Image

കള്ളപ്പണത്തിന്റെ വഴികള്‍ (ലേഖനം ഭാഗം-2: രചന: സുനില്‍ എം എസ്, മൂത്തകുന്നം)

Published on 26 April, 2016
കള്ളപ്പണത്തിന്റെ വഴികള്‍ (ലേഖനം ഭാഗം-2: രചന: സുനില്‍ എം എസ്, മൂത്തകുന്നം)
പ്രതിവര്‍ഷവ്യാപാരം കാല്‍ക്കോടി രൂപ. ആദായനികുതി അടച്ചിരിയ്ക്കുന്നതാകട്ടെ നാലക്കം മാത്രമുള്ളൊരു തുക. വ്യാപാരിയുടെ വീടാണെങ്കിലോ, സുന്ദരമായൊരു ബംഗ്ലാവ്. പീടികയില്‍ തിങ്ങിനിറഞ്ഞ വില്പനച്ചരക്കും. വ്യാപാരി ധനികന്‍ തന്നെ, സംശയമില്ല. എന്നിട്ടും, കാല്‍ക്കോടി രൂപയുടെ വിറ്റുവരവിന്മേല്‍ അദ്ദേഹം അടച്ചിരുന്ന ആദായനികുതി താരതമ്യേന തുച്ഛശമ്പളം മാത്രം പറ്റിക്കൊണ്ടിരുന്ന ഞാനടച്ചിരുന്നതിനേക്കാള്‍ കുറവ്!

അഞ്ചു ലക്ഷം രൂപയുടെ ബാങ്കുവായ്പയ്ക്കായി ഒരു മാര്‍വാടി വ്യാപാരി സമര്‍പ്പിച്ച രേഖകളില്‍ കണ്ട കാര്യങ്ങളായിരുന്നു അവ. രണ്ടു തരം രേഖകളായിരുന്നു, വ്യാപാരി സമര്‍പ്പിച്ചിരുന്നത്. ഒന്ന്, ഏതാനും വര്‍ഷത്തെ ബാലന്‍സ് ഷീറ്റുകള്‍. മറ്റേത്, ഏതാനും വര്‍ഷത്തെ ആദായനികുതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും. ബാലന്‍സ് ഷീറ്റില്‍ മുന്‍ വര്‍ഷത്തെ വില്പന കാല്‍ക്കോടിയായി കാണിച്ചിരുന്നു. ഏതാനും ലക്ഷം രൂപയുടെ അറ്റാദായവും. ബാലന്‍സ് ഷീറ്റിലെ പ്രവര്‍ത്തനഫലക്കണക്കുകള്‍ വളരെ പ്രസന്നമായിരുന്നെങ്കില്‍ നേര്‍വിപരീതമായിരുന്നു ആദായനികുതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിലെ സ്ഥിതി. അതില്‍ കാണിച്ചിരുന്ന ആകെ വിറ്റുവരവു രണ്ടു ലക്ഷം രൂപ മാത്രം. അറ്റാദായവും വളരെച്ചെറുത്. ആദായനികുതി നാലക്കത്തുക മാത്രമായതില്‍ അതിശയമില്ല.

ഈ വ്യത്യാസത്തിനു കാരണമെന്ത്? ഇവയിലേതാണു ശരി? വാര്‍ഷികവ്യാപാരം വാസ്തവത്തിലെത്രയായിരുന്നു: ഇരുപത്തഞ്ചു ലക്ഷമോ രണ്ടു ലക്ഷമോ?

ഞാനുന്നയിച്ച ചോദ്യങ്ങള്‍ കേട്ടു വ്യാപാരി മന്ദഹസിച്ചു. അയാള്‍ ചുറ്റുമൊന്നു നോക്കി, മറ്റാരും അടുത്തെങ്ങുമില്ലെന്നുറപ്പു വരുത്തിയ ശേഷം പറഞ്ഞു, "ഇവയിലെ കണക്കുകളൊന്നും ശരിയല്ല, സര്‍." ശബ്ദം താഴ്ത്തി, 'ശരിയായ കണക്കുകള്‍ പണപ്പെട്ടിയുടെ അടിയിലൊരു ബുക്കില്‍ എഴുതി വച്ചിട്ടുണ്ട്. മാര്‍വാടി ഭാഷയില്‍. അതു ഞങ്ങള്‍ക്കു മാത്രമുള്ളതാണ്,' മാര്‍വാടി വിശദീകരിച്ചു. ഇവിടത്തെ ഇടത്തരം മാര്‍വാടി കച്ചവടക്കാരുടെയെല്ലാം 'അക്കൗണ്ടിംഗ് സിസ്റ്റം' ഈ രീതിയിലുള്ളതാണ്. സര്‍ക്കാരിനു നികുതി കൊടുത്തു വിലപ്പെട്ട പണം വെറുതേ പാഴാക്കിക്കളയുന്നതെന്തിന്?

ഇനി, നാലാമതൊരു പറ്റം തുകകള്‍ കൂടി കാണാന്‍ സാധിച്ചേയ്ക്കും, വില്പനനികുതിറിട്ടേണുകള്‍ വരുത്തിച്ചാല്‍! വില്പനനികുതിയുടെ കാര്യത്തിലും ഈ വ്യാപാരി വെട്ടിപ്പു നടത്തിയിട്ടുണ്ടാകണം. യഥാര്‍ത്ഥവിറ്റുവരവിലും വളരെക്കുറഞ്ഞ തുക മാത്രമേ വില്പനനികുതിറിട്ടേണില്‍ കാണിച്ചിട്ടുണ്ടാകൂ. എന്നാല്‍, വായ്പയ്ക്കായി ഇത്തരക്കാര്‍ ബാങ്കുകളെ സമീപിയ്ക്കുമ്പോള്‍ യഥാര്‍ത്ഥ തുകകളെ 'ഊതിവീര്‍പ്പിയ്ക്കുന്നു'. വായ്പയ്ക്കായി സമര്‍പ്പിയ്ക്കുന്ന ബാലന്‍സ് ഷീറ്റുകള്‍ അതിപ്രസന്നമായിരിയ്ക്കും: ഉയര്‍ന്ന വിറ്റുവരവും ഉയര്‍ന്ന ലാഭവും. ഉയര്‍ന്ന വായ്പ സംഘടിപ്പിയ്ക്കുകയാണ് ഇത്തരത്തില്‍ 'ഊതിവീര്‍പ്പിച്ച' ബാലന്‍സ് ഷീറ്റുകളുടെ ലക്ഷ്യം.

സര്‍ക്കാരിനു സമര്‍പ്പിച്ചിരിയ്ക്കുന്ന രേഖകളില്‍ കാണിച്ചിരിയ്ക്കുന്ന തുകകള്‍ക്കനുസൃതമായ, വളരെച്ചെറിയ വായ്പ മാത്രമേ തരാനാകൂ എന്നു ഞാന്‍ മാര്‍വാടിയോടു പറഞ്ഞു. ആകെ നേടിയ വിറ്റുവരവിന്റെ പത്തിലൊന്നു മാത്രം സര്‍ക്കാരിനോടു വെളിപ്പെടുത്തിയിരിയ്ക്കുന്നു; അതുകൊണ്ട്, വായ്പയായി ആവശ്യപ്പെട്ടിരിയ്ക്കുന്ന അഞ്ചുലക്ഷം രൂപയ്ക്കു പകരം, അതേ അനുപാതത്തില്‍, പത്തിലൊന്നു മാത്രം തരാം: അമ്പതിനായിരം രൂപ.

മാര്‍വാടി ക്രുദ്ധനായി ഇറങ്ങിപ്പോയി.

മാര്‍വാടികളോ മറ്റു വ്യാപാരികളോ ഒന്നടങ്കം നികുതിതട്ടിപ്പു നടത്തുന്നവരാണെന്നു ഞാനര്‍ത്ഥമാക്കുന്നില്ല. നിയമാനുസൃതമായ നികുതിയടച്ചുപോരുന്ന മാര്‍വാടിവ്യാപാരികളും മാര്‍വാടികളല്ലാത്ത വ്യാപാരികളും നിരവധിയുണ്ടെന്നു നന്നായി ബോദ്ധ്യപ്പെട്ടിരുന്നതുകൊണ്ടാണു നികുതിതട്ടിപ്പു നടത്തിയ ആളെ പ്രീതിപ്പെടുത്താന്‍ ഞാന്‍ മിനക്കെടാഞ്ഞത്.

നികുതി കഴിവതും കൊടുക്കാതിരിയ്ക്കാനും, നികുതി കൊടുക്കാന്‍ നിര്‍ബദ്ധനായാല്‍ വളരെക്കുറവു മാത്രം കൊടുക്കാനുമുള്ള പ്രവണത ജനത്തിനുണ്ടായത് ഇന്നും ഇന്നലേയുമല്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പു നികുതി പിരിയ്ക്കുന്ന സമ്പ്രദായം നിലവില്‍ വന്ന കാലം മുതല്‍ തന്നെ നികുതിവെട്ടിപ്പും തുടങ്ങിയിരുന്നിരിയ്ക്കണം. മുകളില്‍ കൊടുത്തിരിയ്ക്കുന്ന ഉദാഹരണത്തില്‍ നാം കണ്ടത്, കൊടുക്കേണ്ടിയിരുന്ന ആദായനികുതിയുടെ പത്തിലൊന്നു മാത്രം കൊടുത്തിരിയ്ക്കുന്നതാണ്. വില്പനനികുതിയുടെ സ്ഥിതിയും സമാനമായിരുന്നിരിയ്ക്കണം. ആദായനികുതിയില്‍ കുറവു വരുത്താന്‍ വേണ്ടി ലാഭം കുറച്ചുകാണിയ്ക്കുന്നതും, വില്പനനികുതിയില്‍ കുറവു വരുത്താന്‍ വേണ്ടി വിറ്റുവരവു കുറച്ചുകാണിയ്ക്കുന്നതും ഇന്ത്യയില്‍ വിരളമല്ലെന്നാണു വാര്‍ത്തകളില്‍ നിന്നു മനസ്സിലാകുന്നത്. ഇങ്ങനെ നികുതി വെട്ടിച്ചുണ്ടാക്കിയിരിയ്ക്കുന്ന പണം കള്ളപ്പണമാണെന്നു പറയേണ്ടതില്ലല്ലോ.

ആദായനികുതിയ്ക്കും വില്പനനികുതിയ്ക്കും പുറമേ മറ്റു പല നികുതികളുമുണ്ട്. ചിലതു തീരുവകളെന്ന പേരിലാണറിയപ്പെടുന്നത്. ഒരു ഫാക്റ്ററിയുണ്ടെങ്കില്‍ അതിന്റെ ഉല്പന്നങ്ങളിന്മേല്‍ കേന്ദ്ര­എക്‌സൈസ് തീരുവ നല്‍കേണ്ടി വരും. എക്‌സൈസ് തീരുവ ഒഴിവാക്കാന്‍ വേണ്ടി ഉല്പാദനം കുറച്ചുകാണിയ്ക്കുന്നത് നികുതി വെട്ടിയ്ക്കാന്‍ പല വ്യവസായികളും സ്വീകരിയ്ക്കാറുള്ള കുറുക്കുവഴികളിലൊന്നാണ്. ഒരു ഫാക്റ്ററിയില്‍ ആയിരം സൈക്കിളുല്പാദിപ്പിച്ചിട്ടുണ്ടാകാം, പക്ഷേ, നൂറു സൈക്കിള്‍ മാത്രമേ ഉല്പാദിപ്പിച്ചുള്ളെന്നു രേഖകളില്‍ കാണിച്ച് എക്‌സൈസ് തീരുവയില്‍ വെട്ടിപ്പു നടത്തുന്നു. അപ്പോള്‍, വെളിപ്പെടുത്താത്ത 900 സൈക്കിളുകള്‍ വിറ്റു കിട്ടുന്ന പണം കള്ളപ്പണമായിത്തീരുന്നു.

ചില വസ്തുക്കള്‍ക്ക് ഇറക്കുമതിത്തീരുവ നല്‍കണം. സ്വര്‍ണം തന്നെ ഉദാഹരണം. ഇയ്യിടെ, ലോകത്തില്‍ ഏറ്റവുമധികം സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാഷ്ട്രമായിത്തീര്‍ന്നിരുന്നു, ഇന്ത്യ. സ്വര്‍ണത്തിന്റെ ഇറക്കുമതിയ്ക്കായി വിലപ്പെട്ട വിദേശനാണ്യം പുറത്തേയ്‌ക്കൊഴുകുന്നതു നിയന്ത്രിയ്ക്കാന്‍ വേണ്ടി സര്‍ക്കാര്‍ സ്വര്‍ണത്തിന്മേല്‍ ഇറക്കുമതിച്ചുങ്കം ചുമത്തി. ഇറക്കുമതിച്ചുങ്കം മൂലം സ്വര്‍ണത്തിന്റെ ഇന്ത്യയിലെ കമ്പോളവില അന്താരാഷ്ട്രവിലയേക്കാള്‍ ഉയരത്തിലായിരിയ്ക്കും. ഇത് ഇന്ത്യയിലേയ്ക്കു സ്വര്‍ണം കടത്തിക്കൊണ്ടുവരാനുള്ള പ്രേരകമായിത്തീരുന്നു. നെടുമ്പാശ്ശേരിയുള്‍പ്പെടെയുള്ള നമ്മുടെ അന്താരാഷ്ട്രവിമാനത്താവളങ്ങളില്‍ വച്ചു സ്വര്‍ണക്കള്ളക്കടത്തു പിടികൂടിയെന്ന, ചിത്രങ്ങള്‍ സഹിതമുള്ള വാര്‍ത്തകള്‍ പത്രത്തിലുണ്ടാകാറുണ്ട്. ഇറക്കുമതിച്ചുങ്കം കൊടുക്കാതെ കടത്തിക്കൊണ്ടു വന്ന സ്വര്‍ണം ഇവിടെ വില്‍ക്കുമ്പോള്‍ വലുതായ ലാഭം കിട്ടുന്നു. അങ്ങനെ കിട്ടുന്ന പണവും കള്ളപ്പണം തന്നെ.

കുറ്റകൃത്യങ്ങളിലൂടെ നേടുന്ന പണം മുഴുവനും കള്ളപ്പണമാണ്. കൊള്ള, മോഷണം, വഞ്ചന എന്നിവയിലൂടെ നേടുന്ന പണം മുഴുവനും കള്ളപ്പണം തന്നെ. മയക്കുമരുന്ന്, വ്യാജമദ്യം, വില്പന നിരോധിയ്ക്കപ്പെട്ട മറ്റു വസ്തുക്കള്‍ ­ ഇവയുടെയെല്ലാം വില്പനയില്‍ നിന്നുണ്ടാക്കുന്ന പണവും കള്ളപ്പണം തന്നെ. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കുക എളുപ്പമാണ്. എന്നാല്‍, തികച്ചും നിയമാനുസൃതമെന്നു തോന്നിപ്പിച്ചേയ്ക്കാവുന്ന കയറ്റുമതിയില്‍ക്കൂടിയും ഇറക്കുമതിയില്‍ക്കൂടിയും കള്ളപ്പണമുണ്ടാക്കുന്നുണ്ടെന്ന വസ്തുത മനസ്സിലാക്കിയെടുക്കുന്നത് എളുപ്പമല്ല. എങ്കിലും, ഒന്നുരണ്ടുദാഹരണങ്ങളിവിടെ ലളിതമായിപ്പറയാന്‍ ശ്രമിയ്ക്കാം.

ഇന്ത്യ കയറ്റുമതിയും ഇറക്കുമതിയും നടത്തുന്നുണ്ട്. 2014­15ല്‍ ഇന്ത്യയുടെ കയറ്റുമതി 20 ലക്ഷം കോടി രൂപയും, ഇറക്കുമതി 29 ലക്ഷം കോടി രൂപയുമായിരുന്നു. ഈ തുകകളില്‍ അല്പസ്വല്പം വ്യത്യാസമുണ്ടായേയ്ക്കാം. ചില ഉല്പന്നങ്ങളുടെ കയറ്റുമതിയ്ക്കു സര്‍ക്കാര്‍ ചില ആനുകൂല്യങ്ങള്‍ ഇടയ്ക്കിടെ നല്‍കാറുണ്ട്. അര്‍ഹിയ്ക്കുന്നതിലേറെ ആനുകൂല്യങ്ങള്‍ മുതലാക്കാന്‍ വേണ്ടി ചില കയറ്റുമതിക്കാര്‍ തങ്ങളുടെ കയറ്റുമതിത്തുക ഊതിവീര്‍പ്പിച്ചുകാണിയ്ക്കുന്നു. 1000 രൂപയുടെ ഉല്പന്നത്തിന്റെ കയറ്റുമതിവില 1500 ആയി ഉയര്‍ത്തിക്കാണിച്ചാല്‍ 1500 രൂപയ്ക്കുള്ള കയറ്റുമതിയാനുകൂല്യം നേടാനാകുന്നു; അനര്‍ഹമായ ആനുകൂല്യം തട്ടിയെടുക്കുന്നെന്നു ചുരുക്കം.

ചില വസ്തുക്കളുടെ ഇറക്കുമതിയ്ക്കു സര്‍ക്കാര്‍ ഉയര്‍ന്ന ഇറക്കുമതിച്ചുങ്കം ചുമത്തുന്നുണ്ടാകാം. ഇറക്കുമതിത്തുക വെട്ടിച്ചുരുക്കിക്കാണിച്ച് ഇറക്കുമതിച്ചുങ്കത്തില്‍ തട്ടിപ്പു നടത്തിയെന്നും വരാം. 2000 രൂപ യഥാര്‍ത്ഥവിലയുള്ള ഉല്പന്നത്തിന്റെ ഇറക്കുമതിവില 1500 ആയിക്കാണിച്ച്, ഇറക്കുമതിച്ചുങ്കം ലാഭിയ്ക്കുന്ന ഇറക്കുമതിക്കാരുണ്ടാകാം.

സാങ്കല്പികമായ ഒരുദാഹരണത്തിലൂടെ ഇതല്പം കൂടി വിശദീകരിയ്ക്കാന്‍ ശ്രമിയ്ക്കാം. ഇന്ത്യയിലെ ഒരിറക്കുമതിക്കാരന്‍ ചൈനയിലെ ഒരു കയറ്റുമതിക്കാരനില്‍ നിന്ന് അഞ്ഞൂറു രൂപാനിരക്കില്‍ കുറേ കണ്ണടകള്‍ ഇറക്കുമതി ചെയ്യുന്നെന്നും, ഇറക്കുമതിബില്ലില്‍ ഒരു കണ്ണടയുടെ വില അഞ്ഞൂറു രൂപയ്ക്കു പകരം നൂറു രൂപ മാത്രമായി കാണിയ്ക്കാന്‍ ചൈനീസ് കയറ്റുമതിക്കാരന്‍ സമ്മതിച്ചിട്ടുണ്ടെന്നും സങ്കല്പിയ്ക്കുക. ചരക്ക് ഇന്ത്യയിലെ ഏതെങ്കിലുമൊരു വിമാനത്താവളത്തിലും, അതിന്റെ ബില്ല് ഇന്ത്യയിലെ ഏതെങ്കിലുമൊരു ബാങ്കിലും എത്തുന്നു. ഓരോ കണ്ണടയ്ക്കും നൂറു രൂപ വിലയും, നൂറു രൂപയിന്മേലുള്ള ഇറക്കുമതിച്ചുങ്കവും ബാങ്കിലടച്ച് ഇന്ത്യന്‍ ഇറക്കുമതിക്കാരന്‍ ചരക്കു കൈപ്പറ്റുന്നു. നാനൂറു രൂപയിന്മേലുള്ള ചുങ്കം അയാള്‍ ലാഭിയ്ക്കുന്നു.

ബില്ലില്‍ കണ്ണടയുടെ യഥാര്‍ത്ഥവിലയായ 500 രൂപയ്ക്കു പകരം 100 രൂപയായി കാണിയ്ക്കാമെന്നേ ചൈനീസ് കയറ്റുമതിക്കാരന്‍ സമ്മതിച്ചിട്ടുള്ളൂ; 400 രൂപ വേണ്ടാ എന്നു വച്ചിട്ടില്ല. എന്നുവച്ചാല്‍, ഒടുവില്‍ ഓരോ കണ്ണടയ്ക്കും ആകെ 500 രൂപ തന്നെ ചൈനീസ് കയറ്റുമതിക്കാരനു കിട്ടിയിരിയ്ക്കണം. ഓരോ കണ്ണടയിന്മേലും നൂറു രൂപ ബാങ്കിംഗ് മാര്‍ഗത്തിലൂടെ കൊടുത്തുകഴിഞ്ഞിട്ടുണ്ടെങ്കിലും, നാനൂറു രൂപ കൂടി ഇന്ത്യന്‍ ഇറക്കുമതിക്കാരന്‍ ചൈനീസ് കയറ്റുമതിക്കാരനു നല്‍കേണ്ടതുണ്ട്. ഈ നാനൂറു രൂപയുടെ വഴി വേറിട്ട ഒന്നാണ്; വഴിവിട്ട ഒന്ന്.

ഹവാലക്കാര്‍ രംഗത്തു വരുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. ഓരോ കണ്ണടയിന്മേലും 400 രൂപ വീതം ചൈനീസ് കയറ്റുമതിക്കാരനു കൊടുക്കാന്‍ ബാക്കിയുള്ള പണം മുഴുവനും ഇന്ത്യന്‍ ഇറക്കുമതിക്കാരന്‍ തന്റെ പരിസരത്തുള്ളൊരു ഹവാല ഏജന്റിനെയേല്പിയ്ക്കുന്നു. ദുബായിലെ ഒരു ബാങ്കില്‍ തനിയ്ക്കുള്ളൊരു രഹസ്യ­അക്കൗണ്ടില്‍ ഈ പണം അടയ്ക്കണം: ഇതാണ് ഇന്ത്യന്‍ ഇറക്കുമതിക്കാരന്‍ ലോക്കല്‍ ഹവാല ഏജന്റിനു നല്‍കുന്ന നിര്‍ദ്ദേശം. ഹവാല ഏജന്റുമാര്‍ ഇന്ത്യയിലുള്ളതുപോലെ, ദുബായിലുമുണ്ടായിരിയ്ക്കും. ഇന്ത്യന്‍ ഇറക്കുമതിക്കാരന്റെ നിര്‍ദ്ദേശം ഇന്ത്യയിലെ ഹവാല ഏജന്റ് ദുബായിലുള്ള ഹവാല ഏജന്റിനു കൈമാറുന്നു. ദുബായിലെ ഹവാല ഏജന്റു നിര്‍ദ്ദേശമനുസരിച്ചുള്ള തുക മുഴുവന്‍ ഇന്ത്യന്‍ ഇറക്കുമതിക്കാരനു ദുബായിലുള്ള രഹസ്യ­അക്കൗണ്ടിലടയ്ക്കുന്നു. ഇതു ചൈനീസ് കയറ്റുമതിക്കാരനു കൂടി ഉപയുക്തമായ ഏതെങ്കിലും കറന്‍സിയിലായിരിയ്ക്കും. ഇതോടെ ഹവാലക്കാരുടെ ചുമതല തീരുന്നു.

ഇന്ത്യന്‍ ഇറക്കുമതിക്കാരനു ദുബായിലെ ബാങ്കില്‍ രഹസ്യ­അക്കൗണ്ടുള്ളതുപോലെ, ചൈനീസ് കയറ്റുമതിക്കാരനും ഏതെങ്കിലുമൊരു ചൈനീസിതരരാജ്യത്ത് ഒരു രഹസ്യബാങ്ക്­അക്കൗണ്ടുണ്ടായിരിയ്ക്കും. ഇന്ത്യന്‍ ഇറക്കുമതിക്കാരന്‍ ദുബായിലെ തന്റെ രഹസ്യ­അക്കൗണ്ടില്‍ നിന്ന് ഓരോ കണ്ണടമേലും നാനൂറു രൂപ വീതമുള്ള തുക ചൈനീസ് കയറ്റുമതിക്കാരന്റെ രഹസ്യ­അക്കൗണ്ടിലേയ്ക്കയച്ചുകൊടുക്കുന്നു. ഇടപാടങ്ങനെ പൂര്‍ത്തിയാകുന്നു.

ചൈനക്കാരനും ഈ ഇടപാടില്‍ നിന്നു ചില ഗുണങ്ങളുണ്ടാകും. ബില്‍ത്തുക കുറച്ചുകാണിയ്ക്കാന്‍ അയാള്‍ തയ്യാറായതുകൊണ്ട്, അയാള്‍ക്ക് ഇന്ത്യക്കാരന്റെ ഓര്‍ഡര്‍ കിട്ടി. കയറ്റുമതിയ്ക്കുള്ള ഓര്‍ഡര്‍ എത്രത്തോളം കിട്ടുന്നുവോ, അത്രത്തോളം നല്ലതാണല്ലോ. മറ്റൊരു ഗുണം കൂടിയുണ്ട്. കയറ്റുമതിയിലൂടെ ലഭിയ്ക്കുന്ന വിദേശനാണ്യം മുഴുവനും ചൈനയിലെ റിസര്‍വ് ബാങ്കായ പീപ്പിള്‍സ് ബാങ്കിലെത്തിയിരിയ്ക്കണമെന്നാണു ചൈനയിലെ നിയമം. ഈ നിയമത്തെ ഭാഗികമായി മറികടക്കാന്‍ ചൈനക്കാരനു മുന്‍ പറഞ്ഞ ഇടപാടിലൂടെ സാദ്ധ്യമാകുന്നു. ഇങ്ങനെ, വിദേശത്തു സ്വന്തമായൊരു കള്ളപ്പണശേഖരം സൃഷ്ടിയ്ക്കാന്‍ അയാള്‍ക്കാകുന്നു.

ഇപ്പറഞ്ഞ ഉദാഹരണത്തില്‍ കള്ളപ്പണമുണ്ടാക്കാനാകുന്നതു ചൈനക്കാരനാണ്. നേര്‍വിപരീതമായ ഇടപാടുകളുമുണ്ടാകാം. ഇന്ത്യയില്‍ നിന്നു ചൈനയിലേയ്ക്കുള്ള കയറ്റുമതിയില്‍ വില കുറച്ചുകാണിച്ച് വിദേശത്തു കള്ളപ്പണം സൃഷ്ടിയ്ക്കാന്‍ ഇന്ത്യക്കാരനുമാകും.

മുകളില്‍ക്കൊടുത്തിരിയ്ക്കുന്ന ഉദാഹരണത്തില്‍, ഇന്ത്യയിലെ ഹവാല ഏജന്റ് ആവശ്യപ്പെട്ടതനുസരിച്ച്, ദുബായിലെ ഹവാല ഏജന്റ് ഇന്ത്യന്‍ ഇറക്കുമതിക്കാരന്റെ ദുബായ് ബാങ്ക് അക്കൗണ്ടില്‍ പണമടയ്ക്കുന്നെന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇന്ത്യയിലെ ഹവാല ഏജന്റിന്റെ പക്കല്‍ കിട്ടിയിരുന്ന പണം ദുബായിലേയ്ക്കു പോകുന്നില്ലെന്നതാണു വാസ്തവം. ഹവാല­ഇടപാടില്‍ ഒരു രാജ്യത്തെ പണം അതേ രൂപത്തില്‍ മറ്റൊരു രാജ്യത്തേയ്ക്കു പോകുന്നില്ല. ദിര്‍ഹം നിലവിലിരിയ്ക്കുന്ന ദുബായിലേയ്ക്ക് ഇന്ത്യന്‍ രൂപ പോകുന്നില്ല. ഇന്ത്യയിലെ ഹവാല ഏജന്റിന്റെ പക്കല്‍ നിന്നു പണം കിട്ടാതെ തന്നെ ദുബായിലെ ഹവാല ഏജന്റു ഇന്ത്യന്‍ ഇറക്കുമതിക്കാരന്റെ ദുബായ് അക്കൗണ്ടില്‍ പണമടയ്ക്കുന്നു. ദുബായിലെ ഹവാല ഏജന്റിന് എന്ന്, എങ്ങനെ പണം കിട്ടുന്നു എന്ന ചോദ്യം ഇവിടെ ഉയരുന്നു.

ഇന്ത്യയിലെ ഹവാല ഏജന്റ് ദുബായിലെ ഹവാല ഏജന്റിനു കൊടുത്തുതീര്‍ക്കാനുള്ള കടം പല തരത്തില്‍ കൊടുത്തു തീര്‍ക്കും. ദുബായില്‍ നിന്ന് തിരികെ, ഇന്ത്യയിലേയ്ക്കു പണം കൈമാറേണ്ടതായ ഇടപാടുകള്‍ നടക്കുമ്പോള്‍ അവയ്ക്കനുസൃതമായി കടം കുറയുകയോ തീരുകയോ ചെയ്യും. പണത്തിന്റെ കൈമാറ്റത്തിലൂടെയല്ലാതെ മറ്റു വഴികളില്‍ക്കൂടിയും വ്യത്യസ്തരാജ്യങ്ങളിലെ ഹവാല ഏജന്റുമാര്‍ തമ്മിലുള്ള കടങ്ങള്‍ തീര്‍ക്കുന്നുണ്ടെന്നു വാര്‍ത്തകളില്‍ കാണുന്നു. ഒരു തരം ബാര്‍ട്ടര്‍ സിസ്റ്റം. പണത്തിനു പകരം, തത്തുല്യമായ, മിക്കപ്പോഴും നിരോധിതമായ, വസ്തുക്കളും സേവനങ്ങളുമെല്ലാം പരസ്പര­ഇടപാടുകള്‍ തീര്‍ക്കാന്‍ ഹവാലക്കാര്‍ ഉപയോഗിയ്ക്കുന്നുണ്ടെന്നു വാര്‍ത്തകളില്‍ കണ്ടു. മനുഷ്യക്കടത്തും ഇടപാടുകളുടേയും ഇടപാടുതീര്‍ക്കലിന്റേയും ഭാഗമാകാറുണ്ടത്രേ; ഹവാലയിടപാടുകളില്‍ മനുഷ്യര്‍ കേവലം നാണയങ്ങളായിത്തീരുന്നു, നിരോധിതവസ്തുക്കള്‍ക്കു സമാനവും!

ഹവാലക്കാര്‍ കമ്മീഷന്‍ ചുമത്തുന്നുണ്ടെങ്കിലും, അവരുടെ കമ്മീഷന്‍ രാജ്യങ്ങള്‍ക്കിടയിലുള്ള പണക്കൈമാറ്റത്തിനു അന്താരാഷ്ട്രബാങ്കുകള്‍ ചുമത്തുന്ന കമ്മീഷനുകളേക്കാള്‍ കുറവാണെന്നും വാര്‍ത്തകളില്‍ കണ്ടിരുന്നു. താരതമ്യേന താഴ്­ന്ന ഹവാലക്കമ്മീഷന്‍, ഹവാല ഇടപാടുകളിലേയ്ക്കു ജനത്തെ ആകര്‍ഷിയ്ക്കുന്ന ഘടകങ്ങളിലൊന്നായിരിയ്ക്കണം. ബാങ്കിംഗ് സൗകര്യങ്ങളില്ലാത്ത വിദൂരസ്ഥലങ്ങളില്‍പ്പോലും ഹവാലക്കാര്‍ ചെന്നെത്താറുണ്ടെന്നും വായിയ്ക്കാനിടയായി. ബാങ്കിംഗ് ശൃംഖല രാജ്യമൊട്ടാകെ വ്യാപിപ്പിയ്ക്കുകയാണു ഹവാല ഇടപാടുകളില്‍ നിന്നു ജനത്തെ അകറ്റാനെടുക്കേണ്ട പല നടപടികളിലൊന്ന്. ബാങ്കുകളുടെ ചാര്‍ജുകളില്‍ കുറവു വരുത്തുകയും വേണം. ഇത്തരം നടപടികള്‍ കള്ളപ്പണത്തിന്റെ വ്യാപനം തടയാനുപകരിയ്ക്കും.

കൈക്കൂലിയാണു കള്ളപ്പണത്തിന്റെ മുഖ്യസ്രോതസ്സുകളിലൊന്ന്. വന്‍ തോതിലുള്ള കൈക്കൂലികളുണ്ടാകാം. ഇരുമ്പയിരും മറ്റും ഖനനം ചെയ്‌തെടുക്കുന്നതിനുള്ള അനുവാദം സംഘടിപ്പിച്ചുകൊടുക്കുന്നതിനുള്ള പ്രതിഫലമായി കോടിക്കണക്കിനു രൂപ കൈക്കൂലിയായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വാങ്ങിയെന്ന ആരോപണങ്ങള്‍ പത്രങ്ങളില്‍ കണ്ടിട്ടുണ്ട്. കര്‍ണാടകയിലെ ബെല്ലാരി സഹോദരന്മാര്‍ അറസ്റ്റിലായത് ഇവിടെ പ്രസക്തമാണ്. കൈക്കൂലിത്തുക 5000 കോടി രൂപയോളം വന്നിരിയ്ക്കാമെന്നാണു അതു സംബന്ധിച്ച വാര്‍ത്തകളില്‍ കണ്ടിരുന്നത്.

സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളെപ്പറ്റി ഉയര്‍ന്നുവന്ന കൈക്കൂലി ആരോപണങ്ങളില്‍ പലതിലും കഴമ്പുണ്ടായിരുന്നെന്നു തെളിഞ്ഞിട്ടുണ്ട്. 2014ല്‍ ഇന്ത്യയില്‍ വച്ചു നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വന്‍ തോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്നു വാര്‍ത്തയുണ്ടായിരുന്നു. സൈന്യത്തിന് ആയുധോപകരണങ്ങള്‍ വാങ്ങുന്നതില്‍ അഴിമതിയുണ്ടെന്ന വാര്‍ത്തയും പൊന്തിവരാറുണ്ട്. ആദായനികുതി, വില്പനനികുതി, എക്‌സൈസ്, ഗതാഗതം, റെവന്യൂ എന്നിങ്ങനെ വിവിധ വകുപ്പുകളിലെ പല ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിയതിനും, കണക്കില്‍പ്പെടാത്ത സമ്പാദ്യമുണ്ടാക്കിയതിനും മറ്റും അറസ്റ്റിലായ വാര്‍ത്തകളും വിരളമല്ല. ജഡ്ജിമാര്‍ പോലും അഴിമതിയില്‍ നിന്നു മുക്തരല്ല; ആരോപണങ്ങളെത്തുടര്‍ന്ന് ഒന്നു രണ്ടു ജഡ്ജിമാര്‍ക്കെതിരേ പാര്‍ലമെന്റ് ഇം­പീച്ച്‌മെന്റു നടപടികള്‍ തുടങ്ങിവയ്ക്കുക പോലും ചെയ്തിരുന്നു.

വന്‍കിട കമ്പനികളും കള്ളപ്പണത്തിന്റെ സൃഷ്ടിയില്‍ പലപ്പോഴും ഭാഗഭാക്കായിരുന്നിട്ടുണ്ട്. വാള്‍മാര്‍ട്ട് എന്ന അമേരിക്കന്‍ കമ്പനിയ്ക്കു പലചരക്കുകടകളുടെ ശൃംഖലയുണ്ട്. പലചരക്കുകടയെന്നു കേള്‍ക്കുമ്പോള്‍ അവജ്ഞ തോന്നേണ്ട കാര്യമില്ല. കാരണം, ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നാണു വാള്‍മാര്‍ട്ട്. 27 രാജ്യങ്ങളില്‍ വാള്‍മാര്‍ട്ടിന്റെ സാന്നിദ്ധ്യമുണ്ട്. വാള്‍മാര്‍ട്ടിന്റെ സ്‌റ്റോറുകളിലെ അഞ്ചിലൊന്നു മെക്‌സിക്കോയിലാണ്. മെക്‌സിക്കോയില്‍ വാള്‍മാര്‍ട്ടു വന്‍വിജയം നേടിയിട്ടുമുണ്ട്. മെക്‌സിക്കോയില്‍ കൂടുതല്‍ സ്‌റ്റോറുകള്‍ തുറക്കാന്‍ വാള്‍മാര്‍ട്ട് ആഗ്രഹിച്ചു. പക്ഷേ, കാലതാമസമുണ്ടാക്കുന്ന ചില നിയമങ്ങള്‍ അവിടെയുണ്ട്. ആ നിയമങ്ങളെ മറികടന്നു പുതിയ സ്‌റ്റോറുകള്‍ തുറക്കുന്നതു ത്വരിതപ്പെടുത്താന്‍ വേണ്ടി വാള്‍മാര്‍ട്ട് മെക്‌സിക്കോയിലെ ചില ഉന്നതര്‍ക്കു കൈക്കൂലി നല്‍കി: 144 കോടി രൂപ. ഇതത്രയും കള്ളപ്പണമായിത്തീര്‍ന്നിരിയ്ക്കണം.

കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ വാള്‍മാര്‍ട്ടിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ രാജി വച്ചു. തനിയ്ക്കു കിട്ടുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്ന ഉദ്യോഗക്കയറ്റം തനിയ്ക്കു തരാതെ ഒരു കീഴുദ്യോഗസ്ഥനു കമ്പനി കൊടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു, രാജി. മെക്‌സിക്കോയില്‍ വാള്‍മാര്‍ട്ടു കൊടുത്തിരുന്ന കൈക്കൂലിയെപ്പറ്റി അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. ഉദ്യോഗക്കയറ്റം കിട്ടാഞ്ഞതില്‍ പരിഭവിച്ചു വാള്‍മാര്‍ട്ടില്‍ നിന്നു രാജി വച്ചയുടന്‍ അദ്ദേഹം കൈക്കൂലിയെപ്പറ്റിയുള്ള വിവരങ്ങള്‍ അമേരിക്കയിലെ പ്രസിദ്ധപത്രമായ ന്യൂയോര്‍ക്ക് ടൈംസിനു കൈമാറി. ന്യൂയോര്‍ക്ക് ടൈംസതു ലോകം മുഴുവനും പരത്തി. ആ വെളിപ്പെടുത്തല്‍ വാള്‍മാര്‍ട്ടിനു മെക്‌സിക്കോയിലും അമേരിക്കയിലും മാത്രമല്ല, ആഗോളവ്യാപകമായിത്തന്നെ പല ബുദ്ധിമുട്ടുകളുമുണ്ടാക്കി.

വാള്‍മാര്‍ട്ടു മാത്രമല്ല, മറ്റു വന്‍കിട കമ്പനികളില്‍പ്പലതും ഉന്നതസ്ഥാനങ്ങളിലിരിയ്ക്കുന്നവര്‍ക്കു കൈക്കൂലി നല്‍കിയിട്ടുണ്ട്. അത്തരമൊരു കഥ കൂടി: ലോക്ക്ഹീഡ് എന്നൊരു വിമാനനിര്‍മ്മാണക്കമ്പനി അമേരിക്കയിലുണ്ട്. കടുത്ത മത്സരമുള്ളൊരു വ്യവസായരംഗമാണു വിമാനനിര്‍മ്മാണം. പതിറ്റാണ്ടുകള്‍ക്കു മുമ്പ് ലോക്ക്­ഹീഡ് ചില രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കു ദശലക്ഷക്കണക്കിനു ഡോളര്‍ കൈക്കൂലിയായി നല്‍കി. അവരുടെ രാജ്യങ്ങളെക്കൊണ്ടു ലോക്ക്­ഹീഡിന്റെ വിമാനങ്ങള്‍ വാങ്ങിപ്പിയ്ക്കാന്‍ വേണ്ടിയായിരുന്നു, അത്. നെതര്‍ലന്റ്‌സ്, ജപ്പാന്‍, ജര്‍മനി, ഇറ്റലി, ഹോങ്‌­കോംഗ്, സൗദി അറേബ്യ എന്നിങ്ങനെയുള്ള രാഷ്ട്രങ്ങളിലായിരുന്നു, ലോക്ക്­ഹീഡു കൈക്കൂലി നല്‍കിയത്. ഒടുവില്‍ കൈക്കൂലിക്കാര്യം പുറത്തായി. ലോക്ക്­ഹീഡ് കുഴപ്പത്തിലാകുകയും ചെയ്തു.

പ്രസിദ്ധരായ ആയുധനിര്‍മ്മാണക്കമ്പനികളും അന്യരാജ്യങ്ങളിലെ പല ഉന്നതവ്യക്തികള്‍ക്കും കൈക്കൂലി നല്‍കിയ ചരിത്രമുണ്ട്. സ്വീഡനിലെ ബോഫോഴ്‌സ് എന്ന കമ്പനിയുടെ തോക്കുകള്‍ ഇന്ത്യ വാങ്ങാന്‍ വേണ്ടി കമ്പനി ഇന്ത്യയിലെ ചിലര്‍ക്കു കൈക്കൂലി നല്‍കിയതായി ആരോപണമുയര്‍ന്നിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയരംഗത്ത് ഏറെക്കാലം ആ ആരോപണത്തിന്റെ അലകളുയര്‍ന്നിരുന്നു. അവയിപ്പോഴും, ഇടയ്ക്കിടെ ഉയര്‍ന്നുകൊണ്ടിരിയ്ക്കുന്നു.

നിയമവിരുദ്ധമായ വിവിധമാര്‍ഗങ്ങളിലൂടെ ആര്‍ജിച്ചുണ്ടായ കള്ളപ്പണത്തിന്റെ വലിയൊരു ഭാഗം ഇവിടെ, ഇന്ത്യയില്‍ത്തന്നെ വിന്യസിയ്ക്കപ്പെട്ടിട്ടുണ്ടാകും. മറ്റൊരു ഭാഗം അതിര്‍ത്തി കടന്നു വിദേശങ്ങളിലേയ്ക്കും പോയിട്ടുണ്ടാകും. സുരക്ഷിതമായ ചില രാജ്യങ്ങളിലെ ബാങ്കുകളിലുള്ള രഹസ്യ­അക്കൗണ്ടുകളിലായിരിയ്ക്കും, അതിര്‍ത്തികള്‍ കടന്നുള്ള കൈക്കൂലിത്തുകകള്‍ ചെല്ലുന്നത്. ചില രാജ്യങ്ങളിലെ ബാങ്കിതരസ്ഥാപനങ്ങളും കറുത്ത പണത്തിന്റെ സുരക്ഷാകേന്ദ്രങ്ങളാണ്. ഈ രാജ്യങ്ങളില്‍ ഭൂരിഭാഗവും ചെറുരാഷ്ട്രങ്ങളായിരിയ്ക്കും. മൊറീഷ്യസ്, കേയ്­മാന്‍ ഐലന്റ്‌സ്, സിംഗപ്പൂര്‍ എന്നിവ ഉദാഹരണങ്ങളാണ്.

ഇന്ത്യയില്‍ത്തന്നെ സ്ഥിരവാസം നടത്തുന്ന ഒരിന്ത്യന്‍ പൗരന് ഉയര്‍ന്ന ശമ്പളം കിട്ടുന്നുണ്ടെന്നു കരുതുക. അയാള്‍ക്കു ശമ്പളത്തിന്മേല്‍ മുപ്പതു ശതമാനം വരെ ആദായനികുതി കൊടുക്കേണ്ടി വന്നേയ്ക്കാം. അതിനു പുറമേ സര്‍ച്ചാര്‍ജും കൊടുക്കേണ്ടി വരാം.

വിദേശരാജ്യത്തു സേവനമനുഷ്ഠിയ്ക്കുന്ന ഒരിന്ത്യന്‍ പ്രവാസിയ്ക്കു വിദേശരാജ്യത്തു കിട്ടുന്ന ശമ്പളത്തിന്മേല്‍ വിദേശരാജ്യസര്‍ക്കാരിന് ആദായനികുതികൊടുക്കേണ്ടി വരും. ഈ വരുമാനത്തിന്മേല്‍ അയാള്‍ ഇന്ത്യന്‍ സര്‍ക്കാരിന് ആദായനികുതി കൊടുക്കേണ്ടതില്ല. പ്രവാസികള്‍ക്കുള്ള ചില ആനുകൂല്യങ്ങളിലൊന്ന് അതാണ്.

പ്രവാസിയ്ക്കുള്ള ആനുകൂല്യം ഇന്ത്യയില്‍ സ്ഥിരതാമസമുള്ള ഇന്ത്യന്‍ പൗരര്‍ക്കു ലഭ്യമല്ല. ഇവിടെ സ്ഥിരതാമസമുള്ള ഒരിന്ത്യന്‍ പൗരന് ഒരു വിദേശരാജ്യത്തു നിക്ഷേപമുണ്ടെന്നും അതിന്മേലയാള്‍ക്കു വരുമാനം കിട്ടുന്നുണ്ടെന്നും കരുതുക. ആ വരുമാനത്തിന്മേല്‍ വിദേശരാജ്യസര്‍ക്കാരിനു മാത്രമല്ല, ഇന്ത്യന്‍ സര്‍ക്കാരിനും അയാള്‍ ആദായനികുതി കൊടുക്കേണ്ടതുണ്ട്. ഒരേ വരുമാനത്തിന്മേല്‍ രണ്ടു രാജ്യങ്ങളില്‍ ആദായനികുതി കൊടുക്കണം എന്നര്‍ത്ഥം.

ഉദാഹരണസഹിതം വിശദീകരിയ്ക്കാം. പ്രവാസിയല്ലാത്ത ഒരിന്ത്യന്‍ പൗരന് ഇന്ത്യയിലും സിംഗപ്പൂരിലും നിക്ഷേപങ്ങളുണ്ടെന്നു കരുതുക. ഇന്ത്യയിലെ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനത്തിന്മേല്‍ അയാള്‍ ഇന്ത്യന്‍ സര്‍ക്കാരിന് ആദായനികുതി കൊടുക്കണം. സിംഗപ്പൂരിലെ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനത്തിന്മേലയാള്‍ സിംഗപ്പൂരില്‍ നിലവിലുള്ള ആദായനികുതിനിരക്കുകളനുസരിച്ച്, സിംഗപ്പൂര്‍ സര്‍ക്കാരിന് ആദായനികുതി കൊടുക്കണം. കാര്യമവിടെ അവസാനിയ്ക്കുന്നില്ല. സിംഗപ്പൂരിലെ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനത്തിന്മേലയാള്‍ ഇന്ത്യയില്‍ നിലവിലുള്ള ആദായനികുതിനിരക്കുകളനുസരിച്ച് ഇന്ത്യന്‍ സര്‍ക്കാരിനും ആദായനികുതി കൊടുക്കണം.

ഒരേ വരുമാനത്തിന്മേല്‍ രണ്ടു രാജ്യങ്ങളില്‍ ആദായനികുതി കൊടുക്കേണ്ടിവരുന്നത് ഇരട്ടനികുതിചുമത്തല്‍ അഥവാ ഡബിള്‍ ടാക്‌സേഷന്‍ എന്നറിയപ്പെടുന്നു. ഇരട്ടനികുതിചുമത്തല്‍ ഒഴിവാക്കാന്‍ വേണ്ടി പല രാജ്യങ്ങളും തമ്മില്‍ കരാറുകള്‍ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യയും എണ്‍പതിലേറെ രാജ്യങ്ങളുമായി ഇത്തരം കരാറുകള്‍ ഒപ്പിട്ടിട്ടുണ്ട്. സിംഗപ്പൂര്‍ അവയിലൊന്നാണ്. മൊറീഷ്യസ് മറ്റൊന്നും.

ഇന്ത്യയും മൊറീഷ്യസ്സും തമ്മില്‍ നിലവിലുള്ള ഇരട്ടനികുതിചുമത്തലൊഴിവാക്കല്‍ കരാറനുസരിച്ച്, ഒരിന്ത്യക്കാരന്‍ മൊറീഷ്യസ്സിലെ വരുമാനത്തിന്മേല്‍ മൊറീഷ്യസ് സര്‍ക്കാരിന് ആദായനികുതി കൊടുത്തിട്ടുണ്ടെങ്കില്‍, അതേ വരുമാനത്തിന്മേല്‍ അയാള്‍ ഇന്ത്യന്‍ സര്‍ക്കാരിന് ആദായനികുതി കൊടുക്കേണ്ടതില്ല. മൊറീഷ്യസ്സിലെ നികുതിനിരക്ക് താരതമ്യേന താഴ്­ന്നതാണ്: 15%. ഇന്ത്യയിലേതു 30 ശതമാനത്തോളം വന്നെന്നു വരാം; പുറമേ, സര്‍ച്ചാര്‍ജും. മൊറീഷ്യസ്സില്‍ നിന്നു കിട്ടുന്ന വരുമാനത്തിന്മേല്‍ 15 ശതമാനം നിരക്കില്‍ മൊറീഷ്യസ് സര്‍ക്കാരിനു ആദായനികുതി കൊടുത്താല്‍, ഇന്ത്യയിലെ 30 ശതമാനവും സര്‍ച്ചാര്‍ജും ഒഴിവായിക്കിട്ടും.

ഉയര്‍ന്ന വരുമാനം ലാക്കാക്കി വന്‍ നിക്ഷേപങ്ങള്‍ വിദേശത്തു നിന്നു മൊറീഷ്യസ്സിലേയ്ക്കു വരുന്നുണ്ട്. മൊറീഷ്യസ് എന്ന രാജ്യം വളരെ, വളരെച്ചെറുതാണ്. വന്‍ തോതില്‍ വിദേശനിക്ഷേപങ്ങള്‍ സ്വീകരിയ്ക്കുന്നതിനു മൊറീഷ്യസ്സിനു ബുദ്ധിമുട്ടില്ലെങ്കിലും, അവയ്ക്ക് ആകര്‍ഷകമായ പലിശയോ ലാഭമോ നല്‍കാനുള്ള കെല്പു മൊറീഷ്യസ്സിനില്ല.

മൊറീഷ്യസ്സിനില്ലാത്ത കഴിവു മറ്റു ചില രാജ്യങ്ങള്‍ക്കുണ്ട്; നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമായ പലിശ നല്‍കാനും ലാഭമുണ്ടാക്കിക്കൊടുക്കാനുമുള്ള കഴിവ് ചൈന, ഇന്ത്യ എന്നിങ്ങനെയുള്ള ചില രാജ്യങ്ങള്‍ക്കുണ്ട്. അവരുടെ ആ കഴിവ് ആ കഴിവില്ലാത്ത മൊറീഷ്യസ് വിനിയോഗിയ്ക്കുന്നു. മൊറീഷ്യസ് വിദേശികളില്‍ നിന്നു തങ്ങള്‍ക്കു കിട്ടിയിരിയ്ക്കുന്ന പണം ചൈനയിലും ഇന്ത്യയിലും, അവയെപ്പോലെ ഉയര്‍ന്ന വരുമാനമുണ്ടാക്കിക്കൊടുക്കുന്ന മറ്റു രാജ്യങ്ങളിലും നിക്ഷേപിയ്ക്കുന്നു. ഈ നിക്ഷേപങ്ങളിന്മേല്‍ കിട്ടുന്ന വരുമാനത്തിന്മേല്‍ താഴ്­ന്ന നിരക്കിലുള്ള ആദായനികുതി മാത്രം ചുമത്തി, വരുമാനത്തിന്റെ സിംഹഭാഗവും മൊറീഷ്യസ് വിദേശനിക്ഷേപകര്‍ക്കു കൈമാറുന്നു. വിദേശനിക്ഷേപകര്‍ തൃപ്തരാകുന്നു.

ചുരുക്കിപ്പറഞ്ഞാല്‍, വിദേശനിക്ഷേപകര്‍ പണം മൊറീഷ്യസ്സിനെ ഏല്പിയ്ക്കുന്നു, മൊറീഷ്യസ് ആ പണം ചൈനയിലും ഇന്ത്യയിലും നിക്ഷേപിയ്ക്കുന്നു, ആ നിക്ഷേപങ്ങളില്‍ നിന്നു കിട്ടുന്ന ലാഭം മൊറീഷ്യസ് ചെറിയൊരു നികുതി മാത്രം ചുമത്തിയ ശേഷം, വിദേശനിക്ഷേപകര്‍ക്കു നല്‍കുന്നു.

രണ്ടു നിക്ഷേപമാര്‍ഗങ്ങളെ പരസ്പരം താരതമ്യം ചെയ്തുനോക്കാം:

(1) ഇന്ത്യന്‍ പൗരന്‍ പണം നേരിട്ട് ഇന്ത്യയില്‍ത്തന്നെ നിക്ഷേപിയ്ക്കുന്നു – വരുമാനത്തിന്മേല്‍ 30% ആദായനികുതിയും സര്‍ച്ചാര്‍ജും നല്‍കേണ്ടി വരുന്നു.

(2) ഇന്ത്യന്‍ പൗരന്‍ പണം മൊറീഷ്യസ്സില്‍ നിക്ഷേപിയ്ക്കുന്നു – മൊറീഷ്യസ് ആ പണം ഇന്ത്യയില്‍ നിക്ഷേപിയ്ക്കുന്നു ­ മൊറീഷ്യസ് വരുമാനം നേടുന്നു – വരുമാനത്തിന്മേല്‍ മൊറീഷ്യസ് 15% ആദായനികുതി ഈടാക്കുന്നു – ശേഷിച്ച വരുമാനം ഇന്ത്യന്‍ നിക്ഷേപകനു നല്‍കുന്നു.

മൊറീഷ്യസ്സിലൂടെ ഇന്ത്യയില്‍ നിക്ഷേപിയ്ക്കുമ്പോള്‍ നികുതിഭാരം പകുതിയാക്കിക്കുറയ്ക്കാമെന്നര്‍ത്ഥം. അതുകൊണ്ട്, ഇന്ത്യന്‍ നിക്ഷേപകര്‍ മൊറീഷ്യസ്സു വഴി ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതില്‍ അതിശയമില്ലല്ലോ.

ഇന്ത്യന്‍ പൗരന്മാര്‍ക്കു മൊറീഷ്യസ്സുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നേരിട്ടു നിക്ഷേപം നടത്തുന്നത് അനുവദനീയമാണ്. പക്ഷേ, അത്തരം നിക്ഷേപങ്ങള്‍ക്കു പരിധിയുണ്ട്. ഇപ്പോഴത്തെ വാര്‍ഷികപരിധി രണ്ടര ലക്ഷം യു എസ് ഡോളറാണ്. ഒരിയ്ക്കലിതു രണ്ടു ലക്ഷമായിരുന്നു. പിന്നീടത് എഴുപത്തയ്യായിരമായി കുറച്ചു. അവിടന്നത് ഒന്നേകാല്‍ ലക്ഷമായി, ഇപ്പോഴത്തെ രണ്ടര ലക്ഷവുമായി. രാഷ്ട്രത്തിന്റെ ഭണ്ഡാരത്തിലുള്ള വിദേശനാണ്യശേഖരത്തിന് അനുസൃതമായാണ് റിസര്‍വ് ബാങ്ക് ഈ നിക്ഷേപപരിധി നിശ്ചയിയ്ക്കുന്നത്. വിദേശനാണ്യശേഖരം ഉയരുമ്പോള്‍ ഉയര്‍ന്ന വിദേശനിക്ഷേപപരിധി അനുവദിയ്ക്കും. ശേഖരം താഴുമ്പോള്‍, പരിധിയും താഴ്­ത്തുന്നു.

നിലവിലുള്ള പരിധിയ്ക്കപ്പുറമുള്ള തുകകള്‍ വിദേശങ്ങളില്‍ നിക്ഷേപിയ്ക്കുക അസാദ്ധ്യം. പരിധികളും വ്യവസ്ഥകളും 'വെളുത്ത പണ'ത്തിനാണു ബാധകം; കള്ളപ്പണത്തിന് അവയൊന്നും ബാധകമല്ലല്ലോ. അതുകൊണ്ടു തരം കിട്ടുമ്പോഴൊക്കെ, കള്ളപ്പണം വന്‍ തോതില്‍ ഇന്ത്യയില്‍ നിന്നു മൊറീഷ്യസ്സിലേയ്‌ക്കൊഴുകുന്നു.

മൊറീഷ്യസിന്റെ പേര് എടുത്തുപറയാന്‍ കാരണമുണ്ട്. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടയില്‍ ഇന്ത്യയിലേയ്ക്ക് ഏറ്റവുമധികം വിദേശനിക്ഷേപം (34 ശതമാനം) വന്നിരിയ്ക്കുന്നതു മൊറീഷ്യസില്‍ നിന്നാണ്. നമ്മുടെ വയനാടു ജില്ലയേക്കാള്‍ ചെറുതാണു മൊറീഷ്യസ്. ജനസംഖ്യ കാസര്‍ഗോഡു ജില്ലയിലേതിനേക്കാള്‍ കുറവ്. അവരുടെ മൊത്ത ആഭ്യന്തരോല്പന്നമാണെങ്കില്‍ തുച്ഛവും. എന്നിട്ടും, മറ്റേതൊരു രാജ്യത്തു നിന്നുള്ളതിനേക്കാളേറെ വിസ്തൃതമായ നിക്ഷേപം ഇന്ത്യയില്‍ നടത്താന്‍ എങ്ങനെ മൊറീഷ്യസ്സിനായി? ഒരു സംശയവും വേണ്ടാ, അവിടന്നിങ്ങോട്ടു വന്നിരിയ്ക്കുന്ന നിക്ഷേപത്തിന്റെ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നങ്ങോട്ടു ചെന്നിരുന്ന കള്ളപ്പണം തന്നെ.

ഇന്ത്യന്‍ സമ്പന്നരുടെ കള്ളപ്പണം പാത്തും പതുങ്ങിയും മൊറീഷ്യസ്സിലെത്തി, വേഷപ്രച്ഛന്നനായി തിരികെ ഇന്ത്യയിലെത്തി, ആദരവും വരുമാനവും പിടിച്ചുപറ്റി, ഇന്ത്യന്‍ സമ്പന്നരെ അതിസമ്പന്നരാക്കുന്നു. ഇത്തരം വരുമാനങ്ങളില്‍ നിന്ന് ഇന്ത്യാഗവണ്മെന്റിന് ഒരു രൂപ പോലും ലഭിയ്ക്കുന്നില്ല; ഇന്ത്യന്‍ ജനതയ്ക്കും.

2004 മുതല്‍ 2014 വരെയുള്ള പത്തുവര്‍ഷക്കാലത്ത് 33 ലക്ഷം കോടി രൂപയിലേറെ കള്ളപ്പണം ഇന്ത്യയില്‍ നിന്നു പുറത്തേയ്‌ക്കൊഴുകിയെന്നു പത്രവാര്‍ത്ത. ഈ തുക സത്യസന്ധതയോടെ ഇന്ത്യയില്‍ത്തന്നെ നിക്ഷേപിയ്ക്കപ്പെട്ടിരുന്നെങ്കില്‍ ഇന്ത്യന്‍ ജനതയുടെ സാമ്പത്തികനില വളരെയധികം മെച്ചപ്പെടുമായിരുന്നെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

വാസ്തവത്തില്‍, ഒരു രാജ്യത്തെ ജനതയുടെ സാംസ്കാരികതയുടെ വിപരീതസൂചകമാണ് അവിടത്തെ കള്ളപ്പണം. കള്ളപ്പണസമ്പത്ത് എത്രത്തോളമുയര്‍ന്നിരിയ്ക്കുന്നുവോ, സാംസ്കാരികത അത്രത്തോളം താഴ്­­ന്നിരിയ്ക്കുന്നു, അല്ലെങ്കില്‍ ജനത സാംസ്കാരികമായി അത്രത്തോളം അധപ്പതിച്ചിരിയ്ക്കുന്നു, എന്നര്‍ത്ഥം. കള്ളപ്പണക്കാര്‍ അനര്‍ഹമായ സമ്പത്തുണ്ടാക്കുന്നതിലേറെ സങ്കടം, അവരുടെ നികുതിവെട്ടിപ്പു മൂലം താഴേക്കിടയിലുള്ളവരുടെ ക്ഷേമത്തിനുള്ള പണം സര്‍ക്കാരിനു കിട്ടാതെ പോകുന്നതിലാണ്. കള്ളപ്പണം പെരുകുമ്പോള്‍ സാമാന്യജനജീവിതം കൂടുതല്‍ ദുഷ്കരമാകുന്നു.

മൊറീഷ്യസ്സിലും മറ്റും ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണശേഖരമുണ്ടാകുന്നതു തടയണമെങ്കില്‍ ഒന്നുകില്‍ മൊറീഷ്യസ് തങ്ങളുടെ നികുതിനിരക്കുകളുയര്‍ത്തി, ഇന്ത്യയിലേതിനു തുല്യമാക്കണം; അല്ലെങ്കില്‍ ഇന്ത്യ തങ്ങളുടെ നിരക്കുകള്‍ താഴ്­ത്തി മൊറീഷ്യസിലേതിനു തുല്യമാക്കണം. ഇതു രണ്ടും സാദ്ധ്യമല്ലെങ്കില്‍ മൊറീഷ്യസ്സുമായുള്ള ഇരട്ടനികുതിചുമത്തല്‍ ഒഴിവാക്കാനുള്ള കരാര്‍ റദ്ദാക്കണം.

ഇതിനൊക്കെപ്പുറമേ, മറ്റൊരു കാര്യം കൂടി രാഷ്ട്രങ്ങള്‍ ചെയ്യേണ്ടതുണ്ട്: വിദേശീയരുടെ നിക്ഷേപങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ അതാതു രാഷ്ട്രങ്ങള്‍ക്ക് ആനുകാലികമായി കൈമാറിക്കൊള്ളാം എന്ന ഒരുടമ്പടിയില്‍ ഒപ്പു വയ്ക്കുകയും അതനുസരിച്ചു പ്രവര്‍ത്തിയ്ക്കുകയും വേണം.

ഇന്നത്തെ വ്യവസ്ഥിതിയില്‍ കാതലായ മാറ്റങ്ങളൊന്നുമുണ്ടാകാതിരുന്നാല്‍, ഉയര്‍ന്ന നികുതിനിരക്കുള്ളയിടങ്ങളില്‍ നിന്നു താഴ്­ന്ന നികുതിനിരക്കുള്ളയിടങ്ങളിലേയ്ക്കു പണം ഒഴുകിക്കൊണ്ടിരിയ്ക്കും. ആഗോളവല്‍ക്കരണത്തിന്റെ അനിവാര്യമായ പാര്‍ശ്വഫലങ്ങളിലൊന്നാണു മൂലധനത്തിന്റെ പാത്തും പതുങ്ങിയുമുള്ള ഈയൊഴുക്ക്. ഏറ്റവുമധികം കള്ളപ്പണം പുറത്തേയ്‌ക്കൊഴുകുന്നതു വികസ്വരരാജ്യങ്ങളില്‍ നിന്നാണ്. ചൈന ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. നാമൊരല്പം ഭേദമാണ്: നാലാം സ്ഥാനം.

അഴിമതിയുള്ള രാജ്യങ്ങളിലാണ് കള്ളപ്പണമുണ്ടാകുന്നതെന്നത് ഒരു വസ്തുതയാണ്. ഉയര്‍ന്ന ജനസംഖ്യയും ലോകനിലവാരത്തേക്കാള്‍ വളരെത്താഴ്­ന്ന പ്രതിശീര്‍ഷവരുമാനവുമുള്ള ചൈനയേയും ഇന്ത്യയേയും പോലുള്ള രാജ്യങ്ങളില്‍ കള്ളപ്പണമുണ്ടായില്ലെങ്കിലേ അതിശയമുള്ളൂ. ജനസംഖ്യ കുറയുകയും പ്രതിശീര്‍ഷവരുമാനം സമ്പന്നരാഷ്ട്രങ്ങളുടെ നിലവാരത്തിലേയ്ക്കുയരുകയും ചെയ്താല്‍ കള്ളപ്പണത്തിനു കുറവുണ്ടാകും. ഇവ രണ്ടും തത്കാലം അസാദ്ധ്യം തന്നെ: ഇന്ത്യയിലെ ജനസംഖ്യയുടെ വര്‍ദ്ധനാനിരക്കു കുറഞ്ഞിട്ടുണ്ടെങ്കിലും അടുത്ത നൂറ്റാണ്ടിനിടയില്‍ ഇവിടത്തെ ജനസംഖ്യ കുറയുന്ന പ്രശ്‌നമില്ല.

രാജ്യങ്ങളിലുള്ള അഴിമതിയെ അടിസ്ഥാനപ്പെടുത്തി ട്രാന്‍സ്‌പേരന്‍സി ഇന്റര്‍നാഷണല്‍ ഒരു റാങ്ക് ലിസ്റ്റു പ്രസിദ്ധീകരിയ്ക്കാറുണ്ട്. അതില്‍ ഇന്ത്യയുടെ റാങ്ക് 76 ആണ്. ഇക്കാര്യത്തിലെങ്കിലും നാം ചൈനയേക്കാളല്പം ഭേദമാണ്; ഏഴു പുറകില്‍, 83 ആണ് അവരുടെ റാങ്ക്. ഡെന്മാര്‍ക്കിനാണ് ഒന്നാം റാങ്ക്. അതില്‍ തീരെ അതിശയമില്ല. കാരണം അവരുടെ പ്രതിശീര്‍ഷവരുമാനം 34 ലക്ഷമാണ്. ഒരു പൗരന് ഓരോ വര്‍ഷവും 34 ലക്ഷം രൂപ കിട്ടുന്നു. നമ്മുടേതാകട്ടെ, കേവലം 1.11 ലക്ഷവും. നമ്മുടേതിനേക്കാള്‍ 33 ഇരട്ടി പ്രതിശീര്‍ഷവരുമാനമുണ്ടു ഡെന്മാര്‍ക്കിന്. ഓരോ പൗരനും പ്രതിവര്‍ഷം 34 ലക്ഷം രൂപ വരുമാനം ലഭിയ്ക്കുമ്പോള്‍ ആര്‍ക്കു വേണം കൈക്കൂലി!

ഡെന്മാര്‍ക്കിന്റെ ജനസംഖ്യ എത്രയെന്നറിയണ്ടേ? വെറും 57 ലക്ഷം. അവരുടേതിന്റെ 223 ഇരട്ടിയുണ്ടു നമ്മുടെ ജനസംഖ്യ. ഈ വസ്തുതകളൊന്നും കണക്കിലെടുക്കാത്ത ട്രാന്‍സ്‌പേരന്‍സി ഇന്റര്‍നാഷണലിന്റെ റാങ്ക് ലിസ്റ്റ് നീതിപൂര്‍വകമായ ഒന്നല്ല എന്നു പറഞ്ഞേ തീരൂ. 120 കോടി ജനമുള്ള രാഷ്ട്രത്തെ അരക്കോടി മാത്രം ജനമുള്ള രാഷ്ട്രത്തോടു താരതമ്യം ചെയ്യുന്നതു തന്നെ അര്‍ത്ഥശൂന്യമാണ്. നൂറു കോടിയിലേറെ ജനസംഖ്യയുള്ള രാജ്യങ്ങള്‍ക്കു മാത്രമായി ഒരു ലിസ്റ്റു വേണം. അങ്ങനെ ലിസ്റ്റുകള്‍ പലതുണ്ടാകണം. സമാനരാജ്യങ്ങള്‍ തമ്മില്‍ മാത്രമേ താരതമ്യമാകാവൂ.

ഇന്ത്യയുടെ പ്രതിശീര്‍ഷവരുമാനം അടുത്ത കാലത്തൊന്നും ലോകനിലവാരത്തിലേയ്‌ക്കെത്തുമെന്നു തോന്നുന്നില്ല. അതുകൊണ്ടു കള്ളപ്പണത്തെ പൂര്‍ണമായി തടയാനാവില്ല. എങ്കിലും, അതിനെ നിയന്ത്രിച്ചുനിറുത്താനെങ്കിലുമാകണം. ഇവിടത്തെ ഭരണകര്‍ത്താക്കള്‍ക്കു ദൃഢനിശ്ചയമുണ്ടായാല്‍ ഇതു സാദ്ധ്യമാകും. എന്നാല്‍, ഏതു മുന്നണി രൂപം കൊടുത്ത സര്‍ക്കാരായിരുന്നാലും, കള്ളപ്പണത്തെ നിയന്ത്രിയ്ക്കുന്ന വിഷയത്തിലെ ദൃഢനിശ്ചയക്കുറവ് എന്നും പ്രകടമായിരുന്നിട്ടുണ്ട്. കള്ളപ്പണത്തിന്റെ സൃഷ്ടിയും ഒഴുക്കും ഇനിയുമേറെക്കാലം തുടരാനാണിട.

ഈ ഹ്രസ്വലേഖനപരമ്പര ഇവിടെ അവസാനിയ്ക്കുന്നു.

sunilmssunilms@rediffmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക