Image

പ്രാര്‍ത്ഥന: താഴും താക്കോലും (ഡി ബാബുപോള്‍)

Published on 17 October, 2016
പ്രാര്‍ത്ഥന: താഴും താക്കോലും (ഡി ബാബുപോള്‍)
ആദാമിന്റെ പൗത്രന്‍ പിറന്ന കാലം മുതലാണ് യാഹ്‌­വെയുടെ നാമത്തിലുള്ള പ്രാര്‍ത്ഥന തുടങ്ങിയതെന്ന് ഉല്പത്തിപ്പുസ്തകം പറഞ്ഞുതരുന്നു. പഴയ നിയമത്തില്‍ 85 പ്രാര്‍ത്ഥനകളും, പ്രാര്‍ത്ഥനയെന്നു വര്‍ഗീകരിക്കാവുന്ന 74 സങ്കീര്‍ത്തനങ്ങളും ഉള്ളതായി വായിച്ചിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും പ്രാര്‍ത്ഥിക്കാം, എവിടെ വച്ചും പ്രാര്‍ത്ഥിക്കാം, എന്നാല്‍ ചില വേളകളില്‍ പ്രാര്‍ത്ഥന നിര്‍ബന്ധം: ഇതാണു പഴയ നിയമം പ്രാര്‍ത്ഥനയെക്കുറിച്ചു പഠിപ്പിക്കുന്നതെന്ന് ഏകദേശമായി പറയാം. പ്രാര്‍ത്ഥന കേവലം അനുഷ്ഠാനമായി അധഃപതിക്കരുതെന്നു പ്രവാചകന്മാര്‍ ആഹ്വാനം ചെയ്തു.

പ്രവാസപൂര്‍വകാലത്തു തന്നെ മധ്യസ്ഥപ്രാര്‍ത്ഥന പ്രധാനമായിരുന്നു. മോശയുടെ പ്രാര്‍ത്ഥനകള്‍ ഈ പ്രകൃതത്തില്‍ സവിശേഷശ്രദ്ധ ആവശ്യപ്പെടുന്നു. മോശ പ്രാര്‍ത്ഥനാമനുഷ്യന്‍ ആയിരുന്നെന്നു നമുക്കറിയാം. പ്രാര്‍ത്ഥനാമനുഷ്യരിലെ അതികായന്‍ എന്നാണ് പോള്‍ ബോഷാം എന്ന ഈശോസഭാംഗം എഴുതിയിട്ടുള്ളത്. മോശയുടെ പ്രാര്‍ത്ഥനകള്‍ ശ്രീയേശുവിന്റെ പ്രാര്‍ത്ഥനയ്ക്കു മുന്നോടിയായിരുന്നെന്നു പണ്ഡിതമതം.

പ്രവാസകാലത്താണ് സിനഗോഗുകള്‍ ഉണ്ടായത്. പൊതുപ്രാര്‍ത്ഥനയ്‌ക്കോ വേദവായനയ്‌ക്കോ വേദി വേറെ ഉണ്ടായിരുന്നില്ലല്ലോ. അതുകൊണ്ടു പ്രവാസികള്‍ സിനഗോഗുകളില്‍ യാഹ്‌­വെയുടെ മുഖം തേടി. അവന്റെ മുഖപ്രകാശം തങ്ങളുടെ മേല്‍ പതിക്കുന്നത് അവര്‍ തിരിച്ചറിയുകയും ചെയ്തു.

പ്രവാസാനന്തരകാലത്ത് പൊതുപ്രാര്‍ത്ഥനകള്‍ തുടര്‍ന്നു. എങ്കിലും എസ്രായും നെഹമിയയും വ്യക്തിഗതപ്രാര്‍ത്ഥനകളുടെ പ്രസക്തി വെളിപ്പെടുത്തിയതു ജനം ശ്രദ്ധിച്ചു. മക്കാബിയക്കാലത്തു പോരിനു പുറപ്പെട്ടവര്‍ പ്രാര്‍ത്ഥിച്ചിട്ടാണു യുദ്ധത്തിനിറങ്ങിയത്. ക്രമേണ യാന്ത്രികമായ നാമോച്ചാരണങ്ങളും നിര്‍ബ്ബദ്ധമായ പ്രാര്‍ത്ഥനാനുഷ്ഠാനങ്ങളും ഇസ്രയേലിനെ അടയാളപ്പെടുത്താന്‍ തുടങ്ങി. മനുഷ്യാവതാരകാലത്തെ അവസ്ഥ അതായിരുന്നു.

പഴയ നിയമകാലത്തെ പ്രാര്‍ത്ഥനയെക്കുറിച്ചു പറയുമ്പോള്‍ സങ്കീര്‍ത്തനങ്ങള്‍ സവിശേഷപരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. വേദപുസ്തകം ഉള്‍ക്കൊള്ളുന്ന ദര്‍ശനങ്ങള്‍, കല്പനകള്‍, ജ്ഞാനം, പ്രവചനം, യാഹ്‌­വെയുടെ അത്ഭുതപ്രവൃത്തികള്‍ എല്ലാം വിളക്കുതിരിയില്‍ എണ്ണ കയറുമ്പോലെയും, ലോമികകളിലൂടെ ആഗിരണം നടക്കുന്ന ചെടികളില്‍ അരങ്ങേറുന്ന പ്രക്രിയ പോലെയും സങ്കീര്‍ത്തനങ്ങളില്‍ തെളിഞ്ഞു വരുന്നു എന്നു ഞാന്‍ തന്നെ മറ്റൊരിടത്ത് എഴുതിയിട്ടുള്ളത് ഓര്‍ത്തുപോവുന്നു. സങ്കീര്‍ത്തനങ്ങളിലെ പ്രാര്‍ത്ഥനകള്‍ക്ക് കാണാവുന്ന സവിശേഷതകള്‍ “വേദശബ്ദരത്‌നാകര”ത്തില്‍ (ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, 1997, നാലാം പതിപ്പ് 2016) ഇങ്ങനെ വായിക്കാം:

(ക) ഒരേ സമയം വ്യക്തിഗതപ്രാര്‍ത്ഥനയും സംഘം ചേര്‍ന്നുള്ള പ്രാര്‍ത്ഥനയുമാണ് അവ.

(ഖ) ജീവിതാനുഭവങ്ങളുടെ വൈവിധ്യം അവയില്‍ പ്രതിഫലിക്കുന്നു.

(ഗ) പ്രത്യാശയാണു മൂലബിന്ദു. കണ്ണീരിലേയ്ക്കും ചിരിയിലേയ്ക്കും മാറിമാറി വീഴുമ്പോഴും ഈ ഭാവത്തിനു മാറ്റമില്ല. ഇഹലോകജീവിതത്തില്‍ നിന്നു നിത്യജീവനിലേയ്ക്കു കടക്കുന്നതിനെക്കുറിച്ചു ടാഗോര്‍ പറഞ്ഞിട്ടുള്ളത് ഓര്‍മ്മ വരുന്നു: ഒരു മുല കുടിച്ചുകഴിഞ്ഞാല്‍ അമ്മ ശിശുവിനെ മറ്റേ മുലയിലേയ്ക്കു നയിക്കുന്നു. രണ്ടു മുലക്കണ്ണുകള്‍ക്കിടയിലെ അതിഹ്രസ്വമായ സമയം കുഞ്ഞിന് ലോകാവസാനം പോലെ തോന്നും എന്നാണു മഹാകവി പറഞ്ഞത്. വീണ്ടും പാല്‍ കിട്ടിത്തുടങ്ങുമ്പോഴോ, കുഞ്ഞിനു നിര്‍വൃതിയായി. സങ്കീര്‍ത്തനക്കാരന്റെ മനസ്സും ഇതേ പാതയിലാണ്.

(ഘ) അത്യുന്നതനായ ദൈവത്തിന്റെ നിഴലില്‍ ജീവിക്കുന്നതിന്റെ ആത്മഹര്‍ഷം സങ്കീര്‍ത്തനത്തില്‍ സുവ്യക്തമാണ്.

പഴയ നിയമത്തിലെ പ്രാര്‍ത്ഥനയെക്കുറിച്ചു പൊതുവേ നിരീക്ഷിക്കാവുന്ന ചില സംഗതികളുണ്ട്. ഒന്ന്, ഇസ്രയേലിന്റെ ദൈവമായ യാഹ്‌­വെയോടു മാത്രമാണു പ്രാര്‍ത്ഥന. അക്കാദിലും ഈജിപ്തിലും ഒക്കെ പ്രാര്‍ത്ഥനയ്ക്ക് ഇതേ സ്വരവും ലയവും ഭാവവും ഉണ്ടായിരുന്നുവെങ്കിലും അവരുടെ പ്രാര്‍ത്ഥന ഏകദൈവോന്മുഖം ആയിരുന്നില്ല. രണ്ടാമത്, യാഹ്‌­വെയെ സ്വന്തം കുടുംബക്കാരണവര്‍ ആയിട്ടാണ് ഇസ്രയേല്‍ കണ്ടത്. മനുഷ്യന്‍ ദൈവത്തോട് എന്ന പൊതുഭാവത്തേക്കാള്‍ കൂടുതലായി ഇസ്രയേല്‍ യാഹ്‌­വെയോട് എന്ന സ്വകാര്യഭാവമാണു നാം കാണുന്നത്. ഇതിനോടു ചേര്‍ത്തുപറയേണ്ട മറ്റൊന്നുണ്ട്. യാഹ്‌­വെയാണ് ഏകദൈവം ­ ഏകസത്യദൈവം മാത്രമല്ല, ഏകദൈവം, ഒരേയൊരു ദൈവം ­ എന്ന ആശയം വികസിച്ചത് പ്രവാസാനന്തരകാലത്താണ്. സര്‍വശക്തനും സര്‍വവ്യാപിയുമായ ദൈവത്തെ സിനായ് മലയിലെ ഉടമ്പടിയുടെ മതില്‍ക്കെട്ടില്‍ നിന്നു മോചിപ്പിച്ചപ്പോഴാണ് ഈ സാര്‍വത്രികഭാവം വ്യക്തമായതെന്നു ചില പണ്ഡിതര്‍ വിശദീകരിക്കാറുണ്ട്.

മൂന്നാമത്, പഴയ നിയമത്തില്‍ പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം ജീവനുള്ള വ്യക്തിയാണ്. ഇതു സൂചിപ്പിക്കുന്നതു ശക്തമായ ആന്ത്രപ്പോമോര്‍ഫിക് ചിന്താപദ്ധതിയാണെന്ന് എടുത്തുപറയേണ്ടതില്ല. നാല്, പഴയ നിയമപ്രാര്‍ത്ഥനകളിലെ ശക്തീകരണം, ഊന്നല്‍ ഈ ലോകത്തിലെ നന്മകള്‍ക്കാണ്. എല്ലാ നന്മകളും ഈശ്വരനില്‍ നിന്നു വരുന്നു എന്ന ചിന്ത തന്നെയാണ് ഇതിനു പിന്നില്‍, സംശയം വേണ്ട. എന്നാല്‍ ആത്മീയവശങ്ങള്‍ക്കും നിത്യജീവനും മറ്റും വേണ്ടിയുള്ള അപേക്ഷകള്‍ കുറവാണ്. ദര്‍ശനം ഇന്നത്തെയത്ര വികാസം പ്രാപിച്ചിരുന്നില്ല എന്നതാവാം കാരണം. മറ്റൊരു കാര്യം പ്രാര്‍ത്ഥനയുടെ അനുഷ്ഠാനമാനം ക്രമാനുഗതമായി വര്‍ദ്ധിച്ചതാണ്. അതു ദേവാലയത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു. യരൂശലേമിനെ നോക്കി പ്രാര്‍ത്ഥിക്കുന്ന രീതി ഇതിന്റെ തുടര്‍ച്ചയാണ്. ഒന്നു കൂടിയുണ്ട്, പറയാന്‍. ഇസ്രയേലിന്റെ പ്രാര്‍ത്ഥനയുടെ അവിഭാജ്യഘടകമായിരുന്നു ആ പ്രാര്‍ത്ഥന ദൈവം അംഗീകരിച്ചു എന്ന വിശ്വാസവും. പല സങ്കീര്‍ത്തനങ്ങളുടേയും തുടക്കവും ഒടുക്കവും ശ്രദ്ധിച്ചാല്‍ ഇതു കാണാം. തെരഞ്ഞെടുപ്പും ഉടമ്പടിയും ഇസ്രയേലിനെ ദൈവത്തോടു സവിശേഷമായി ബന്ധിപ്പിച്ചു എന്ന ചിന്തയാണ് ഇതിനു പിന്നില്‍. ഇസ്രയേല്‍ ആ ഉടമ്പടി വിശ്വസ്തതയോടെ പാലിക്കുന്ന കാലത്തോളം ഇസ്രയേലിന്റെ പ്രാര്‍ത്ഥന അംഗീകരിക്കപ്പെടുക തന്നെ ചെയ്യും.

പുതിയനിയമത്തില്‍ യേശു പ്രാര്‍ത്ഥനയെക്കുറിച്ചു പഠിപ്പിക്കുന്നതാണ്, സ്വാഭാവികമായും, ആദ്യം നാം ശ്രദ്ധിക്കേണ്ടത്. ലൂക്കോസ് 115, 18, 20, മത്തായി 7, 18 ഒക്കെ വായിക്കുമ്പോള്‍ നാം ഇതു പഠിക്കും. പൗലോസ്, യാക്കോബ്, യോഹന്നാന്‍ ഒക്കെ ഇതു പഠിപ്പിക്കുന്നു. എബ്രായലേഖനം പ്രാര്‍ത്ഥനയെക്കുറിച്ച് യുക്തിബദ്ധമായി വിവരിക്കുന്നു. സര്‍വോപരി, കര്‍തൃപ്രാര്‍ത്ഥന എന്നു തെറ്റായി വിളിക്കപ്പെടുന്ന ­ മുടിയനായ പുത്രന്‍ എന്ന ശീര്‍ഷകം പോലെ ­ പ്രാര്‍ത്ഥന. ഒരു സൂക്ഷ്മവിഭാഗം ഒഴികെ സകല ക്രിസ്ത്യാനികളും ഉപയോഗിക്കുന്നത്: ശിഷ്യന്മാര്‍ നിത്യവും ഉപയോഗിച്ചതായി രേഖയില്ലെങ്കിലും!

പ്രാര്‍ത്ഥന ദൈവവുമായി നടക്കുന്നൊരു മുഖാമുഖമാണ്. ദൈവവുമായുള്ള ഓരോ മുഖാമുഖവും ഒരു ന്യായവിധിയെ സൃഷ്ടിക്കുന്നു എന്നു മെട്രോപ്പോളിറ്റന്‍ അന്തോണി (ആര്‍ച്ച് ബിഷപ്പ് ബ്‌ളൂം) പറഞ്ഞിട്ടുണ്ട്. നാമും ദൈവവും തമ്മിലുള്ള അകലം നമുക്കു വ്യക്തമാകുന്ന വേളയാണ് ഓരോ പ്രാര്‍ത്ഥനാവേളയും. ദൈവത്തിന്റെ വിശുദ്ധിയും നമ്മുടെ അശുദ്ധിയും അല്ല സൂചിതം. ആ വിശുദ്ധിയോടുള്ള നമ്മുടെ പ്രതികരണമാണ് ആ ദൂരം നിര്‍വചിക്കുന്നത്. പരീശന് നീതീകരണമില്ല. ചുങ്കക്കാരനാണ് ദൈവത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നത്. മനസ്സാണു പ്രധാനം. മനഃകൃതം കൃതം കര്‍മ്മ നഃ ശരീര കൃതം കൃതം.

വാചാപ്രാര്‍ത്ഥനയോ ലിഖിതരൂപമോ? രണ്ടും തമ്മില്‍ ആകെയുള്ള വ്യത്യാസം ലിഖിതരൂപം യാന്ത്രികമാവാം എന്നതാണ്. വാചാപ്രാര്‍ത്ഥനയും അതില്‍ നിന്നു മുക്തമല്ല. പല വൈദികരുടേയും ഉപദേശിമാരുടേയും വാചാപ്രാര്‍ത്ഥനകള്‍ ശ്രദ്ധിച്ചാല്‍ ഒരേ മാതൃക ആവര്‍ത്തിക്കപ്പെടുന്നതായി കാണാം. മാത്രവുമല്ല, പ്രാര്‍ത്ഥിക്കുന്നയാളുടെ സ്വയാവബോധം ­ സെല്‍ഫ് കോണ്‍ഷ്യസ്‌­നെസ് ­ ആ വ്യക്തിയെ സംബന്ധിച്ചെങ്കിലും ഫലശോഷണം വരുത്താനുള്ള സാധ്യതയും കൂടുതലാണ്.

ഈയിടെ പെന്തക്കോസ്തുകാര്‍ ഒരു തക്‌­സാ ഉണ്ടാക്കി. അതിന്റെ പരസ്യം അവരുടെ പ്രസിദ്ധീകരണങ്ങളില്‍ കാണാം. ഓരോരുത്തര്‍ ഓരോ തരത്തില്‍ ഓരോ ശുശ്രൂഷകള്‍ നടത്തുന്നതിന്റെ അരോചകത്വം അവസാനിപ്പിക്കാനാണ് തക്‌­സാ നിര്‍മ്മിച്ചതെന്നാണു ന്യായീകരണം. നമ്മുടെ സഭാപിതാക്കള്‍ ചെയ്തതും മറ്റൊന്നല്ല!!

ചുരുക്കിപ്പറഞ്ഞാല്‍ പ്രാര്‍ത്ഥന നിയതരൂപത്തില്‍ എഴുതിയതാണോ അപ്പഴപ്പോള്‍ വായില്‍ തോന്നുന്നത് അവതരിപ്പിക്കുന്നതാണോ ഭേദം എന്നു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. എഴുതി വച്ചിരിക്കുന്ന പ്രാര്‍ത്ഥനകള്‍ അര്‍ത്ഥം ഗ്രഹിച്ച്, മനസ്സിരുത്തി ചൊല്ലിയാല്‍ അതിലേറെ അനുഗ്രഹം ഉണ്ടാകാനില്ല.

പാമ്പാക്കുട നമസ്­കാരമാണ് ഞാനുപയോഗിക്കുന്നത്. ഏഴു നേരത്തെ പ്രാര്‍ത്ഥനകള്‍ ശ്രദ്ധാപൂര്‍വം ചൊല്ലുമെങ്കില്‍ ഓരോ ദിവസവും ലോകത്തിലെ എല്ലാ വിഷയങ്ങളും നമ്മുടെ പ്രാര്‍ത്ഥനയില്‍ കടന്നു വരും. പാതിരാത്രിയുടെ രണ്ടാം കൗമയില്‍ സോമാലിയയിലെ ദാരിദ്ര്യവും അഭയാര്‍ത്ഥിപ്രശ്‌നവും കേരളത്തിലെ മറുനാടന്‍ തൊഴിലാളികളും പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ധ്യാനിച്ചു പ്രാര്‍ത്ഥിക്കണമെന്നു മാത്രം!

നമ്മുടെ പ്രാര്‍ത്ഥനകളും പ്രാര്‍ത്ഥനാസമ്പ്രദായങ്ങളും കൃത്യമായി ഗ്രഹിക്കാന്‍ സഹായിക്കുന്ന കൃതിയാണു ഭാഗ്യസ്മരണാര്‍ഹനായ അപ്രേം പ്രഥമന്‍ ബാവായുടെ ഠവല ഏീഹറലി ഗല്യ ീേ ഉശ്ശില ണീൃവെശു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഹോംസിലെ മെത്രാപ്പോലീത്താ ആയിരിക്കുമ്പോള്‍ അവിടുന്ന് രചിച്ച ഈ കൃതി 1950ലാണ് ഇംഗ്ലീഷിലേയ്ക്കു വിവര്‍ത്തനം ചെയ്യപ്പെട്ടത്.

പാശ്ചാത്യസര്‍വകലാശാലകളില്‍ അധ്യാപനം നടത്തിയ ആദ്യത്തെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ആയിരുന്നു അപ്രേം പ്രഥമന്‍. ഓക്‌സ്­ഫഡിലും കേംബ്രിഡ്ജിലും പ്രഭാഷണങ്ങള്‍ നടത്തിയ ബാവാ ഷിക്കാഗോ സര്‍വകലാശാലയില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. ജനീവയില്‍ 1927ല്‍ നടന്ന ഫെയിത്ത് ആന്റ് ഓര്‍ഡര്‍ കോണ്‍ഫറന്‍സില്‍ സഭയെ പ്രതിനിധീകരിക്കാന്‍ ഏലിയാസ് തൃതീയന്‍ ബാവാ നിയോഗിച്ചത് ഈ പണ്ഡിതപ്രകാണ്ഡത്തെ ആയിരുന്നു.

മീഖായേല്‍ റാബോ കഴിഞ്ഞാല്‍ ഇത്രയും ബൗദ്ധികസിദ്ധി പ്രകടിപ്പിച്ച മറ്റൊരു പാത്രിയര്‍ക്കീസ് അതിനു മുന്‍പുണ്ടായിട്ടില്ല. പന്ത്രണ്ടാം നൂറ്റാണ്ടാണ് റാബോയുടെ കാലം എന്നോര്‍ക്കണം. 1191ല്‍ കാലം ചെയ്തയാള്‍ക്കു ശേഷം 1887ല്‍ ജനിച്ചയാള്‍! ചരിത്രമായിരുന്നു ഇഷ്ടവിഷയം എന്നു തോന്നുന്നു. ചിതറിയ മുത്തുകള്‍ എന്ന പേരില്‍ മലയാളത്തില്‍ ലഭ്യമായ ബേറൂലെ­ബ്­ദീറേ ഉള്‍പ്പെടെ അനവധി ചരിത്രകൃതികളും ഗവേഷണപ്രബന്ധങ്ങളും രചിച്ച അപ്രേം പ്രഥമന്‍ ഒരു നിഘണ്ടുവും നിര്‍മ്മിച്ചിട്ടുണ്ട്: അറബി­സുറിയാനി നിഘണ്ടു. സഖാബാവായുടെ അഭിപ്രായത്തില്‍ രണ്ടായിരം സംവത്സരങ്ങള്‍ക്കിടയില്‍ സഭ കണ്ട നാലോ അഞ്ചോ പ്രഗത്ഭരില്‍ ഒരാള്‍.

പ്രകൃതഗ്രന്ഥത്തില്‍ പ്രാര്‍ത്ഥനയുടെ മൂല്യം, ന്യായം, സമ്പ്രദായങ്ങള്‍, പ്രാര്‍ത്ഥനയിലെ ഏകാഗ്രത, പ്രാര്‍ത്ഥന ഫലപ്രദമാവാനുള്ള ഉപാധികള്‍, വിവിധ പ്രാര്‍ത്ഥനകള്‍ എന്നിങ്ങനെ ഒരു സുറിയാനി സഭാംഗം അറിഞ്ഞിരിക്കേണ്ട സംഗതികള്‍ ലളിതമായി വിവരിച്ചിരിക്കുന്നു. ഓരോ വസ്തുതയും വിശദീകരിക്കുന്നതില്‍ ഗ്രന്ഥകാരന്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള കൃതഹസ്തത അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിനും ആധ്യാത്മികചൈതന്യത്തിനും ഒരുപോലെ തെളിവു നല്‍കാന്‍ പോന്നതാണ്. ദാനിയേലിന്റെ പ്രാര്‍ത്ഥനയും അപ്രേമിന്റേയും ക്രിസോസ്തത്തിന്റേയും മാബൂഗിലെ പീലക്‌സീനോസിന്റേയും മറ്റും രചനകളായ മനോഹരപ്രാര്‍ത്ഥനകളും ഈ കൃതിയുടെ സൗന്ദര്യവും പ്രയോജനവും വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഈ കൃതി മലയാളത്തിലേയ്ക്കു മൊഴിമാറ്റം നടത്താനുള്ള തീരുമാനം പ്രശംസയര്‍ഹിക്കുന്നു. വൈദികര്‍ക്കും അത്മായര്‍ക്കും ഒരുപോലെ ഉപയോഗപ്രദമായ ഈ കൃതി സണ്ടേസ്കൂളിലെ ഉയര്‍ന്ന ക്ലാസുകളില്‍ പാഠപുസ്തകം ആക്കേണ്ടതാണ്.

ശ്രീമന്‍ ജേക്കബ് വര്‍ഗീസ് മൂലകൃതിയോടു വിശ്വസ്തത പുലര്‍ത്തിക്കൊണ്ടാണു വിവര്‍ത്തനം നിര്‍വഹിച്ചിട്ടുള്ളത്.

എന്റെ ചിരകാലസുഹൃത്തായ അദ്ദേഹത്തെ പ്രത്യേകം അഭിനന്ദിച്ചുകൊണ്ട്, പരിശുദ്ധനായ അപ്രേം പ്രഥമന്റെ ഈ സവിശേഷരചനയുടെ മലയാളപരിഭാഷ സഹൃദയസമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക