‍ ബോബിന്റെ പാട്ടിന്റെയും വരികളുടെയും ആരാധകരുമാണ്, എന്നിരിക്കെയും ആക്ഷേപങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായില്ല.

അമേരിക്കയില്‍ ആദ്യമായാണ് ഒരു പാട്ടെഴുത്തുകാരന് നോബല്‍ പുരസ്‌കാരം ലഭിക്കുന്നത്. എന്നാല്‍ ഇതുവരെ നല്‍കപ്പെട്ടിട്ടുള്ള നോബല്‍ സമ്മാനങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ മനസ്സിലാക്കാം, ഇന്ത്യന്‍ സാഹിത്യത്തിലെ പുലി സാക്ഷാല്‍ രബീന്ദ്ര നാഥ ടാഗോറും നോബല്‍ സമ്മാനം ലഭിച്ചിട്ടുള്ള വ്യക്തിയാണ്. രബീന്ദ്ര സാഹിത്യം എല്ലാ വിഭാഗത്തിലും ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ കവിതകളിലെ രബീന്ദ്ര സംഗീതം എന്ന വിഭാഗവും ഏറെ പ്രശസ്തമാണ്. പൂര്‍ണമായും ബോബിനെ പോലെ പാട്ടെഴുത്തുകാരന്‍ എന്ന വാക്ക് പക്ഷെ ടാഗോറിന് ചേരില്ല എങ്കില്‍ പോലും ടാഗോര്‍ വരികളും മനോഹരമായ സംഗീതത്തിന്റെ ആഴങ്ങള്‍ തൊട്ടാല്‍ തുളുമ്പുന്നവ തന്നെയായിരുന്നു.

കവി എന്നതിനപ്പുറം ബോബ് ഡിലന്‍ മികച്ച ഒരു പെര്‍ഫോമര്‍ തന്നെയായിരുന്നു, അതുകൊണ്ടു തന്നെയാകാം ലോക സാഹിത്യ സദസ്സുകളില്‍ ഇത്തവണത്തെ നോബല്‍ സമ്മാനം ചര്‍ച്ചയായത്. പാട്ടെഴുത്തുകാരന്‍ എങ്ങനെ ലോകോത്തര സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹനാകും എന്ന ചോദ്യമോ ഇത്തരമൊരു പുരസ്‌കാരമോ ബോബ് ഡിലനെ തെല്ലും അലട്ടിയിട്ടേയില്ല എന്ന് തന്നെയാണോ ബോബിന്റെ നിശബ്ദത സൂചിപ്പിക്കുന്നത്? പുരസ്‌കാരവുമായി ബന്ധപ്പെട്ട വാര്‍ത്തകളിലൊന്നും എഴുത്തപത്തിയഞ്ചുകാരനായ ബോബ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡിസംബര്‍ 10 നു നടക്കുന്ന പുരസ്‌കാര വിതരണ ചടങ്ങിന് ബോബ് എത്തിച്ചെരുമോ എന്ന് പോലും സ്വീഡിഷ് അക്കാദമിയ്ക്ക് ഉറപ്പുമില്ല. 

'ഞങ്ങളിപ്പോള്‍ ഒന്നും ചെയ്യുന്നില്ല, അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ക്ക് മെയില്‍ അയക്കുകയും ഫോണ്‍ വിളിക്കുകയും ഒക്കെ ചെയ്തിരുന്നു, അനുകൂലമായ മറുപടിയാണ് ലഭിച്ചത്. ഇപ്പോള്‍ അത് തന്നെ ധാരാളം..'സ്വീഡിഷ് അക്കാദമിയുടെ സെക്രട്ടറി സാറാ ഡാനിയസ് ഇങ്ങനെ പറയുന്നു. കാള്‍ പതിനാറാമന്‍ രാജാവില്‍ നിന്നും ഡിസംബര്‍ 10 നു സ്റ്റോക്ക് ഹോമില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് നോബല്‍ പുരസ്‌കാരം സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് അക്കാദമി ബോബ് ഡിലനെ ക്ഷണിച്ചിട്ടുമുണ്ട്. 

'അദ്ദേഹത്തിന് വരാന്‍ താല്‍പര്യമില്ലെങ്കില്‍ വരേണ്ടതില്ല, എന്നിരുന്നാലും ചടങ്ങ് അതിഗംഭീരമായിരിക്കും. അദ്ദേഹത്തിനുള്ള ആദരം എപ്പോഴും അവിടെ ഉണ്ടാവുകയും ചെയ്യും' സാറാ കൂട്ടിച്ചെര്‍ത്തു. എങ്കിലും ബോബ് ചടങ്ങില്‍ പങ്കെടുക്കുമെന്നുള്ള പ്രത്യാശയും സാറാ പ്രകടിപ്പിച്ചിട്ടുണ്ട്.

ജോര്‍ജ്ജ് ബര്‍ണാഡ്ഷായ്ക്കു ശേഷം ഓസ്‌കാര്‍ പുരസ്‌കാരവും നോബല്‍ പുരസ്‌കാരവും ഒന്നിച്ച് ലഭിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ബോബ് ഡിലന്‍. അമേരിക്കന്‍ സംഗീത ആസ്വാദകരെ ഇളക്കി മറിച്ച ബോബിന്റെ സംഗീതം എപ്പോഴും സംഗീതപ്രേമികളുടെ നാവിലുണ്ട്. പാടാന്‍ എളുപ്പമുള്ള, നാവില്‍ തുളുമ്പുന്ന കാവ്യഭംഗിയുള്ള വരികള്‍ക്ക് സ്വയം സംഗീതം നല്‍കി സ്വയം പാടുമ്പോള്‍ ആവേശത്തിലാകുന്ന വലിയൊരു ജനത ബോബിന്റെ ആരാധകരായുണ്ട്. അവരുടെയൊക്കെ ആവേശത്തിനപ്പുറം ഒരു നോബല്‍ സമ്മാനവും വിവാദങ്ങളും തന്നെ തൊടുന്നില്ല എന്ന് ബോബ് ഉറച്ച് വിശ്വസിക്കുന്നുണ്ടാകാം. അല്ലെങ്കിലും ആര്‍ത്തിരമ്പുന്ന ഒരു ആസ്വാദക കടല്‍ മുന്നിലിരിക്കുന്ന കാലത്തോളം ഒരു ലോകോത്തര പുരസ്‌കാരങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഒരു കലാകാരനെ വേദനിപ്പിക്കാനോ ആനന്ദിപ്പിക്കാനോ ആകില്ലല്ലോ...

see also:
Does Bob Dylan deserve the Nobel Prize for Literature? 
ആ പുരസ്‌കാരം സ്വീകരിക്കാന്‍ അദ്ദേഹം എത്തുമോ? (ശ്രീപാര്‍വതി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക