Image

ദൈവങ്ങളുടെ കാലടിപ്പാടുകള്‍ (കാരൂര്‍ സോമന്‍, ചാരുംമൂട്‌)

Published on 23 November, 2015
ദൈവങ്ങളുടെ കാലടിപ്പാടുകള്‍   (കാരൂര്‍ സോമന്‍, ചാരുംമൂട്‌)

ആകാശപൊയ്‌കയില്‍ നിന്നുണര്‍ന്നു വീണ മഴയില്‍ റോമന്‍ സാമ്രാജ്യം ആരാധിച്ചിരുന്ന ദൈവങ്ങളുടെ അവശിഷ്‌ടങ്ങള്‍ കുളിച്ചും ശുദ്ധിവരുത്തിയും ഇന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഞാനും അടങ്ങാത്ത അഭിലാഷത്തോടെ നോക്കിനില്‌ക്കുമ്പോഴാണ്‌ ആകാശം ഗര്‍ജ്ജിക്കുന്നതും കേരളത്തിലേതുപോലെ ഇടിയും മിന്നലും കണ്ടത്‌. കൈകളിലിരുന്ന കുടയുടെ കമ്പിക്കാലുകള്‍ കൊടുംങ്കാറ്റില്‍ ഒടിഞ്ഞുമടങ്ങി. അതുകണ്ട്‌ ബംഗ്ലാദേശികള്‍ കുടയെ അതിജീവിക്കാനായി തലമുതല്‍ പാദംവരെയുള്ള പ്ലാസ്റ്റിക്‌ കുടകളുമായിട്ടെത്തി. അതും വാങ്ങിയയുടനെ പോലീസ്‌ വാഹനം കണ്ടവര്‍ ഓടി മറഞ്ഞു.

ഇറ്റലിയെ നടുക്കിയ ഏ. ഡി. 62ലെ ഭൂമികുലുക്കവും ഏ. ഡി. 79ലെ പോംമ്പയി നഗരത്തെ കത്തി ചാമ്പലാക്കിയ അഗ്നിപര്‍വ്വത സ്‌ഫോടനവും റോമന്‍സും ആരാധിച്ചു പോന്ന പള്ളികളെ സ്‌മാരകശിലകളാക്കിയെങ്കിലും അവിടുത്തേ ആരാധനാമൂര്‍ത്തികള്‍ അല്ലെങ്കില്‍ ദൈവങ്ങള്‍ രക്ഷപ്പെട്ടു എന്നതാണ്‌ യാഥാര്‍ത്ഥ്യം. ഇന്നും അതിന്‌ വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. ആരാധകരുടെ പ്രാണന്‍ നഷ്‌ടപ്പെടുമ്പോള്‍ ദൈവങ്ങള്‍ രക്ഷപ്പെടുന്നു. പള്ളി എന്നത്‌ ഒരു പാലി ഭാഷാപദമാണ്‌. സംഘം ചേരുക എന്ന ഒരര്‍ത്ഥവും അതിനുണ്ട്‌. മാനവചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാചകന്മാരുണ്ടായിട്ടുള്ളതും യരുശലേമിലും അതിന്റെ പരിസര പ്രദേശങ്ങളില്‍ നിന്നുമാണ്‌. അതുപോലെ ഏറ്റവും കൂടുതല്‍ ദൈവങ്ങള്‍ പിറവിയെടുത്തത്‌ ഗ്രീക്ക്‌ -റോമില്‍നിന്നാണ്‌. പല രാജ്യങ്ങളിലും വാത്‌മീകി മഹര്‍ഷിയെപ്പോലുള്ള ആദ്ധ്യാത്മിക ബുദ്ധിജീവികള്‍ എഴുതപ്പെട്ടിട്ടുള്ള കഥകളും - കവിതകളും പില്‍ക്കാലത്തും ദൈവങ്ങളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. ഭാരതത്തിന്റെ പുരാണേതിഹാസങ്ങള്‍ പോലെ തന്നെ മനുഷ്യനെ സംസ്‌കാരബോധമുള്ള ഒരു ജീവിയാക്കി മാറ്റുന്നതില്‍ ഗ്രീക്ക്‌ റോമന്‍ മാനവസംസ്‌കൃതിക്ക്‌ വലിയൊരു പങ്കുണ്ട്‌. ധാരാളം ബുദ്ധിജീവികള്‍ ജീവിച്ചിരുന്ന ഗ്രീസില്‍നിന്ന്‌ ഇത്രമാത്രം ദൈവങ്ങള്‍ എങ്ങനെയുണ്ടായി എന്ന്‌ ചോദിച്ചാല്‍ രാജപാരമ്പര്യത്തില്‍ നിന്നാണോ സാഹിത്യസൃഷ്‌ടിയില്‍ നിന്നാണോ പരമ്പരാഗത വിശ്വാസത്തില്‍നിന്നാണോ എന്ന്‌ പറയാന്‍ ചരിത്രഗവേഷകര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്‌. നമ്മെക്കാള്‍ കുറെക്കൂടി സംസ്‌കാരമൂല്യങ്ങളുള്ളവരായി ഈ കൂട്ടര്‍ മാറാനുണ്ടായ കാരണം ഇവരാരും ജാതി-മതത്തിന്‌ അടിമകളല്ലായിരുന്നു. അവരില്‍ ഉയര്‍ന്ന ജാതി-താഴ്‌ന്ന ജാതി കാണാന്‍ കഴിഞ്ഞിരുന്നില്ല. ചക്രവര്‍ത്തിമാര്‍ മതത്തെക്കാള്‍ മാനിച്ചത്‌ ദൈവങ്ങളെയാണ്‌. ഇന്‍ഡ്യയില്‍ അശോക്‌ ചക്രവര്‍ത്തി ബുദ്ധമതത്തിന്റെ രക്ഷകനായിരുന്നുവെങ്കില്‍ റോമന്‍ ചക്രവര്‍ത്തിമാര്‍ ആ സ്ഥാനം ഏറ്റെടുത്തില്ല. മുന്‍കാലങ്ങളില്‍ മനുഷ്യര്‍ അന്ധവിശ്വാസമായാലും പൂര്‍ണ്ണമായി ദൈവത്തില്‍ സമര്‍പ്പിക്കപ്പെട്ടവരായിരുന്നു. ഇന്നാകട്ടെ മനുഷ്യന്‍ ദൈവങ്ങളെ കൂട്ടുപിടിച്ച്‌ മതങ്ങളും സമുദായങ്ങളുമുണ്ടാക്കി അസഹീനമാംവിധം അധഃപതിച്ചുകൊണ്ടിരുന്നു.

ഇന്‍ഡ്യന്‍ രാജഭരണകാലത്ത്‌ രാജാക്കന്മാര്‍ യുദ്ധങ്ങള്‍ ജയിച്ചുവന്നാല്‍ രാജസദസ്സില്‍ പണ്‌ഡിതശ്രേഷ്‌ഠന്‍മാരും, പുരോഹിതന്മാരും, ഉന്നതന്‍മാരും, കവികളും, കാമാനിമാരും, മന്ത്രവാദികളും ശത്രുവിന്റെ ഉയര്‍ത്തിക്കെട്ടിയ കോട്ടകള്‍ തകര്‍ത്തതിന്റെ സന്തോഷം പങ്കിടാന്‍ ഒന്നിക്കുമായിരുന്നു. അവിടെ ചിലങ്കകളണിഞ്ഞ യുവസുന്ദരിമാര്‍ മയില്‍പ്പീലി വിരിച്ചാടുന്ന മയിലിനെപ്പോലെ ആടിപാടും. സ്വന്തം വിജയങ്ങളില്‍ അന്ധരായി കഴിയുന്നവര്‍ താനുയര്‍ത്തിക്കെട്ടിയ കോട്ട ആരും തകര്‍ക്കുമെന്നും ചിന്തിക്കാറില്ല. റോമില്‍ യുദ്ധവിജയങ്ങള്‍ ആഘോഷിച്ചത്‌ ഇങ്ങനെയായിരുന്നു. ലോകമെമ്പാടും പെരുമ്പറമുഴക്കി ദൈവങ്ങളെ പ്രസാദിപ്പിക്കാന്‍ നരബലി - മൃഗബലി ഇവക്കൊപ്പം റോമിലെ കൊളേസിയത്തില്‍ വിവിധ ദേശങ്ങളെ വിറപ്പിക്കുന്ന മല്ലന്മാരുമായുള്ള മല്‍പ്പിടിത്തം, കൊടുംകുറ്റവാളികളും അടിമകളും മല്ലന്‍മാരും വന്യമൃഗങ്ങളുമായുള്ള ഏറ്റുമുട്ടലുകളായിരുന്നു. ഈ ഏറ്റുമുട്ടുന്നവരില്‍ ഒരാള്‍ കൊല്ലപ്പെടുക സ്വാഭാവികമാണ്‌. അതോടെ അവിടെ രക്തവര്‍ണ്ണമാകും.

കഴുത്തില്‍ മനുഷ്യമൃഗങ്ങളുടെ തലയോടുകളണിഞ്ഞ പുരോഹിതര്‍ ബലിച്ചോര കുടിക്കാന്‍ ആര്‍ത്തിയോടെ കാത്തു നില്‌ക്കും. പ്രാണന്‍ വെടിഞ്ഞുപോയവന്റെ ചുടുരക്തം കുടിച്ച്‌ പാപമോക്ഷം നല്‌കുന്ന പുരോഹിതര്‍! കാലത്തിന്റെ ദുര്‍വിധി!

റോമിലെ രാജാക്കന്മാരുടെ ദൈവം ജൂപിറ്ററിനു തുല്യനായ ദൈവത്തിനു കഴുകന്റെ രൂപമാണുള്ളത്‌. ജൂപിറ്ററിനോട്‌ തുല്യനായ ദൈവമാണ്‌ ഗ്രീസ്സിലെ സിയൂസ്‌. എന്നാല്‍ പുരുഷന്മാര്‍ക്കിഷ്‌ടം മന്ദഹാസ പ്രഭയാല്‍ ലജ്ജാവതിയായി ആനന്ദാശ്രുക്കള്‍ പൊഴിച്ചു നില്‌ക്കുന്ന ഡയാനദേവിയാണ്‌. അവളുടെ മനോഹരങ്ങളായ നയനങ്ങള്‍ പുരുഷഹൃദയങ്ങളെ പുണരുന്ന ഭാവത്തിലാണ്‌. മറ്റൊരു മദാലസദേവിയാണ്‌ വെസ്റ്റാ. റോമന്‍ ചക്രവര്‍ത്തിമാര്‍ വിദേശത്ത്‌ നിന്നും ദൈവങ്ങളെ ഇറക്കുമതി ചെയ്‌തിരുന്നു. അതില്‍ പ്രധാനിയാണ്‌ ഈ ഈജിപ്‌റ്റില്‍ നിന്നുള്ള മിത്തറാസ്‌ അല്ലെങ്കില്‍ ഇസിസ്‌ എന്ന യുവ സുന്ദരി. ഈ ദൈവത്തിന്റെ ജോലി വീടുകളുടെ സംരക്ഷണമാണ്‌. ആ സംരക്ഷണമുള്ളതിനാല്‍ പിശാച്‌ വീടിനുള്ളില്‍ കയറില്ല എന്നതാണ്‌ വിശ്വാസം. മരണാനന്തര ജീവിതത്തിന്‌ പാപങ്ങള്‍ ചെയ്‌തിട്ടുണ്ടെങ്കില്‍ മോക്ഷം നല്‌കുന്നതും ഈ ദൈവമാണ്‌. മിത്തറാസ്സിനൊപ്പം സെറാപിസ്റ്റിനെ ഇവന്‍ ആരാധിച്ചിരുന്നു. ജൂപ്പിറ്റര്‍ ദൈവത്തിന്റെ ഭാര്യയും ദേവിയുമായ ജൂനോ സ്‌ത്രീകളുടെ കാവലാളാണ്‌. ഈ ദേവിയുടെ വാഹനം മയിലാണ്‌. യുദ്ധങ്ങളുടെ ദൈവം മാഴ്‌സാണ്‌. യുദ്ധങ്ങളില്‍ പടയാളികളെ രക്ഷിക്കുക എന്നതാണ്‌ ഈ ദൈവത്തിന്റെ ചുമതല. വെളിച്ചത്തിന്റെ ദൈവം മിത്രാസ്സാണ്‌. വെളിച്ചം കണ്ടാലുടനെ എല്ലാവരും മിത്രാസ്സിനെ വണങ്ങും. സ്‌നേഹം, പ്രണയം, ചുംബനം, സൗന്ദര്യം ഇവയെല്ലാം ദാനമായി നല്‌കുന്ന ഡയാന-വീനസ്‌ ദേവിമാര്‍ക്കായി ജൂലിയസ്സ്‌ സീസ്സര്‍ മനോഹരങ്ങളായ പള്ളികള്‍ റോമിലും, ലണ്ടനിലും, ഗ്രീസ്സിലും അങ്ങനെ യൂറോപ്പിന്റെ പല ഭാഗങ്ങളിലും പണി കഴിപ്പിച്ചിട്ടുണ്ട്‌. ലണ്ടനിലെ ഡയാന ദേവിയുടെ സ്ഥാനത്ത്‌ ഇന്നുള്ളത്‌ സെന്റ്‌ പോള്‍സ്‌ കത്തിഡ്രലാണ്‌. ഗ്രീക്കുകാരുടെ ദൈവമായ ഡയോനീയസ്‌ റോമാക്കാരുടെ ദൈവം കൂടിയാണ്‌. ഈ ദൈവമാണ്‌ വീണ്ടും ജനനം കൊടുക്കുന്നത്‌ ഒപ്പം വീഞ്ഞിന്റെ ചുമതലയുമുണ്ട്‌. ഗ്രീക്കില്‍നിന്ന്‌ ദത്തെടുത്ത ആടുകളുടെ ദൈവമാണ്‌ മെര്‍ക്കുറി. എല്ലാം മൃഗങ്ങളുടെയും ചുമതല ഈ ദൈവത്തിനാണ്‌. തുറുക്കിയില്‍നിന്ന്‌ ഇറക്കുമതി ചെയ്‌ത സ്‌ത്രീകളുടെ അമ്മയായ സൈബല്‍ ദൈവവും റോമിലുണ്ട്‌. ഇതുപോലെ ധാരാളം ദൈവങ്ങള്‍ റോമന്‍ ഭരണകാലത്തുണ്ടായിരുന്നു.

റോമന്‍ ചക്രവര്‍ത്തിമാരെ പോലെ തന്നെ ജനങ്ങളും ദൈവങ്ങളെ ഭയന്നിരുന്നു. മതങ്ങള്‍ ദൈവങ്ങളുടെ കാവല്‍ക്കാരായി വന്നപ്പോള്‍ വിശ്വാസം വര്‍ദ്ധിച്ചു. അത്‌ ആഘോഷങ്ങളായി മാറി. പള്ളിയുടെ അര്‍ത്ഥമായ സംഘം ചേരലും, ആള്‍ദൈവങ്ങളുമായി മതം ഒരു പ്രസ്ഥാനമായി, സമുദായമായി, ആത്മാവില്ലാത്ത ആത്മസംഘര്‍ഷങ്ങളുടെ ഭാണ്‌ഡങ്ങളുമേന്തി സഞ്ചരിക്കുന്നു. ഇത്‌ ഇന്നത്തേ ദൈവങ്ങളുടെ പ്രത്യേകതയാണ്‌.

റോമന്‍ ചക്രവര്‍ത്തിമാര്‍ നാടു നീങ്ങിയാല്‍ രാജവീഥികള്‍ വീണ്ടും തുറക്കപ്പെടുന്നു. അനശ്വരാത്മാവായി അവരെ അവതരിപ്പിക്കുന്നു. റോമന്‍ രാജ്യവ്യവസ്ഥയില്‍ ചക്രവര്‍ത്തി നാടുനീങ്ങിയാല്‍ ഉദ്യോഗം കയറ്റംപോലെ അദ്ദേഹത്തെ വാഴ്‌ത്തപ്പെട്ട ദൈവമായി പ്രഖ്യാപിക്കുന്നു. അവര്‍ക്കായി ദേവാലയങ്ങളും നിര്‍മ്മിക്കുന്നു. അന്ധവിശ്വാസികളായ മനുഷ്യര്‍ ഈ ദൈവത്തോടും കരുണയും സഹായവും ഉണ്ടാകണമെന്ന്‌ അപേക്ഷിക്കുന്നു. ഇന്ന്‌ കാശും പൊന്നും വാങ്ങി പ്രാര്‍ത്ഥിക്കുന്നതുപോലെ ദൈവത്തിനായി അദ്ധ്വാനത്തിന്റെ ഒരു ഭാഗം കൊടുക്കുന്നു. കൊടുത്തില്ലെങ്കില്‍ ശിക്ഷ ലഭിക്കും. ഈ ദൈവങ്ങളില്‍ വിശ്വാസമര്‍പ്പിച്ചും ആരാധിച്ചും അവന്‍ മുന്നോട്ട്‌ ജീവിതം തള്ളിവിടുന്നു. ഇവിടെയും കാണുന്നത്‌ കഥാകാരന്റെ കഥാപാത്ര സൃഷ്‌ടിയാണ്‌. രോഗവും ദുഃഖവും ഭാരങ്ങളുണ്ടെങ്കില്‍ അതിന്‌ ദൈവത്തിന്റെ കടാക്ഷമെന്നും അതല്ല മറിച്ചാണെങ്കില്‍ അത്‌ ദൈവകോപമെന്നറിയിച്ച്‌ പൂജയും നിവേദ്യങ്ങളും നേര്‍ച്ചകളും നമ്മള്‍ നടത്തും. രാജഭരണകാലത്ത്‌ ജനങ്ങള്‍ രാജാവിനെ അനുസരിച്ചു ജീവിച്ചില്ലെങ്കില്‍ ഇന്ന്‌ ആരെയെല്ലാമാണ്‌ നമ്മള്‍ അനുസരിക്കേണ്ടത്‌? നാടുനീങ്ങിയ ദൈവമായ അഗസ്റ്റാസ്‌ ചക്രവര്‍ത്തിയും അദ്ദേഹത്തിന്റെ ഭാര്യയും ദേവിയുമായ ലീവിയാ ജനങ്ങള്‍ക്ക്‌ പ്രിയപ്പെട്ടവരായിരുന്നു. ഓരോ ചക്രവര്‍ത്തിമാര്‍ നാടുനീങ്ങുമ്പോഴും പാശ്ചാത്യലോകത്ത്‌ ദൈവങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരുന്നു. ജനങ്ങള്‍ ജീവിച്ചിരിക്കുന്ന ചക്രവര്‍ത്തിയെ ഭയന്ന്‌ അവരെ ആരാധിച്ചും പോന്നു. അഗസ്റ്റാസ്‌ ദൈവം ചക്രവര്‍ത്തിയായി ജീവിച്ചിരുന്ന കാലം ജനങ്ങള്‍ക്ക്‌ പ്രിയങ്കരനായ ഭരണാധികാരിയാണ്‌. ദുഷ്‌ടന്മാരായ മറ്റ്‌ ചക്രവര്‍ത്തിമാരെക്കാള്‍ മറ്റുള്ളവരുടെ യാതനകളില്‍ ആവശ്യങ്ങളില്‍ അദ്ദേഹം പങ്കാളിയായിരുന്നു. അടിമകളെ സ്വതന്ത്രരാക്കുന്നതിലും സമൂഹത്തില്‍ സ്‌നേഹവും സമാധാനവും നിലനിറുത്തുന്നതിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. യൂറോപ്പിലെങ്ങും അദ്ദേഹത്തിന്‌ ധാരാളം ആരാധകരുണ്ടായിരുന്നു. അതിനാലാണ്‌ അദ്ദേഹത്തിനായി ഫ്രാന്‍സിലും വിയന്നയിലും ദേവാലയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്‌. അദ്ദേഹത്തിന്റെ മകള്‍ ജൂലിയ ദേവീ റോമയായി അറിയപ്പെടുന്നു. മാതൃകാപരമായ അദ്ദേഹത്തിന്റെ കുടുംബജീവിതം അന്‍പത്തിമുന്നു വര്‍ഷമാണ്‌ നീണ്ടുനിന്നത്‌. മറ്റുള്ളവരെപ്പോലെ കാമമോഹിയും അധികാര ദുര്‍വിനിയോഗം നടത്തുന്നവനുമല്ലായിരുന്നു. റോമന്‍ചക്രവര്‍ത്തിമാരില്‍ ഏറ്റവും ദുഷ്‌ടനും ഭ്രാന്തനുമായി അറിയപ്പെട്ടത്‌ നീറോയാണ്‌. അദ്ദേഹത്തിന്റെ ഭരണകാലം സമൂഹത്തില്‍ അരക്ഷിതാവസ്ഥയും അസഹിഷ്‌ണുതയും അനീതിയും നിറഞ്ഞിരുന്നു. ക്രിസ്‌ത്യാനികളാണ്‌ ഏറ്റവും കൂടുതല്‍ പീഢനങ്ങള്‍ക്ക്‌ ഇരയായത്‌. ഇദ്ദേഹത്തിന്റെ അന്ത്യം ആത്മഹത്യയിലാണവസാനിച്ചത്‌. അതിനാല്‍ ഇദ്ദേഹത്തിന്‌ ദൈവത്തിന്റെ പദവി ലഭിച്ചില്ല.

റോമന്‍ ചക്രവര്‍ത്തിമാര്‍ ഭരിച്ചിരുന്ന കാലത്ത്‌ ജനങ്ങള്‍ അമ്പരപ്പോടെയാണ്‌ ജീവിച്ചത്‌. അന്ന്‌ മനുഷ്യന്‍ അന്ധാചാരങ്ങളിലും അറിവില്ലായ്‌മയിലും അജ്ഞതയിലും ജീവിച്ചിരുന്നു. അതിന്‌ ശേഷം കാലം മാറി, കഥമാറി, മനുഷ്യര്‍ക്ക്‌ അറിവും വിവേകവുമുണ്ടായി. പക്ഷെ മനസ്സ്‌ മാത്രം മാറിയില്ല. രണ്ടായിരം മൂവായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തമ്മില്‍ പൈശാചിക സ്വഭാവം വളരുകയാണ്‌. യുദ്ധങ്ങള്‍, മതഭ്രാന്ത്‌, അധികാര ഭ്രാന്ത്‌, അഹിംസ ഇവയെല്ലാം ഇന്നും നമ്മെ അന്ധരാക്കികൊണ്ടിരിക്കുന്നു. ഈ ലോകത്തുനിന്ന്‌ മടങ്ങുമ്പോള്‍ അന്ധകാരത്തിന്റെ ഇരകളായി ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്‌തിട്ട്‌ മടങ്ങാതിരിക്കുക. അങ്ങനെയെങ്കില്‍ പുണ്യം കിട്ടും. മറിച്ചാണെങ്കില്‍ തലമുറകള്‍ അനുഭവിക്കാന്‍ പോകുന്ന കര്‍മ്മസ്ഥലം എത്രയോ ദയനീയം!

email: karoorsoman@yahoo.com

ദൈവങ്ങളുടെ കാലടിപ്പാടുകള്‍   (കാരൂര്‍ സോമന്‍, ചാരുംമൂട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക