Image

സാമൂഹിക പ്രതിബദ്ധത: ലാനയില്‍ പറഞ്ഞതും വിമര്‍ശകര്‍ കേട്ടതും-1 (ഡോ. എം. വി. പിള്ള)

ഡോ.എം.വി.പിള്ള Published on 18 November, 2015
സാമൂഹിക പ്രതിബദ്ധത: ലാനയില്‍ പറഞ്ഞതും വിമര്‍ശകര്‍ കേട്ടതും-1 (ഡോ. എം. വി. പിള്ള)
ലാനാസമ്മേളനത്തിന്റെ ആറാട്ടും കഴിഞ്ഞ് ആനയും മടങ്ങിപ്പോയി. കരിമരുന്നു പറമ്പില്‍ സാഹിത്യകാരന്റെ സാമൂഹ്യപ്രതിബദ്ധതയുടെ പടക്കങ്ങള്‍ ഇടക്കിടെ പൊട്ടിയും ചീറ്റിയും ഓര്‍മ്മകളെ നിലനിര്‍ത്തുന്നുണ്ട്. അത്രയും നന്ന്. എല്ലാ സാംസ്‌കാരിക കൂട്ടായ്മകളുടെയും അവിടെ നടക്കുന്ന തര്‍ക്കവിതര്‍ക്കങ്ങളുടെയും സദ്ഫലം സ്വതന്ത്രമായ സ്വന്തം അഭിപ്രായങ്ങളില്‍ എത്തിച്ചേരാന്‍ നമ്മെ സഹായിക്കുന്നതിലാണ്.

എന്തോ മഹാ അബദ്ധം എഴുന്നള്ളിച്ചെന്ന മട്ടില്‍, അവിടെ പറഞ്ഞ വാക്കുകളെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി മാറ്റി സാഹിത്യകാരന്റെ സാമൂഹ്യപ്രതിബദ്ധതയെപ്പറ്റിയുള്ള വാദകോലാഹലം ഇപ്പോഴും തുടരുന്നു. ആരോപണം ഉന്നയിക്കുന്നവരുടെയെല്ലാം ഉത്തമ സാധാരണ ഘടകം ആരും സമ്മേളനത്തില്‍ പങ്കെടുക്കുകയോ ലഘുപ്രഭാഷണത്തിന്റെ പൂര്‍ണരൂപം ആവശ്യപ്പെടകയോ ചെയ്തിട്ടില്ലെന്നതാണ്. അങ്ങിനെ ചെയ്തിരുന്നെങ്കില്‍ അതു ജാംബവാന്റെ കാലം മുതല്‍ സാഹിത്യ തല്പരര്‍ വാദിച്ചും തര്‍ക്കിച്ചും നിലനിര്‍ത്തുന്ന ഈ വിഷയത്തിലേക്കു കൂടുതല്‍ വെളിച്ചം പകര്‍ന്നേനേ. 

“വെളിച്ചം ദുഃഖമാമുണ്ണീ
തമസ്സല്ലോ സുഖപ്രദം” എന്നു അക്കിത്തം പ്രവചിച്ചത് ഇത്തരം സന്ദര്‍ഭങ്ങളെപ്പറ്റി ആണോ ആവോ!

ഒരിക്കലും ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും എല്ലാ ടെസ്റ്റ് മാച്ചുകളും ആവേശത്തോടെ പിന്‍തുടരുന്ന ക്രിക്കറ്റ് പ്രേമിയെപ്പോലെയും ആട്ടവിളക്കിനു പിന്നില്‍ പ്രവേശിക്കാതെ എല്ലാ കഥകളിയും മുന്നിലിരുന്നു ആസ്വദിക്കുന്ന കഥകളി ഭ്രാന്തനെപ്പോലെയും മലയാള സാഹിത്യത്തെ അകലെ നിന്നാസ്വദിക്കുന്ന ആയിരമായിരം ഭാഷാസ്‌നേഹികളുടെ ഭാവത്തിലാണ് ഇത്തരം സമ്മേളനങ്ങളില്‍ പങ്കെടുക്കാറുള്ളത്. സ്‌കൂള്‍ പഠനകാലത്ത് പരീക്ഷയടുക്കുമ്പോള്‍ കമ്പയിന്റ് സ്റ്റഡി ക്ലാസില്‍ ചെല്ലുന്ന മട്ടില്‍ സംഘാടകര്‍ ആവശ്യപ്പെടുന്ന വിഷയം വായിച്ചിട്ടു ചെന്നാല്‍ കൂട്ടായ്മ ചര്‍ച്ചകളിലൂടെ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ഒപ്പമുണ്ടാകും.

തുടക്കത്തിലേ  വ്യക്തമാക്കട്ടെ. സാഹിത്യകാരനു താന്‍ ജീവിക്കുന്ന സമൂഹത്തോടുള്ള കടമകളെപ്പറ്റി യാതൊരു അഭിപ്രായ വ്യത്യാസവും ലേഖകനില്ല. പക്ഷേ, ഉത്തരാധുനികം, എന്നു വിശേഷിപ്പിക്കപ്പെടുന്ന സമകാല മലയാള സാഹിത്യത്തില്‍ സാഹിത്യകാരന്റെ സാമൂഹ്യപ്രതിബദ്ധത/പ്രതിജ്ഞാബദ്ധതയെപ്പറ്റിയുള്ള നിര്‍വ്വചനങ്ങള്‍ക്കപ്പുറം ധാരണകള്‍ക്കും ഭിന്നാഭിപ്രായങ്ങള്‍ പുലര്‍ത്തുന്നവര്‍ ധാരാളം. പ്രതിബദ്ധത എന്ന വാക്കിനു കല്‍പിക്കുന്ന അര്‍ത്ഥമാണു വിജോയന കുറിപ്പുകള്‍ക്കാധാരം. മലയാള സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രഭാഷകനു സ്വന്തം അഭിപ്രായം പറയാതിരിക്കാനുള്ള വിവേകത്തോടൊപ്പം ഈ വിഷയത്തില്‍ വിദഗ്ധരായ സാഹിത്യ നിരൂപകരുടെയും ഭാഷാദ്ധ്യാപകരുടെയും മികച്ച കൃതികള്‍ സാഹിത്യസമാജങ്ങളിലും ഉപന്യാസമത്സരങ്ങളിലും അക്കാദമിക നിരൂപണസാഹിത്യത്തിലും തത്തിക്കളിക്കുന്ന ഈ വിഷയത്തിന് യാതൊരു പുതുമയിമില്ലെന്നും എല്ലാവര്‍ക്കുമറിയുമെങ്കിലും മാറിയ ഭാവുകത്വ പരിണാമത്തില്‍ മലയാള നോവലിസ്റ്റുകളുടെ പ്രതിബദ്ധതയ്ക്കു സ്ഥാനചലനം ഉണ്ടായോ എന്ന അന്വേഷണം നല്ല കുറെ ഗ്രന്ഥങ്ങളുടെ വായനയിലേക്കു നയിച്ചു. പകര്‍ന്നുകിട്ടിയ വിവരങ്ങള്‍ ലാനാ അംഗങ്ങളുമായി പങ്കുവെച്ചു.

1.ആധുനിക സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ.
ജനറല്‍ എഡിറ്റര്‍: ഡോ.കെ.എം. ജോര്‍ജ് (ഡി.സി.ബുക്ക്‌സ്)

മലയാള നോവലിന്റെ ചരിത്രം വിശദമായി പ്രതിപാദിക്കുന്ന ഭാഗം ഡോ. ജോര്‍ജ്ജ് ഓണക്കൂറിന്റേതാണ്.  മലയാള സാഹിത്യത്തിലെ എല്ലാ പ്രസ്ഥാനങ്ങളും പാശ്ചാത്യ സ്വാധീനങ്ങളില്‍ നിന്നുളവായതാണെന്നും ഈ ഗ്രന്ഥം വിശദമാക്കുന്നു. ഓരോ പ്രസ്ഥാന കാലഘട്ടത്തിലും നോവലിസ്റ്റും സമൂഹവുമായുള്ള ബന്ധം എങ്ങിനെ മാറുന്നുവെന്ന് മനസ്സിലാക്കാന്‍ ഈ ചരിത്രരേഖകള്‍ പ്രയോജനപ്പെടും. ഇംഗ്ലീഷ് ഭാഷാപഠനവും പാശ്ചാത്യ സംസ്‌കാരവുമായുള്ള സമ്പര്‍ക്കവും മലയാളത്തിലെ ഒന്നാമത്തെ നോവലായ ഇന്ദുലേഖയുടെ സൃഷ്ടിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചതെങ്ങനെയെന്നു വിശദമാക്കാനാണ് അത്ര മികച്ച നോവലൊന്നുമല്ലെങ്കിലും ഇന്ദുലേഖയെപ്പറ്റി ചന്തുമേനോന്‍ അര്‍പ്പിച്ച ചുമതലയുടെ സൂചകം കൂടിയായിരുന്നു ആ നോവല്‍.

2. സമകാല മലയാള സാഹിത്യം
(എഡിറ്റര്‍. ഡോ.എന്‍.സാം കറന്റ് ബുക്‌സ്)

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യം വരെയുള്ള മലയാളസാഹിത്യ ചരിത്രമായിരുന്നു ഡോ. കെ.എം. ജോര്‍ജ്ജിന്റേത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ദശകത്തെപ്പറ്റി അദ്ദേഹത്തിന്റെ ജന്മശതാബ്ദി വേളയില്‍ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും ചേര്‍ന്നൊരുക്കിയതാണ് ഈ ഗ്രന്ഥം.
ഉത്തരാധുനിക മലയാള നോവലിന്റെ സവിശേഷതകള്‍ ഡോ.പി.കെ. രാജശേഖരന്‍ വിലയിരുത്തുന്നുതു ശ്രദ്ധിക്കുക.
“കഥ പറച്ചില്‍ ഇതിവൃത്തം, ആഖ്യാന ഘടന, ആഖ്യാന സ്ഥാനം, സ്ഥലകാലങ്ങള്‍ തുടങ്ങിയവയിലുള്ള വിഛേദങ്ങളാണ് മലയാള നോവലിലെ ഓരോ ഘട്ടത്തിനും വഴിയൊരുക്കിയത്. ഒന്നാം ഘട്ടം യൂറോപ്യന്‍ ആഖ്യാന മാതൃകകളും ദേശീയതാ സങ്കല്പങ്ങളും പിന്തുടര്‍ന്നിരുന്നു… അര നൂറ്റാണ്ടിലധികം പ്രബലമായി നിന്നിരുന്ന ആ മാതൃകയില്‍ നിന്നും ഇതിവൃത്തപരമായും ആഖ്യാനപരമായും സ്വയം വിഛേദിക്കാനുള്ള ശ്രമമായിരുന്നു 1940 കളിലെ യാഥാര്‍ത്ഥ്യം. പിന്നീടുള്ള ദശകങ്ങളില്‍ പ്രബലമായി നിന്ന യഥാര്‍തഥ നോവല്‍ മാതൃകയെ 1960 കളിലെ ആധുനികത തിരസ്‌കരിക്കാന്‍ ശ്രമിച്ചു. മലയാള നോവലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ വിഛേദഘട്ടങ്ങള്‍ സൃഷ്ടിച്ച ആഖ്യാനമാതൃകകളെയും ഇതിവൃത്തസങ്കല്പങ്ങളുടെയും പൂര്‍ണ്ണമായ ലംഘനമാണ് 1990-കളോടെ പ്രത്യക്ഷപ്പെട്ട ഉത്തരാധുനിക ഘട്ടം. സമകാലിക നോവല്‍ കടന്നു പോകുന്നത് ഈ ഘട്ടത്തിലൂടെയാണ്.

സാമൂഹിക യാഥാര്‍ത്ഥ്യത്തെ പ്രതിനിധാനം ചെയ്യുന്ന ഭാവനാത്മക സൃഷ്ടിയെന്ന നിലയിലും, ഗ്രന്ഥകാരന്റെ ദാര്‍ശനിക വീക്ഷണങ്ങള്‍ പ്രക്ഷേപിക്കാനുള്ള വാഹനമെന്ന നിലയിലും നോവലിനെ ഉപയോഗിക്കുകയായിരുന്നു യഥാര്‍ത്ഥ ആധുനികതാപാരമ്പര്യങ്ങള്‍…
നോവലിന്റെ ആ സ്ഥാനം നിഷേധിക്കാനാണ് ഉത്തരാവധുനിക നോവലിസ്റ്റുകള്‍ ശ്രമിച്ചത്.

യാഥാര്‍ത്ഥ്യത്തിന്റെ വസ്തുനിഷ്ഠപ്രതിനിധാനമായാലും യാഥാര്‍ത്ഥ്യത്തെപ്പറ്റി പുതിയൊരു ജ്ഞാനമാതൃക അവതരിപ്പിച്ച ആധുനിക നോവലിലായാലും നോവലിസ്റ്റിന്റെ ലോകവീക്ഷണം അവയില്‍ അര്‍ത്ഥകേന്ദ്രമായി. ഉത്തരാധുനികനോവല്‍ റദ്ദാക്കിയത്  ആ ലോകവീക്ഷണവും ഗ്രന്ധകാരവീക്ഷണവും ജ്ഞാനമാതൃകയുമാണ്. പുരോഗമാത്മകവും സാമൂഹിക യാഥാര്‍ത്ഥ്യത്തെ പ്രതിനിധാനം ചെയ്യാതെയും ഗ്രന്ധകാരന്റെ ദാര്‍ശനിക വീക്ഷണം പകര്‍ന്നു നല്‍കാതെയും സൃഷ്ടിക്കുന്ന ഉത്തരാധുനിക നോവലുകളുടെ ലക്ഷ്യം പിന്നെയെന്താണ്? നിരൂപകര്‍ അവയെ എങ്ങിനെ വിലയിരുത്തും?

3. നോവല്‍ വായനകള്‍. 
വി.സി.ശ്രീജന്‍ (ഡി.സി.ബുക്‌സ്) 

മേല്‍പറഞ്ഞ ചോദ്യങ്ങളുടെ ഭാഗികമായ ഉത്തരങ്ങള്‍ ശ്രീജന്‍ നല്‍കുന്നതിങ്ങനെ. 
“ മുഖ്യമായും രണ്ടു വിശകലനരീതികളാണ് മലയാള സാഹിത്യവിമര്‍ശനത്തില്‍ സ്വീകരിച്ചു കണ്ടിട്ടുള്ളത്…. റിയലിസം, മോഡേണിസം, പോസ്റ്റ് മോഡേണിസം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ ലക്ഷണങ്ങള്‍ ഒരു കൃതിയില്‍ എത്രത്തോളം കാണുന്നു എന്നു നോക്കി അതിനെ ഏതെങ്കിലുമൊരു പ്രസ്ഥാനനിരൂപണത്തില്‍ ഉള്‍പ്പെടുത്തുന്ന പ്രസ്ഥാനനിരൂപണം ആണ് ഒന്ന്. ചരിത്രം ധനശാസ്ത്രം, ഭാഷാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ സിദ്ധാന്തങ്ങള്‍ ഉപയോഗിച്ചു കൃതിയെ വിശകലനം ചെയ്യുന്ന സൈദ്ധാന്തിക നിരൂപണം രണ്ടാമത്തേതും. ഇവ രണ്ടും പാശ്ചാത്യരില്‍ നിന്നും കടം കൊണ്ടിട്ടുള്ളവയാണ്്. പ്രസ്ഥാനനിരൂപണത്തിന്റെയും സൈദ്ധാന്തിക നിരൂപണത്തിന്റെയും പ്രധാന പരിമിതി കൃതിയുടെ സാമാന്യമായ വശങ്ങളില്‍ മാത്രമേ അവ ശ്രദ്ധിക്കുന്നുള്ളൂ എന്നതാണ്. പ്രസ്ഥാനങ്ങളെയും സിദ്ധാന്തങ്ങളെയും പഠനാരംഭത്തില്‍ തന്നെ സംശയിക്കുകയും വിമര്‍ശിക്കുകയും ചെയ്താലെ സ്വതന്ത്രമായ അന്വേഷണം സാദ്ധ്യമാവൂ”

അപ്പോള്‍ പ്രസ്ഥാനങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും വഴങ്ങാതെ എഴുതുവാന്‍ തങ്ങളെ അനുവദിക്കണമെന്നു വാദിക്കുന്ന ചിലര്‍ ഉത്തരാധുനികരിലുണ്ടെന്നും വ്യക്തം. അവരുടെ സാമൂഹ്യപ്രതിബദ്ധതയും പരമ്പരാഗതരീതിയില്‍ നിന്നും വിട്ടുനില്‍ക്കും. മുകുന്ദന്റെ 'ആദിത്യനും രാധയും മറ്റുചിലരും', ആനന്ദിന്റെ 'ആള്‍ക്കൂട്ടം', ടി.വി.കൊച്ചുബാവയുടെ 'വൃദ്ധസദനം', സാറോ ജോസഫിന്റെ 'ആലാഹയുടെ പെണ്‍മക്കള്‍', ബന്യാമിന്റെ 'ആടുജീവിതം', സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരാമുഖം' തുടങ്ങിയ ഉത്തരാധുനിക നോവലുകളില്‍ സാഹിത്യകാരന്റെ പ്രതിബദ്ധത ഭിന്നരൂപത്തിലാണെന്നു കാണാം.

'രണ്ടിടങ്ങഴി' പോലൊരു നോവലോ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' പോലൊരു നാടകമോ, 'വാഴക്കുല' പോലൊരു കവിതയോ സോദേശസാഹിത്യമെന്ന ലക്ഷ്യത്തോടെ ഉത്തരാധുനികര്‍ എഴുതാനിടയില്ല.

4. സൃഷ്ടിയും സ്രഷ്ടാവും. 
(എസ്.ഗുപ്തന്‍നായര്‍)

ഗുപ്തന്‍നായര്‍ സാര്‍ ഈ വിഷയം സ്വതസിദ്ധമായ ശൈലിയില്‍ കൈകാര്യം ചെയ്യുന്നതു ശ്രദ്ധിക്കുക.
“ധര്‍മ്മബോധം തന്നെ പ്രതിജ്ഞാബദ്ധത”
“കമിറ്റ്‌മെന്റ്” എന്ന വാക്കിനു സമാനമായിട്ടാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. ഫ്രാന്‍സില്‍ നിന്നാണ് ഈ പ്രസ്ഥാനത്തിന്റെ പിറവി. Literature of Engagement എന്നര്‍ത്ഥം.
നാത്സി അധിനിവേശത്തിന്റെയും തുടര്‍ന്നുണ്ടായ കഠിനമായ പീഢാനുഭവങ്ങളുടെയും സമ്മര്‍ദ്ധത്തിലാണ് ഫ്രാന്‍സിലെ എഴുത്തുകാര്‍ പ്രതിജ്ഞാബദ്ധരാകണമെന്ന ആഹ്വാനം അവിടെ മുഴങ്ങിയത്. 1940നുശേഷമുള്ള ദശകത്തില്‍ ഫ്രാന്‍സില്‍ സംഭവിച്ച ഈ മാറ്റം യൂറോപ്യന്‍ സാഹിത്യത്തില്‍ തുടര്‍ന്നു ഇന്ത്യയിലും. സാഹിത്യകാരനെ ആവുന്നത്ര ദൃഢമായി രാഷ്ട്രീയത്താല്‍ ബന്ധിച്ചിടുന്നതിനുള്ള ആഹ്വാനമായിരുന്നു ഇത് എന്ന കാര്യം മറച്ചുവെയ്‌ക്കേണ്ടതില്ല…
അല്പായുസ്സായിരുന്നെങ്കിലും “കല കലയ്ക്കുവേണ്ടി എന്ന വികടമായ വാദം ഉദ്ഭവിച്ചത് അമിതാവേശം കൊണ്ട് മേല്‍പറഞ്ഞ പ്രതിജ്ഞാബദ്ധതയ്ക്കുള്ള വെല്ലുവിളിയായിട്ടായിരുന്നു….” 

ഗുപ്തന്‍നായര്‍ സാര്‍ തുടരുന്നു “സാഹിത്യകാരനാകട്ടെ വാസനാവിശേഷംകൊണ്ടു തന്നെ വിയോജനസ്വഭാവക്കാരനാണ്. അയാള്‍ക്കു പാര്‍ട്ടി യാഥാര്‍ത്ഥ്യങ്ങളേക്കാള്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളോടാണ് കൂറ്. പ്രതിജ്ഞാബദ്ധതയെപ്പറ്റി ഏറ്റവും ആവേശപൂര്‍വ്വം സംസാരിച്ച സ്വാര്‍ത്രിനു പോലും പാര്‍ട്ടിയെ സംബന്ധിച്ചു ഒരേ നിലപാടില്‍ അവസാനം വരെ നില്‍ക്കാന്‍ കഴിഞ്ഞില്ല….സ്വാര്‍ത്രിന്റെ ദര്‍ശനത്തെപ്പറ്റിയുള്ള പഠനം ഇങ്ങനെ:

“എല്ലാ എഴുത്തുകാരും ആവശ്യം അംഗീകരിക്കേണ്ട അനുല്ലംഘ്യമായ ഒരു ആജ്ഞയായി പ്രതിബദ്ധത ഇപ്പോള്‍ കണക്കാക്കപ്പെടുന്നില്ല. സാഹിത്യത്തിനു കൂടുതല്‍ അവബോധവും സ്പഷ്ടതയും നല്‍കുന്ന സാഹിത്യത്തിനു കൂടുതല്‍ അവബോധവും സ്പഷ്ടതയും നല്‍കുന്ന ഒരു ഗുണവിശേഷമായി മാത്രമാണ് അത് ഇന്ന് അംഗീകരിക്കപ്പെടുന്നത്. ചുരുക്കമിതാണ്, സാഹിത്യത്തിലെ പ്രതിജ്ഞാബദ്ധതയെന്നു പറയുന്നതിനെ രാഷ്ട്രീയമെന്നോ സാമൂഹികമെന്നോ വൈയക്തികമെന്നോ ഒരുക്കി കെട്ടാതിരിക്കുക. ഇവയെല്ലാമുള്‍ക്കൊള്ളുന്ന വിശാലമായ ഒരു പ്രതിജ്ഞാബദ്ധതയുണ്ട്. അതിന്റെ പേര് ധര്‍മ്മബോധമെന്നാണ്. Moral commitment.”

തുടരും…..
സാമൂഹിക പ്രതിബദ്ധത: ലാനയില്‍ പറഞ്ഞതും വിമര്‍ശകര്‍ കേട്ടതും-1 (ഡോ. എം. വി. പിള്ള)
Join WhatsApp News
Mohan Parakovil 2015-11-18 10:42:37
ഇവിടത്തെ മാധ്യമങ്ങളിൽ നിന്ന് ഒരു കാര്യം മനസിലാകുന്നു
 അമേരിക്കാൻ മലയാളി എഴുത്തുകാരന്റെ
സാമൂഹ്യ പ്രതിബദ്ധത  അവന്റെ വിവിധ
പോസിലുള്ള പടങ്ങൾ പ്രസിദ്ധീകരിക്കുക
എന്നാണു. അല്ലെന്നു കരുതുന്നവർ പ്രതികരിക്കുക
തെളിവു സഹിതം
മോഹൻ പാറകോവിൽ
observer1 2015-11-18 13:27:41
തലക്കെട്ട്‌ കാണുമ്പോഴേ കമന്റ്‌ എഴുതി ആക്ഷേപിക്കാൻ നിൽക്കുന്ന കോമരങ്ങളോട് വേദം ഓതിയിട്ട് എന്ത് കാര്യം?കഷ്ട്ടപ്പെട്ടു പഠിച്ച് എഴുതുന്ന ലേഖനങ്ങൾ ഒന്ന് വായിക്കാൻ ആർക്കു നേരം? പന്നികളുടെ മുന്നിൽ മുത്ത്‌ വാരി വിതറുന്നതുപോലെയുള്ള പാഴ്വേലയാണത്.ലാന സമ്മേളനത്തിൽ ഒരാൾ അങ്ങനെ പറഞ്ഞു ഒരാൾ ഇങ്ങിനെ പറഞ്ഞു എന്ന രീതിയിൽ വിമർശിക്കുന്നവർ മറുപടി അർഹിക്കുന്നില്ല.മാത്രമല്ല,എഴുതുന്നതൊന്നും ഈ കമന്റ്‌ തൊഴിലാളികൾ വായിക്കാറില്ല എന്നതാണ് സത്യം.
വിദ്യാധരൻ 2015-11-18 13:54:03
ആദ്യമായി ലേഖകനോട് ഒരപേക്ഷയുണ്ട്.  ലേഖനത്തിന്റെ തലകെട്ട് 'ലാനയിൽ പറഞ്ഞതും വിമർശകർ കേട്ടതും' എന്നത് 'ലാനയിൽ പറഞ്ഞതും  ആതിഥേയർ പറഞ്ഞു പരത്തിയതും' എന്നാക്കണം.  കാരണം താങ്കളുടെ പ്രഭാഷണത്തെക്കുറിച്ച് ദൃക് സാക്ഷി വിവരണംപോലെ റിപ്പോർട്ട്‌ തയ്യാറാക്കി വിട്ടവർ, ഒന്നുകിൽ പറഞ്ഞത് മുഴുവൻ കേട്ടില്ല അല്ലെങ്കിൽ പറഞ്ഞത് മനസ്സിലായി കാണില്ല.  സാമൂഹ്യ പ്രതിബദ്ധതയുടെ ഭാണ്ഡം ചുമക്കണ്ട ചുമതല എഴുത്തുകാരനില്ല എന്ന് നിങ്ങളും ബനിയാമും പറഞ്ഞതായിട്ടാണ് എഴുതി പിടിപ്പിച്ചു വിട്ടത്. ഒരു പക്ഷെ നിങ്ങൾ ചോതിച്ചത്  'അരിയെത്ര എന്നായിരിക്കും എഴുതി വിട്ടവർ കേട്ടത് പയറഞ്ഞാഴി എന്നായിരിക്കും '. എന്തായാലും ഞാൻ അവിടെയില്ലായിരുന്നെങ്കിലും,  പാരംമ്പര്യങ്ങളുടേയും , പ്രതാപങ്ങളുടേയും ലാഞ്ചന ഏല്ക്കാത്ത   താങ്കളുടെ ഭാഷാ സ്നേഹത്തിൽ അധിഷ്ടിതമായ സാഹിത്യ  പ്രസംഗങ്ങൾ ഇതിനു മുൻപ് കേട്ടിട്ടുള്ളത് കൊണ്ടും, ഈ മലയാളിയിൽ കണ്ട വാർത്ത സംശയത്തോടെയും ഖേദത്തോടയുമാണ് ണ് വായിച്ചത്.  അമേരിക്കയിലെ ഒരു നല്ല ശതമാനം എഴുത്തുകാർക്കും എങ്ങനെയെങ്കിലും പ്രശസ്തി നേടണം എന്നല്ലാതെ മറ്റൊന്നും ഇല്ല. പ്രശസ്തിക്കു വേണ്ടി അവർ എന്തും ചെയ്യും.  എന്തായാലും ഈ ലേഖനത്തിലൂടെ താങ്കളെക്കുറിച്ച് ആതിഥേയർ പറഞ്ഞു പരത്തിയ തെറ്റായ വിവരങ്ങൾ തിരുത്താൻ നടത്തുന്ന ശ്രമം അഭിനന്ദനീയമാണ് 
പടം പാപ്പച്ചൻ 2015-11-18 14:13:54
എല്ലാവരേം നേരിട്ട് കണ്ട് പ്രതിബദ്ധത പുലർത്താൻ പറ്റില്ലല്ലോ അതുകൊണ്ടാണ് അടിയ്ക്കടി പലതരത്തിൽ പോസ് ചെയുതുള്ള പടം ഇടുന്നഹ്ടു ഞാൻ ഇന്നുവരെ  56 പോസിലെ പടം എടുത്ത് ഇവിടെ പോസ്റ്റ്‌ ചെയ്യിതിട്ടുള്ളൂ  എന്നെക്കാളും കൂടുതൽ പോസിൽ പടം പോസ്റ്റ്‌ ചെയ്യതവർ ഇവിടെ വേറെയുണ്ട്. എങ്കിലും എനിക്കാണ് പേര് കിട്ടിയത് 'പടം പാപ്പച്ചനെന്ന് 

P.P.Cherian 2015-11-18 17:11:30
Respected Dr MVP This is what we expected from you .This explanation will help to shut up the mouth of ....,.,,...........Thanks
Ninan Mathullah 2015-11-19 07:01:38
Social obligation of writer is a must. At the same time as Dr. M.V. Pilla pointed out at the LANA convention, what the writer is writing is not for the sake of his social obligation but write what he sees ahead. If he sees clouds taking shape in the distant horizon, his job is to write. Whether the cloud will rain or the wind will blow it away is not for the writer to say. So the readers might see different things into his writing- some superficially and some deeper meanings. At the conference I asked Benyamin this question about his work, “Usually a writer foresees things in advance ahead of the common people (That is why people look to writers as teachers for direction). Does he see the soon to come super power that will control the whole world, and the troubles Najeeb going through in the book to mentally prepare people to the frequent wars and sufferings that it is associated with it?”. Benyamin said he is not ready to make any political forecast. So the writer’s job is to write what he sees. Readers can see different meaning into it. Benyamin’s book was banned in two countries. I saw a true Muslim there. Reading the book I got a better image of a true Muslim and his unwavering faith in God through the character Najeeb. People like Arbab take advantage of others in all cultures
സുദർശൻ 2015-11-19 10:48:43
ആധൂനികാതയുടെ വാക്താക്കളിൽ പലരും   കള്ളും കഞ്ചാവുമായി ജീവിക്കുന്ന സമയത്താണ്  ആധുനിക  കവിത കണ്ടുപിടിച്ചത്.  അമേരിക്കയിൽ എല്ലാ സുഖ സൗകര്യങ്ങൾ കൂടാതെ കള്ളും കഞ്ചാവും കൂടിയാകുമ്പോൾ ഇവരാരും ഭൂമിയിലല്ലോ? പിന്നെങ്ങനാ സാമൂഹ്യ പ്രതിബദ്ധതയുള്ള സാഹിത്യം സൃഷിട്ടിക്കുന്നത്. ലാനയുടെ സമ്മേളനത്തിൽ പ്രസംഗിച്ചവരേക്കുറിച്ച് തെറ്റായ വാർത്ത പരത്തിയതിൽ മുൻകൈ എടുത്തവർ ആരൊക്കെയാണ് എന്നറിയണംമെങ്കിൽ ഈ മലയാളിയുടെ ആർക്കൈവ് നോക്കിയാൽ മതി അപ്പോൾ അറിയാം 'വിമർശകർ കേട്ടത്' എങ്ങനെയാണെന്ന് 
കമന്റു തൊഴിലാളി 2015-11-19 14:11:52
പല എഴുത്തുകാരും എഴുതുന്നത്‌ വായിച്ചാൽ മനസിലാകില്ല പക്ഷേ ഒരു കമന്റ് തൊഴിലാളിയായ 
rEjIcE    hahahaha  എന്ന് പറഞ്ഞപ്പോൾ ഞങ്ങൾക്ക് മനസിലായി കാര്യം എന്താണെന്ന്. അതാണ്‌ കമന്റു തൊഴിലാളികളും നിങ്ങളെപ്പോലെ കണ്ണ് കാണാത്ത നിരീക്ഷകരും തമ്മിലുള്ള വ്യത്യാസം. ഇവിടെ Dr. M. V. പിള്ള ചില തെറ്റ്ധാരണകളെ ദൂരീകരിക്കാൻ ഈ ലേഖനത്തോടെ ശ്രമിക്കുകയാണ്. (ഈ തെറ്റ്ധാരണ പരത്താൻ കാരണം അദ്ദേഹത്തെ മീറ്റിങ്ങിനു ക്ഷനിച്ചവരാണെന്നുള്ള വിദ്യാധരന്റെ വാദത്തോട്‌ ഞാൻ യോചിക്കുന്നു. അവരുടെ റിപ്പോർട്ടിൽ നിന്നാണ് 'സാഹിത്യകാർന്മാർക്ക് സാമൂഹ്യ പ്രതിബദ്ധതയുടെ ആവശ്യം ഇല്ലെന്നു അദ്ദേഹം പറഞ്ഞതായി ഞാനും വായിച്ചത്)  അതാണ്‌ അതിന്റെ ശരിയായ രീതി അല്ലാതെ എഴുത്ത്കാരൻ നിരീക്ഷകനായി വന്നിരുന്നു വായനക്കാരുടെ നേരെ വിരൽ ചൂണ്ടി മിടുക്കനാകാൻ ശ്രമിക്കുകയല്ല വേണ്ടത്.  'അവസര രഹിത വാണി ഗുണഗണ ന ശോഭിതെ പുംസ" . അവസര രഹിതമായ വാക്കുകൾ എത്ര ഗുണം ഉള്ളെതെങ്കിലും അത് ഒരിക്കലും ശോഭിക്കില്ല 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക