Image

വില്ലേജ് ഓഫീസിലെ പൊട്ടിത്തെറി; തുമ്പ് ലഭിച്ചത് ഊരിക്കളഞ്ഞ കോട്ടില്‍ നിന്ന്

Published on 02 May, 2016
വില്ലേജ് ഓഫീസിലെ പൊട്ടിത്തെറി; തുമ്പ് ലഭിച്ചത് ഊരിക്കളഞ്ഞ കോട്ടില്‍ നിന്ന്
പാറശാല: വെള്ളറട വില്ലേജ് ഓഫീസില്‍ പൊട്ടിത്തെറി നടത്തിയിട്ട്, രക്ഷപ്പെട്ട പ്രതിയെ കുടുക്കിയത് അയാള്‍ ഊരിക്കളഞ്ഞ ഓവര്‍കോട്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11-നാണ് വെള്ളറട ഓഫീസില്‍ ആക്രമണം നടത്തിയത്. ആക്രമണവുമായി ബന്ധപ്പെട്ട് കോവിലൂര്‍ കല്ലടിച്ചാംപാറ സ്വദേശിയും പത്തനംതിട്ട കൊടുമണ്‍ ഇടത്തിട്ടയില്‍ ദാനിയേല്‍ പാലസില്‍ സാംകുട്ടി(56)യെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ് ചെയ്തത്. കുടുംബവിഹിതമായി തനിക്ക് കിട്ടിയ 18 സെന്റ് സ്ഥലം പോക്കുവരവ് ചെയ്ത് പട്ടയം നേടാന്‍ വെള്ളറട വില്ലേജ് ഓഫീസില്‍ വര്‍ഷങ്ങളായി കയറിയിറങ്ങിയെന്ന് സാംകുട്ടി പോലീസിനോട് പറഞ്ഞു. മാറിമാറിവന്ന വില്ലേജ് ഓഫീസര്‍മാര്‍ക്കെല്ലാം ആവശ്യാനുസരണം കൈക്കൂലി കൊടുത്തു. കാശ് വാങ്ങിയതല്ലാതെ കാര്യം നടത്തിതന്നില്ലെന്നും ഈ വിവരങ്ങള്‍ കാണിച്ച് പോക്കുവരവ് ചെയ്തു തരണമെന്നാവശ്യപ്പെട്ട് തഹസില്‍ദാര്‍ മുതല്‍ പ്രധാനമന്ത്രിക്കു വരെ അപേക്ഷ നല്‍കിയെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും മാത്രമാണ് മറുപടി ലഭിച്ചത്. വര്‍ഷങ്ങളായി കയറിയിറങ്ങി ജീവിതം മടുത്തതിനാല്‍ വില്ലേജ് ഓഫീസിലുള്ളവരെയും കൊന്ന് താനും മരിക്കാന്‍ വേണ്ടിയാണ് ഓഫീസില്‍ തന്നെ ആക്രമണം നടത്തിയതെന്ന് സാംകുട്ടി പോലീസിന് മൊഴി നല്‍കി. വില്ലേജ് ഓഫീസില്‍ ആക്രമണം നടത്തുവാന്‍ വേണ്ടി അടൂരിലെ പെട്രോള്‍ പമ്പില്‍ നിന്നും 15 ലിറ്റര്‍ പെട്രോള്‍ വാങ്ങി. രണ്ട് കന്നാസുകളിലായി റെക്സിന്‍കൊണ്ട് കവര്‍ ചെയ്ത് 28-ന് ഇരുചക്രവാഹനത്തില്‍ അടൂരില്‍ നിന്നും വരികയും രാവിലെ 11ന് വില്ലേജ് ഓഫീസിലെത്തുകയും ചെയ്തു. ഓഫീസറുടെ മുന്നില്‍ പത്ത് ലിറ്ററിന്റെ കന്നാസ് വയ്ക്കുകയും ഇത് ഒപ്പിട്ടുതരാമോയെന്ന് ചോദിക്കുകയും ചെയ്തു. വില്ലേജ് ഓഫീസര്‍ ആവശ്യം നിരസിച്ചതിനാല്‍ ഇപ്പോള്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് കന്നാസ് മറിച്ചിട്ട് കൈയില്‍ കരുതിയിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തുകയുമായിരുന്നുവെന്നാണ് പ്രതി പോലീസിനോട് സമ്മതിച്ചത്. ആരുംതന്നെ രക്ഷപ്പെടാതിരിക്കാന്‍ വേണ്ടി പുറത്തുനിന്നും കതക് പൂട്ടുകയും അതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ആശുപത്രിയുടെ വാതില്‍ വഴി രക്ഷപ്പെടാതിരിക്കാന്‍ അഞ്ച് ലിറ്ററിന്റെ കന്നാസുമായി സാംകുട്ടി നിന്നുവെങ്കിലും ആരും വരാത്തതിനാല്‍ ആദ്യം പൂട്ടിയ കതക് തുറന്ന് കന്നാസ് തീയിലിട്ട് ബൈക്കില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു. ആക്രമണത്തില്‍ വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റിരുന്നു. തിരികെപോകുന്നവഴി ആറാട്ടുകുഴിക്കു സമീപം ഓവര്‍കോട്ട് ഊരിക്കളഞ്ഞ് ചിറ്റാര്‍ ഡാമിലെ റിസര്‍വോയറായ നെട്ടയില്‍ വിശ്രമിച്ചു. അതിനു ശേഷം ബന്ധുവീട്ടില്‍ പോയി ഭക്ഷണം കഴിച്ചു. പിന്നീട് ആരെങ്കിലും മരിച്ചിട്ടുണ്േടായെന്നറിയാന്‍ വെള്ളറടയില്‍ തിരിച്ചെത്തി. മരണം സംഭവിച്ചിട്ടില്ലെന്നറിഞ്ഞ് ആത്മഹത്യാശ്രമം ഉപേക്ഷിച്ച് കൊടുമണിലെത്തി വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു. ഊരിക്കളഞ്ഞ കോട്ടില്‍ നിന്നും ലഭിച്ച തുണ്ട് പേപ്പറില്‍ എഴുതിയിരുന്ന ഫോണ്‍ നമ്പര്‍ പോലീസ് കണ്െടത്തിയെങ്കിലും ഒമ്പത് അക്കം മാത്രമുണ്ടായിരുന്നത്. നമ്പറില്‍ ഒരക്കം കൂടി മാറ്റി ചേര്‍ത്ത് വിളിക്കുകയും അങ്ങനെ കുടപ്പനമൂട് സ്വദേശിയെ പോലീസ് ബന്ധപ്പെടുകയും ചെയ്തു. ഇയാളില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. കൊടുമണിലെ ഒരു സൊസൈറ്റിയുടെ പൊടിഞ്ഞ രസീതും ഉപേക്ഷിച്ച കോട്ടിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ചിരുന്നു. അതുമായി സൊസൈറ്റിയില്‍ അന്വേഷിച്ചെങ്കിലും ആളെ കണ്െടത്താനായിരുന്നില്ല. പക്ഷേ അതിലുണ്ടായിരുന്ന അവസാന നാലക്ക റേഷന്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് സപ്ളൈ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ സാംകുട്ടിയാണെന്ന് ഉറപ്പാക്കുകയായിരുന്നു. തുടര്‍ന്ന് സാംകുട്ടിയെ കസ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. സംഭവം നടന്ന മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിയെ പിടികൂടിയ നെയ്യാറ്റിന്‍കര ഡിവൈഎസ്പി എം.എ. നസീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ റൂറല്‍ എസ്പി ഷെഫിന്‍ അഹമ്മദ് അഭിനന്ദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക