Image

ആകാശം മൂടിക്കെട്ടി സിംഗപ്പൂര്‍ (അഷ്‌ടമൂര്‍ത്തി)

Published on 27 November, 2015
ആകാശം മൂടിക്കെട്ടി സിംഗപ്പൂര്‍ (അഷ്‌ടമൂര്‍ത്തി)
വിമാനം ചാങ്ങിയില്‍ എത്തുകയായി എന്ന അറിയിപ്പു കേട്ടപ്പോള്‍ ജനലിലൂടെതാഴേയ്‌ക്കു നോക്കി. ഇറങ്ങാറാവുമ്പോള്‍ കടല്‍ അവസാനിയ്‌ക്കുന്നതും സിംഗപ്പൂരിന്റെ ഭൂമി അടുക്കുന്നതും വ്യക്തമായി കാണാന്‍ കഴിയുന്നതാണ്‌. അപ്പോള്‍ സിംഗപ്പൂരിന്റെ അടയാളങ്ങളായ മെര്‍ലിയണും ഫ്‌ളയറും മരീനാ ബേ സാന്‍ഡ്‌സും ഒക്കെ തെളിഞ്ഞു കാണാം. പക്ഷേ ഇപ്പോള്‍ താഴെ ആകെ ഒരു വെളുപ്പു മാത്രം. അധികം വൈകാതെ വിമാനം നിലം തൊട്ടതിന്റെ ഉലച്ചിലുണ്ടായി. അപ്പോള്‍ സിംഗപ്പൂരിലെത്തിയിരിയ്‌ക്കുന്നു!

ആ കാഴ്‌ചകള്‍ തടസ്സപ്പെട്ടതിനു കാരണമുണ്ടെന്ന്‌ ടാക്‌സിയില്‍ ഇരിയ്‌ക്കുമ്പോള്‍നിഖില്‍ പറഞ്ഞു: സിംഗപ്പൂരിന്റെ അന്തരീക്ഷം ആകെ മൂടിക്കെട്ടിയിരിയ്‌ക്കുകയാണ്‌. വെയില്‍ തീരെയില്ല. ആഗസ്‌ത്‌ മാസം ഒടുക്കമാണ്‌ ഇതു തുടങ്ങിയത്‌. സെപ്‌തംബര്‍ 24-ന്‌ അന്തരീക്ഷമലിനീകരണ അങ്കനം (PSI-Pollutant Standards Index) 317 വരെയെത്തി. അത്‌ 100 കടന്നാല്‍ ആരോഗ്യത്തിന്‌ ഹാനികരമാണ്‌ എന്ന്‌ എന്‍ ഇ എ (NEA-National Environment Agency) പറയുന്നു. അതുകൊണ്ട്‌ ഇന്നലെയും മിനിയാന്നും ഇവിടത്തെ സ്‌കൂളുകള്‍ അടച്ചിട്ടിരിയ്‌ക്കുകയായിരുന്നു, ഇന്നലെ കുറച്ചു വെയിലുള്ള ദിവസമായിരുന്നു. അതുകൊണ്ട്‌ ഇന്ന്‌ സ്‌കൂളുകള്‍ വീണ്ടും തുറന്നിട്ടുണ്ട്‌.

ഞാന്‍ പുറത്തേയ്‌ക്കു നോക്കി. സമയം ഒമ്പതു മണിയാവാറായി. പക്ഷേ വെയിലില്ല. ആകെ ഒരു മൂടിക്കെട്ടല്‍. മഴ പെയ്യാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന മാനം പോലെ. സിംഗപ്പൂരിന്റെ ഹരിതഭംഗികളൊന്നും കാണാനാവുന്നില്ല.

പ്രതിഭാസത്തിന്റെ കാരണം നിഖില്‍ പറഞ്ഞു തന്നു.ഇന്തൊനേഷ്യയിലെ എണ്ണപ്പനത്തോട്ടങ്ങളിലെ ഉണക്കച്ചതുപ്പിന്‌ തീയിട്ടിരിയ്‌ക്കുകയാണ്‌. അടുത്ത വിളവെടുപ്പിന്‌ നിലം ഒരുക്കാനുള്ള എളുപ്പവഴിയാണ്‌ ഇത്‌. പാഴ്‌ച്ചെടികളും മരങ്ങളുമൊക്കെ ഒന്നോടെ തുടച്ചു നീക്കപ്പെടുമല്ലോ. ചെലവും കുറവ്‌. കൂട്ടത്തില്‍നമ്മുടെ കുടിയേറ്റ കര്‍ഷകര്‍ ചെയ്യുന്ന പോലെ ഭൂമി കയ്യേറ്റവും ഉദ്ദേശ്യമുണ്ടത്രേ. എല്ലാം കത്തിക്കരിഞ്ഞാല്‍പ്പിന്നെ അതിര്‍ത്തികള്‍ കാണില്ലല്ലോ. സുമാത്രയിലേയും കാളിമന്ഥനിലേയും കൃഷിസ്ഥലങ്ങളാണ്‌ തീയിട്ടിരിയ്‌ക്കുന്നത്‌. രണ്ടും കൂടി ഏകദേശം കേരളത്തിന്റെയത്ര വിസ്‌തീര്‍ണ്ണമുണ്ട്‌. അവിടെ നിന്നാണ്‌ കാറ്റു വഴി അതിന്റെ പൊടിപടലങ്ങള്‍സിംഗപ്പൂരിലെത്തിയിരിയ്‌ക്കുന്നത്‌. സിംഗപ്പൂരിന്റെ ഈസ്റ്റ്‌ കോസ്റ്റ്‌ പാര്‍ക്കില്‍നിന്നു നോക്കിയാല്‍ ഇന്തൊനേഷ്യയുടെ തീരം കാണാം. ബോട്ടില്‍ എത്താവുന്ന ദൂരമേയുള്ളു.

വീട്ടിലെത്തി അന്നത്തെ പത്രം നോക്കി. പ്രധാനവാര്‍ത്തകളില്‍ ഒന്ന്‌ ഈ മൂടിക്കെട്ടു (Haze) തന്നെ. ടിവി തുറന്നാല്‍ PSIയുടെ അപ്പപ്പോഴത്തെ അളവും മൂന്നു മണിക്കൂര്‍ നേരത്തെ ശരാശരിയും എഴുതിക്കാണിയ്‌ക്കുന്നു. അതു പകോണിയ്‌ക്കാറുള്ളതാണെന്ന്‌ അമ്മു പറഞ്ഞു. പക്ഷേ ആരും ശ്രദ്ധിയ്‌ക്കാറില്ലെന്നു മാത്രം. ഇപ്പോള്‍ അതു വളരെ പ്രധാനമാണ്‌. പുറത്തു പോകാനുള്ളവര്‍ക്ക്‌ അതു വേണോ വേണ്ടയോഎന്നു തീരുമാനിയ്‌ക്കാമല്ലോ. ഇപ്പോള്‍ 200-ന്‌ അടുത്തുണ്ട്‌. അത്‌ ആരോഗ്യത്തിന്‌ ഹാനികരമാണ്‌ എന്നതു കൊണ്ട്‌പുറത്തിറങ്ങേണ്ടന്നെു വെച്ചു.എത്ര ദിവസമാണ്‌ വീട്ടിനകത്ത്‌ അടച്ചു കഴിയുക? രണ്ടു ദിവസം കഴിഞ്ഞ്‌ പേരക്കുട്ടിയേയും കൊണ്ട്‌ പുറത്തിറങ്ങി. അപ്പോഴാണ്‌ മനസ്സിലായത്‌: ആരും അധികം പുറത്തിറങ്ങുന്നില്ല. ബിഷാന്‍-ആങ്‌ മോക്യോ പാര്‍ക്കില്‍ ഞങ്ങളേക്കൂടാതെ മൂന്നു പേര്‍ മാത്രം. അല്ലെങ്കില്‍ നല്ല തിരക്കു പതിവുണ്ട്‌ അവിടെ എന്ന്‌ അമ്മു പറഞ്ഞു. സെന്റ്‌ ജോണ്‍സ്‌
ഐലന്റില്‍ പോയപ്പോഴും അങ്ങനെത്തന്നെ. അപ്പോഴാണ്‌ വിഷയം ഇത്ര ഗൗരവമുള്ളതാണെ ന്നു മനസ്സിലായത്‌. അല്ലെങ്കിലും സിംഗപ്പൂരുകാര്‍ ആരോഗ്യത്തേക്കുറിച്ച്‌ വേണ്ടതില ധികം ബോധവാന്മാരാണ്‌ എന്നു തോന്നിയിട്ടുണ്ട്‌. പൊതുസ്ഥലത്ത്‌ സ്ഥാപിച്ചിട്ടുള്ള വ്യായാമത്തിനുള്ള ഉപകരണങ്ങളില്‍ കസര്‍ത്തുകാരുടെ തിരക്കായിരിയ്‌ക്കും. അതിരാവിലെ ത്തന്നെ എഴുന്നേറ്റ്‌ ഓടുന്നവരേക്കൊണ്ട്‌ നടപ്പാതകള്‍ നിറഞ്ഞിരിയ്‌ക്കും. ഇപ്പോഴാവട്ടെ വ്യായാമത്തിനുള്ള ഉപകരണങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്‌. നടപ്പാതകളില്‍ ഓടുന്നവരേയും കാണാനില്ല. രാവിലെ വളര്‍ത്തുപട്ടികളുടെ ശോധനയ്‌ക്കു വേണ്ടി
അവയെ കൊണ്ടുനടക്കുന്നവരെ മാത്രമാണ്‌ ഇത്തരം ഇടങ്ങളില്‍ കാണാനായത്‌. ഗര്‍ഭിണികളും കുട്ടികളും പുറത്തു സമയം കഴിച്ചു കൂട്ടുന്നത്‌ കുറയ്‌ക്കണം എന്ന്‌ NEA നിര്‍ദ്ദേശിച്ചിരുന്നു.

ശ്വാസകോശരോഗികള്‍ക്കും ഹൃദ്രോഗികള്‍ക്കും ഇതു ബാധകമാണ്‌. സിംഗപ്പൂരില്‍ ഇതാണ്‌ സ്ഥിതിയെങ്കില്‍ സുമാത്രയിലേയും കാളിമന്ഥനിലേയും സ്ഥിതി സ്വാഭാവികമായും ഇതിലും ഗുരുതരമാവണമല്ലോ. അവിടത്തെ PSI 3300 വരെയെത്തി. മൂന്നു കോടിയോളം പേരുടെ ആരോഗ്യത്തെ ബാധിച്ചു. 1,40,000 പേര്‍ക്ക്‌ ശ്വാസകോശസം ന്ധമായ അസുഖം പിടിപെട്ടു. ഇതിനും പുറമേയാണ്‌ പരിസ്ഥിതിനാശം. അവിടെ മൂന്നാം ലോകരാജ്യത്ത്‌ അവശേഷിയ്‌ക്കുന്ന ഒറങ്ങൂട്ടാന്റെ വാസസ്ഥലമായ ബോര്‍ണിയോവിലെ മഴക്കാടുകള്‍ മുഴുവന്‍ നശിച്ചുപോയി. ഇത്ര കടുത്ത പരിസ്ഥിതി നാശം ഉണ്ടാ
യിട്ടും അവിടെ ഒരു പ്രതിഷേധവും ഉണ്ടായതായി കില്ല. നമ്മുടെ നാട്ടിലായിരുന്നെങ്കില്‍ എന്തെല്ലാം കോലാഹലങ്ങള്‍ ഇതിനകം ഉണ്ടായേനെ എന്ന്‌ ഓര്‍ത്തു.

പരിസ്ഥിതിനാശമൊന്നും ഇല്ലെങ്കിലും സിംഗപ്പൂരിനേയും അതു ബാധിച്ചു. സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്ന കുറവാണ്‌ അതിലൊന്ന്‌. FINA Swimming World Cup മാറ്റിവെയ്‌ക്കേണ്ടി വന്നു. അല്ലെങ്കിലും കാര്യം ഗൗരവമുള്ളതു തന്നെ. അന്തരീക്ഷവായുവില്‍ സള്‍ഫര്‍ ഡയോക്‌സൈഡ്‌, നൈട്രജന്‍ ഡയോക്‌സൈഡ്‌, കാര്‍ബണ്‍ മോണോക്‌സൈഡ്‌ തുടങ്ങിയ വാതകങ്ങള്‍ കലര്‍ന്നിരിയ്‌ക്കുകയാണ്‌. ഈ വിഷവാതകങ്ങള്‍ ഏതായാലും മനുഷ്യന്റെ ശ്വാസകോശത്തിനു നല്ലതല്ല എന്നു തീര്‍ച്ച. സിംഗപ്പൂര്‍ ഭരണാധികാരികള്‍ ജക്കാര്‍ത്തയ്‌ക്ക്‌ പലവട്ടം പറന്നു. തീ കെടുത്താന്‍ വിമാനമുപയോഗിച്ച്‌ ജലബോംബുകള്‍ വര്‍ഷിച്ചു. അതുകൊണ്ടൊന്നും കാര്യമായ ഫലമുണ്ടായില്ല. ഇന്തൊനേഷ്യന്‍ സര്‍ക്കാറാവട്ടെ നിസ്സഹായത പ്രകടിപ്പിയ്‌ക്കുകയാണുണ്ടായത്‌. തിരക്കു പിടിച്ചിട്ടൊന്നും കാര്യമില്ല,നവംബര്‍ വരെ ഇത്‌ നീണ്ടുനില്‍ക്കും എന്ന്‌ അവര്‍ ആദ്യം തന്നെ പറഞ്ഞുവെച്ചിരുന്നു.

സിംഗപ്പൂരിന്‌ ഇത്‌ ആദ്യത്തെ അനുഭവമല്ല. 1994, 1997, 2006, 2010, 2013 എന്നീവര്‍ഷങ്ങളില്‍ ഇന്തൊനേഷ്യയില്‍നിന്ന്‌ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്‌. അതു കണക്കിലെടുത്ത്‌ കഴിഞ്ഞ കൊല്ലം സിംഗപ്പൂര്‍ ഒരു പുതിയ നിയമം പാസ്സാക്കി. Transboundary Haze Pollution Act എന്ന ആ പുതിയ നിയമത്തില്‍ ഇത്തരം അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്നവര്‍ക്കെതിരെ ദിവസമൊന്നുക്ക്‌ ഒരു ലക്ഷം സിംഗപ്പൂര്‍ ഡോളര്‍ വരെ പിഴയിടീയ്‌ക്കാനുള്ളവകുപ്പുണ്ട്‌. പക്ഷേ രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായതുകൊണ്ട്‌ ഇത്‌ ഫലപ്രദമായി നടപ്പാക്കാന്‍ സാദ്ധ്യമല്ല. ഇന്തൊനേഷ്യയില്‍ ഈ കുറ്റം ചെയ്‌തവരെ കുപ
ിടിയ്‌ക്കുക എളുപ്പവുമല്ല. ഇത്തരം തോട്ടങ്ങളുടെ ഉടമസ്ഥരായ വന്‍കിട കമ്പനികള്‍ക്ക്‌സര്‍ക്കാരില്‍ നല്ല പിടിപാടുണ്ട്‌. പോരാത്തതിന്‌ ഇന്തൊനേഷ്യ ആ തോട്ടങ്ങളുടെ ഭൂപടങ്ങള്‍ സിംഗപ്പൂരുമായി പങ്കുവെച്ചിട്ടുമില്ല. സിംഗപ്പൂര്‍ മാത്രമല്ല, ബ്രൂണേ, മലേഷ്യ,തായ്‌ലാന്‍ഡ്‌, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്‌, കംബോഡിയ തുടങ്ങിയ രാജ്യങ്ങളും ഇതിന്റെ തിക്തഫലങ്ങള്‍ അനുഭവിയ്‌ക്കുന്നവരാണ്‌.

രാജ്യങ്ങള്‍ സ്വയം വരയ്‌ക്കുന്ന രാഷ്ട്രീയ അതിര്‍ത്തികളുടെ നിരര്‍ത്ഥകത മുമ്പും നമുക്കു ബോധ്യപ്പെട്ടിട്ടുണ്ടല്ലോ.അയല്‍രാജ്യത്തു നടക്കുന്ന അനിഷ്ടസംഭവങ്ങള്‍ മറ്റു രാജ്യങ്ങളെ ബാധിയ്‌ക്കുന്നത്‌ ഇത്‌ ആദ്യമൊന്നുമല്ല. 1986-ല്‍ ചെര്‍ണോബിലെ അണുനിലയത്തില്‍ നടന്ന പൊട്ടിത്തെറിയുടെ ദുരിതഫലങ്ങള്‍ കൂടുതല്‍ അനുഭവിച്ചത്‌ അടുത്തുകിടക്കുന്ന യൂറോപ്പായിരുന്നുവല്ലോ. അവിടെയാവട്ടെ കാല്‍ നൂറ്റാണ്ടിനു ശേഷവും അതിന്റെ കെടുതികള്‍ വിട്ടുമാറിയിട്ടില്ല.

വെയിലില്ലായ്‌മ ഗൗരവമുള്ള കാര്യം തന്നെയാണ്‌. ഏതോ ഉല്‍ക്ക പതിച്ചതില്‍നിന്നുള്ള പൊടിപടലം ഭൂമിയെ പൊതിഞ്ഞതു കൊണ്ടുണ്ടായഅതിശൈത്യം കൊണ്ടാണല്ലോ ദിനോസറുകളടക്കമുള്ള ജീവികള്‍ ഭൂമുഖത്തുനിന്ന്‌ അപ്രത്യക്ഷമായത്‌. അത്രത്തോളമൊന്നും വരില്ലെങ്കിലും മലിനീകരിയ്‌ക്കപ്പെട്ട അന്തരീക്ഷം നീണ്ടുനിന്നാല്‍ ആരോഗ്യത്തിനെ ബാധിയ്‌ക്കാന്‍ ഇടയുണ്ട്‌.

സ്ഥിതിഗതികളുടെ ഗൗരവം സര്‍ക്കാര്‍ ജനങ്ങളെ അപ്പപ്പോള്‍ അറിയിച്ചുകൊണ്ടിരുന്നു. മാത്രമല്ല ആരോഗ്യപരിപാലനത്തിനു വേണ്ടി നിരവധി നടപടികളും കൈക്കൊണ്ടു. മുഖംമൂടികളുടെ (വായും മൂക്കും മൂടിക്കെട്ടുന്ന തുണിക്കഷണം) ശേഖരം വേണ്ടത്ര ഉണ്ടെന്ന്‌ ഉറപ്പു വരുത്തി. അന്തരീക്ഷമലിനീകരണ ത്തിനു കാരണക്കാരായ ചില കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ സിംഗപ്പൂരില്‍ നിരോധിച്ചു. പക്ഷേ പുരയ്‌ക്കു തീപിടിയ്‌ക്കുമ്പോള്‍ വാഴ വെട്ടുന്നതു പോലെയുള്ള ചില സംഭവങ്ങളുമുണ്ടായി. ചില മരുന്നു കമ്പനികള്‍ ഇത്‌ ഒരവസരമാക്കിയെടുത്തു. മൂക്കും വായും മൂടിക്കെട്ടുന്ന N95 എന്ന മുഖംമൂടിയുടെ വില കുത്തനെ കൂട്ടി. വെറും ഒന്നര ഡോളറിനു കിട്ടിയിരുന്ന മുഖംമൂടികളുടെ വില ഒമ്പതു ഡോളര്‍ വരെയെത്തി. കണ്ണില്‍ തുളിയ്‌ക്കാനും കഫക്കെട്ടിനുമുള്ള മരുന്നുകളും ഇതുപോലെ വില കൂട്ടി വില്‍പ്പനയ്‌ക്കെത്തി. പത്രങ്ങളില്‍ അവയുടെ പരസ്യങ്ങള്‍ നിരന്തരംവന്നുകൊണ്ടിരുന്നു. വാര്‍ത്തയുടെ മുഖംമൂടിയണിഞ്ഞതായിരുന്നു പല പരസ്യങ്ങളും. ഞങ്ങള്‍ ചെന്ന്‌ രണ്ടാഴ്‌ചയ്‌ക്കു ശേഷം പൊടുന്നനെ ഒരുദിവസം ആകാശം തെളിഞ്ഞു. വെയിലു പരന്നു. നവംബര്‍ വരെ നീണ്ടുനില്‍ക്കുമെന്നു പറഞ്ഞ മൂടിക്കെട്ട്‌ പിന്‍വാങ്ങിയല്ലോ എന്നു ഞങ്ങള്‍ സന്തോഷിച്ചു. പക്ഷേ അതു താല്‍ക്കാലികമായിരിയ്‌ക്കാം എന്ന്‌ അറിയിപ്പുണ്ടായി. സുമാത്രയില്‍നിന്നുള്ള കാറ്റ്‌ ഗതി മാറി തായ്‌ലാന്‍ഡിലേയ്‌ക്ക്‌ വീശിയ താണത്രേ. പറഞ്ഞതു പോലെ ഒരാഴ്‌ചയ്‌ക്കു ശേഷം അന്തരീക്ഷം വീണ്ടും പഴയപടിയായി. പൊതുസ്ഥലങ്ങളിലെ പെരുമാറ്റങ്ങള്‍ക്ക്‌ കര്‍ശനമായ നിയന്ത്രണങ്ങളുള്ള സിംഗപ്പൂരില്‍ പുകവലിയും നിരോധിച്ചിട്ടുെണ്ടങ്കിലും വലിയ്‌ക്കുന്നവരെ ധാരാളം കാണാം. സിഗററ്റ്‌ കുറ്റികള്‍ തട്ടാനുള്ള വീപ്പകള്‍ പ്രധാനസ്ഥലങ്ങളിലൊക്കെ വെച്ചിട്ടുമുണ്ട്‌. വല്ലവരും വലിയ്‌ക്കുന്നതു കണ്ടാലുംആരും എതിര്‍പ്പൊന്നും കാണിയ്‌ക്കാറില്ല. ഏതായാലും ഈ മൂടിക്കെട്ടും പുകയും സിംഗപ്പൂരുകാര്‍ക്ക്‌ ഒട്ടും രസിച്ചില്ല എന്നു തീര്‍ച്ചയായി.

ഞങ്ങളും ടെലിവിഷനില്‍ എഴുതിക്കാണിച്ചുകൊണ്ടിരിയ്‌ക്കുന്ന PSI നോക്കിയതിനു ശേഷമേ പുറത്തിറങ്ങൂ എന്നായി. പലേ യാത്രകളും അതുകൊണ്ട്‌ നീട്ടിവെയ്‌ക്കപ്പെടുകയോ റദ്ദാക്കപ്പെടുകയോ ഉണ്ടായി. ഞങ്ങളുടെ വര്‍ത്തമാനത്തില്‍ എപ്പോഴും കടന്നു വരുന്നതുകൊണ്ടാവണം പേരക്കുട്ടി ആരാധ്യ ഇടയ്‌ക്ക്‌ `ഹേസ്‌' എന്നു പറഞ്ഞു തുടങ്ങി.

സിംഗപ്പൂരിനോടു യാത്ര പറയാറായപ്പോഴും മൂടിക്കെട്ട്‌ വിട്ടുമാറിയിരുന്നില്ല. പോരുന്നതിന്റെ തലേന്ന്‌ മറീന ബരാജില്‍ പോയപ്പോള്‍ കടലിലെ കാഴ്‌ചകളൊക്കെ സ്വപ്‌നപ്രായമായിരുന്നു. ബരാജിന്റെ മുകളിലെ പുല്‍ത്തകിടി വിരിച്ച മട്ടുപ്പാവില്‍ ഏതായാലും കുറച്ചുപേര്‍ എത്തിയിരുന്നു. അവര്‍ പറത്തുന്ന പട്ടങ്ങള്‍ പുല്‍ത്തകിടിയില്‍ മലര്‍ന്നു കിടന്നുകൊണ്ട്‌ ഞങ്ങള്‍ കണ്ടു.ഉയര്‍ന്നുയര്‍ന്നു പറക്കുന്ന പട്ടങ്ങള്‍ക്കപ്പുറം ആകാശത്ത്‌ നക്ഷത്രങ്ങള്‍ ഒന്നു പോലും പ്രത്യക്ഷമായിരുന്നില്ല. ഒറ്റപ്പെട്ടു നിന്ന മങ്ങിയ ച്ര്രന്ദക്കല വല്ലപ്പോഴും പൊടിമറ ഒന്നു നീക്കി ദയനീയമായി ഞങ്ങളെ നോക്കി.

മങ്ങിയ കാഴ്‌ചകളുമായി ഞങ്ങള്‍ മടങ്ങുകയായി. രാത്രി ചാങ്ങി എയര്‍പോര്‍ട്ടില്‍നിന്ന്‌ വിമാനം പറന്നുയര്‍ന്നപ്പോള്‍ ജനലിലൂടെ പുറത്തേയ്‌ക്കു നോക്കി. ഇരുട്ട്‌, തികഞ്ഞ ഇരുട്ടു മാത്രം. പൊടിമറയ്‌ക്കു താഴെ നഗരത്തിലെ വിളക്കുകള്‍ സങ്കല്‍പിച്ച്‌ സിംഗപ്പൂരിനോടു യാത്ര പറയുമ്പോള്‍ മനസ്സും മൂടിക്കെട്ടി. കൊച്ചിയിലേയ്‌ക്ക്‌ നാലു മണിക്കൂര്‍ നേരത്തെ യാത്രയേയുള്ളു. കണ്ണുകളടച്ച്‌ ഞാന്‍ ഉറങ്ങാന്‍ ശ്രമിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക