Image

തോട്ടം തൊഴിലാളി സമരം: പി.എല്‍.സി യോഗത്തില്‍ തീരുമാനമായില്ല

Published on 05 October, 2015
തോട്ടം തൊഴിലാളി സമരം: പി.എല്‍.സി യോഗത്തില്‍ തീരുമാനമായില്ല
തിരുവനന്തപുരം: തോട്ടം തൊഴിലാളി സമരം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്‌ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റി (പി.എല്‍.സി) യോഗം മണിക്കൂറുകള്‍ നീണ്ടെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. സാമ്പത്തികപ്രതിസന്ധികാരണം വിട്ടുവീഴ്ചക്ക് തയാറല്‌ളെന്ന് തോട്ടമുടമകളും കൂലി വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്‌ളെന്ന് തൊഴിലാളികളും നിലപാടെടുത്തതോടെയാണിത്.
പ്രശ്‌നപരിഹാരത്തിന് ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേരും. 232 രൂപയെന്ന തുച്ഛമായ കൂലി അംഗീകരിക്കാനാകില്‌ളെന്ന നിലപാട് തൊഴിലാളി യൂനിയനുകള്‍ ആവര്‍ത്തിച്ചു. എന്നാല്‍, പരമാവധി 25 രൂപയുടെ വര്‍ധന മാത്രമേ അംഗീകരിക്കാനാവൂവെന്ന് തോട്ടമുടമകള്‍ വ്യക്തമാക്കി. ഇതിന് 10 കിലോ കൊളുന്ത് അധികം നുള്ളണം. 25 രൂപയുടെ വര്‍ധന പ്രാബല്യത്തില്‍ വരുമ്പോള്‍ 16 രൂപ പ്‌ളക്കിങ് ചാര്‍ജും 40 ശതമാനം സ്റ്റാറ്റിയൂട്ടറി ബെനഫിറ്റും തൊഴിലാളികള്‍ക്ക് അധികമായി ലഭിക്കും. അങ്ങനെവരുമ്പോള്‍ ആകെ 395 രൂപയാകും തൊഴിലാളിക്ക് ലഭിക്കുക. 10 കിലോ അധികം നുള്ളുമ്പോള്‍ ജോലിഭാരം വര്‍ധിക്കില്‌ളെന്നും തോട്ടമുടമകള്‍ പറഞ്ഞു.
എന്നാല്‍, 500 രൂപയില്‍ കുറഞ്ഞ തുകക്ക് സമവായം സാധ്യമല്‌ളെന്ന് തൊഴിലാളികള്‍ നിലപാടെടുത്തതോടെ ചര്‍ച്ച വഴിമുട്ടി. മന്ത്രിമാരായ ഷിബു ബേബിജോണ്‍, ആര്യാടന്‍ മുഹമ്മദ് എന്നിവരുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച രാവിലെ 11ന് ആരംഭിച്ച യോഗം ഉച്ചക്ക് ഒരുമണിയോടെ തീരുമാനമെടുക്കാതെ പിരിഞ്ഞു. വൈകീട്ട് മൂന്നിന് നടന്ന രണ്ടാംഘട്ട ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുത്തു. ഇതിനിടെ, നിരവധി തവണ മുഖ്യമന്ത്രിയുടെ ഓഫിസുമായി ഷിബു ബേബിജോണ്‍ ബന്ധപ്പെട്ടു. വൈകീട്ട് 6.30 ഓടെ മുഖ്യമന്ത്രി നേരിട്ടത്തെി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. തോട്ടം മേഖല നിലനില്‍ക്കുന്നതിനോടൊപ്പം തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കണമെന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. ഇതിന് തോട്ടം മേഖലയിലെ നികുതികള്‍ കുറക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും അതിലേക്ക് ചര്‍ച്ച കടന്നില്ല. നികുതിയിളവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പി.എല്‍.എസി ചട്ടപ്രകാരം മന്ത്രിസഭ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ച മന്ത്രിസഭായോഗം ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും അതിനുശേഷമാകും പി.എല്‍.സി ചേരുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ഇനി സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടാകട്ടെയെന്നും അറിയിച്ചാണ് തൊഴിലാളികള്‍ മടങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക