Image

(മാലിനിയുടെ 'നീയും ഞാനും പിന്നെ നമ്മളും' -2: ഡോ.നന്ദകുമാര്‍ ചാണയില്‍

ഡോ.നന്ദകുമാര്‍ ചാണയില്‍ Published on 27 May, 2016
(മാലിനിയുടെ 'നീയും ഞാനും പിന്നെ നമ്മളും' -2: ഡോ.നന്ദകുമാര്‍ ചാണയില്‍
ഒരു ലഘു ആസ്വാദനം- നന്ദകുമാര്‍ ചാണയില്‍

വിദേശ മലയാളികളുടെ സാംസ്‌കാരിക മാസികയായ 'ജനനി' യുടെ താളുകളിലൂടെ നമുക്കെല്ലാം സുപരിചിതയാണല്ലോ, മാലിനി എന്നതു തൂലികാ നാമത്തില്‍ എഴുതുന്ന ശ്രീമതി. നിര്‍മ്മല ജോസഫ് തടം. 'പാപനാശിനിയുടെ തീരത്ത് പ്രാര്‍ത്ഥനയോടെ' എന്ന ചെറുകഥാ സമാഹാരം 2012 ല്‍ ഇവര്‍ പ്രകാശനം ചെയ്തിരുന്നു. ആ പുസ്തകത്തെക്കുറിച്ച് ഒരു ഹ്രസ്വപഠനം നടത്താനുള്ള ഭാഗ്യം എനിക്കുണ്ടായി. ആ പുസ്തകത്തിന്റെ പുറച്ചിത്രം ദൃഷ്ടാക്കള്‍ക്കു നല്‍കുന്ന മാതൃവാത്സല്യം കരകവിഞ്ഞൊഴുകുന്ന സന്ദേശം പ്രമേയമാക്കിയുള്ള പല സുന്ദരകഥകളും ആ സമാഹാരത്തിലുണ്ട്. ഒരു മാതൃഹൃദയത്തിന്റെ തുടിപ്പുകളും സ്‌നേഹദുഗ്ദത്തിന്റെ നറുമണവും അനുവാചകഹൃദയങ്ങളിലേക്ക് പകര്‍ന്നു നല്‍കുന്നതില്‍ കഥാകാരി വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, 2015 ല്‍ 'നീയും ഞാനും പിന്നെ നമ്മളും'എന്ന മറ്റൊരു സമാഹാരവും പ്രസിദ്ധീകരിച്ചിരിക്കുന്നു. തൂലികാനാമമായാലും ശരിക്കുള്ള പേരായാലും രണ്ടുപേരുകളിലുള്ള(മാലിനി/നിര്‍മ്മല) വിശുദ്ധിയും നെര്‍മ്മല്യവും തന്റെ കൃതികളിലും കാത്തു സൂക്ഷിക്കുന്നതില്‍ ദത്താവധാനയാണെന്നും വായനക്കാര്‍ക്ക് മനസ്സിലാകും. മൊത്തത്തില്‍, ഋജുവും, സരളലളിതവുമാണ് ശ്രീമതി.നിര്‍മ്മലയുടേത്. വാക്‌ധോരണിയുടെ ചമയങ്ങളില്ലാതെ, മിതമായഭാഷയില്‍, മിതമായ വാക്കുകള്‍ ഉപയോഗിച്ച്, എന്നാല്‍ കുറിക്കുകൊള്ളുംവിധമുള്ള പദവിന്യാസത്തിലൂടെ സൂചകങ്ങളുപയോഗിച്ച്, എല്ലാം വെട്ടിത്തുറങ്ങുപറയാതെ, പ്രമേയോംഗിതങ്ങളുടെ സാരസ്യം അനുവാചകന്റെ അനുമാനത്തിന് വിട്ടുകൊടുക്കുന്ന രീതിയാണ് കഥാകൃത്തിന്റേത്.

ഇനി, ഇന്നത്തെ പ്രതിപാദിത പ്രമേയങ്ങളിലേക്ക് കടക്കട്ടെ. ശ്രേഷ്ഠഭാഷയായ നമ്മുടെ മലയാളത്തിന്റെ തനിമ ഒന്നുവേറെ തന്നെയാണ്. ഇതരഭാഷകളില്‍ ഇല്ലാത്ത, മലയാളത്തിനുമാത്രം തനതായ, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവുമായ ഒരു പദമാണ്. 'നമ്മള്‍'  ആദിയില്‍, ദൈവം ആണിനെ സൃഷ്ടിച്ച്, ആണിന്റെ എല്ലില്‍ നിന്നും ഒന്നെടുത്ത് പെണ്ണിനെ സൃഷ്ടിച്ച്, അവരെ പറുദീസയില്‍ വാഴിച്ച അന്നുതുടങ്ങി ആണും പെണ്ണും തമ്മിലുള്ള കിറുകിറുപ്പ്. നീയോ കേമന്‍, ഞാനോ കേമി? അല്ലെങ്കില്‍, കാഥികയുടെ തന്നെ വരികളില്‍ മൊഴിയട്ടെ: ശാക്തീകരണത്തിന്റെ വേദിയില്‍ അലറിപ്പറഞ്ഞു, തെരുവുകളില്‍ അണി നിരന്നും തമ്മില്‍ത്തല്ലി തര്‍ക്കിച്ച് തളര്‍ന്ന്, പകലിനെ അവര്‍ പുറത്തുപേക്ഷിച്ചു'; എന്നിട്ടോ, ഭൂമിയെ ഇരുട്ടുതൊട്ടു തുടങ്ങിയപ്പോള്‍ അവനും അവളും വീടിന്റെ പടികടന്ന് കതകടച്ചു'. അങ്ങിനെ പകല്‍ വെളിച്ചത്തില്‍ മുറുമുറുപ്പു നാടകം കളിച്ച 'നീയും ഞാനും' രാത്രിയുടെ ഇരുട്ടില്‍ ഒട്ടിച്ചേര്‍ന്നപ്പോള്‍ 'നമ്മളായ' രസരാസപ്പരിവര്‍ത്തനവും, തുടര്‍ന്നു സര്‍വ്വജ്ഞാനിയായ ഉടയോന്റെ ചുണ്ടിലും പുഞ്ചിരി വിരിയിപ്പിച്ചു അനുരാഗക്കഥയുടെ തമ്പുരാട്ടി. അന്നും ഇന്നും നമുക്കു ചുറ്റും കാണുന്ന 'മാച്ചോമാന്റെ' പൊങ്ങച്ചങ്ങളും, പരിഭവങ്ങളാലും ആവലാതികളാലും ബലഹീനമായ ചില കിന്നാരപ്രിയരായ നാരിമാരുടെ കിന്നാരങ്ങളും കാച്ചിക്കുറുക്കി തന്മയത്വത്തോടെ ചിത്രീകരിച്ചിട്ടുണ്ട്. പറഞ്ഞു, പറഞ്ഞില്ല എന്ന മട്ടിലോ ഒരു അശരീരിപോലെയോ, സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണെന്നും, ഒന്നില്ലാതെ, മറ്റൊന്നിന്റെ നിലനില്‍പ് ഇല്ലെന്നുള്ള സന്ദേശം, 'ഞാനും നീയും' 'നമ്മള്‍' ആയി പരിണമിച്ച വിസ്മയം, വരികള്‍ക്കിടയില്‍ കൂട്ടിവായിക്കാന്‍ വായനക്കാരനായിവിടുന്നു.

'ചില സ്ത്രീപക്ഷചിന്താഗതികള്‍' എന്ന കഥയിലൂടെ വിഹരിക്കുന്ന ഒരാള്‍ക്ക് തുടക്കത്തില്‍, അതൊരു മൈതാന പ്രസംഗമായി തോന്നിയിട്ടുണ്ടെങ്കില്‍, വായനക്കാരാ, മുന്‍വിധികള്‍ക്കൊരുങ്ങരുതേ എന്നേ പറയാനുള്ളൂ. ആരോ പറഞ്ഞതുപോലെ, ശരിക്കും മുങ്ങിത്തപ്പൂ, മുത്തുകള്‍ക്കിട്ടിയേക്കും. ഈ കഥയിലെ കഥാനായികയായ ശശികല സ്ത്രീ പുരുഷ മേധാവിത്വത്തില്‍നിന്നും മോചനം നേടുന്നതിനെപ്പറ്റിതീപ്പൊരു പ്രസംഗം നടത്തി വീട്ടില്‍ തിരിച്ചുവന്നപ്പോഴുണ്ട് ഭര്‍ത്താവില്‍ നിന്നുള്ള പീഡനം സഹിക്കവയ്യാതെ, സഹോദരഗൃഹം ഒരു രക്ഷാസങ്കേതമായി കരുതിവന്നിരിക്കുന്നു നാത്തൂന്‍. നാത്തൂനെകണ്ട് അമ്പരന്ന ശശിയോട് അമ്പരപ്പൊന്നൊതുക്കാന്‍ വേണ്ടി ഭര്‍ത്താവ് പറഞ്ഞു.

'അവന്‍ അവളെ വല്ലാതെ ഉപദ്രവിക്കുന്നു, അടിച്ച് ദേഹത്തൊക്കെ പാടുണ്ട്. സഹികെട്ട് അവളിങ്ങുപോന്നു.' സ്ത്രീപക്ഷവാദിയും പുരുഷ മേധാവിത്വത്തില്‍ അസ്വാതന്ത്ര്യചങ്ങല പൊട്ടിച്ചെറിയാന്‍ ആഹ്വാനം നടത്തിക്കൊണ്ടിരിക്കുന്ന ശശികല, നാത്തൂന്റെ സഹവാഹം തനിക്കു ഭാരമാവുമെന്ന മുന്നറിവിന്റെ സൂചനയായി തല്‍ക്ഷണം ഉത്തരം മുട്ടിക്കുന്ന മറുചോദ്യം തൊടുത്തുവിട്ടു. 'അടിക്കുന്നുണ്ടെങ്കില്‍ ആഹാരത്തിന് അരി വാങ്ങിക്കൊടുക്കുന്നില്ലേ?' എന്ന്. രാഷ്ട്രീയ സാമുദായിക പ്രവര്‍ത്തകരുടെ ഇരട്ടത്താപ്പുനയവും ഓന്തിനെപോലെ നിറം മാറാനുള്ള കഴിവും നയപരമായി ശ്രീമതി. നിര്‍മ്മല അനാവരണം ചെയ്തിട്ടുണ്ട്. തീര്‍ന്നില്ല, ഈ കഥയുടെ കലാശം ശ്രദ്ധിക്കൂ: നിര്‍മ്മല അനാവരണം ചെയ്തിട്ടുണ്ട്. 

തീര്‍ന്നില്ല, ഈ കഥയുടെ കലാശം ശ്രദ്ധിക്കൂ: ഭാര്യതൊടുത്തു വിട്ടചോദ്യത്തിന്റെ ധ്വനിയും കൂര്‍ത്ത ശരത്തിന്റെ മൂര്‍ച്ചയും തിരിച്ചറിഞ്ഞ ഭര്‍ത്താവ്  മൗനിയായിരിക്കെ, ഭാവി ജീവിതം സഹനത്തോടെ കഴിച്ചുകൂട്ടേണ്ടതിന്റെ തയ്യാറെടുപ്പുമായി, കനിഞ്ഞുകിട്ടുന്ന അരി വേവിച്ച കഞ്ഞിയുടെ പശഇറ്റിച്ച് മുറിവുണക്കാന്‍ ശ്രമിക്കുന്ന കഥാന്ത്യം കെങ്കേമം തന്നെ. ആഹാരത്തിന് അരിവാങ്ങിക്കൊടുക്കകൊണ്ട് എല്ലാമായല്ലോ.  തല്ലാനുതൊഴിക്കാനുമുള്ള അവകാശമായില്ലേ. അരിയല്ലേ വാങ്ങിത്തരുന്നുള്ളൂ. മരുന്നോ? അടിയുടെ മുറിപ്പാടുകള്‍  കഞ്ഞിപ്പശ ഇറ്റിച്ച് മുറിവുണക്കുകയേ നിര്‍വ്വാഹമുള്ളൂ. 

അതുകൊണ്ടുമായില്ലെങ്കില്‍ ദൈവദത്തമായ ദേഹപ്രതിരോധശക്തിതന്നെ ആശ്വാസം, ജാതകപ്പൊരുത്തവും മനസ്സമ്മതവും ഒത്തുകിട്ടി പ്രതാപവും, കുടുംബമഹിമയും നോക്കി അഗ്നിസാക്ഷിയായി വിവാഹിതരായ അനേകം ദമ്പതികള്‍ ചെന്നുപെടുന്നതും, കുടുങ്ങുന്നതുമായ ഊരാക്കുടക്കുകളുടേയും യാഥാര്‍ത്ഥ്യം സരസമായി ശ്രീമതി. നിര്‍മ്മല വരച്ചുകാട്ടുന്നു.
തൂവ്വശ്ശേരിക്കുന്ന്: വണ്ട് കയറി ഗോപികാപുരത്ത് വന്നുപെട്ട ദമ്പതികളേയും മക്കളേയും യാതൊരു സങ്കോചവും കൂടാതെ സ്വീകരിച്ചു തദ്ദേശീയര്‍. എന്നാല്‍ ഒരു നസ്രാണി, ഒരു നമ്പൂരിസ്ത്രീയെ കട്ടുകൊണ്ട് പോന്നതാണെന്ന വാര്‍ത്ത അറിഞ്ഞതോടെ ഗോപികാപുരത്തുകാരില്‍ മതദ്വേഷം തലപൊക്കാന്‍ തുടങ്ങി. പിന്നെ കാണുന്നത്, അകാലത്തില്‍ മരണപ്പെട്ട അവരുടെ കൊച്ചുമകളുടെ ജഡം അവിടുത്തെ സെമിത്തേരിയില്‍ സംസ്‌കരിക്കാതിരിക്കാന്‍ ശ്രദ്ധയോടെ ആയുധങ്ങളും എതിര്‍പ്പുമായി നില്‍ക്കുന്ന നാട്ടുകാരെയാണ്. 

സങ്കരസന്തതിയായി വളരുന്നതിന്റെ ആധി, 'ഇവനു ജാതിയില്ലെടാ' എന്ന സഹപാഠികളുടെ, പരിഹാസം, അനുജത്തിയുടെ മരണം, അച്ഛന്റെ നിസ്സംഗത, മകന്റെ ഒളിച്ചോട്ടം, 'അവന്‍ നാളെ വരും' എന്ന പ്രത്യാശ ഇവയെല്ലാമുണ്ടെങ്കിലും സംഭവാഖ്യാനങ്ങളിലുള്ള വൈശദ്യമായ വ്യക്തതയുടേയും, സ്പഷ്ടതയുടേയും സൂക്ഷമത വേണ്ടത്ര പോരാതെ വന്നതിനാല്‍ ഈ കഥ ഉള്ളില്‍ തട്ടാതെ പോയി എന്ന ഒരു തോന്നല്‍ ഈ കുറിപ്പെഴുതുന്ന ആളിനുണ്ട്. 

പൂമാലയിട്ട അച്ഛന്റെ പടത്തിനു ചുവടെ നിന്ന അമ്മയുടെ വചനങ്ങള്‍, ഭാഷാചാരുതകൊണ്ട് ശ്രദ്ധേയമായി. മോനേ, നീ അച്ഛനെ നോക്കിയതേ ഉള്ളൂ; കണ്ടിരുന്നില്ല. അതിനുപകരം കൂടി അച്ഛന്‍നിന്നെ അറിഞ്ഞിരുന്നു, നീ വരുമെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. തൂവശ്ശേരിക്കുന്ന് കയറിയിറങ്ങുമ്പോള്‍, വഴിയോരച്ചില്ലകളിലും പൂക്കളിലും വീട്ടുമുറ്റത്ത് എന്റെ മിഴികള്‍ നിറയിച്ച നന്ത്യാര്‍വട്ടപ്പൂക്കളിലും നിറയെ മാലാഖമാര്‍ ചിറകുവിരിച്ച് എന്നെ തലോടി പറയുകായിരുന്നു, 'സാരമില്ല, സാരമില്ല. നീ വന്നുവല്ലോ,' കാത്തിരിപ്പിന്റേയും പ്രത്യാശയുടേയും സാഫല്യം ഈ സുന്ദര വരികളിലുണ്ട്. ഒട്ടുമാവ്: ഉടനെ വീട്ടിലേക്ക് വരണമെന്നും കാര്യങ്ങളെല്ലാം നേരില്‍ പറയാമെന്നും പറഞ്ഞ് പ്രിയ പെങ്ങള്‍ ഫോണില്‍ വിളിച്ചപ്പോള്‍, കാര്യമെന്തെന്നറിയാനുള്ള തിടുക്കവും വിമാനത്തിലിരിക്കുന്ന മാധവന്റെ അസ്വസ്തയും ബോട്ട് കരയ്ക്കണയാന്‍ അക്ഷമനായ നമ്പൂരി ബോട്ടില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരുന്നപോലായിരുന്നു. 

ഒടുവില്‍, വീട്ടിലെത്തിയപ്പോഴാണ് മനസ്സിലാകുന്നത് അരുമ മരുമകള്‍ സ്വവര്‍ഗ്ഗവിവാഹവും കഴിച്ച്, ദമ്പതികളുടെ ഇച്ഛാനുസാരം സന്താനപ്രാപ്തിക്കായി Sperm Bank ദ്വാരാ ഗര്‍ഭാധാനത്തിന് വശംവദയായ വാര്‍ത്ത. ഉന്തിയ വയറുകണ്ടപ്പോള്‍, അതിനേക്കാള്‍ അധികം അമ്മാമന്റെ കണ്ണുകള്‍ പുറത്തേക്ക് തള്ളിയതായി കഥാകൃത്ത് വിവരിക്കുന്നു. ഇന്നത്തെകാലത്ത് ഇതൊന്നും ഒരു പുതുമ സൃഷ്ടിക്കുന്ന വാര്‍ത്തയല്ലെന്നും പറഞ്ഞ് പെങ്ങളെ സമാശ്വസിപ്പിക്കുന്നു. ഉപോല്‍ബലകമായി, വര്‍ഷങ്ങള്‍ക്കു മുമ്പ് അവരുടെ അച്ഛന്‍ ഒരു ഒട്ടുമാവുകൊണ്ടുവന്നതും, മാമൂല്‍ വിശ്വാസങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചുവന്നിരുന്ന മുത്തശ്ശി ആദ്യമാദ്യം ഒട്ടുമാവിലുണ്ടായ മാമ്പഴം തിന്നാതിരുന്നതും, കാലക്രമേണ മാമ്പഴം തിന്നാമെന്നമനം മാറ്റം ഉണ്ടായതും പിന്നീട് അസുഖം ബാധിച്ച് മരണ വക്രത്രത്തിലെത്തിയിട്ടും ശവദാഹത്തിന് ഒട്ടുമാവ് വേണ്ടെന്നു ശഠിക്കുന്നതുമെല്ലാം മാധവന്‍ പെങ്ങളുമായി അയവിറക്കി. 

മുത്തശ്ശി മാമ്പഴം തിന്നാന്‍ തുടങ്ങിയതുംപോലെ, ഗായയുടെ കുട്ടിയേയും നമുക്കു വളര്‍ത്തിയെടുക്കാമെന്നും സമാശ്വസിപ്പിച്ചു. മുത്തശ്ശി ഒട്ടുമാവിനെ സ്‌നേഹിച്ചിരുന്നോ അല്ല വെറുത്തിരുന്നോ എന്ന് നമുക്കറിയില്ലല്ലോ എന്ന മാധവന്റെ പ്രസ്താവനയോടെ കഥക്ക് തിരശ്ശീല വീഴുന്നത്. ഒട്ടുമാങ്ങയുടെ രുചികൊണ്ട് ഒട്ടുമാവിനെ മുത്തശ്ശി ഇഷ്ടപ്പെട്ടുപോയോ, അതല്ല മുളപ്പിക്കാതെ, ഒട്ടിച്ചുണ്ടാക്കിയ മാവിനോട് 'പശു ചത്താലും മോരിന്റെ പുളിപോകില്ല' എന്ന കടുംപിടുത്തം കാരണം, വെറുപ്പായിരുന്നോ? 

 പല യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തുന്നവര്‍ക്കും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കും. ബഷീറിന്റെ സുപ്രസിദ്ധ മായ എന്റെൂപ്പാപ്പയ്‌ക്കൊരാനേണ്ടാര്‍ന്ന് എന്ന നോവലിലും തുറസ്സായ പൊതുസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം ചെയ്തു പരിശീലിച്ചു വന്ന കുഞ്ഞുതാച്ചുമ്മാക്കും ആദ്യമാദ്യം പരിഷ്‌ക്കാരചുവയായി തോന്നിയിട്ട് മറയോടെയുള്ള കക്കൂസ് ഉപയോഗിക്കുവാന്‍ ഇഷ്ടമായിരുന്നില്ലെന്ന മാമൂല്‍ വിശ്വാസം ഓര്‍ത്തു പോകുന്നു. നല്ല കഥാരചയിതാവെന്ന നിലയില്‍ തന്റേതായ ഇടം നേടിയെടുത്ത ശ്രീമതി നിര്‍മ്മല ജോസഫ് തടത്തിന് എല്ലാ വിധഭാവുകങ്ങളും നേരുന്നു


(മാലിനിയുടെ 'നീയും ഞാനും പിന്നെ നമ്മളും' -2: ഡോ.നന്ദകുമാര്‍ ചാണയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക