Image

എന്റെ പക്ഷം ഇടതിനൊപ്പം: രതിദേവി (എന്റെ പക്ഷം 2-അനില്‍ പെണ്ണുക്കര)

Published on 14 April, 2016
എന്റെ പക്ഷം ഇടതിനൊപ്പം: രതിദേവി (എന്റെ പക്ഷം 2-അനില്‍ പെണ്ണുക്കര)
കേരളം എപ്പോഴും മാറി ചിന്തിക്കും. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഒരു ഭരണവും നോക്കണ്ടാ.. എന്ന് പറയുന്ന പഴഞ്ചാന്‍ കാഴ്ച്ചപ്പാടല്ല ആക്റ്റിവിസ്റ്റും എഴുത്തുകാരിയുമായ രതിദേവിക്ക്. കേരളത്തിലെ കൊച്ചു ഗ്രാമമായ താമരക്കുളത്തുനിന്നും അമേരിക്കയിലേക്ക് കുടിയേറിയെങ്കിലും ഇപ്പോഴും രതിദേവിയുടെ മനസ് വേദനിക്കുന്നവരുടെ ഒപ്പമാണ്. അതുകൊണ്ടാണല്ലോ ഇന്ത്യയിലെ എല്ലാ അസ്സഹിഷ്ണുതകള്‍ക്കെതിരെയും എപ്പോഴും പ്രതികരിക്കാന്‍ അവര്‍ക്ക് സാധിക്കുന്നത്. കേരളത്തില്‍ ഇനിയും ഇടതു ഭരണം വരും എന്ന് തറപ്പിച്ചു പറയാന്‍ രതി ദേവി ഉന്നയിക്കുന്ന കാരണങ്ങള്‍ മനുഷ്യ സമൂഹം ചിന്തിക്കുന്നത് തന്നെ അല്ലെ ...

അധികാരം മാത്രമാണ് പ്രലോഭനം
..................................................................
ജീവിക്കാന്‍ മാര്‍ഗമൊന്നും കാണാതെ ആത്മഹത്യ ചെയ്യുന്ന കര്‍ഷകനും മക്കളെ പോറ്റാനായി മാനം വില്‍ക്കുന്ന, തെരുവുകളിലേക്കു സ്വയം എടുത്തെറിയുന്ന സഹോദരിമാരും ജീന്‍ വാല്‍ ജീനെപ്പോലെ പശിയടക്കാന്‍ അപ്പം മോഷ്ടിക്കുന്നവനും നമുക്ക് കണ്ണിലെ കരടായിരിക്കുന്നു.

അധികാരം മാത്രമാണ് പ്രലോഭനം. അധികാരക്കസേരകളില്‍ കയറിപ്പറ്റല്‍ മാത്രമാണ് ജീവിതവ്രതം. അതിനായി ആരുടെ മുന്നിലും നടു വളയ്ക്കാം. കയറിക്കഴിഞ്ഞാല്‍ തെളിവിലും മറവിലും പണം വരും. ആ പണത്തിനു മീതെ ഒരു പരുന്തും പറക്കാറില്ല. ഇവിടെ എപ്പഴേ ആനപ്പുറത്തു കയറിയവരാണ് നേതാക്കന്മാര്‍. അവര്‍ക്ക് വിശപ്പിന്റെ വിലയും കണ്ണീരിന്റെ മൂല്യവും ഇനി തിരിച്ചറിയാനാവില്ല. അവര്‍ ജനങ്ങളെ 'സേവിച്ചു' കൊണ്ടേയിരിക്കുകയാണ്.

സ്‌പോണ്‍സേര്‍ഡ് കലാപങ്ങള്‍
..........................................................
സ്വാതന്ത്ര്യാനന്തരം എത്രയോ കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് ഭാരതം. അതില്‍ പലതും സ്‌പോണ്‍സേര്‍ഡ് കലാപങ്ങളായിരുന്നു. അടുപ്പുകളില്‍ കത്തിയെരിയാന്‍ വിധിക്കപ്പെട്ട വിറകു കൊള്ളികളായിരിന്നു മത ന്യൂനപക്ഷങ്ങള്‍.

കലാപത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ തലയില്‍ കെട്ടിവെക്കുമ്പോഴും അതിന്റെ മുഴുവന്‍ മുറിവുകളും പെറേണ്ടിവന്നതും ഈ പാവപ്പെട്ട സമൂഹത്തിനായിരുന്നു. അതില്‍ പ്രധാനപ്പെട്ടതും അതിക്രൂരവുമായ കലാപമാണ് ഗുജറാത്ത് നരഹത്യ.

ഭരണകൂടത്തിന്റെ ഔദ്യോഗിക മെഷിനറി ഉപയോഗിച്ചായിരുന്നു കലാപമെന്നത് നഗ്‌നമായ സത്യമാണ്. സാമ്പത്തികമായും ശാരീരികമായും നഷ്ടം കൂടുതല്‍ ആര്‍ക്കായിരുന്നു എന്നതും പകല്‍ പോലെ വ്യക്തമാണ്. ആര് ചെറുതാക്കാന്‍ ശ്രമിച്ചാലും ഭാരതത്തിലെ ഓരോ മതേതര വിശ്വാസിയുടെ മനസില്‍ നിന്നും ഈ തീരാമുറിവുകള്‍ തേച്ചുമാച്ചു കളയാന്‍ സാധിക്കുകയില്ല. ഗുജറാത്തില്‍ മുസ്‌ലിം വംശ ഹത്യയാണ് നടന്നതെന്ന് ഹൈന്ദവ മതവിശ്വാസികള്‍ പോലും സമ്മതിച്ചതാണ്.

നരേന്ദ്ര മോദിക്ക് വംശീയ കാലപത്തിന് പതിറ്റാണ്ടിന് ശേഷം ദു:ഖമുണ്ടാവുകയും ചെയ്തു. മോദി അന്നത്തെ സംഭവത്തെപ്പറ്റി പറഞ്ഞത് കലാപം തന്നെ വ്യക്തിപരമായി തകര്‍ത്തു കളഞ്ഞുവന്നാണ്. എന്നാല്‍ ഇവിടെയാണ് ഒരുകാര്യം പ്രസക്തമാകുന്നത്. മോദിയുടെ കുറ്റബോധം പോലും കോണ്‍ഗ്രസിനു ഇല്ലാതെ പോയി.

ലോകത്തിനുമുമ്പില്‍ ഗുജറാത്ത് കലാപം അവതരിപ്പിച്ച ഒരു ചിത്രമുണ്ട്. കുത്തുബുദ്ദീന്‍ അന്‍സാരിയെന്ന യുവാവിന്റെ കരുണ യാചിക്കുന്ന ഇരയുടെ മുഖവും സകല ക്രൂരതയുടെയും പര്യായമായ അശോക് മോച്ചി എന്ന വേട്ടക്കാരന്റെ മുഖവും.

ഗുജറാത്തില്‍ മുസ്‌ലിം ആയതിന്റെ പേരില്‍ മാനം നഷ്ടപ്പെട്ട എത്രയോ സഹോദരിമാരുടേയും ക്രൂരമായി വേട്ടയാടപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെയും രോദനം ഇപ്പോഴും നിലച്ചിട്ടില്ല. വെന്തുമരിച്ച ആയിരങ്ങള്‍... എത്രയോ മനുഷ്യരെ അനാഥമാക്കിയ മുറിവുകള്‍.

ഇത് ഇന്ന് ഇതെല്ലാം തരത്തില്‍ തുടര്‍ന്നു. ഖല്‍ ബുര്‍ഗിയുടെ കൊലപാതകം മുതല്‍ എത്രയെത്ര സംഭവങ്ങള്‍.

നീതിക്കു വേണ്ടി പൊരുതുന്ന അശരണരായ ഇരകളുടെ ആത്മവീര്യം ചിലപ്പോള്‍ ദുര്‍ബലമായേക്കാം. ഇതൊന്നും അടിച്ചമര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല. കാരണം ഇതിനെല്ലാം എതിരെ ഒരു പുതിയ തലമുറ വളര്‍ന്നു വരുന്നുണ്ട്. അവര്‍ ഈ തെരഞ്ഞെടുപ്പില്‍ അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നത് ഇത്തരം അസഹിഷ്ണുതകള്‍ക്കെതിരെ ആയിരിക്കും.

ഒരു കാര്യം കൂടി, മോഡി അമേരിക്കയില്‍ വന്നു സൈബര്‍ ഇന്ത്യ ഇന്നു പ്രഖ്യാപിചിട്ട് ഗുജറാത്തില്‍ ഫോണില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. 11 ലക്ഷം പേര്‍ക്ക് വീടും അതിനു ഇരട്ടി പേര്‍ക്ക് കക്കുസും ഇല്ലാത്ത നാട്ടിലെ പ്രധാനമന്ത്രി പറയുന്നു. ആഫ്രിക്കയിലെ പട്ടിണി മാറ്റാന്‍ ധനസഹായം നല്‍കും എന്ന്....ഇതൊക്കെ എന്ത് കഥ ...

പ്രകൃതി, പെണ്ണ്, ദളിതര്‍
...............................................
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ യു ഡി എഫ് ഭരണം നശിപ്പിച്ച മൂന്നു ഇടങ്ങളാണ് പ്രകൃതി, പെണ്ണ്, ദളിതര്‍. മാമലകള്‍ നശിപ്പിച്ചു, മണ്ണിനു രക്ഷയില്ല, പെണ്ണിന് രക്ഷയില്ല, പ്രകൃതിയുടെ മക്കള്‍ക്ക് രക്ഷയില്ല.

പെണ്ണിനെ ഉപയോഗിച്ച് പലതും നേടി, എന്നിട്ട് അവളെ നശിപ്പിച്ചു ജനത്തിനു മുന്നിലിട്ട് കൊടുത്തു. ദളിതര്‍, ആദിവാസികള്‍ എന്നിവരുടെ മണ്ണ് മാഫിയകള്‍ക്കായി പകര്ന്നു നല്കി, ആദിവാസി ഭുമിയില്‍ റിസോട്ടുകള്‍ വന്നു.

കാട് നഗരമാക്കി. കാട്ടിലെ ആനയും മറ്റു വന്യ ജീവികളും കാട് കടന്നു നഗരത്തിലേക്ക് വന്നു. മനുഷ്യന് ഭീതി കൂടി. ജീവിക്കാന്‍ വയ്യാതായി. വെള്ളവും ശുദ്ധവായുവും സൂക്ഷിക്കുന്ന കുന്നുകള്‍ ഇല്ലാതെയാക്കി. ഭരണത്തിന്റെ അവസാന ഘട്ടത്തിലും ഭുമി മാഫിയകള്‍ക്ക് പതിച്ചു നല്കാനായിരുന്നു ശ്രദ്ധ. അങ്ങനെ മാനുഷികതയുടെ മുഖം തന്നെ നഷ്ട്ടമാക്കിയ ഒരു സര്‍ക്കാര്‍ ഇനി വേണോ എന്നതാണ് കേരള ജനത തന്നെ നമ്മോടു ചോദിക്കുന്നത്.

ഇനി വരുന്ന സര്‍ക്കാര്‍ പ്രകൃതി, പെണ്ണ്, ദളിതര്‍ എന്നീ ഇടങ്ങളില്‍ വേണ്ടത് ചെയ്യുകയും അവര്‍ക്ക് സുരക്ഷയും സ്‌നേഹവും അവരുടെ വസ്തു വകകള്‍ കാക്കുകയും ചെയ്താല്‍ ഈ മണ്ണ് നമുക്ക് ശുദ്ധ വായു തരും, ശുദ്ധ ജലം തരും. ഇവ രണ്ടും ഇല്ലാതാക്കാന്‍ നടക്കുന്ന ശ്രേമങ്ങളെ നാം ചെറുക്കുക തന്നെ വേണം...

വെളിപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍
.......................................................................
നിരവധി കിടിലന്‍ വെളിപ്പെടുത്തലുകള്‍ക്കു കാതോര്‍ത്ത സംസ്ഥാനമാണ് കേരളവും കേരളരാഷ്ട്രീയവും. ഐ എ എസ്സ് കാരനായ സൂരജില്‍ തുടങ്ങിയ വെളിപ്പെടുത്തലുകള്‍ യു ഡി എഫ് രാഷ്ട്രീയത്തെ വലുതായിതന്നെ പിടിച്ചു കുലുക്കിയില്ലേ. അവസാനം സരിതയില്‍ എത്തി നില്ക്കുന്ന വെളിപ്പെടുത്തലിന് മുഖ്യമന്ത്രി കോടതിയില്‍ കുടി കയറാന്‍ ഒരുങ്ങുമ്പോള്‍ എന്താണ് കേരള രാഷ്ട്രീയത്തിന്റെ പ്രസക്തി.

ബാറുടമ സംഘത്തിന്റെ നേതാവ് ബിജു രമേശ് നടത്തിയ ലഹരി നിറഞ്ഞ വെളിപ്പെടുത്തലിന്റെ ഫലം മാണിയുടെ രാജിയില്‍ കൊണ്ടെത്തിച്ചില്ലേ. ഇത്തരം കോലാഹലങ്ങള്‍ എളുപ്പം പൊട്ടിമുളയ്ക്കാന്‍ പാകപ്പെട്ടു നില്‍ക്കുന്ന കേരള രാഷ്ട്രീയത്തില്‍ അതിനു വളമായി കുമിഞ്ഞുകൂടുന്ന അധാര്‍മികതയെക്കുറിച്ച് അധികമാരും ചിന്തിക്കുന്നില്ല എന്നത് സങ്കടകരമായ കാര്യമാണ്.

മലപോലെ വന്നുചാടുന്ന വെളിപ്പെടുത്തലുകളും വിവാദങ്ങളും ഒടുവില്‍ എവിടെയെത്തുന്നു എന്നു പരിശോധിക്കുമ്പോള്‍ ഒട്ടും ആശാസ്യമല്ലാത്ത ചില നിഗമനങ്ങളില്‍ എത്തിച്ചേരേണ്ടി വരുമെന്നതും യാഥാര്‍ഥ്യമാണ്. വെളിപ്പെടുത്തലുകളില്‍ ആരോപണവിധേയരാകുന്ന ഉന്നതര്‍ക്ക് കുറഞ്ഞ കാലത്തേയ്ക്കുണ്ടാകുന്ന അപകീര്‍ത്തിയല്ലാതെ കാര്യമായി ഒന്നും സംഭവിക്കുന്നില്ല.

വെളിപ്പെടുത്തല്‍ നടത്തുന്നവര്‍ക്കും ദോഷമൊന്നും വരുന്നില്ല. എന്നുമാത്രമല്ല, പലപ്പോഴും നേട്ടം കിട്ടുകയും ചെയ്യുന്നു. സരിതയും ബിജു രേമെശുമൊക്കെ ഇന്ന് ആരായി.

ഇവരൊക്കെ ഉന്നയിക്കപ്പെടുന്ന വിഷയങ്ങള്‍ അതിവേഗം വിസ്മൃതിയിലേക്കു പോകുന്നു. വെളിപ്പെടുത്തപ്പെടുന്ന വിഷയത്തിന്റെ ന്യായാന്യായങ്ങളില്‍ മാത്രം ഇത് ഒതുങ്ങുന്നല്ലെന്ന് ഓര്‍ക്കേണ്ടതുണ്ട്. കേരള രാഷ്ട്രീയത്തെ മൊത്തത്തില്‍ ബാധിച്ച ജീര്‍ണതയിലേക്കും അധാര്‍മികതയിലേക്കുമാണ് അത് വിരല്‍ചൂണ്ടുന്നത്.

അധികാരകേന്ദ്രങ്ങളില്‍ എവിടെയൊക്കെയോ എന്തൊക്കെയോ അരുതായ്മകള്‍ ഒളിഞ്ഞിരിക്കുന്നു എന്നു വ്യക്തം. ആരെങ്കിലുമൊക്കെ നടത്തുന്ന വെളിപ്പെടുത്തലുകളെ ഭയപ്പെടുന്നവര്‍ ഉന്നത സ്ഥാനങ്ങളിലെത്തുന്ന അവസ്ഥ ആശങ്കാജനകമാണ്. ഇവരുമായൊക്കെ ബന്ധപ്പെട്ട രഹസ്യങ്ങള്‍ അറിയാന്‍ മാത്രമുള്ള അടുപ്പം സാമ്പത്തിക കുറ്റവാളികള്‍ക്കും മറ്റു ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കും ഉണ്ടാകുന്നത് അതിലേറെ ഭീതിജനകവുമാണ് .

സുതാര്യത സംശുദ്ധ രാഷ്ട്രീയത്തിന്റെ ജീവവായു
..........................................................................................
സുതാര്യത സംശുദ്ധ രാഷ്ട്രീയത്തിന്റെ ജീവവായുവാണ്. ഇവിടെയാണ് ഞാന്‍ ഇടതു പക്ഷം അധികാരത്തില്‍ വരണം എന്ന് ആഗ്രഹിക്കുന്നത്. കാരണം രാഷ്ട്രീയത്തിലെ സംശുദ്ധത ഇടതു പ്രസ്ഥാനങ്ങള്‍ക്ക് ആണ് കൂടുതല്‍ എന്നാണു എനിക്ക് തോന്നിയിടുള്ളത് .ചില വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും യു ഡി എഫ് ന്റെ കാലത്തുണ്ടായ തരത്തില്‍ അഴിമതിയും സ്വജന പക്ഷപാതവും ഒക്കെ മറ്റൊരു ഭരണത്തിലും കണ്ടതായി ഓര്‍ക്കുന്നില്ല. അത് കൊണ്ട് നേരിന്റെ പക്ഷം ഇടതുപക്ഷമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. മറിച്ച് അഭിപ്രായവും ഉള്ളവര ഉണ്ടാകട്ടെ. അതാണല്ലോ രാഷ്ട്രീയസ്വാതന്ത്ര്യം.

അഴിമതി കാരണം നേതൃത്വത്തില്‍ സാധാരണ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമാകുന്നു. ഇത് അരാഷ്ട്രീയ വാദത്തിലേക്കും അരാജകത്വത്തിലേക്കും നയിക്കാനിടവരുത്തും. 'കളവ് ' നീച പ്രവൃത്തിയാണ്. എത്ര വലിയ വമ്പനായാലും കടുത്ത ശിക്ഷ നല്‍കിയേ മതിയാകൂ.

രാഷ്ട്രീയക്കാര്‍ക്ക് കളവ് പറയല്‍ അനുവദിക്കപ്പെട്ടപോലെയാണ്. ഇല്ലാക്കഥകളും പൊടിപ്പും തുങ്ങലും ചേര്‍ത്ത ഹിമാലയന്‍ നുണകളും പറഞ്ഞ് സാസ്‌കാരിക ഭൂമികയെ അപഹാസ്യരാക്കിയ രാഷ്ട്രീയ നേതൃത്വം മാന്യതയുടെ രാഷ്ട്രീയ പരിസരമാണ് നശിപ്പിച്ചത്. ഇതിനെതിരെ ആണ് കേരളത്തിന്റെ വോട്ടു വീഴേണ്ടത ്. അത് ഇടതു പക്ഷത്തിനു അനുകൂലമാകും എന്ന് തന്നെ ആണ് എന്റെ വിശ്വാസം.

ഇനി അധികാരത്തില്‍ വരുന്ന ഇടതുപക്ഷതോടെ ഒരപേക്ഷ. അതിവികാരികത ഉള്ള കേരളത്തിലെ ചെറുപ്പകാരോട് അക്രമവാസനകളില്‍ ഒഴിവായി നില്കണം എന്ന് നേതാക്കള്‍ പറയണം.
എനിക്ക് വ്യക്തി പരമായി അടുപ്പമുള്ള സഖാക്കള്‍ ഈ പ്രാവശ്യം മത്സരത്തില്‍ ഉണ്ട്.. ഞങ്ങള്‍ ഒന്നിച്ചു വിദ്യാര്‍ഥി ഫെഡറെഷനില്‍ പ്രവര്‍ത്തിച്ചിരുന്നു. ആദര്‍ശ വ്യക്തിതിനുടമാകളയ കെ.രാജന്‍ (തൃശൂര്‍). പി പ്രസാദ്, (ഹരിപ്പാട് സുനില്‍കുമാര്‍ (തൃശൂര്‍) തിലോത്തമന്‍ (ചേര്‍ത്തല) ചിറ്റയം ഗോപകുമാര്‍ (അടൂര്‍)
പ്രസ്ഥാനത്തിനുപരി നന്മയുള്ള വ്യക്തികളെ തെരെഞ്ഞെടുക്കാന്‍ ഈ അവസരം പ്രയോജനപെടുത്തുവാന്‍ അഭ്യര്‍ഥിക്കുന്നു
എന്റെ പക്ഷം ഇടതിനൊപ്പം: രതിദേവി (എന്റെ പക്ഷം 2-അനില്‍ പെണ്ണുക്കര)
Join WhatsApp News
വിദ്യാധരൻ 2016-04-14 08:39:15
കൊള്ളാം നിങ്ങളുടെ ആദൃശ ചിന്തകൾ 
എന്നാൽ അത് നടപ്പാകില്ലയിന്നു .
അത്രക്ക് ദുഷിച്ചു നശിച്ചു നേതൃങ്ങൾ 
'സ്വന്തം കാര്യം സിന്ദാബാദ്' എന്നസത്യം
എല്ലാവരും അംഗീകരിച്ചിരിക്കുന്നു .
സേവനത്തിൻ  മുഖംമൂടിയിട്ട് നേതാക്കൾ 
സ്വാർത്ഥമോഹങ്ങളെ പോറ്റി പുലർത്തുന്നു 
ചില്ല് കൊട്ടാരങ്ങളിൽ ക്ഷേമമായിരുന്നു 
തല്ലി അലക്കുന്നു അധകൃതർക്കായി 
ഉദ്ധരിക്കാൻ അവരെ ഉയർത്തുവാൻ 
ഉച്ചഭാഷിണിയിലൂടെ ഓലിയിടുന്നുദ്ധാരകർ 
ഐക്യനാട്ടിൻ സുഖസൗകര്യങ്ങളിൽ 
മുഴുകി കഴിയുമ്പോഴും കേഴുന്നു -
കേരള ജനതയ്ക്കായ് ചിലർ 
ഇല്ല നിങ്ങൾക്കൊന്നും നേടുവാനാവില്ല 
രണ്ടു വഞ്ചിയിൽ കാലൂന്നി നിന്നാൽ .
പോകുക വിട്ടീ  സുഖഭോഗജീവിതം
പോയി ജീവിക്കൊരു അധകൃതനായി 
നേരിട്ടനുഭവിക്കവരുടെ വേദന 
നൊമ്പരം ജീവിത അറ്റങ്ങൾ കൂട്ടി മുട്ടിക്കാൻ 
പാടുപെടും ജനത്തിന്റെ പങ്കപ്പാടുകൾ .
ആവില്ല കൊണ്ഗ്രസ്സിനും ഇടുതുപക്ഷത്തിനും 
ഭോഗ ജീവിതം നയിക്കും നായകർക്കും 
ഒന്നുമേ ചെയ്യുവാനാവില്ലവർക്കായി 
കൊള്ള ചെയ്ത മുതലുകൾ സ്വിസ്സ് ബാങ്കിൽ 
അമുക്കി കഴിയുന്ന നേതാക്കൾ ഇവർ 
പൊള്ളയായി പറയുന്നു ജനസേവകരെന്ന് 
പറയർ പുലയർ ദളിതർ അവരുടെ 
വിധിയെ മാറ്റുവാനാവില്ലിവിടെയിരുന്നോരിക്കലും 
പോവുക തിരിയെ നാട്ടിലേക്ക് 
പോയി ജീവിക്കവരോപ്പം എങ്കിലെ 
പൂത്തുലയൂ നിങ്ങടെ സ്വപ്‌നങ്ങൾ 
അല്ലെങ്കിൽ ആ പാവങ്ങളെ വിടൂ വെറുതെ  
കോരി കുടിക്കട്ടെ  കുമ്പിളാൽ കഞ്ഞിയൊരൽപ്പം  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക