Image

ഇന്ത്യയുമായി ഉപാധിരഹിത ചര്‍ച്ചയ്ക്ക് പാക്കിസ്ഥാന്‍ സന്നദ്ധമാണെന്ന് പാക് വാര്‍ത്താചാനല്‍

Published on 28 November, 2015
ഇന്ത്യയുമായി ഉപാധിരഹിത ചര്‍ച്ചയ്ക്ക് പാക്കിസ്ഥാന്‍ സന്നദ്ധമാണെന്ന് പാക് വാര്‍ത്താചാനല്‍
വാലെറ്റ : ഇന്ത്യയുമായി ഉപാധിരഹിത ചര്‍ച്ചയ്ക്ക് പാക്കിസ്ഥാന്‍ സന്നദ്ധമാണെന്ന് പാക് വാര്‍ത്താചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇരു രാജ്യങ്ങളും തമ്മില്‍ സുസ്ഥിരമായ സമാധാനം മുന്‍നിര്‍ത്തി ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് സൂചിപ്പിച്ചതായാണ് പാക് വാര്‍ത്താചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. മാള്‍ട്ടയിലെ വാലെറ്റയില്‍ നടക്കുന്ന ചോഗത്തില്‍( കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ യോഗം)? ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി ഇക്കാര്യം പങ്കുവച്ചതായാണ് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയും അഫ്ഗാനിസ്ഥാനുമുള്‍പ്പെടെ അയല്‍ക്കാരുമായി സൗഹൃദം നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്നാണ് ഷെരീഫ് പറഞ്ഞത്.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണമുണ്ടായിട്ടില്ല. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തുടരുന്നതിനാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. ചര്‍ച്ചാവിഷയം സംബന്ധിച്ച തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് സുരക്ഷാ ഉപദേഷ്ടാവ് തല ചര്‍ച്ചയും റദ്ദാക്കിയിരുന്നു. ഭീകരാക്രമണങ്ങള്‍ വിഷയമാക്കണമെന്ന് ഇന്ത്യയും കാശ്മീര്‍ വിഷയമാക്കണമെന്ന് പാകിസ്ഥാനും ആവശ്യമുയര്‍ത്തിയതോടെയാണ് ചര്‍ച്ച നടക്കാതെ പോയത്.

തങ്ങള്‍ ഭീകരവാദത്തിന്റെ ഇരകളാണെന്ന മുന്‍നിലപാട് ഷെരീഫ് കാമറൂണിനോട് ആവര്‍ത്തിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക