Image

അമീര്‍ഖാന്റെ പേടി അഥവാ വരേണ്യ വര്‍ഗത്തിന്റെ ഭീതി (ജയമോഹനന്‍ എം)

Published on 24 November, 2015
അമീര്‍ഖാന്റെ പേടി അഥവാ വരേണ്യ വര്‍ഗത്തിന്റെ ഭീതി (ജയമോഹനന്‍ എം)
രാജ്യത്തെ അസഹിഷ്‌ണുതയ്‌ക്കെതിരെ അമീര്‍ഖാന്റെ പ്രതികരണങ്ങളാണ്‌ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ച. രാജ്യത്തെ വര്‍ദ്ധിക്കുന്ന അസഹിഷ്‌ണുതയ്‌ക്കെതിരെ അമീര്‍ഖാന്‍ പ്രതികരിക്കുമ്പോള്‍ അതിന്‌ സമീപകാലത്തെ തീവ്രഹിന്ദുത്വ ശക്തികള്‍ ഇന്ത്യയിലുണ്ടാക്കുന്ന പ്രശ്‌നങ്ങളുമായി ബന്ധമുണ്ട്‌. ദാദ്രിയില്‍ ഗോമാസം കഴിച്ചതിന്റെ പേരില്‍ ആളെ അടിച്ചു കൊല്ലുന്നതും മുസ്ലിങ്ങള്‍ പാകിസ്ഥാനിലേക്ക്‌ പോകണമെന്ന്‌ ഹിന്ദുത്വ നേതാക്കള്‍ പ്രസ്‌താവനകള്‍ നടത്തുന്നതും ഏതൊരാളെയും അസ്വസ്ഥനാക്കും.

എന്നാല്‍ ഇവിടെ അമീര്‍ഖാന്‍ നടത്തിയിരിക്കുന്ന പ്രസ്‌താവനയിലേക്ക്‌ വിശദമായി ഒന്ന്‌ കടന്നു ചെല്ലുന്നത്‌ നന്നായിരിക്കും. രാജ്യത്തെ അസഹിഷ്‌ണുതയില്‍ ടെന്‍ഷനടിച്ച്‌ അമീര്‍ഖാന്റെ ഭാര്യ രാജ്യം വിടേണ്ടി വരുമോ എന്ന്‌ തന്നോട്‌ ചോദിച്ചുവെന്നും കുഞ്ഞുങ്ങളെ ആലോചിച്ച്‌ ഭയമാകുന്നു എന്ന്‌ ഭാര്യ പറഞ്ഞുവെന്നുമാണ്‌ അമീര്‍ഖാന്‍ പങ്കുവെയ്‌ക്കുന്ന പ്രശ്‌നം. അമീറിന്റെ പ്രതികരണത്തോടെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും പ്രതികരിച്ചുവെങ്കിലും മലയാളി സംവിധായകനും നടനുമായ പ്രതാപ്‌ പോത്തന്റെ പ്രതികരണമാണ്‌ ഏറ്റവും രസകരവും യാഥാര്‍ഥ്യത്തോട്‌ അടുത്തു നില്‍ക്കുന്നതും.

അമീറിനും കുടുംബത്തിനും ഉത്തരധ്രുവത്തിലേക്ക്‌ പോകാമെന്നാണ്‌ പ്രതാപ്‌ പോത്തന്റെ പരിഹാസം. അമീറിനും ഭാര്യയ്‌ക്കും അവരുടെ മക്കളെ ഓര്‍ത്താണ്‌ ഭീതി. അതുകൊണ്ടാണ്‌ അവര്‍ ഇന്ത്യ വിടണമെന്ന്‌ ആഗ്രഹിക്കുന്നത്‌. അങ്ങനെയെങ്കില്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നത്‌ ഉത്തര ധ്രൂവമാണ്‌. അവിടെ കുട്ടികളെ സന്തോഷിപ്പിക്കാന്‍ സാന്താക്ലോസ്‌ എത്തുമായിരിക്കും.

ഇനി നിങ്ങളുടെ ഭാര്യ ശരിക്കും പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക്‌ ഇവിടെ അവകാശമില്ല. നിങ്ങള്‍ക്ക്‌ മാത്രമേ കുട്ടികളുള്ളോ, നല്ലതെല്ലാം നിങ്ങള്‍ക്ക്‌ മതിയോ, അങ്ങനെയെങ്കില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലാത്ത ഒരു രാജ്യത്തിന്റെ പേരു പറയു. ?.. ഇങ്ങനെ കടന്നു പോകുന്നു പ്രതാപ്‌ പോത്തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌.

അമീര്‍ഖാനുള്ള മികച്ച മറുപടിയാണിത്‌. സ്വന്തം വീട്ടിലേക്ക്‌ അപകടം എത്തുമ്പോള്‍ പ്രതികരിക്കുന്ന വരേണ്യവര്‍ഗത്തിന്റെ സ്ഥിരം സ്വഭാവം തന്നെയാണ്‌ ഇവിടെ അമീര്‍ഖാന്‍ പ്രകടിപ്പിക്കുന്നത്‌. സത്യമേവ ജയതേ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ഒരുപാട്‌ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ വെളിച്ചത്തുകൊണ്ടു വന്ന വ്യക്തിയാണ്‌ അമീര്‍ഖാന്‍ എന്നത്‌ ഇവിടെ മറക്കുന്നില്ല.

എന്നാല്‍ അസഹിഷ്‌ണുതയ്‌ക്കെതിരെ പ്രതികരിച്ചപ്പോള്‍ അമീര്‍ഖാന്റെ പ്രതികരണം തീര്‍ത്തും വ്യക്തിപരമായി മാറി. എന്നും വരേണ്യവര്‍ഗത്തിന്റെ രീതി ഇതു തന്നെയാണ്‌. തങ്ങളിലേക്ക്‌ ഒരു പ്രശ്‌നമെത്തുന്നു എന്നു വരുമ്പോഴാണ്‌ അവര്‍ ഉത്‌കണ്‌ഠയിലാകുന്നത്‌.

രാജ്യത്ത്‌ എത്രയോ വര്‍ഗീയ കലാപങ്ങള്‍ നടന്നു. അപ്പോഴൊന്നും ഒരു അമീര്‍ഖാനും പരസ്യമായി പ്രതികരിച്ചില്ല. രാജ്യത്ത്‌ എത്രയോ തവണ ദളിതര്‍ പീഡിപ്പിക്കപ്പെട്ടു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദളിത്‌ സ്‌ത്രീകള്‍ ഇന്ത്യന്‍ സൈന്യത്താല്‍ റേപ്പ്‌ ചെയ്യപ്പെട്ടു. എന്തിന്‌ ദില്ലിയിലെ തെരുവില്‍ ഒരുപെണ്‍കുട്ടി ബസില്‍ ക്രൂര ബലാല്‍കാരത്തിന്‌ ഇരയായി കൊല്ലപ്പെട്ടു. അന്നൊന്നും പ്രതികരണങ്ങളില്ല. എന്നാല്‍ ഇവിടെ സംഘപരിവാര്‍ ഫാസിസം മുസ്ലിം സെലിബ്രിറ്റികളുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുമ്പോള്‍ അമീറും, ഷാരൂഖും പ്രതികരിക്കുന്നു.

നല്ലത്‌ തന്നെ. സ്വന്തം അസ്ഥിത്വത്തെ ചോദ്യം ചെയ്യുമ്പോഴെങ്കിലും പ്രതികരിക്കാന്‍ തയാറാകുന്നുണ്ടല്ലോ? എന്നാല്‍ തന്റെ പ്രശ്‌നങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുകയും മറ്റുള്ളവരുടെ ശ്രദ്ധ ഇവിടേയ്‌ക്ക്‌ ക്ഷണിക്കുകയും ചെയ്യുന്ന വരേണ്യ വര്‍ഗം സമൂഹത്തിലെ ബഹുഭൂരിപക്ഷം സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ എങ്ങനെയാണ്‌ പ്രതികരിക്കുന്നത്‌ എന്നത്‌ സ്വയം ഒന്നാലോചിച്ചു നോക്കേണ്ടതാണ്‌.

കഴിഞ്ഞ ദിവസം ആദിവാസികളെക്കുറിച്ച്‌ ബ്ലോഗ്‌ എഴുതിയ മോഹന്‍ലാലിന്റെ കാര്യം തന്നെയെടുക്കാം. ആദിവാസികള്‍ നേരിടുന്ന പ്രശ്‌നത്തെക്കുറിച്ച്‌ ലാല്‍ സമൂഹത്തിന്റെ ശ്രദ്ധക്ഷണിച്ചത്‌ ശ്രദ്ധേയമാണ്‌. എന്നാല്‍ മോഹന്‍ലാല്‍ മറന്നു പോകുന്ന ഒരു കാര്യമുണ്ട്‌. വയനാട്ടില്‍ ആദിവാസികളുടെ കഥ പ്രമേയമാക്കി ഫോട്ടോഗ്രാഫര്‍ എന്ന സിനിമ മോഹന്‍ലാല്‍ ചെയ്‌തിട്ടുണ്ട്‌. അന്ന്‌ മോഹന്‍ലാലിനൊപ്പം മണി എന്ന ആദിവാസി ബാലന്‍ കളിച്ചും ചിരിച്ചും അഭിനയിച്ചിരുന്നു. പക്ഷെ ആ ബാലന്‍ പിന്നെയെവിടെ എന്ന്‌ മോഹന്‍ലാലോ, ഫോട്ടോഗ്രാഫര്‌ ടീമോ അന്വേഷിച്ചിട്ടുണ്ടോ. താന്‍ അഭിനയിച്ച സിനിമ കാണുവാനുള്ള അവസരമെങ്കിലും പാവം മണിക്ക്‌ ലാല്‍ ചെയ്‌തുകൊടുത്തുവോ. ഇല്ല. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല.

ഇവിടെയാണ്‌ സെലിബ്രിറ്റികളുടെ മറവിയും തങ്ങളിലേക്ക്‌ പ്രശ്‌നങ്ങള്‍ എത്തുമ്പോഴുള്ള ഭീതിയും വ്യക്തമാകുന്നത്‌.

ഇവിടെ സെലിബ്രിറ്റികള്‍ മനസിലാക്കേണ്ട പ്രധാന പ്രശ്‌നം. സമത്വസുന്ദരമായ ഇന്ത്യയിലെ പൊടുന്നനെ ഉയര്‍ന്നുവന്ന ഏക പ്രശ്‌നമാകുന്നില്ല അസഹിഷ്‌ണുത. ഈ അസഹിഷ്‌ണുത ഇവിടെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പു തന്നെ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇതേ അസിഹിഷ്‌ണുതയാണ്‌ ബാബറി മസ്‌ജിദിനെ നിലംപൊത്തിച്ചത്‌. ഭാരത്തെ നെടുകെ വെട്ടിമുറിച്ചത്‌. ആസാമില്‍ 5000 പേരെ കൂട്ടക്കൊല നടത്തിയ നെല്ലികൂട്ടക്കൊല നടത്തിയത്‌. അപ്പോള്‍ അസഹിഷ്‌ണുത ഇവിടെ നേരത്തെ ഉണ്ടായിരുന്നു. അന്നൊന്നും നിങ്ങള്‍ പ്രതികരിക്കാതിരുന്നത്‌ അത്‌ നിങ്ങളുടെ നേരെ എത്തിയിട്ടില്ലായിരുന്നു എന്നതുകൊണ്ടാണ്‌. ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെയും ഉപരിവര്‍ഗത്തിന്റെയും ശീലം ഇങ്ങനെയാണ്‌. പ്രശ്‌നം തന്റെ നേരെ നീളുമ്പോള്‍ മാത്രമാണ്‌ പ്രതികരിക്കുക.

എന്തായാലും ഉപരിവര്‍ഗത്തിന്‌ ഭയം കൊണ്ടാണെങ്കിലും വൈകി വന്ന വിവേകം നല്ലതാണ്‌. അസഹിഷ്‌ണുതയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ഏത്‌ നിലയിലാണെങ്കിലും സ്വാഗതം ചെയ്യപ്പെടേണ്ടതുണ്ട്‌. ഒപ്പം അഡ്രസ്‌ ചെയ്യപ്പെടാതെ പോകുന്ന നിരവധി അസഹിഷ്‌ണുതകളും പ്രശ്‌നങ്ങളും നമ്മുടെ രാജ്യത്തുണ്ട്‌. അവയോടും പ്രതികരിക്കേണ്ടത്‌ കലാകാരന്റെ കടമ തന്നെയാണ്‌. അതിന്‌ കഴിയാത്തവര്‍ പ്രാതാപ്‌ പോത്തന്‍ പറഞ്ഞതുപോലെ ഉത്തരധ്രൂവത്തിലേക്ക്‌ പോകുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക