Image

കാലമെ, നീ തരുമോ ഇനിയും ഇതുപോലൊരാന്റണി ചേട്ടനെ? - പി.റ്റി. പൗലോസ്

പി.റ്റി. പൗലോസ് Published on 04 February, 2016
കാലമെ, നീ തരുമോ ഇനിയും ഇതുപോലൊരാന്റണി ചേട്ടനെ? - പി.റ്റി. പൗലോസ്
'ഇളംതെന്നലിലൂടെ മരണം സഞ്ചരിക്കുന്നു. പുഷ്പങ്ങളില്‍ അവന്‍ പതിയിരിക്കുന്നു.' പ്രസിദ്ധനായ റജിനാള്‍ഡ് ഹെബ്ബറിന്റെ(Reginald Heber) പ്രശസ്തമായ വരികളാണിത്. നമ്മെ തഴുകിതലോടി കടന്നു പോകുന്ന കുളിര്‍ കാറ്റ് ഭീകരമായ സുനാമി തിരകളായി തിരികെ വന്നേക്കാം, ഔചിത്യമില്ലാത്ത 'ഗ്രേറ്റ് ക്രാഷറാ'യും എപ്പോഴും എത്താം. അത് അനിവാര്യവുമാണ്. അനിവാര്യമായത് ആന്റണി ചേട്ടനും സംഭവിച്ചു. നമ്മുടെ മനസ്സിന്റെ ചെപ്പില്‍ ഓര്‍ക്കാന്‍ നല്ലത് മാത്രം നിക്ഷേപിച്ചിട്ട് ആന്റണിചേട്ടനും ഈ പ്രപഞ്ചത്തോട് വിടപറഞ്ഞു.

ന്യൂയോര്‍ക്ക് സര്‍ഗ്ഗവേദിയിലെ നിറസാന്നിദ്ധ്യമായിരുന്നു പ്രൊ.എം.റ്റി. ആന്റണി. അദ്ദേഹത്തിന്റെ സര്‍ഗസാന്നിദ്ധ്യം സര്‍ഗ്ഗവേദിക്ക് നിറപ്പകിട്ടേകി. അളന്നും തൂക്കിയും ആന്റണി ചേട്ടന്‍ ഉരുവിടുന്ന വാക്കുകള്‍ക്ക് എതിര്‍വാക്കുകള്‍ ഉണ്ടായിരുന്നില്ല. കാലങ്ങളായി അദ്ദേഹത്തിന് ലഭിച്ച അറിവുകള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ പ്രായാധിക്യം നോക്കാതെ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു.
അഞ്ചു വര്‍ഷം മുമ്പ് ഞാനാദ്യമായി അമേരിക്കയില്‍ എത്തിയപ്പോള്‍ സര്‍ഗ്ഗവേദിയില്‍ വരുവാന്‍ എനിക്കവസരം ലഭിച്ചു. അന്ന് അന്തരിച്ച സുകുമാര്‍ അഴീക്കോടിന്റെ അനുസ്മരണ യോഗം സര്‍ഗ്ഗവേദിയില്‍ നടക്കുകയാണ്. പ്രൊ.എം.റ്റി.ആന്റണി സുകുമാര്‍ അഴീക്കോടിന്റെ ഒരു ആരാധകനാണെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി. പ്രസംഗകരില്‍ ആന്റണി ചേട്ടന്‍ ഉള്‍പ്പെടെ 12 പേരും അഴീക്കോട് മാഷിന്റെ ജീവിതത്തിന്റെ ഒരു വശത്തെപ്പറ്റി മാത്രം സംസാരിച്ചു. അവസാനം എനിക്ക് സംസാരിക്കുവാന്‍ അവസരം കിട്ടിയപ്പോള്‍ അഴീക്കോടിന്റെ മറ്റൊരു വശത്തെക്കുറിച്ച്, ആരും പറയാന്‍ ധൈര്യപ്പെടാത്ത ചില സത്യങ്ങള്‍ എനിക്ക് പറയേണ്ടി വന്നു. യോഗം കഴിഞ്ഞപ്പോള്‍ എന്നെ ചേര്‍ത്തു നിറുത്തി ആന്റണി ചേട്ടന്‍ പറഞ്ഞു: അപ്രിയ സത്യങ്ങള്‍ പറയാന്‍ ധൈര്യം കാണിച്ച താങ്കളെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. അന്നു തുടങ്ങിയ ആ സൗഹൃദം അദ്ദേഹത്തിന്റെ മരണം വരെ നീണ്ടു നിന്നു.

ആന്റണിചേട്ടന്‍ നാടകപ്രതിഭയായിരുന്ന സി.ജെ. തോമസ്സിന്റെ സുഹൃത്തായിരുന്നു. സി.ജെ.യുടെ ധിക്കാരത്തെക്കുറിച്ച് പറയുമ്പോള്‍ ആന്റണി ചേട്ടന് ആയിരം നാവാണ്. മൂന്ന് വര്‍ഷം മുമ്പ് ഇ മലയാളിയില്‍ ഞാനൊരു ലേഖനമെഴുതി: 'സി.ജെ. തോമസ്- മലയാള നാടകസാഹിത്യത്തിലെ പ്രതിഭാവിസ്മയം'. ആ ആഴ്ചയില്‍ എന്റെ വീട്ടിലേക്ക് ഒരു ഫോണ്‍ കോള്‍. മറുതലക്കല്‍ ആന്റണി ചേട്ടനാണ്. അദ്ദേഹം പറഞ്ഞു: 'ഞാന്‍ ലേഖനം വായിച്ചു. സി.ജെ.യുടെ സത്യസന്ധതയെക്കുറിച്ച് ഇത്ര ആത്മാര്‍ത്ഥമായി എഴുതിയ പൗലോസിനെ ഇപ്പോള്‍ അഭിനന്ദിച്ചില്ലെങ്കില്‍ എനിക്ക് സ്വസ്ഥത കിട്ടില്ല.' അദ്ദേഹം ഇതുകൂടി പറഞ്ഞു: '25 വര്‍ഷങ്ങള്‍ക്കിടെ ഞാന്‍ മലയാളത്തില്‍ വായിച്ച നല്ല ഒരു ലേഖനം'.  പിന്നീട് 2014-ല്‍ ആ ലേഖനത്തിന് ഫൊക്കാന ദേശീയ സാഹിത്യ അവാര്‍ഡ് കിട്ടിയെങ്കിലും, അവാര്‍ഡിനേക്കാള്‍ നൂറിരട്ടി മധുരമുണ്ടായിരുന്നു ആന്റണിചേട്ടന്റെ വാക്കുകള്‍ക്ക്. കഴിഞ്ഞ ജൂണില്‍ സര്‍ഗ്ഗവേദിയില്‍ എന്റെ ലേഖന സമാഹരം 'കാലത്തിന്റെ കയ്യൊപ്പ്' പ്രകാശനം ചെയ്തപ്പോള്‍ പുസ്തകത്തെക്കുറിച്ച് വളരെ ശക്തമായി അഭിപ്രായം രേഖപ്പെടുത്തിയവരുടെ മുന്‍പന്തിയില്‍ ആന്റണിചേട്ടന്‍ ഉണ്ടായിരുന്നു.

നെറികേടിനെ നെഞ്ചിലേറ്റുന്നവര്‍ക്കെതിരെ ഡസ്‌ക്കിലടിച്ച് അലറി വിളിക്കുന്ന ആന്റണി ചേട്ടന്‍ നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ ശ്യൂന്യത നിറച്ച് കടന്നു പോയി. അരുതായ്മകള്‍ക്കെതിരെ കലഹിക്കുന്ന ആന്റണി ചേട്ടന്‍ ഇനി ഓര്‍മ്മകളില്‍ മാത്രം. കാലം എന്ന മാന്ത്രികന്‍ ഈ ശൂന്യതയുടെ ആഴം നികത്തട്ടെ!

കാലമെ, നീ തരുമോ ഇനിയും ഇതുപോലൊരാന്റണി ചേട്ടനെ? - പി.റ്റി. പൗലോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക