Image

നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം സംസ്കരിച്ചു

Published on 02 May, 2016
നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം സംസ്കരിച്ചു
നെടുമ്പാശേരി: ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം സംസ്കരിച്ചു .   മൃതദേഹം രാവിലെ ഏഴു മണിയോടെ ഒമാന്‍ എയര്‍ വിമാനത്തിലാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്. നെടുമ്പാശേരിയില്‍ നിന്ന് 10 മണിയോടെ അങ്കമാലി കറുകുറ്റിയിലെ വീട്ടിലെത്തിച്ച മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെച്ചു. വൈകിട്ട് മൂന്ന് മണിക്ക് കറുകുറ്റി ക്രിസ്തുരാജ ആശ്രമം പളളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു 

മൃതദേഹം ഏറ്റുവാങ്ങാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. കൊലപാതകത്തില്‍ ചിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്‍സന് പങ്കില്ലെന്ന് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളെ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ലിന്‍സന്റെ സാന്നിധ്യം സലാലയില്‍ ആവശ്യമാണ്. അതിനാലാണ് നാട്ടിലേക്ക് വരാന്‍ ഒമാന്‍ പൊലീസ് അനുമതി നല്‍കാതിരുന്നത്. സമാന രീതിയിലുള്ള കൊലപാതകങ്ങള്‍ വിദേശ രാജ്യങ്ങളില്‍ ആവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലിന്‍സന്റെ സഹോദരനും ബന്ധുക്കളുമാണ് ചിക്കുവിന്റെ മൃതദേഹത്തെ അനുഗമിക്കുന്നത്. 

സലാല ബദര്‍ അല്‍ സമ ആശുപത്രിയില്‍ നഴ്‌സായിരുന്ന ചിക്കു റോബര്‍ട്ടിനെ ഏപ്രില്‍ 20നാണ് വീട്ടിലെ മുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക