Image

പയ്യാവൂരില്‍ അഞ്ച് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു; ദുരന്തത്തില്‍ പെട്ടത് സഹോദരങ്ങളുടെ മക്കള്‍

Published on 28 May, 2016
പയ്യാവൂരില്‍ അഞ്ച് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു; ദുരന്തത്തില്‍ പെട്ടത് സഹോദരങ്ങളുടെ മക്കള്‍



ശ്രീകണ്ഠപുരം (കണ്ണൂര്‍): പയ്യാവൂര്‍ ചമതച്ചാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഒരേ കുടുംബത്തിലെ സഹോദരങ്ങളടക്കം അഞ്ച് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ബ്‌ളാത്തൂര്‍ തിരൂരിലെ ആക്കാംപറമ്പില്‍ സലിജന്റെ മക്കളായ ഒറിജ (13), സെബാന്‍ (ഏഴ്), സലിജന്റെ ജ്യേഷ്ഠന്‍ ബിനോയിയുടെ മകന്‍ മാനിക്ക് (13), സലിജന്റെ സഹോദരി അനിതയുടെ മക്കളായ ആയല്‍ (ഏഴ്), അഖില്‍ (14) എന്നിരാണ് മരിച്ചത്.  ശനിയാഴ്ച 3.45ഓടെയായിരുന്നു ദുരന്തം. 

ഉച്ചകഴിഞ്ഞ് തിരൂരിലെ വീട്ടില്‍ നിന്നും പയ്യാവൂര്‍ കണ്ടകശ്ശേരിക്കടുത്ത ചമതച്ചാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു അഞ്ചുപേരും. കുളിച്ചുകൊണ്ടിരിക്കെ കടവിലെ ആഴമുള്ള കുഴിയില്‍ അഞ്ചുപേരും ഒരേസമയം അകപ്പെട്ട് മുങ്ങിത്താഴുകയായിരുന്നുവത്രേ. ഇവരോടൊപ്പമുണ്ടായിരുന്ന ബന്ധുവും ഉത്തര്‍പ്രദേശില്‍ താമസക്കാരനുമായ അമല്‍ സ്റ്റീഫന്‍ (14) അദ്ഭുതകരമായി രക്ഷപ്പെട്ടു. ആദ്യം കുഴിയില്‍ അകപ്പെട്ട അമല്‍ ദുരന്തം മനസ്സിലാക്കി കൂടെയുണ്ടായിരുന്നവരോട് ഈ ഭാഗത്തേക്ക് വരരുത് എന്ന് പറഞ്ഞ് വേരില്‍ പിടിച്ച് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, ഇത് അവഗണിച്ച മറ്റുള്ളവര്‍ ദുരന്തത്തില്‍പെടുകയായിരുന്നു.  കരയിലത്തെിയ അമല്‍ നിലവിളിച്ചതോടെയാണ് ദുരന്തം നാട്ടുകാര്‍ അറിയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തത്തെിയ നാട്ടുകാരും ശ്രീകണ്ഠപുരം, പയ്യാവൂര്‍ പൊലീസ് സംഘവും ചേര്‍ന്ന് അഞ്ചുപേരെയും പയ്യാവൂരിലെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.

പയ്യാവൂര്‍ സെന്റ് ആന്‍സ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഒറിജയും സെബാനും. പിതാവ് സലിജന്‍ വളക്കൈയില്‍ കൊത്തുപണി നടത്തിവരുകയാണ്. മാതാവ്: ഷീജ. മാനിക്കും ആയലും പയ്യാവൂര്‍ ഇരൂഡ്  സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ ആറാംതരം വിദ്യാര്‍ഥികളാണ്. മാതാവ്: മിനി. പിതാവ് ബിനോയി വളക്കൈയില്‍ കൊത്തുപണിക്കാരനാണ്. സഹോദരങ്ങള്‍: അതുല്യ, മേഘന. അഖില്‍ ഇരൂഡ് സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ പത്താംതരം വിദ്യാര്‍ഥിയാണ്. ആയലിന്റെയും അഖിലിന്റെയും പിതാവ് ജോസ്. ആലക്കോട് സി.ഐ പി.കെ. സുധാകരന്‍, ശ്രീകണ്ഠപുരം എസ്.ഐ പി.ബി. സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി. അഞ്ച് മൃതദേഹങ്ങളും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക