Image

കോഴഞ്ചേരിക്കാര്‍ക്ക് ആറന്മുള ഉതൃട്ടാതി വള്ളംകളി ഒരു ഉത്സവമാണ് :റെജി ചെറിയാന്‍

അനില്‍ പെണ്ണുക്കര Published on 23 August, 2016
കോഴഞ്ചേരിക്കാര്‍ക്ക് ആറന്മുള ഉതൃട്ടാതി വള്ളംകളി  ഒരു ഉത്സവമാണ് :റെജി ചെറിയാന്‍
പത്തനംതിട്ട നിവാസികള്‍ക്കെല്ലാം  ആറന്മുള ഉതൃട്ടാതി വള്ളംകളി ഗൃഹാതുരത ആണെങ്കില്‍ കോഴഞ്ചേരിക്കാര്‍ക്ക് അത് ഉത്സവമാണ്. കാരണം ആറന്മുള ഉതൃട്ടാതി വള്ളംകളിയില്‍ പങ്കെടുക്കുന്ന ഒരു ചുണ്ടന്‍ വള്ളം കോഴഞ്ചേരി കരക്കാരുടേതാണ്. അതിനു ജാതിയില്ല, മതമില്ല, വര്‍ഗ ഭേദമില്ല-കോഴഞ്ചേരി നിവാസിയും ഫോമാ ഫ്‌ലോറിഡാ  റീജിയന്‍ നിയുക്ത വൈസ് പ്രസിഡന്റുമായ റെജി ചെറിയാന്‍.

കോഴഞ്ചേരി പഞ്ചായത്തു അംഗം, വൈസ്പ്രസിഡന്റ് എന്നെ നിലകളില്‍ പ്രവര്‍ത്തിച്ച ആളായിരുന്നു അമ്മ. ഓണക്കാലമാകുന്നതിനു മുന്‌പേ ആറന്മുള വള്ളം കളിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. പഞ്ചായത്തിന്റെ സഹകരണം ഉള്ളതിനാല്‍ കോഴഞ്ചേരി കര എന്നാല്‍ ചില സമയത്തു വീടുതന്നെ ആകും. പിന്നെ സുഹൃത്തുക്കളുമൊത്തുള്ള വള്ളം കാളി കാണാനുള്ള യാത്ര. അതൊരു മികച്ച ഓണ അനുഭവം ആണ്. പമ്പാ നദിയുടെ ഇരു കരയിലും തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ആയിരങ്ങള്‍. ആറന്മുളയിലും സമീപ പ്രദേശങ്ങളിലും ഉള്ളവരുടെ ബന്ധുക്കള്‍ എല്ലാം വള്ളം കളിക്ക് എത്തും. അങ്ങനെ ദേശങ്ങളോളം പറക്കുകയാണ് ആറന്മുള വള്ളം കളിയുടെ വ്യാപ്തി.

ആറന്മുള ചുണ്ടന്‍ വള്ളങ്ങള്‍ പള്ളിയോടങ്ങള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.. പള്ളിയോടങ്ങള്‍ ആറന്മുളയുടെ തനതായ ചുണ്ടന്‍ വള്ളങ്ങളാണ്. വളരെ ബഹുമാന പൂര്‍വമാണ് ഭക്തര്‍ പള്ളിയോടങ്ങളെ കാണുന്നത്. പാര്‍ത്ഥസാരഥിയുടെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്നവയാണ് പള്ളിയോടങ്ങള്‍ എന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ഓരോ കരക്കാരുടെയും അഭിമാനങ്ങളാണ് അവിടുത്തെ പള്ളിയോടങ്ങള്‍. 

അതുകൊണ്ടുതന്നെ മത്സരത്തില്‍ പങ്കെടുക്കുന്ന അന്‍പതിലധികം പള്ളിയോടങ്ങള്‍ വീറും വാശിയോടുമാണ് ഈ ജലമേളയെ കാണുന്നത്. മത്സരത്തില്‍ വിജയികള്‍ ആകുന്ന കരയ്ക്കു മന്നം മെമ്മോറിയല്‍ ട്രോഫി, ആര്‍. ശങ്കര്‍ മെമ്മോറിയല്‍ ട്രോഫി, മാതൃഭൂമി ട്രോഫി, മനോരമ ട്രോഫി, തോഷിബാ ആനന്ദ് ട്രോഫി, ചങ്ങംകേരി തങ്കപ്പനാചാരി ട്രോഫി എന്നിവ ലഭിക്കുന്നു. മന്നം ട്രോഫിയാണ് ഒന്നാം സ്ഥാനത്തു എത്തുന്ന ചുണ്ടന്‍ വള്ളങ്ങള്‍ക്കു ലഭിക്കുക.

വള്ളം കളിക്കാര്‍ക്ക് ആവേശത്തിനായി ഒരുക്കിയ വഞ്ചിപ്പാട്ട് ഇന്ന് കടലും കടന്നിരിക്കുന്നു. ലോകത്തു എവിടെ മലയാളി ഓണം ആഘോഷിച്ചാലും അവിടെ ഒരു വഞ്ചിപ്പാട്ട് ഉണ്ടാകും. കേരളം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വഞ്ചിപ്പാട്ട് ഒരു പ്രധാന ഇനമായി മാറി.

അമേരിക്കയില്‍ എത്തിയപ്പോളും മലയാളി വള്ളംകളി പറിച്ചു നട്ടു. ഫ്‌ലോറിഡയില്‍ നടക്കുന്ന മത്സര വള്ളം കളി ഇവിടുത്തെ ഉത്രട്ടാതി വള്ളം കളി തന്നെ എന്ന് തോന്നിയിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയില്‍ മിക്കവാറും എല്ലാ സ്‌റ്റേറ്റ് ലും വള്ളംകളി മത്സര വള്ളം കളി ആയി തന്നെ നടത്തുന്നു.

ആറന്മുള വള്ളം കളിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട് .ഓണക്കാലത്ത് അവിടെ നടക്കുന്ന വള്ള സദ്യ. ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നടത്തുന്ന ആചാര നിബിഡമായ ചടങ്ങാണ് വള്ളസദ്യ. കര്‍ക്കിടകം മുതല്‍ കന്നി മാസം വരെ ഇത് തുടരുന്നു.

അറുപത്തിമൂന്ന് ഇനം കറികള്‍ ഉള്‍പ്പെടുന്ന വിഭവ സമൃദ്ധമായ സദ്യയാണ് ആറന്മുള വള്ളസദ്യയില്‍. പരമ്പരാഗത പാചകകലയുടെ നിദര്‍ശനങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ഈ കറികളില്‍ പരിപ്പ്, സാമ്പാര്‍, പുളിശേരി, കാളന്‍, രസം, പാളതൈര്, മോര്, അവിയല്‍, ഓലന്‍, എരിശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, വിവിധയിനം മെഴുക്കുപുരട്ടികള്‍, തോരനുകള്‍, അച്ചാറുകള്‍, നിരവധി പായസങ്ങള്‍, പപ്പടം വലിയതും ചെറുതും, പഴം എന്നിങ്ങനെ നിരവധി വിഭവങ്ങള്‍ ഉണ്ടാവും. വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്. 

വഴിപാട് സമര്‍പ്പിക്കുന്ന പള്ളിയോട കരയില്‍ നിന്നും അനുവാദം വാങ്ങിയാണ് സദ്യയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങുന്നത്. വഴിപാട് നടത്തുന്ന ഭക്തന്‍ അന്നേദിവസം രാവിലെ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടില്‍ നിറപറ സമര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. രണ്ട് പറകളാണ് നിറയ്ക്കുന്നത്. ഒരു പറ ഭഗവാനും മറ്റൊന്ന് പള്ളിയോടത്തിനും എന്നാണ് സങ്കല്പം. ക്ഷേത്ര ശ്രീകോവലില്‍ നിന്നും മേല്‍ശാന്തി പൂജിച്ചു നല്‍കുന്ന മാലയും വെറ്റിലയും പുകയിലയുമായി അതാത് പള്ളിയോട കടവിലെത്തി പള്ളിയോടത്തെ യാത്രയാക്കുന്നു. കരനാഥന്മാര്‍ക്ക് വെറ്റില, പുകയില എന്നിവ കൊടുത്ത് വഴിപാടു നടത്തുന്നയാള്‍ കരമാര്‍ഗ്ഗം ക്ഷേത്രത്തിലെത്തണം. ആറന്മുളയുടെ തനിമയിലും താളത്തിലുമുള്ള വഞ്ചിപ്പാട്ടുകള്‍ പാടിയാണ് പള്ളിയോടങ്ങള്‍ പമ്പാനദിയിലൂടെ തുഴഞ്ഞ് ആറന്മുള ക്ഷേത്രത്തിലെ വടക്കേ ഗോപുര നടയിലേക്കെത്തുന്നത്. ആറന്മുള ക്ഷേത്ര കടവില്‍ എത്തുന്ന കരക്കാരെ ക്ഷേത്ര അധികാരികളോ വഴിപാടുകാരനോ വെറ്റിലയും, പുകയിലയും നല്‍കി അഷ്ടമംഗല്യത്തോടെ, മുത്തുക്കുടകളോടും, വാദ്യമേളങ്ങളോടും, എതിരേറ്റ് സ്വീകരിക്കുന്നു. പിന്നീട് വള്ളപ്പാട്ടും പാടി ക്കൊണ്ട് വള്ളസദ്യ ഉണ്ണാന്‍ ഊട്ടുപുരയിലേയ്ക്ക് പോകുന്നു. 

ഇത് ഒരുപ്രധാന ചടങ്ങാണ്. വഴിപാടുകാരന്റെ കുടുംബക്കാരൊഴികെ എല്ലാവരും ഒരുമിച്ചാണ് ഉണ്ണാന്‍ ഇരിയ്ക്കുന്നത്. അതിനു ശേഷമേ വീട്ടുകാര് ഊണു കഴിയ്കാറുള്ളു. വള്ളപ്പാട്ടില്‍ കൂടി ചോദിയ്ക്കുന്ന വിഭവങ്ങള്‍ ഉടനടി സദ്യയില്‍ വിളമ്പും. ഇങ്ങനെ ഉണ്ടു കഴിയുന്നതുവരെ വളരെ ശ്രദ്ധയോടുകൂടി വിളമ്പിക്കൊണ്ടേയിരിയ്ക്കണം. അതാണ് വള്ളസദ്യയുടെ ഏറ്റവും ആകര്‍ഷണവും. ചോദിയ്ക്കുന്നതൊന്നും ഇല്ലയെന്നു പറയാന്‍ പാടില്ലത്രേ.

ഇങ്ങനെ വള്ളപ്പാട്ടില്‍ക്കൂടി വിഭവങ്ങള്‍ ചോദിയ്ക്കും.

'ചേനപ്പാടി ചേകവന്റ പാളത്തൈര് കൊണ്ടുവന്ന്, പാരിലേഴും ഭഗവാന് കൊണ്ടു വിളമ്പ്..'

ഇന്നും വള്ളസദ്യയ്ക്കാവശ്യമായ പാളത്തൈര് ആചാര പരമായി കോട്ടയം ജില്ലയിലെ ചേനപ്പാടിയില്‍ നിന്നും ആണ് എത്തിക്കുന്നത്. സദ്യ കഴിഞ്ഞ് വീണ്ടും കൊടിമരച്ചുവട്ടില്‍ വന്ന് ഭഗവാനെ നമസ്‌കരിക്കും. അവിടെ നിറച്ചു വച്ചിരിക്കുന്ന പറ മറിയ്ക്കും. ഇതിനെ പറ തളിക്കുക എന്നാണ് പറയുന്നത്. പള്ളിയോട കരക്കാര്‍ ദക്ഷിണവാങ്ങി, വഴിപാടുകാരെ അനുഗ്രഹിക്കും.

'നാളില്‍ നാളില്‍ സുഖിച്ചദിമോദത്തോടെ വസിച്ചാലും
നാളികലോചനന്‍ തന്റെ നാമ  മാഹാത്മ്യത്താല്‍'

പിന്നെ വള്ളപ്പാട്ടു തുടങ്ങും. അഷ്ടമംഗല്യവും വിളക്കും നല്‍കി വീണ്ടും ക്ഷേത്രത്തിന് പ്രദക്ഷിണംവെച്ച് വടക്കേ ഗോപുരത്തിലൂടെ വള്ളക്കടവിലേയ്ക്ക് ആനയിയ്ക്കുന്നു. വഞ്ചിപ്പാട്ടുപാടി കരക്കാര്‍ എല്ലാവരും വന്ന വള്ളത്തില്‍ തന്നെ കയറി വന്നതു പോലെ തിരികെ വള്ളപ്പാട്ടും പാടി തിരിച്ചു പോകുന്നു. വള്ളക്കാരെ യാത്രയാക്കി കഴിഞ്ഞാണ് വള്ളസദ്യ നടത്തിയ വീട്ടുകാര്‍ സദ്യ കഴിയ്ക്കുന്നത്. അതോടുകൂടി വള്ളസദ്യയുടെ ചടങ്ങുകള്‍ അവസാനിക്കുന്നു.

ഇത്തരമൊരു ചടങ്ങു ഞങ്ങളുടെ നാട്ടില്‍ മാത്രമേയുള്ളു എന്നത് വലിയ അഭിമാനമാണ് നല്‍കുന്നത്. എനിക്ക് ഓണമെന്നാല്‍ കോഴഞ്ചേരിപള്ളിയോടവും വള്ള സദ്യയും ഒക്കെ തന്നെ...ഒരിക്കലും മറക്കാത്ത ഓണക്കാലവും അത് തന്നെ ...

കോഴഞ്ചേരിക്കാര്‍ക്ക് ആറന്മുള ഉതൃട്ടാതി വള്ളംകളി  ഒരു ഉത്സവമാണ് :റെജി ചെറിയാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക