Image

ഗാന്ധിജിക്കൊരു പിറന്നാള്‍ സമ്മാനം! - ജെ.മാത്യൂസ്

ജെ.മാത്യൂസ് Published on 02 October, 2015
ഗാന്ധിജിക്കൊരു പിറന്നാള്‍ സമ്മാനം! - ജെ.മാത്യൂസ്
മാഹത്മാവേ!
139-ാം പിറന്നാളില്‍ അങ്ങേയ്‌ക്കൊരപൂര്‍വ സമ്മാനം. അങ്ങയുടെ അഹിംസാ സിദ്ധാന്തം ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. ഒക്ടോബര്‍ രണ്ട്- അങ്ങയുടെ ജന്മദിനം- അന്താരാഷ്ട്ര അഹിംസാദിനമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു! പ്രവാചകന്മാര്‍ ഒട്ടേറെയുണ്ട്, ഇന്ന് അഹിംസയ്ക്ക്, പ്രബല രാഷ്ട്രങ്ങളും ആയുധശക്തികളും, അഹിംസാദിന പ്രചാരണത്തിന്റെ മുഖ്യചുമതല സ്വയം ഏറ്റെടുത്തിരിക്കുന്നു. അഭിമാനകരമായ ഒരു ലോകാംഗീകാരം, അങ്ങേയ്ക്കും ഇന്ത്യയ്ക്കും!

ഈ സുദിനത്തില്‍ അങ്ങയുടെ മുഖം എന്തേ വാടിയിരിക്കുന്നു? ഹിന്ദു- മുസ്ലീം മതഭ്രാന്ത് ശവപ്പറമ്പാക്കിയ നൗഖലിയില്‍, കലാപം കത്തിനിന്നിരുന്ന ഉത്തരേന്ത്യന്‍ തെരുവീഥികളില്‍, ഭാഗം വയ്ക്കപ്പെട്ട ഭാരതത്തിന്റെ നിണമണിഞ്ഞ വിഭജന രേഖകളില്‍, ചോരപ്പുഴയില്‍ ചുവന്നു കലങ്ങിയ സിന്ധു-ഗംഗാ തീരങ്ങളില്‍, ധീരതയോടെ അങ്ങു പദയാത്ര നടത്തി. രക്ഷാ കവചമായി അങ്ങേയ്ക്കുണ്ടായിരുന്നു- നഗ്നത മറയ്ക്കാന്‍ അരയില്‍ ചുറ്റിയ ഒറ്റമുണ്ട്!
ആ ഭീകരരംഗങ്ങളില്‍ അങ്ങ് ഒട്ടും പതറിയിരുന്നില്ല. എന്നാല്‍, ഇന്നെന്തേ, അന്താരാഷ്ട്ര അഹിംസാദിനത്തില്‍ അങ്ങ് അസ്വസ്ഥനാകുന്നു?

അങ്ങയുടെ ആത്മാവു മന്ത്രിക്കുന്നുണ്ടാവും.
'അഹിംസ-
ഒരു ജീവിതക്രമമാണ്
ചിന്തയിലും വചനത്തിലും കര്‍മ്മത്തിലും നിറഞ്ഞുനില്‍ക്കുന്ന മനുഷ്യസ്‌നേഹമാണ്,
പ്രസംഗിച്ചു പ്രചരിപ്പിക്കാവുന്ന പ്രമാണമല്ല.
ഭീരുക്കളുടെ മാര്‍ഗമല്ല, ധീരന്മാരുടെ ആയുധമാണ്.
ഭീഷണിക്കൊരിക്കലും വഴങ്ങാറില്ല.
സത്യത്തിലേക്കുള്ള മാര്‍ഗമാണ്.

മാരകായുധങ്ങള്‍ ഒരുക്കി, കരുതിവയ്ക്കുന്നവര്‍ക്കെങ്ങനെ അഹിംസ ഉള്‍ക്കൊള്ളാനാകും? ആയുധങ്ങള്‍ വില്‍ക്കുന്നതും വാങ്ങുന്നതും ഹിംസയാണ്. നിസ്സഹായരായ മനുഷ്യരുടെ നേരെ നിറതോക്കൊഴിക്കാന്‍ വെടിവെപ്പു തൊഴിലാളികളെ കൂലിക്കെടുക്കുന്ന ആയുധശക്തികള്‍ക്ക് അഹിംസാസിദ്ധാന്തം പ്രചരിപ്പിക്കാന്‍ എന്താണര്‍ഹത! നാലുപാടും തീയുണ്ടകള്‍ ചീറ്റിക്കൊണ്ടിരിക്കുന്ന യന്ത്രത്തോക്കുകളില്‍ 'അഹിംസ' എന്ന പദം സ്വര്‍ണലിപികളില്‍ മുദ്രണം ചെയ്താല്‍ ഹിംസ അഹിംസയാകുമോ?

'സമാധാനം തോക്കിന്‍ കുഴലുകളിലൂടെയെങ്കില്‍ ശേഷിക്കുന്നത് കുറേ തോക്കില്‍ കുഴലുകളും ശവശരീരങ്ങളുമായിരിക്കും. 'കണ്ണിനു കണ്ണ്' എന്ന പ്രമാണം മനുഷ്യരെ മുഴുവന്‍ അന്ധരാക്കും. ആരെയെങ്കിലും ഹിംസിക്കുന്നത് കൂടുതല്‍ ഹിംസയൊഴിവാക്കാന്‍ എന്ന വാദം ഏതു ഹിംസയും അഹിംസക്കുവേണ്ടി എന്ന ന്യായീകരണത്തിലെത്തുന്നു. ഭീരുത്വമാണിതിന്റെ പ്രേരകശക്തി, സ്വാര്‍ത്ഥതയാണിതിന്റെ അടിസ്ഥാനം. ഇവിടെ ഹിംസ ജയിക്കുന്നു. അഹിംസ തോല്‍ക്കുന്നു. അര്‍ഹതയില്ലാത്തവര്‍ അഹിംസയുടെ പ്രചാരകമാകുന്നത് കാപട്യമാണ്. 

അത് ആത്മവഞ്ചനയാണ്.....'
മഹാത്മാവേ, അപഹാസ്യമായ ഒരു വൈരുധ്യം അങ്ങു നിരീക്ഷിച്ചിട്ടുണ്ടാകും. അന്താരാഷ്ട്ര അഹിംസാദിനം ആചരിച്ചപ്പോള്‍ യു.എന്‍. മന്ദിരം കനത്ത പോലീസ് വയലത്തിലായിരുന്നു. മൈലുകള്‍ക്ക് അകലെവച്ചുതന്നെ യാത്രക്കാരെ നാലുപാടും വഴിമാറ്റി വിട്ടു. മുകളില്‍ നിരീക്ഷണവിമാനങ്ങള്‍ നിരന്തരം പറന്നു കൊണ്ടിരുന്നു. ആയിരക്കണക്കിനു ആയുധധാരികളുടെ സജീവസാന്നിധ്യം വേണ്ടിവന്നു ലോകനേതാക്കള്‍ക്ക് അഹിംസ പ്രസംഗിക്കുവാന്‍. ഉള്ളില്‍ നിറഞ്ഞ ഭയം അവര്‍ ആയുധ സംരക്ഷണത്തിലൊളിച്ചുവച്ചു. 'ഗാന്ധി' എന്ന പേരെങ്കിലും ഉച്ചരിക്കാന്‍ അവരെത്രയോ വളരേണ്ടിയിരിക്കുന്നു! 

ഇനി, അഹിംസ ഒരു വില്പനച്ചരക്കാവും. പല രൂപത്തില്‍ അത് ആഗോളകമ്പോളത്തില്‍ വിലയ്ക്കുവാങ്ങാം. ലാഭം കിട്ടുമെങ്കില്‍ എന്തും വില്‍ക്കാമല്ലോ. ഇനിയും ഒന്നേ അറിയേണ്ടതുള്ളൂ.... ശാന്തമായൊഴുകുന്ന സബര്‍മതിയുടെ തീരത്ത്, അഹിംസയിലൂടെ മനുഷ്യ സ്‌നേഹം വിളംബരം ചെയ്യുന്ന ഒരാശ്രമമുണ്ട്; ആയിരങ്ങള്‍ അനുദിനം സത്യാന്വേഷണത്തിനു വന്നെത്തുന്ന മഹാത്മജിയുടെ ആശ്രമം. അതിന്റെ അവകാശകുത്തക(patent) ആഗോളശക്തികളില്‍ ആര്‍ക്കും നല്‍കപ്പെടും!

ഗാന്ധിജിക്കൊരു പിറന്നാള്‍ സമ്മാനം! - ജെ.മാത്യൂസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക