Image

റിയോ വിട, ടോക്കിയോ(2020) ഞങ്ങള്‍ വരുന്നു. (ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 22 August, 2016
 റിയോ വിട, ടോക്കിയോ(2020) ഞങ്ങള്‍ വരുന്നു. (ഡല്‍ഹികത്ത് : പി.വി.തോമസ്)
റിയോ ഡി ജെനേരിയൊയിലെ കായിക മാമാങ്കം ചരിത്രമായി. അടുത്തത് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ടോക്കിയോവില്‍. റിയോയുടെ മോഹഭംഗത്തിന്റെ ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് 120 കോടി ജനങ്ങള്‍ ഇതാ ടോക്കിയോവിലേക്ക് കുതിക്കുവാന്‍ വെമ്പുന്നു. പക്ഷേ, അതിനിടെ ഇവിടെ ആഴത്തിലുള്ള ഒരു ആത്മപരിശോധന ആവശ്യമാണ്. അല്ലെങ്കില്‍ ടോക്കിയോവിലും അനന്തരവും റിയോ ആവര്‍ത്തിക്കപ്പെടും.
എന്തുകൊണ്ട് ഇന്‍ഡ്യയുടെ കായിക മേഖല രാജ്യത്തിന്റെ ജനസംഖ്യക്കോ ഭൗമിക വ്യാപ്തിക്കോ പൗരാണികതക്കോ പാരമ്പര്യത്തിനോ അനുസൃതമായി ഉയരുന്നില്ല? ഒളിമ്പിക്‌സ് മെഡല്‍ പട്ടികയില്‍ എക്കാലവും താഴെയാണ് ഇന്‍ഡ്യയുടെ നില. എന്തിന് ഇന്‍ഡ്യയെക്കാള്‍ ചെറുതും ജനസംഖ്യ കുറഞ്ഞതുമായ എത്രയോ രാജ്യങ്ങള്‍ സ്വര്‍ണ്ണം, വെള്ളി, വെങ്കലം മെഡലുകള്‍ വാരിക്കൂട്ടുന്നു ഓരോ ഒളിമ്പിക്‌സിലും? ഇപ്രാവശ്യം തന്നെ നോക്കുക ജപ്പാനും ഫ്രാന്‍സും ഇറ്റലിയും നെതര്‍ലാന്റ്‌സും തെക്കന്‍കൊറിയയും ഹംഗറിയും സ്‌പെയിനും ബ്രസീലും ക്രോഷ്യയും ജമയിക്കയും ന്യൂസിലാന്റും കെനിയയും കസക്കിസ്ഥാനും മറ്റും എത്ര മെഡലുകള്‍ ആണ് വാരിക്കൂട്ടിയതെന്ന്. ഒന്നാം സ്ഥാനത്തും രണ്ടാംസ്ഥാനത്തും എത്തിയ അമേരിക്കയും ബ്രിട്ടനും പോലും ജനസംഖ്യയില്‍(ഇന്‍ഡ്യയെക്കാള്‍ പിന്നിലാണ്. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചൈന മാത്രം ആണ് ജനസംഖ്യയില്‍ ഇന്‍ഡ്യക്ക് മുന്നില്‍. പക്ഷേ, മെഡലുകളുടെ കാര്യത്തില്‍ അവര്‍ ഒരിക്കും പിന്നിലല്ല. അമേരിക്കയും ബ്രിട്ടനും ചൈനയും സാമ്പത്തീകമായി വികസിത രാജ്യങ്ങള്‍ ആണെന്ന് പറയാം, ഇന്‍ഡ്യയെ വച്ച് തുലനം ചെയ്യുമ്പോള്‍. പക്ഷേ, ഇന്‍ഡ്യയും അവകാശപ്പെടുന്നത് അതും ഒരു സാമ്പത്തിക സൂപ്പര്‍ പവര്‍ ആണെന്ന് അല്ലേ? അതുപോലെതന്നെ ഒളിമ്പിക്‌സില്‍ മെഡല്‍ കൊയ്യുന്ന മറ്റ് യൂറോപ്യന്‍ അമേരിക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളെക്കുറിച്ച് എന്താണ് പറയുവാന്‍ ഉള്ളത്? ഒന്നുമില്ല. നമ്മുടെ നില തികച്ചും ലജ്ജാകരം ആണ്. റിയോയില്‍ പി.വി.സിന്ധുവും സാക്ഷിമാലിക്കും ദീപകാര്‍ മക്കറും അഭിനവ് ബിന്ദ്രയും ദത്തുബൊക്കനാലും ശ്രീകാന്ത് കിഡംബിയും ലളിതബാബറും വികാസ്‌കൃഷനും കാഴ്ചവച്ച ഉജ്ജ്വല പ്രകടനത്തെ കണക്കിലെടുത്തുകൊണ്ടാണ് ഇത് എഴുതുന്നത്. സിന്ധുവിനും സാക്ഷിമാലിക്കിനും വെള്ളിയും വെങ്കലവും(ബാഡ്മിന്റണ്‍, ഗുസ്തി) ലഭിച്ചപ്പോള്‍ ഇവരില്‍ ബാക്കിയുള്ളവര്‍ നല്ല പ്രകടനം തന്നെ കാഴ്ചവച്ചു. പക്ഷേ, അത് മതിയോ? പോരല്ലോ. ഇന്‍ഡ്യയുടെ ഒളിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ്(120) ഇപ്രാവശ്യം റിയോയിലേക്ക് അയച്ചത്. ഇതില്‍ 34 പേര്‍ അതലിറ്റിക്‌സില്‍ മാത്രം ആയിരുന്നു. പക്ഷേ, എന്ത് ഫലം ഉണ്ടായി? കായികതാരങ്ങളെ കുറ്റം പറയുവാനല്ല, എന്റെ ഉദ്ദേശം. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ഇവിടംവരെ എത്തി രാജ്യത്തിന്റെ പതാകയണിഞ്ഞ അവരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.

വീണ്ടും ചോദിയ്ക്കുന്നു. എന്താണ് ഇന്‍ഡ്യയുടെ കായിക മേഖലയെ അലട്ടുന്നത്? ഈ ചോദ്യത്തിന് സ്പഷ്ടമായ ഒരു മറുപടി ലഭിച്ചത് അത് പരിഹരിച്ചാല്‍ മാത്രമേ 2020- ടോക്യോയിലേക്ക് പോകേണ്ടതുളളൂ.

റിയോ ഒളിമ്പ്ക്‌സിനു തൊട്ടുമുമ്പ് ചില പ്രമുഖ ചൈനീസ് മാധ്യമങ്ങള്‍ ഇന്‍ഡ്യയുടെ കായിക ദുരന്തത്തെപഠിച്ച് വിശകലനം ചെയ്യുകയുണ്ടായി. നമുക്ക് ആദ്യം അവരുടെ വിലയിരുത്തലുകളിലേക്ക് പോകാം. ഇതില്‍ നമുക്ക് അറിയാത്തതായി ഒന്നും ഇല്ല. നമ്മുടെ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥ വൃന്ദത്തിനും അറിയാത്തതായി ഒന്നും ഇല്ല. പക്ഷേ, അവരാരും ഒന്നും ചെയ്യുകയില്ലെന്നു മാത്രം. ചൈനീസ് മാധ്യമ സര്‍വ്വെയുടെ കണ്ടെത്തലുകളില്‍ ചിലത്/ ഇന്‍ഡ്യയില്‍ കായിക പരിശീലനത്തിനുളള അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം, ജനങ്ങളുടെ മോശം ആരോഗ്യാവസ്ഥ, ദാരിദ്ര്യം, പെണ്‍കുട്ടികളെ കായിക മത്സരങ്ങളില്‍ പൊതുവെ പങ്കെടുപ്പിക്കാത്ത സാമൂഹ്യാചാരങ്ങള്‍, ആണ്‍കുട്ടികളെ ഡോക്ടര്‍ ആക്കുവാനും എഞ്ചിനായര്‍ ആക്കുവാനും ഉള്ള വ്യഗ്രത, ക്രിക്കറ്റിനു കൊടുക്കുന്ന അമിതപ്രാധാന്യം, ഹോക്കിയുടെ പ്രഭാവത്തിനേറ്റ മങ്ങല്‍, ഒളിമ്പിക്‌സിനെ കുറിച്ച് ഗ്രാമങ്ങളിലുള്ള അജ്ഞത തുടങ്ങിയവയാണ്. ഇത് ഏറെകുറെ ശരിയാണ് താനും, കായികപരിശീലനത്തിനുള്ള അടിസ്ഥാനസൗകര്യം നഗരങ്ങളിലും ഗ്രാമങ്ങളിലും വേണ്ടത്രയില്ലാത്തത് ഇന്‍ഡ്യയുടെ ഒര ശാപം തന്നെയാണ്. ദേശീയ-അന്താരാഷ്ട്രീയ നിലവാരമുള്ള കായികപരിശീലകരുടെ അഭാവവും എടുത്തു പറയേണ്ടതാണ്. യുവാക്കളെയും യുവതികളെയും കായികമേഖലയിലേക്ക് പ്രോത്സാഹിപ്പിച്ച് ആകര്‍ഷിക്കുവാനുള്ള ബോധപൂര്‍വ്വം ശ്രമം നടക്കുന്നില്ല. മോശമായ ആരോഗ്യാവസ്ഥ ഒരുപരിധി വരെ ശരി തന്നെയാണ്. അതിനേക്കാള്‍ ഒരു പക്ഷേ വളരെ പ്രധാനപ്പെട്ട ഒരു ഘടകമല്ലേ റെയ്‌സ് എന്ന് സംശയിക്കേമ്ടതായിരിക്കുന്നു. ആഫ്രിക്കന്‍, യൂറോപ്യന്‍, മഗ്ലോയിസ് റെയ്‌സുകളുടെ ആധിപത്യം ആണ് ഒളിമ്പിക്‌സ് കളിക്കളങ്ങളില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നത് കാലാകാലങ്ങളായി. ഒരു മില്‍ഖാസിങ്ങോ ഒരു പി.റ്റി. ഉഷയോ ആകസ്മീകങ്ങള്‍ മാത്രം ആണ്. ശരിയായ പരിശീലനത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും ചിട്ടയായ ആഹാരക്രമത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും ഈ അപാകത-അങ്ങനെ ഒന്നുണ്ടെങ്കില്‍- മറികടക്കാവുന്നതേയുള്ളൂ. ദാരിദ്ര്യം വലിയ ഒരു ഘടകം തന്നെയാണ്. എത്രയൊക്കെ നിരാകരിച്ചാലും ഇന്‍ഡ്യ ഇന്നും ഒരു ദരിദ്രരാജ്യം തന്നെയാണ്. പോഷകാഹാരകുറവ് ഗ്രാമങ്ങളില്‍ വളരെയുണ്ട്. അങ്ങനെ ഒരു സാഹചര്യത്തില്‍ കായിക പ്രകടനങ്ങളുടെയും ഒളിമ്പിക്‌സ് മെഡലുകളുടെയും പ്രസക്തി കുറയും. മൂന്നു നേരത്തെ ആഹാരത്തിനായി ബുദ്ധിമുട്ടുന്നവര്‍ക്ക് ഉപജീവനത്തിന് മാര്‍ഗ്ഗം ഇല്ലാത്തവന് എന്ത് ഒളിമ്പിക്‌സ് മെഡല്‍ എന്ന ചോദ്യം ഉദിക്കുന്നു. ശരിയാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലും പേരെടുത്ത സോക്കര്‍ താരങ്ങള്‍ സ്ലമ്മുകൡ നിന്നും ഘെട്ടോവുകളില്‍ നിന്നും വന്നിട്ടുണ്ട്. പക്ഷേ അവരുടെ സാമൂഹ്യസ്ഥിതി വിശേഷം അല്ല ഇന്‍ഡ്യയില്‍. എന്നിട്ടും ഇന്‍ഡ്യയിലെ നല്ല ഒരു ശതമാനം കായികതാരങ്ങള്‍ വരുന്നത് ലോവര്‍ മിഡില്‍ ക്ലാസ് പശ്ചാത്തലത്തില്‍ നിന്നും ആണ്. അത് പ്രധാനമായും  ആ വ്യക്തിയുടെയും കുടുംബത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെ ഫലം ആണ്. രാഷ്ട്രം ചിത്രത്തില്‍ വരുന്നത് വളരെ താമസിച്ചു മാത്രം ആണ്.

സ്ത്രീകള്‍ക്ക് കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ വിലക്കുണ്ടെന്ന ചൈനീസ് മാധ്യമ കണ്ടെത്തല്‍ നല്ല ഒരു പരിധി വരെ ശരിയാണ്, പ്രത്യേകിച്ചും വടക്കെ ഇന്‍ഡ്യന്‍ ഗ്രാമങ്ങളില്‍. 58 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം നേടിയ(ഇന്‍ഡ്യയുടെ ആദ്യത്തെ റിയോ മെഡല്‍) സാക്ഷി മാലിക്കിന്റെ കഥയെടുക്കുക. സ്ത്രീകള്‍ ഗോദയില്‍ ഇങ്ങി ഗുസ്തിപിടിക്കുകയെന്നത് സാക്ഷിയുടെ ഗ്രാമത്തില്‍(ഹരിയാനയിലെ റോത്തക്കിന് അടുത്ത്) കേട്ടുകേള്‍വിയില്ലാത്തതായിരുന്നു. സാക്ഷിയും കുടുംബവും അതിനുള്ള സാമൂഹ്യഭ്രഷ്ടും അനുഭവിച്ചു. ഇതുപോലുള്ള വിലക്കുകള്‍, ഭ്രഷ്ടുകള്‍ പെണ്‍കുട്ടികള്‍ക്ക് പലയിടത്തും ഉണ്ട്, ജാതിയുടെ, മതത്തിന്റെ, സാമൂഹ്യാചാരങ്ങളുടെ പേരില്‍.
ഒളിമങ്ങുന്ന ഇന്‍ഡ്യയുടെ കായികപൈതൃകത്തിന്റെ മറ്റൊരു കാരണം ചൈനീസ് മാധ്യമങ്ങള്‍ സര്‍വ്വെ നടത്തി കണ്ടെത്തിയപ്രകാരം പുതിയ തലമുറയില്‍ കുത്തിവച്ച പുതിയ ജോലി താല്‍പര്യങ്ങള്‍ ആണ്. ഒന്നുകില്‍ ഒരു ഡോക്ടര്‍ ആവുക, അല്ലെങ്കില്‍ എഞ്ചിനീയര്‍, അതുമല്ലെങ്കില്‍ ഐ.റ്റി. പ്രൊഫഷണല്‍. വക്കീലും, അദ്ധ്യാപകനും സൈന്യവും പിറകെയുണ്ട്. പക്ഷേ, കായികരംഗം ഇല്ല. ഇതിന്റെ അര്‍ത്ഥം ഉപജീവനമാര്‍ഗ്ഗം ആണ് പ്രധാനം. അത് കായികരംഗം ഉറപ്പ് നല്‍കുന്നില്ല.
ക്രിക്കറ്റിന്റെ അതിപ്രസരവും ഗ്ലാമറും മറ്റൊരു കാരണമാണ്. ക്രിക്കറ്റ് ഇന്‍ഡ്യയില്‍ ഒരു മതം ആണ്. ഒരു ആവേശം ആണ്. അതിലുപരി ഒരു ഫാഷനും ആണ്. കോളനിവാഴ്ചക്കാലത്തെ അധിപന്മാരുടെ കളി. അതിന് ഒരു വര്‍ഗ്ഗകുലീനത ഉണ്ടെന്ന് കോളനിവാഴ്ചാനന്തര ഇന്‍ഡ്യയിലെ അഭിനവ ധ്വരകള്‍ വിശ്വസിക്കുന്നു. കബടിയും മറ്റ് ഇന്‍ഡ്യന്‍ ഗ്രാമീണ കായികകലകള്‍, ഹോക്കി ഉള്‍പ്പെടെ, അവര്‍ക്ക് ചതുര്‍ത്ഥിയാണ്. കായിക ജാഡ എന്നല്ലാതെ എന്ത് പറയുവാന്‍! പക്ഷേ, ക്രിക്കറ്റ് ഒളിമ്പിക്‌സ് മത്സര പട്ടികയില്‍ ഇല്ലാതെ പോയത് ദൗര്‍ഭാഗ്യം ആയിപ്പോയി.

പക്ഷേ, ചൈനയുടെ മാധ്യമങ്ങള്‍ രേഖപ്പെടുത്താതെ പോയ വലിയ ഒരു ഘടകം ഉണ്ട്. ഇന്‍ഡ്യന്‍ കായിക രംഗത്തെ അഴിമതി. ഭരണാധിപന്മാരും രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ഇതില്‍ ഉത്തരവാദികള്‍ ആണ്. 2010- ലെ കോമണ്‍ വെല്‍ത്ത് ഗെയിംസ് പുറത്തുവന്ന സത്യത്തിന്റെ ഒരു ഭാഗം മാത്രം ആണ്. അങ്ങനെയുള്ള ഒട്ടേറെ കല്‍മാഡിമാര്‍  ഈ രംഗത്ത് കായികതാരങ്ങളുടെ ചോരകുടിച്ച് ചീര്‍ത്ത് മദിക്കുന്നുണ്ട്. കായിമന്ത്രി വിജയ് ഗോയലിന്റെ റിയോ സന്ദര്‍ശനം ഇതിനകം കുപ്രസിദ്ധമായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരേയൊരു  സംഭാവന നിരോധിത മേഖലകളില്‍ നുഴഞ്ഞു കയറി കായികതാരങ്ങള്‍ക്കൊപ്പം സെല്‍ഫി എടുത്തതൊന്ന്! അവസാനം ഒളിമ്പിക്‌സ് ഭാരവാഹികള്‍ ഇടപെട്ട് പറഞ്ഞു ഇന്‍ഡ്യന്‍ നേതാഗിരി കള്‍ച്ചര്‍ ഇവിടെ വിലപ്പോവികയില്ല. സ്ഥലം വിടണം അല്ലെങ്കില്‍ അക്രഡിറ്റേഷന്‍ റദ്ദാക്കും. ഗോയല്‍ വിനയപൂര്‍വ്വം പിന്മാറി.
ഗോയല്‍ മാത്രമല്ല കുറ്റവാളി. ഹരിയാനയിലെ കായികമന്ത്രി അനില്‍ വിജ് ഒരു എട്ട് അംഗസംഘുമായിട്ടാണ് റിയോയിലേക്ക് ഒരു കോടിരൂപ മുടക്കി ഉല്ലാസയാത്ര നടത്തിയത്. ഇത് ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു താരങ്ങളെ പ്രോത്സാഹിപ്പിക്കുവാനാണ് അദ്ദേഹം ഈ എട്ട് അംഗ സംഘത്തെ റിയോയിലേക്ക് നയിച്ചത് എന്നാണ്. പക്ഷേ, അദ്ദേഹം കായികമത്സരവേദിയിലെങ്ങും ഈ സംഘവും ആയി എത്തിയില്ലെന്നാണ് റിയോയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. അദ്ദേഹവും സംഘവും നയനമനോഹരമായ റിയോ ദൃശ്യങ്ങള്‍ ആസ്വദിക്കുന്നതെരക്കില്‍ ആയിരുന്നുവത്രെ! നല്ല കാര്യം. അല്പം വിനോദവും കായികത്തിന്റെ കണക്കില്‍ ആകാമല്ലൊ. അദ്ദേഹത്തിന്റെ മറ്റൊരു മറുപടി രസകരം ആണ്. കായികതാരങ്ങളുടെ(ഹരിയാനയില്‍ നിന്നുമുള്ള) പരിശീലനത്തിന് 10 കോടിരൂപ സംസ്ഥാന ഗവണ്‍മെന്റിന് മുടക്കാമെങ്കില്‍ ഒരു കോടിരൂപ ഇങ്ങനെ ഒരു പ്രോത്സാഹനയാത്രക്കായി മുടക്കിയാല്‍ എന്താണ് തെറ്റ്?

ഇനിയുമുണ്ട് റിയോകഥകള്‍. 36 മണിക്കൂര്‍ നീണ്ട ദല്‍ഹി-റിയോ യാത്രയില്‍ ഉദ്യോഗമന്ത്രി പാരാവാരം ബിസിനസ് ക്ലാസില്‍ സഞ്ചരിച്ചപ്പോള്‍ ദുത്തീചന്ദിനെപ്പോലുള്ള കായികതാരങ്ങള്‍ക്ക് ലഭിച്ചത് ഇക്കോണമി ക്ലാസ് ആണ്! ജിംനാസ്റ്റ് ദീപകര്‍മകര്‍ക്ക് ഫിസിയോതെറാപ്പിസ്റ്റിനെ കൂടെ കൊണ്ടുപോകുവാനുള്ള അനുമതി ലഭിച്ചില്ല. ദീപയുടെ പ്രൊദുനോവ എന്ന വോള്‍ട്ട് പിഴച്ചാല്‍ മരണമാണ് ഫലം. പക്ഷേ, കായികമന്ത്രാലയത്തിന് തോന്നി ഫിസിയോതെറാപ്പിസ്റ്റിനെ ദീപക്ക് ഒപ്പം അയക്കുന്നത് പാഴ്ചിലവ് ആണെന്ന്: അവസാനം ദീപ ഫൈനലിലേക്ക് അര്‍ഹത നേടിയപ്പോഴാണ് തെറാപിസ്റ്റിനെ റിയോയിലേക്ക് അയച്ചത്. ദീപക്ക് തലനാരിഴക്കാണ് വെങ്കലലം നഷ്ടമായതെന്നത് മറ്റൊരു ദുഃഖസത്യം. ഇന്‍ഡ്യന്‍ ഒളിമ്പിക്‌സ് സംഘത്തെ അനുഗമിച്ച ചീഫ് മെഡിക്കല്‍ ഓഫീസറുടെ കഥയാണ് ഇന്‍ഡ്യന്‍ കായികമേഖലയിലെ നിരവധി നെപ്പോട്ടിസം കേസുകളുടെ ചുരുളഴിക്കുന്ന ഒന്ന്. അദ്ദേഹം ഒരു ഡോക്ടര്‍ അല്ല. ഒരു റേഡിയോളജിസ്റ്റ് ആയിരുന്നു. പക്ഷേ അദ്ദേഹത്തിന് ഒരു പ്രത്യേക യോഗ്യത ഉണ്ടായിരുന്നു. അദ്ദേഹം ഉന്നതങ്ങളില്‍ പിടിച്ചുള്ള ഒരു മാന്യവ്യക്തിയായിരുന്നു.!

ബിജിങ്ങില്‍(2004) മൂന്ന് വ്യക്തിഗത മെഡലും(അതില്‍ ഒരു സ്വര്‍ണ്ണം-അഭിനവ് ബിന്ദ്ര) ലണ്ടനില്‍ (2008) ആറ് മെഡലും നേടിയ ഇന്‍ഡ്യ റിയോയില്‍ എന്തുകൊണ്ട് പിറകോട്ട് പോയി? 2120 കായികതാരങ്ങള്‍ അന്താരാഷ്ട്രീയ നിലവാരം അനുസരിച്ച് മത്സരയോഗ്യതനേടി റിയോയില്‍ എത്തിയെന്നത് നിസാരകാര്യമല്ല. പക്ഷേ, അവരില്‍ പലര്‍ക്കും യോഗ്യതാ നിലവാരം പോലും നിലനിര്‍ത്തുവാനായില്ല. ചിലര്‍ പൊരുതി തോറ്റു. ജയിച്ചവരും തോറ്റവരും അഭിനന്ദനം അര്‍ഹിക്കുന്നു.

പക്ഷേ, എന്താണ് ഇന്‍ഡ്യന്‍ ഒളിമ്പിക്‌സ് പ്രയാണത്തിന്റെ ഭാവി? 2020 ടോക്കിയോയില്‍ എന്ത് സംഭവിക്കും. റിയോയില്‍നിന്നും ഭേദപ്പെട്ട ഒരു പ്രകടനം പ്രതീക്ഷിക്കാമോ? അതിന് ഇന്നുമുതല്‍ അദ്ധ്വാനിക്കണം. കായികരംഗത്ത് സര്‍ക്കാരും ബ്യൂറോക്രസിയും താരങ്ങളും സമൂലമായ പരിവര്‍ത്തനം വരുത്തണം. അലകും പിടിയും മാറ്റണം. വയസായ, അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ഒരു അലങ്കാരത്തിനെന്നവണ്ണം കായിക സംഘടനകളുടെ തലപ്പത്ത് ഇരുത്തരുത്. ശരദ്പവ്വാറും മറ്റും ഉദാഹരണങ്ങളില്‍ വരും. ഇന്‍ഡ്യന്‍ നാഷ്ണല്‍ ലോക്ദള്‍ നേതാവും അനധികൃത സ്വത്ത് സമ്പാദനകേസ്സില്‍ പ്രതിയായി ജാമ്യത്തിലിറങ്ങിയ അഭയ് ചൗത്താലയുടെ കാര്യമെടുക്കുക. അദ്ദേഹവും റിയോയില്‍ ഉണ്ടായിരുന്നു, കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍! അദ്ദേഹം ഇന്‍ഡ്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ പ്രസിഡന്റ് അവസാനം സി.ബി.ഐ. അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കുവാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഇതുപോലുള്ള വിഴുപ്പ് ഭാണ്ഡങ്ങളെ വലിച്ചെറിഞ്ഞ് കായിക താരങ്ങള്‍ക്ക് മുന്‍ഗണനയും മുന്‍തൂക്കവും നല്‍കുന്ന ഒരു കായിക പദ്ധതിയിലൂടെ മാത്രമെ ഇന്‍ഡ്യയുടെ ഒളിമ്പിക്‌സ് സ്വപ്‌നം പൂവണിയുകയുള്ളൂ. ഗവണ്‍മെന്റ് ധനം മുടക്കണം. കായികമേഖലയെ പുനരുജ്ജീവിപ്പിക്കണം. അപ്പോള്‍ ഒരായിരം സിന്ധുമാര്‍, സാക്ഷിമാലിക്ക്മാര്‍, ദീപകര്‍മാക്കര്‍മാര്‍ വിരിയും. മുമ്പോട്ട്-2020 ടോക്കിയോ.

 റിയോ വിട, ടോക്കിയോ(2020) ഞങ്ങള്‍ വരുന്നു. (ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക