Image

കോഫി ഭീമന്റെ 'വാര്‍ ഓണ്‍ ക്രിസ്തുമസ്' (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 27 November, 2015
കോഫി ഭീമന്റെ 'വാര്‍ ഓണ്‍ ക്രിസ്തുമസ്' (ഏബ്രഹാം തോമസ്)
എന്തും നേരത്തെ നടത്തുന്നവരാണ് അമേരിക്കന്‍ വ്യവസായികള്‍. ഉപഭോക്താക്കളുടെ പണവും വളരെ നേരത്തെ തന്നെ പോരട്ടെ എന്ന ഉദ്ദേശം ഇതിന് പിന്നിലുണ്ട്. ക്രിസ്തുമസ് ജൂണില്‍ എന്ന് പരസ്യപ്പെടുത്തി  അപ്പോള്‍ മുതല്‍ വില്‍പ്പന ആരംഭിക്കുന്നു. എന്നാല്‍ ഇപ്രാവശ്യം വാര്‍ ഓണ്‍ ക്രിസ്തുമസാണ് നേരത്തെ തുടങ്ങിയിരിക്കുന്നത്. ജോലി സ്ഥലത്തേയ്ക്ക് പോകുമ്പോള്‍ രാവിലെ അടുത്തുള്ള സ്റ്റാര്‍ ബക്ക്‌സ് കോഫി സ്റ്റോറിന് മുന്നില്‍ കാറുകളുടെ നീണ്ട ക്യൂവിന് പിന്നില്‍ നിന്ന് കോഫിയും സ്‌നാക്ക്‌സും വാങ്ങുക പതിവാക്കിയവരാണ് അമേരിക്കക്കാരില്‍ ഒരു നല്ല ശതമാനം. 

ക്രിസ്തുമസ് ആരംഭിക്കുന്നതിന് വളരെ മുന്‍പ് തന്നെ മറ്റെല്ലാ വ്യവസായസ്ഥാപനങ്ങളിലുമെന്നപോലെ സ്റ്റാര്‍ബക്ക്‌സില്‍ നിന്നും കരോള്‍ ഗാനങ്ങള്‍ മുഴങ്ങാറുണ്ട്. ഇപ്രാവശ്യവും കരോള്‍ പാട്ടുകള്‍ കേള്‍ക്കുന്നുണ്ട്. പക്ഷെ, ഒരു കോഫി ഓര്‍ഡര്‍ ചെയ്താല്‍ അത് വരുന്ന കപ്പില്‍ ക്രിസ്തുമസിന്റെ സവിശേഷതകളായ ഓര്‍ണമെന്റുകളോ, സ്‌നോ ഫ്‌ളേക്ക്‌സോ, റെയ്ന്‍ ഡിയരോ രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. പമ്പ്കിന്‍ സ്‌പൈസ് ലാറ്റേയും കാരമല്‍ മാച്ചിയാറ്റോവും സാധാരണ ചുവപ്പ് നിറമുള്ള കപ്പുകളിലാണ് ലഭിക്കുക. മുകളില്‍ പോപ്പി ആയിത്തുടങ്ങി താഴേയ്ക്ക് എത്തുമ്പോള്‍ ക്രാന്‍ ബെറിയായി മാറുന്നു.

പരമ്പരാഗത ക്രിസ്തുമസ് ഡിസൈനുകള്‍ ക്രിസ്തുവിന്റെ ജനനം വിളിച്ചറിയിക്കുന്നു. തങ്ങള്‍ കൂടുതല്‍ സാര്‍വ്വലൗകികമാവുകയാണ് എന്നാണ് കോഫി ഭീമന്റെ ന്യായീകരണം. സ്‌നോമെനോ, നട്ട് ക്രാക്കറോ, റീത്തോ ഇല്ലാത്ത കപ്പുകള്‍ പുറത്തിറക്കുക വഴി ക്രിസ്തുമസിനെ തള്ളിപ്പറയുകയാണ് 'കോഫി ഗോലിയാത്ത്' എന്നാരോപിച്ച് സോഷ്യല്‍ മീഡിയായില്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. തങ്ങള്‍ ഇനിമേല്‍ നോണ്‍ഫാറ്റ് വാനില ലാറ്റേ കുടിക്കുകയില്ല എന്നുവരെ ചിലര്‍ പ്രഖ്യാപിച്ചു. കപ്പുകളില്‍ പേരെഴുതി നല്‍കുമ്പോള്‍ തങ്ങളുടെ പേര് ക്രിസ്തുമസ് എന്നാണെന്ന് പറയുവാന്‍ ഉപഭോക്താക്കളോട് ഒരു പാസ്റ്റര്‍ ഉദ്‌ബോധിപ്പിച്ചു. ആശയവിനിമയ തകരാര്‍ സ്ഥിരമായതിനാല്‍ കേള്‍ക്കുന്ന ജീവനക്കാരന്‍ (ജീവനക്കാരി) എന്തെഴുതി നല്‍കും എന്ന് കണ്ടുതന്നെ അറിയണം, ഓര്‍ഡര്‍ അനുസരിച്ച് കോഫിയും മറ്റും ലഭിക്കുമ്പോള്‍ സാധാരണ ജീവനക്കാര്‍ പറയാറുള്ള മെറിക്രിസ്തുമസ് അവരോട് പറയുക എന്നും നിര്‍ദ്ദേശമുണ്ടായി.

ഇത് ഒരു വാര്‍ ഓണ്‍ ക്രിസ്തുമസ് ആയി കാണുന്നവരുമുണ്ട്. ക്രിസ്തുമസ് സന്തോഷത്തിന്റെയും മഹാമനസ്‌കതയുടെയും നന്ദി പ്രകടനത്തിന്റെയും നന്മയുടെയും പ്രതീകമാണ്. സ്റ്റാര്‍ബക്ക് സ് നടപടി ഇതിന് വിരുദ്ധമാണ്. ക്രിസ്തുമസിനെതിരെയുള്ള യുദ്ധമാണിത് എന്ന പ്രഖ്യാപനം ഇവര്‍ നടത്തുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക