Image

ആധാര്‍ കാര്‍ഡുമായി മുന്നോട്ടു പോകാന്‍ കേന്ദ്രമന്ത്രിസഭയുടെ അനുമതി

Published on 27 January, 2012
ആധാര്‍ കാര്‍ഡുമായി മുന്നോട്ടു പോകാന്‍ കേന്ദ്രമന്ത്രിസഭയുടെ അനുമതി
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്ന ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് അഥോറിറ്റിക്കാണ് ഇതുസംബന്ധിച്ച അനുമതി നല്‍കിയത്. 

കേന്ദ്ര ആസൂത്രണ കമ്മീഷന്റെ നേതൃത്വത്തിലാണ് ഏകീകൃത തിരിച്ചറിയല്‍ അഥോറിറ്റി ആധാര്‍ കാര്‍ഡിനു വേണ്ടി വിവരങ്ങള്‍ ശേഖരിക്കുന്നത്. ആധാര്‍ കാര്‍ഡ് പദ്ധതിയുടെ ഭാഗമായി പൗരന്‍മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നത് ദേശസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന കാരണത്താല്‍ ആഭ്യന്തരമന്ത്രാലയം എതിര്‍പ്പ് അറിയിച്ചിരുന്നു. ഇതിനു പുറമെ ആധാര്‍ പദ്ധതി നടപ്പാക്കുന്നതിനു സമാന്തരമായി ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലും ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

രണ്ടു പദ്ധതികളും ഒരേസമയം നടപ്പാക്കുന്നതിലെ ആശയക്കുഴപ്പവും പ്രശ്‌നങ്ങള്‍ക്കു കാരണമായിരുന്നു. ഇതിനിടെ രണ്ടു പദ്ധതികളും ഒരുമിച്ചു കൊണ്ടുപോകാന്‍ ആസൂത്രണ കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി പി.ചിദംബരം, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കത്തു നല്‍കുകയും ചെയ്തു. എന്നാല്‍ ആധാര്‍ പദ്ധതിയുമായി ഏറെ ദൂരം മുന്നോട്ടു പോയതിനാല്‍ ദേശീയ ജനസംഖ്യ രജിസ്ട്രാറുമായി യോജിച്ച് വിവരങ്ങള്‍ ശേഖരിക്കാനാവില്ലെന്ന് ഏകീകൃത തിരിച്ചറിയല്‍ അഥോറിറ്റി തലവന്‍ നന്ദന്‍ നിലേക്കാനി നിലപാടെടുത്തത് ചിദംബരവുമായുള്ള തര്‍ക്കത്തിന് ഇടയാക്കിയിരുന്നു. 

കേന്ദ്രമന്ത്രിസഭയുടെ പുതിയ നിര്‍ദേശമനുസരിച്ച് ഏകീകൃത തിരിച്ചറിയല്‍ അഥോറിറ്റി പൗരന്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാനാരംഭിക്കാത്ത 13 സംസ്ഥാനങ്ങളില്‍ ദേശീയ ജനസംഖ്യ രജിസ്ട്രാര്‍ ആയിരിക്കും വിവരങ്ങള്‍ ശേഖരിക്കുക. ശേഷിക്കുന്ന സംസ്ഥാനങ്ങളില്‍ ഏകീകൃത തിരിച്ചറിയല്‍ അഥോറിറ്റി വിവരങ്ങള്‍ ശേഖരിക്കുന്നതുമായി മുന്നോട്ടുപോകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക