Image

വിശുദ്ധ പശുവിന്റെ പേരില്‍ താലിബാന്‍ മോഡല്‍ സദാചാര ഗുണ്ടകളുടെ അഴിഞ്ഞാട്ടം(ദല്‍ഹി കത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 25 July, 2016
വിശുദ്ധ പശുവിന്റെ പേരില്‍ താലിബാന്‍ മോഡല്‍ സദാചാര ഗുണ്ടകളുടെ അഴിഞ്ഞാട്ടം(ദല്‍ഹി കത്ത് : പി.വി.തോമസ്)
2016 ജൂലൈ 11 ന് ഇന്‍ഡ്യയുടെ ഗുജറാത്ത് സംസ്ഥാനത്തിലെ ഗിര്‍ സോമനാഥ് ജില്ലയിലെ ഊന താലൂക്കിലെ മോട്ടാസമാധിയാല എന്ന ഗ്രാമത്തില്‍ ഒരു സംഭവം നടന്നു. അത് ഇന്ന് ഇന്‍ഡ്യയാകമാനം കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ദളിത്-ഉപരിവര്‍ഗ്ഗ ജാതിപ്പോരായി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. പാര്‍ലിമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ സ്തംഭിക്കുന്നു. ഇതര സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലേക്കും മറ്റും പ്രതിഷേധം വ്യാപിക്കുന്നു. സംഭവം ഇതാണ്.

നാലു ദളിത് യുവാക്കള്‍ക്കൂടി മൂന്ന് ചത്തപശുവിനെ വിലക്ക് വാങ്ങി. അവര്‍ ദരിദ്രരായ തോല്‍കച്ചവടക്കാര്‍ ആയിരുന്നു. തുകല്‍ കച്ചവടം ആണ് അവരുടെ ജീവിതമാര്‍ഗ്ഗം. അവരെ ഒരു സംഘം പശു സംരക്ഷക സമിതി അംഗങ്ങള്‍ പിടിക്കുന്നു. പശു സംരക്ഷക സമിതി അംഗങ്ങള്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ്. ഇവര്‍ പശുക്കളെ കൊല്ലുവാനോ ചത്തപശുവിന്റെ തുകല്‍ ഉരിഞ്ഞെടുത്ത് കച്ചവടം നടത്തുവാനോ അനുവദിക്കുകയില്ല. കാരണം ഹിന്ദുമതവിശ്വാസപ്രകാരം പശുദൈവം ആണ്- ഗോമാതാവ്. ഹിന്ദുത്വത്തിന്റെ പ്രതീകം ആണ്. അത് പൂജിക്കപ്പെടേണ്ടതാണ്. ബി.ജെ.പി. ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ഇന്‍ഡ്യ ഒട്ടാകെ പശുസംരക്ഷണ സമിതികള്‍ മുളച്ചുവന്നിട്ടുണ്ട്. ഇവരുടെ ഇരകള്‍ പ്രധാനമായും മാംസ-തുകല്‍ കച്ചവടത്തില്‍ വ്യാപൃതരായ മുസ്ലീം- ദളിത് വിഭാഗം ആണ്.

മോട്ടാ സമാധിയാലയിലെ ദളിത് യുവാക്കളെ വളഞ്ഞുപിടിച്ച പശുസംരക്ഷകര്‍ അവരെ സമിതിയുടെ അഢംബര വാഹനത്തില്‍ ബന്ധിച്ചു നിറുത്തി പൊതിരെ തല്ലി. തല്ലുകൊണ്ട് ദളിത് യുവാക്കള്‍ പുളയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. ഇതു കണ്ടാല്‍ ആരുടേയും ചോരതിളക്കം. അത്രക്ക് ക്രൂരമാണ്, മനുഷ്യത്വരഹിതം ആണ് അവ. മോട്ടാ സമാധിയാലയിലെ റോഡു ഷോക്ക് ശേഷം സമതി അംഗങ്ങള്‍ ദളിതരെ 20 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന ഊന എന്ന ചെറുഗ്രാമത്തിലേക്ക് കൊണ്ടുപോയി. അവിടെയും ഈ പശുസ്‌നേഹികള്‍ ദളിതരെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഇതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പാര്‍ലിമെന്റ്  സ്തംഭിച്ചു. പ്രതിഷേധാഗ്നി ഉത്തര്‍പ്രദേശിലും സമീപ സംസ്ഥാനങ്ങളിലും കത്തി പടര്‍ന്നു.

ഊന സംഭവം ഒറ്റപ്പെട്ടതല്ല. ഇത് ഒരു വൈകൃതമായ പ്രത്യയശാസ്ത്രത്തിന്റെ ബഹിര്‍സ്ഫുരണം ആണ്. 2013 ഏപ്രിലില്‍ ഗുജറാത്തില്‍ ഒരു പശുസംരക്ഷക നേതാവും സംഘവും-സജ്ഝന്‍ബര്‍വാഡ്, അഖില്‍ഭാരതീയ സര്‍വദലിയ ഗോ രക്ഷമഹാ അഭിയാന്‍ സമതി- ഒരു വാഹനത്തെയും അതിന്റെ ഡ്രൈവറെയും മൂന്ന് മുസ്ലീങ്ങളെയും മര്‍ദ്ദിക്കുകയും അവരെക്കൊണ്ട് രാമഭജനം ആലപിപ്പിക്കുകയും ഉണ്ടായി. കാരണം അവര്‍ പശുഹത്യയുടെ പ്രതിനിധികള്‍ ആണെന്ന് സംശയം തോന്നി. അന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ആയിരുന്നു.

2015 ഓക്ടോബറില്‍ ഹിമാചല്‍പ്രദേശില്‍(സിര്‍മൂര്‍) ഒരു സംഘം പശുസംരക്ഷകര്‍  പശുവിനെ കടത്തികൊണ്ടുപോയി ആരോപിച്ചുകൊണ്ട് ഒരു കീഴ്ജാതിക്കാരനെ തല്ലിക്കൊന്നു.

അതേവര്‍ഷം അതേമാസം തന്നെ ഹരിയാനയിലെ ഗുര്‍ജര്‍ ഗട്ടാലില്‍(റെവാരി) ഒരു സംഘം പശു പ്രേമികള്‍ ഒരു ലോറിക്ക് തീ ഇട്ടു. കാരണം അതില്‍ പശുക്കളെ ഒന്നടങ്കം എരിഞ്ഞടങ്ങി? ഉദ്ദേശം പശുരക്ഷയോ, ദളിത്-മുസ്ലീം വിരോധമോ? മനസിലായില്ല.
2015 ഒക്ടോബറില്‍ തന്നെ പശുസംരക്ഷകര്‍ ജമ്മു-കാശ്മീരിലെ ഉദ്ദംപൂരില്‍ ഒരു ലോറിക്ക് തീയിട്ടു. കാരണം ആ ലോറിയില്‍ പശുക്കള്‍ കടത്തപ്പെട്ടുകയായിരുന്നു. ലോറിയും പശുക്കളും വെന്ത് വെണ്ണീറായി. ഒരു മനുഷ്യനും ചാമ്പലായി. അതേ മാസം തന്നെ പശു സംരക്ഷകര്‍ ജമ്മു-കാശ്മീരിലെ നിയമസഭ അംഗമായ ഷേക്ക് അബ്ദുള്‍ റഷീദിന്റെ മേല്‍ കറുത്തമഷിയും കരിഓയിലും ഒഴിച്ചു. കാരണം അദ്ദേഹം ഒരു ബീഫ് പാര്‍ട്ടി നടത്തുകയായിരുന്നു. ബീഫ് എന്നു പറഞ്ഞാല്‍ പശുഇറച്ചി എന്നാണ് വടക്കെ ഇന്‍ഡ്യന്‍ ഹിന്ദുക്കളുടെ ഇടയില്‍ അര്‍ത്ഥം. പോത്തിന്റെയോ എരുമയെയോ ഇറച്ചി അതില്‍പെടുന്നില്ല. അതുകൊണ്ട് തന്നെയാണ് ദല്‍ഹിയിലെ കേരളഹൗസും (സംസ്ഥാന ഗസ്റ്റ് ഹൗസ്) ഈ പശു പ്രേമികള്‍ ഇതേസമയം റെയ്ഡ് ചെയ്തത്. പക്ഷേ, ഒന്നും കണ്ട് കിട്ടിയില്ല. ഡല്‍ഹി കേരള ഹൗസില്‍ വര്‍ഷങ്ങളായി എരുമ-പോത്തിറച്ചി പരസ്യമായി ഭക്ഷണ വിവര പട്ടികയില്‍ രേഖപ്പെടുത്തി വില്‍ക്കുന്നതാണ്. പക്ഷേ, പശുസംരക്ഷകര്‍ക്ക് കേരളഹൗസിന്റെ അടുക്കളയും പരിശോധിക്കണം. കാരണം ഭരണം ഇപ്പോള്‍ ഈ പശുസംരക്ഷകരുടേതാണല്ലോ(കേന്ദ്രം).

2015 ഏപ്രിലില്‍ ഹിന്ദുയുവ വാഹിനി സംഘം ദല്‍ഹിയില്‍ ആറ് ലോറികള്‍ തടഞ്ഞു അതിലുള്ളവരെ മര്‍ദ്ദിച്ചു. ആരോപണം: അതും പശുവിനെ കടത്തുന്നവയായിരുന്നു. ഒരു ലോറി കത്തിച്ച് കളയുകയും ചെയ്തു. ആളപായം ഉണ്ടായതായി, റിപ്പോര്‍ട്ടില്ല. ഇതേവര്‍ഷം ഓഗസ്ത് മാസത്തില്‍ കിഴക്കന്‍ ഡല്‍ഹിയിലെ ചില്ലഗ്രാമത്തില്‍ ഗോ രക്ഷിതാക്കള്‍ നാല് ലോറിക്കാരുമായി ഏറ്റുമുട്ടി. ആരോപണം: അവര്‍ എരുമകളെ കടത്തുകയായിരുന്നു. ഇരകള്‍ മുസ്ലീം-ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ ആയിരുന്നു.

പശുസംരക്ഷകരുടെ പരാക്രമം തീരുന്നില്ല ഇവിടം കൊണ്ട്. 2015 സെപ്തംബറില്‍ മാഗ്ലൂരില്‍(കര്‍ണ്ണാടക) ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ തെരുവ് യുദ്ധത്തിന്റെ വക്കില്‍ വരെയെത്തി പശുസംരക്ഷകരുടെ അതിക്രമം മൂലം. അടുത്ത മാസം ഉഡുപ്പിയില്‍(കര്‍ണ്ണാടക) ഒരു മുസ്ലീം കച്ചവടക്കാരനെ പശുസംരക്ഷകര്‍ ആക്രമിച്ചു. അദ്ദേഹം ചെയ്ത തെറ്റ് ഹിന്ദുകര്‍ഷകരില്‍ നിന്നും അഞ്ച് പശുക്കളെ വാങ്ങിയതാണ്.
2015 ജൂലൈയില്‍ ആസാമിലെ ഗോലാഗട്ട്  ജില്ലയില്‍ ഒരു മുസ്ലീമിനെ പശുസംരക്ഷകര്‍ വധിച്ചു. തെറ്റ്: കൊല്ലപ്പെട്ടയാള്‍ ഒരു പശു മോഷ്ടാവാണ് എന്ന സംശയം.

2015 സെപ്തംബറില്‍ ഉത്തര്‍പ്രദേശിലെ ഭാദ്രി എന്ന സ്ഥലത്തെ ബിസാദ എന്ന സ്ഥലത്താണ് ഇന്‍ഡ്യയെ ഒന്നടങ്കം നടുക്കിയ സംഭവം ഉണ്ടായത്. ഒരു സംഘം പശു സംരക്ഷകര്‍ മൊഹമ്മദ് അക്കലാക്ക് എന്ന ഒരു മനുഷ്യന്റെ വീട് ആക്രമിച്ച് അദ്ദേഹത്തെ കൊന്നു. ഒരു മകനെ മാരകമായി പരിക്കേല്പിച്ചു. മൂത്തമകന്‍ ഇന്‍ഡ്യന്‍ വായുസേനയിലെ ഒരു ഓഫീസറായി ജോലി സ്ഥലത്തായതിനാല്‍ രക്ഷപ്പെട്ടു. ആരോപണം: അക്കലാക്കും കുടുംബവും പശു ഇറച്ചി ഭക്ഷിച്ചു. പശു ഇറച്ചി വീട്ടില്‍ സൂക്ഷിക്കുകയും ചെയ്തു. ിതിന് ഇതുവരെ തെളിവില്ല. അക്കലാക്കിനെ കൊന്നവര്‍ക്ക് സംഘപരിവാര്‍ നിയമ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്്. സംഘപരിവാറിന്റെ സമ്മര്‍ദ്ദം മൂലം കൊല്ലപ്പെട്ട അക്കലാക്കിന്റെ കുടുംബത്തിനെതിരെ പശു ഇറച്ചി സൂക്ഷിച്ചതിന്റെ പേരില്‍ കേസും എടുത്തു. ഇതാണ് സുഹൃത്തെ ഇവിടത്തെ പശുനിയമാവലി!

ഏറ്റവും ഒടുവിലത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് കര്‍ണ്ണാടകയിലെ ചിക്കമംഗലൂരിനടുത്തുള്ള ഹെറൂര്‍ എന്ന ഗ്രാമത്തില്‍ നിന്നും ആണ്. ജൂലൈ 17ന്. രണ്ട് ദളിത് കുടുംബങ്ങള്‍ ആണ് ആക്രമണ വിധേയം ആയത്. ആക്രമണകാരികള്‍ ബജ്രംഗ് ദളില്‍പെട്ട പശു സംരക്ഷകര്‍. ആരോപണം:  ഈ ദളിതര്‍ ബീഫ്് പാചകം ചെയ്യുകയും കഴിക്കുകയും ചെയ്തു.

ഇതു കൂടാതെ ഒട്ടേറെ ദളിത്-മുസ്ലീം വിരുദ്ധ അക്രമങ്ങള്‍ ഉണ്ട് ഈ സ്വയം പ്രഖ്യാപിത പശു സംരക്ഷകരുടെ പേരില്‍. ബീഹാറില്‍ രണ്ട് മുസ്ലീംങ്ങളെയാണ് ഗോഹത്യയുടെ പേരില്‍ തല്ലിക്കൊന്ന് കെട്ടിതൂക്കിയത്. ഹരിയാനയില്‍ ഗോഹത്യാസംശയത്തിന്റെ പേരില്‍ രണ്ട് ദളിതന്മാരെ ചാണകം തീറ്റി. ഇതിനൊക്കെ പിന്തുണച്ചുകൊണ്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ബീഫ് ഭക്ഷിക്കണമെന്നുള്ളവര്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകണമെന്നും താക്കീത് നല്‍കി. ഗോസംരക്ഷകരുടെ അക്രമങ്ങള്‍ അധികം അക്കമിട്ട് നിരുത്തുന്നില്ല. കാരണം അത് നിരവധിയാണ്. അനുദിനമെന്നവണ്ണം സംഭവിച്ചുകൊണ്ടിരിയ്ക്കുന്നതാണ്.

കാവിയണിഞ്ഞ ഈ കാപാലികര്‍ ഇന്ന് ഇന്‍ഡ്യയിലെ ക്രമസമാധാന നിലക്ക് ഒരു ഭീഷണി ആയിരിക്കുകയാണ്. ആരാണ് ഇവര്‍ക്ക് ഈ ഭരണഘടനേതര അധികാരം നല്‍കിയിരിക്കുന്നത്? നരേന്ദ്രമോഡിയോ? അല്ലെങ്കില്‍ മോഡി എന്തുകൊണ്ട് ഈ കിരാതന്മാരായ പശുസംരക്ഷകരെ നിലക്ക് നിറുത്തുന്നില്ല? ഗോഹത്യ നിയമപരമായി നിരോധിച്ചിട്ടുള്ള സംസ്ഥാനങ്ങളില്‍ അത് നടപ്പിലാക്കേണ്ടത് സംസ്ഥാന ഭരണകൂടം ആണ്.  ഒരു സംഘം താളിബാന്‍ സ്റ്റൈല്‍ ഗുണ്ടകള്‍ അല്ല. എരുമ-പോത്ത് മാംസത്തിന് നിരോധനം ഇല്ല. ഇവയും ഗോമാംസവും തമ്മിലുള്ള വ്യത്യാസം ഈ സംരക്ഷകസേനക്ക് അറിഞ്ഞുകൂടെ?

ഇവിടെ പ്രശ്‌നം ഇതൊന്നും അല്ല. മതത്തിന്റെയും പശുവിന്റെയും പേരില്‍ ദളിത്-മുസ്ലീം വിഭാഗത്തെ അടിച്ചൊതുക്കുവാനുള്ള  ഹീനമായ ശ്രമം ആണ് ഇീ ഗോ സംരക്ഷക ഗുണ്ടാസംഘം നടപ്പിലാക്കുന്നത്. അതിനെ തടയുവാന്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു.

പശുസംരക്ഷകരുടെ ആക്രമണം മൂലം ദളിതരും മുസ്ലീങ്ങളും ആത്മഹത്യ ചെയ്യുന്ന ഒരു പ്രവണത സംജാതമായിരിക്കുന്നു. ഗുജറാത്ത് പ്രതിഷേധത്തില്‍ ഒട്ടേറെപ്പേര്‍ ആത്മഹത്യ ശ്രമം നടത്തുകയുണ്ടായി. വളരെയേറെ ദളിതര്‍ ഹിന്ദുമതം വിട്ട് ബുദ്ധമതം സ്വീകരിക്കുവാന്‍ തയ്യാറാവുകയാണ്. ഹിന്ദുമതത്തിലെ ജാത്ി വിവേചനവും അനാചരാങ്ങളും അനീതിയും ആണ് കാരണം ആയി ഇവര്‍ പറയുന്നത്. ഹൈദ്രാബാദ് സെന്‍ട്രല്‍ യൂണവേഴ്‌സിറ്റിയില്‍ ഇവ മൂലം ആത്മഹത്യ ചെയ്ത ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ കുടുംബം ഹിന്ദുമതം വെടിഞ്ഞ് ബുദ്ധമതം സ്വീകരിച്ചത് ഓര്‍ക്കുക.

കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിനു മുമ്പ് അവയെ നിയന്ത്രണത്തില്‍ കൊണ്ടുവരുവാന്‍ മോഡിക്ക് സാധിക്കണം. അദ്ദേഹം സംഘികളായ ഹിന്ദുത്വ ശക്തികളെ നിലക്ക് നിറുത്തണം. കയറൂരി വിടരുത്. ഒരു പശുവില്‍ 33 കോടി ദേവതമാര്‍ വസിക്കുന്നുണ്ടെന്നും ഗോമൂത്രത്തില്‍ സ്വര്‍ണ്ണം ഉണ്ടെന്നുമൊക്കെയുള്ള വിശ്വാസം ഗോസംരക്ഷകരെ പുലര്‍ത്തട്ടെ. പക്ഷേ, അതിന്റെ പേരില്‍ പാവപ്പെട്ട ദളിത്-മുസ്ലീങ്ങളെ കൊല്ലരുത്. പീഡിപ്പിക്കരുത്. പീഡിപ്പിക്കരുത്. അവരുടെ ഉപജീവനമാര്‍ഗ്ഗം മുടക്കരുത്. മനുഷ്യന്‍ മരിച്ചാല്‍ പിന്നെ എന്തു മതം? സമാധാനത്തോടെ ജീവിക്കുവാന്‍ പറ്റുന്നില്ലെങ്കില്‍ എന്തു ജീവിതം? എന്തു ഭരണം?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക