Image

ഗാന്ധി വധക്കേസില്‍ പുനരന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി

Published on 27 May, 2016
ഗാന്ധി വധക്കേസില്‍ പുനരന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി
മുംബൈ: മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തെക്കുറിച്ചു വീണ്ടും അന്വേഷണം നടത്താന്‍ കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി. ഗാന്ധിവധത്തിനു പിന്നിലെ ഗൂഢാലോചനകള്‍ മുഴുവനും മറനീക്കി പുറത്തുകൊണ്ടുവരാന്‍ പഴയ അന്വേഷണക്കമ്മിഷനു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എഴുത്തുകാരനും ഗവേഷകനുമായ ഡോ. പങ്കജ് ഫഡ്‌നിസ് മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

വീര്‍ സവര്‍ക്കറില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടു മുംബൈയില്‍ പ്രവര്‍ത്തനമാരംഭിച്ച അഭിനവ് ഭാരത് എന്ന സംഘടനയുടെ ട്രസ്റ്റി കൂടിയാണു ഡോ. ഫഡ്‌നിസ്. 1948 ജനുവരി 30നു ഗാന്ധിജി വെടിയേറ്റു മരിക്കുമ്പോള്‍ നാഥുറാം ഗോഡ്‌സെയെക്കൂടാതെ മറ്റൊരു അക്രമി കൂടിയുണ്ടായിരുന്നോ എന്ന സംശയം പ്രകടിപ്പിച്ചുള്ളതാണു ഹര്‍ജി. ഗോഡ്‌സെയുടെ കയ്യിലുണ്ടായിരുന്നത് ഏഴു തിരകളുള്ള തോക്കായിരുന്നു. 

ഇതില്‍നിന്നുള്ള മൂന്നു വെടിയുണ്ടകളാണു ഗാന്ധിജിയുടെ ശരീരത്തില്‍ നിന്നു കണ്ടെടുത്തത്. ബാക്കി നാലു വെടിയുണ്ടകള്‍ പിടിച്ചെടുത്ത തോക്കില്‍ത്തന്നെയുണ്ടായിരുന്നു. എന്നാല്‍, ഗാന്ധിജിയുടെ ശരീരത്തില്‍ വെടിയേറ്റ നാലു മുറിവുകള്‍ ഉണ്ടായിരുന്നുവെന്നു ഹര്‍ജിയില്‍ പറയുന്നു. നാലാമത്തെ വെടിയുണ്ട ഏതു തോക്കില്‍ നിന്നുള്ളതാണെന്നു കണ്ടെത്താന്‍ അന്വേഷണക്കമ്മിഷനെ വയ്ക്കണമെന്നാണ് ആവശ്യം. 

പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള ഗാന്ധിജിയുടെ പദ്ധതി അട്ടിമറിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ വിദ്വേഷം വളര്‍ത്താനായിരുന്നോ കൊലപാതകമെന്നും അന്വേഷിക്കണം. ഗൂഢാലോചനയെപ്പറ്റി നേരത്തേ ആര്‍ക്കെങ്കിലും അറിയാമായിരുന്നോ എന്നും അന്വേഷിക്കണം. വീര്‍ സവര്‍ക്കറിനു ഗാന്ധിവധത്തില്‍ പങ്കുണ്ടെന്ന രീതിയില്‍ ജെ.എല്‍ കപ്പൂര്‍ കമ്മിഷന്‍ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കംചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജിയില്‍ ജൂണ്‍ ആറിനു കോടതി വാദം കേള്‍ക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക