Image

എന്തിനു ലുബ്ദിക്കുന്നു (കവിത: തൊടുപുഴ കെ. ശങ്കര്‍)

Published on 29 November, 2015
എന്തിനു ലുബ്ദിക്കുന്നു (കവിത: തൊടുപുഴ കെ. ശങ്കര്‍)
ജീവിതം അനുദിനം തീര്‍ന്നുകൊണ്ടിരിക്കുന്നു
ഈവിധം ഭോജ്യം മാത്രം ഭക്ഷിച്ചുകഴിഞ്ഞാലോ?
എന്തിനു വന്നെന്നുള്ള വസ്തുത മറന്നോ നീ
എന്നുമീവിധം പോയാലന്ത്യവുമടുത്തെത്തും!

എത്രയോ ജന്മം താണ്ടിനേടിയ നരജന്മം
എത്ര ദുര്‍വ്യയംചെയ്യാം അത്രയും ചെയ്യുന്നൂ നീ!
ഇനിയും വൈകിപ്പോയാല്‍ചെയ്യുവാനജ്ഞാനത്താല്‍
ഇതിലും മഹാപാപം വേറെയൊന്നില്ലേയില്ല!

ജന്മത്തിന്‍ മഹാത്മ്യം നീയറിയാതിരിയ്ക്കുകില്‍
ജന്മസാഫല്യംനേടാനെങ്ങനെ കഴിഞ്ഞീടും?
ജന്മത്തിലത്യുന്നത, നരജന്മം നീ നേടി,
ജന്മലക്ഷ്യവുമറിഞ്ഞിരുന്നീടേണം നൂനം!

വെറുതേ മൃഗംപോലെ, ഭക്ഷിച്ചുജീവിച്ചുതന്‍
വംശവര്‍ദ്ധനചെയ്‌വാനല്ലല്ലോ നരജന്മം!
ഇഷ്ടമുള്ളപോല്‍ സ്വന്തം ജീവിതം നയിയ്ക്കിലും,
സൃഷ്ടാവിന്‍ മഹിമനാം നിത്യവും സ്മരിക്കണം!

കന്മഷമില്ലാതെല്ലാനല്ലതും നമുക്കേകി,
നമ്മുടെ ജന്മം അര്‍ത്ഥപൂര്‍ണ്ണമാക്കുന്നു ദൈവം!
നമ്രശിരസ്കനായി വന്ദിച്ചുദിനമല്പം
നന്ദികാട്ടുവാനെന്തേ, മാനവാ ലുബ്ദിക്കുന്നു?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക