Image

പുഷ്‌പരഥങ്ങള്‍ നിറഞ്ഞ മലമ്പുഴ-1 (പ്രകൃതിയുടെ നിഴലുകള്‍ തേടി -79:ജോര്‍ജ്‌ തുമ്പയില്‍)

Published on 05 September, 2015
പുഷ്‌പരഥങ്ങള്‍ നിറഞ്ഞ മലമ്പുഴ-1 (പ്രകൃതിയുടെ നിഴലുകള്‍ തേടി -79:ജോര്‍ജ്‌ തുമ്പയില്‍)
`പുഷ്‌പരഥമേറി വന്ന മുഗ്‌ധനായികേ,
പുഷ്യരാഗ കല്‍പ്പടവില്‍ രാഗിണിയായി നീ വരില്ലേ...' മലമ്പുഴ ഉദ്യാനത്തെക്കുറിച്ചോര്‍ത്തപ്പോള്‍ തന്നെ അറിയാതെ ചുണ്ടില്‍ വന്നു പോയി, ഈ ഗാനം. അപ്പോള്‍ പിന്നെ, മലമ്പുഴ അണക്കെട്ട്‌ കാണാതെ പാലക്കാടന്‍ ജില്ല വിടാന്‍ പറ്റുമോ? പ്രകൃതിയും മനുഷ്യനും സമരസപ്പെട്ട്‌ കാഴ്‌ചയുടെ ചേതോഹരങ്ങളായ ദൃശ്യങ്ങള്‍ സമ്മാനിക്കുന്ന കേരളത്തിലെ അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണ്‌ മലമ്പുഴ. പാലക്കാട്‌ പട്ടണത്തില്‍ നിന്നും വെറും എട്ടു കിലോമീറ്റര്‍ മാത്രമേ ഇവിടേക്കുള്ളു. ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്ക്‌ ഒലവക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയാലും മതി. ഇവിടെ നിന്ന്‌ വെറും നാലു കിലോമീറ്റര്‍ മാത്രമേ മലമ്പുഴയിലേക്കുള്ളു. മലമ്പുഴ ശരിക്കും ഒരു ഗ്രാമീണ പ്രദേശമാണ്‌. ഇവിടെ അണക്കെട്ട്‌ നിര്‍മ്മിക്കുകയും അതിനെ ചുറ്റിപ്പറ്റി ഒരു ടൂറിസ്റ്റ്‌ ഡെസ്റ്റിനേഷന്‍ ഒരുക്കുകയും ചെയ്‌ത മനുഷ്യബുദ്ധിയെ അഭിനന്ദിക്കുക തന്നെ വേണം. കാരണം, കേരളത്തില്‍ എത്രയോ ഡാമുകളുണ്ട്‌. അവിടെയൊന്നും ഇല്ലാത്ത വികസനവും സംരക്ഷണവുമൊക്കെ മലമ്പുഴയില്‍ കാണാം. അണക്കെട്ട്‌ എന്നതിനുപുരി ഒരു ഉദ്യാനം എന്ന നിലയിലാണ്‌ ഇപ്പോള്‍ ഇവിടെ ശ്രദ്ധ നേടിയിരിക്കുന്നത്‌.

അതു കൊണ്ടു തന്നെ, `കേരളത്തിന്റെ വൃന്ദാവനം' എന്നാണ്‌ മലമ്പുഴ ഉദ്യാനം അറിയപ്പെടുന്നത്‌. നിബിഡവനങ്ങള്‍ നിറഞ്ഞ മലകളും, മലമ്പുഴ അണക്കെട്ടിലേക്കു വന്നുചേരുന്ന നദികളും നിറഞ്ഞ പശ്ചാത്തലം എത്ര നേരം നോക്കി നിന്നു കണ്ടാലും മതിവരില്ല. പച്ചപ്പിന്റെ അക്ഷയസമൃദ്ധിയാണ്‌ ഇവിടെയെങ്ങും. പ്രകൃതിയെ ധ്യാനിക്കുന്നവര്‍ക്ക്‌ ഇവിടം ഒരിക്കലും മടുക്കുകയേയില്ല. ഈ പച്ചപ്പിനെ കെട്ടിപ്പിടിച്ചു കൊണ്ടാണ്‌ പുതിയ നിര്‍മ്മിതികളൊക്കെയും. മലമ്പുഴയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കെല്ലാം തന്നെ കാഴ്‌ചകളുടെ പൂരമാണ്‌ അധികൃതര്‍ ഒരുക്കി നിര്‍ത്തിയിട്ടുള്ളത്‌. ഹൃദയം നിറയെ പുളകം വിരിയുന്ന വിധത്തില്‍ ആനന്ദം പകരുന്ന കാഴ്‌ച.

രാവിലെ പ്രഭാത ഭക്ഷണമൊക്കെ പാലക്കാട്ടു നിന്നു കഴിച്ചിട്ടാണ്‌ മലമ്പുഴയിലേക്ക്‌ വന്നത്‌. കൈയിലൊരു ചെറു ബാഗു മാത്രമേ കരുതിയിരുന്നുള്ളു. പ്രത്യേകിച്ച്‌ മനസ്സിലൊന്നും തോന്നിയിരുന്നില്ല. എന്നാല്‍, മലമ്പുഴ കണ്ടു കഴിഞ്ഞപ്പോള്‍ അതിശയം തോന്നി. പണ്ട്‌, സ്‌കൂളില്‍ നിന്നും വിനോദയാത്രയ്‌ക്കായി ഇവിടെയെത്തിയിട്ടുണ്ട്‌. അന്നു പക്ഷേ, ആസ്വദിക്കാനുള്ള ഒരു മനഃസ്ഥിതിയൊന്നുമായിരുന്നില്ല. ഇപ്പോള്‍ അങ്ങനെയല്ല, പ്രകൃതിയെ ഇറുകെ പിടിച്ചു കൊണ്ടു നടക്കാനുള്ള ധൈര്യമുണ്ട്‌. അതില്‍ സംതൃപ്‌തിയും ആവേശവുമൊക്കെയുണ്ട്‌. കാഴ്‌ചകള്‍ കണ്ടപ്പോള്‍, കേരളത്തില്‍ ഇങ്ങനെയും ഒരു സ്ഥലമോ എന്നായിരുന്നു. കേരളത്തിന്റെ ഒട്ടുമിക്ക സ്ഥലങ്ങളും കണ്ടിട്ടുള്ള സ്ഥിതിക്ക്‌ ഇത്രയ്‌ക്ക്‌ വൃത്തിയും സൗകര്യങ്ങളുമൊക്കെയുള്ള മറ്റൊരു സ്ഥലം ഉണ്ടോയെന്നു അത്ഭുതപ്പെട്ടു പോയി. മലമ്പുഴ ഡാമിലേക്ക്‌ സ്വാഗതം എന്ന ബോര്‍ഡാണ്‌ ആദ്യം തന്നെ വരവേറ്റത്‌. ദൂരെ അണക്കെട്ടിലെ ശാന്തമായ വെള്ളം. ജലം മലിനമാക്കരുതെന്നും, ഇതു കുടിവെള്ളമാണെന്നും ബോര്‍ഡ്‌ വച്ചിരിക്കുന്നു. ഇവിടെ തുടങ്ങുന്നു ജലസംരക്ഷണത്തിന്റെ ആദ്യപാഠം. മറ്റൊരിടത്തും ഇങ്ങനെയൊരു ബോര്‍ഡ്‌ കണ്ണില്‍പെട്ടിട്ടില്ല. എല്ലായിടത്തും വെള്ളം കുടിവെള്ളത്തിനായി ഉപയോഗിക്കുന്നുണ്ടെങ്കിലും അതൊക്കെയും മനുഷ്യസ്‌പര്‍ശത്താല്‍ മലിനപ്പെടുന്നുണ്ട്‌.

മലമ്പുഴയില്‍ കൃത്രിമമായി ഒരുക്കിയിരിക്കുന്ന കാഴ്‌ചസൗധങ്ങള്‍ക്കും പച്ചപ്പിന്റെ ഹരിതസൗന്ദര്യമാണുള്ളത്‌. പച്ചപ്പുനിറഞ്ഞ പുല്‍ത്തകിടികളും, എണ്ണമറ്റ വൈവിധ്യമേറിയ പുഷ്‌പങ്ങളാല്‍ നിറഞ്ഞ പൂന്തോട്ടങ്ങളും, ചെറിയകുളങ്ങളും, ഫൗണ്ടനുകളും, അതിനോടനുബന്ധിച്ചുള്ള ഇരിപ്പിടങ്ങളും, വിശ്രമസങ്കേതങ്ങളും എല്ലാം കാഴ്‌ചക്കാരന്റെ മനസ്സിന്‌ മറക്കാനാവാത്ത അനുഭൂതി പകര്‍ന്നു കൊടുക്കുന്നു. ഉയരത്തില്‍ പൊങ്ങി നിന്നു കൊണ്ട്‌ പ്രശസ്‌തമായ യക്ഷി എന്ന ശില്‍പ്പം മാടിവിളിക്കുന്നു. എന്തൊരു ഭംഗിയാണതിന്‌. സ്‌ത്രീശരീരത്തിന്റെ കാമാതുരമായ ശില്‍പ്പഭംഗിയ്‌ക്ക്‌ മുന്നില്‍ നിന്നു ചിത്രങ്ങളെടുക്കാന്‍ യുവാക്കള്‍ തിക്കിത്തിരക്കുന്നതു കണ്ടു. ശില്‌പിയായ കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച `യക്ഷി'യാണത്‌. കോട്ടയത്ത്‌ പബ്ലിക്ക്‌ ലൈബ്രറി അങ്കണത്തിലും അദ്ദേഹം മനോഹരമായ ഒരു ശില്‍പ്പം നിര്‍മ്മിച്ചിട്ടുണ്ട്‌. ഇത്തവണ നാട്ടില്‍ പോയപ്പോള്‍ അത്‌ കാണുകയും ചെയ്‌തിരുന്ന കാര്യം ഓര്‍ത്തു. സ്‌ത്രൈണതയുടെ ഏത്‌ അവസ്ഥയായാലും സ്‌ത്രീയുടെ ശരീരഭംഗിയെ സ്‌തുതിക്കാനാണ്‌ ഈ ദൃശ്യം കാണുമ്പോള്‍ തോന്നിയത്‌. പ്രകൃതിയോടു ചേര്‍ന്നു നില്‍ക്കുന്ന ഇതിന്‌ ഏതോ വലിയൊരു ആകര്‍ഷകശക്തിയുണ്ട്‌. കാനായിയെ ശരിക്കും നമിക്കാന്‍ തോന്നി പോയി.

പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ മലമ്പുഴ ജലസംഭരണിയിലെ ജലം ഓളങ്ങള്‍ ഇളക്കി മെല്ലെ ചാഞ്ചാടുന്നു. ഉദ്യാനത്തെ എത്ര പ്രകീര്‍ത്തിച്ചാലും മതിയാവില്ല. ഇതിനു മുന്നില്‍ ഊട്ടി ഗാര്‍ഡനൊക്കെ ഒരു ഗാര്‍ഡനാണോ എന്നു തോന്നി. കാരണം, ഇത്‌ പ്രകൃതി രമണീയമാണ്‌. ഓരോന്നിനും ഓരോ സൗന്ദര്യം അല്ലേ. ഞാന്‍ പൂന്തോട്ടത്തിനിടയിലൂടെ നടന്നു. നല്ല ശുദ്ധവായു. ആവോളം അതു ശ്വസിച്ചു. ശ്വാസകോശങ്ങളൊക്കെ ഉണര്‍ന്നെന്നു തോന്നി. എത്ര നടന്നിട്ടും ക്ഷീണം തെല്ലും തോന്നിയില്ല. ഉത്സാഹവും ഏതാണ്ട്‌ വര്‍ദ്ധിച്ച മട്ടുണ്ട്‌. ഈ പൂന്തോട്ടം നോക്കി നടത്തുന്നത്‌ വിനോദസഞ്ചാരവകുപ്പാണ്‌. പ്രകൃതി സുന്ദരമായ ഒരു ഉദ്യാനം എങ്ങനെ പരിപാലിക്കണമെന്ന്‌ അപ്പോള്‍ അധികൃതര്‍ക്ക്‌ അറിയാം. എന്നിട്ടാണ്‌, ഇടുക്കിയും ചെറുതോണിയും മറ്റും ഇങ്ങനെ കിടക്കുന്നത്‌.

ഞാന്‍ ഡാമിനു മുന്നിലെത്തി. നല്ല വിസ്‌തൃതിയുണ്ട്‌ ഡാമിന്‌. തെക്കേ ഇന്ത്യയിലെ ജലസേചനത്തിനായുള്ള ഏറ്റവും വലിയ ജല സംഭരണിയാണ്‌ മലമ്പുഴ അണക്കെട്ട്‌. 1955ലാണ്‌ ഇതു നിര്‍മ്മിച്ചത്‌. മലമ്പുഴയില്‍ ഒരു അണക്കെട്ട്‌ നിര്‍മ്മിക്കാം എന്ന ആശയം 1914ല്‍ മദ്രാസ്‌ സര്‍ക്കാര്‍ ആണ്‌ കൊണ്ടുവന്നത്‌. അന്ന്‌ പാലക്കാട്‌ പഴയ മദ്രാസ്‌ പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. 1949മാര്‍ച്ചില്‍ അന്നത്തെ പൊതുമരാമത്ത്‌ മന്ത്രിയായിരുന്ന കെ. ഭക്തവത്സലം അണക്കെട്ടിന്‌ തറക്കല്ലിട്ടുവെന്ന്‌ ഇവിടെ സ്ഥാപിച്ചിരിക്കുന്ന ശിലാസ്ഥാപനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. റെക്കോഡ്‌ സമയത്തില്‍ പണി പൂര്‍ത്തിയാക്കിയ ഈ അണക്കെട്ട്‌ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കാമരാജ്‌ 1955 ഒക്ടോബര്‍ 9നു ഉദ്‌ഘാടനം ചെയ്‌തു. പാലക്കാട്‌ ജില്ലയില്‍ അനുഭവപ്പെട്ടിരുന്ന രൂക്ഷമായ ജലക്ഷാമം പരിഹരിക്കുകയായിരുന്നു ലക്ഷ്യം. വ്യവസായം, വൈദ്യുതി ഉത്‌പാദനം, മത്സ്യം വളര്‍ത്തല്‍, ജല ഗതാഗതം എന്നിങ്ങനെ ഒരു വിവിധോദ്ദേശ പദ്ധതിയായി ആയിരുന്നു ഈ അണക്കെട്ട്‌ വിഭാവനം ചെയ്‌തത്‌. എന്തായാലും കേരളസംസ്ഥാനം രൂപപ്പെടുന്നതിനു മുന്‍പു തന്നെ അണക്കെട്ടിന്റെ നിര്‍മ്മാണം കഴിഞ്ഞു.

ഞാന്‍ അണക്കെട്ടിന്റെ വിദൂരതയിലേക്ക്‌ നോക്കി നിന്നു. സഞ്ചാരികള്‍ അവിടേക്ക്‌ കൂട്ടമായി വന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തി നിര്‍മ്മിച്ച ഇവിടം ശരിക്കും കേരളത്തിന്റെ പ്ലസ്‌ പോയിന്റ്‌ തന്നെയാണെന്നു തോന്നി..

പ്രധാനസ്ഥലങ്ങളില്‍ നിന്നുള്ള ദൂരം

പാലക്കാട്‌ നഗരം/ബസ്‌ സ്റ്റേഷന്‍ 8 കി.മി.
സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍ 5 കി.മീ.(ഒലവക്കോട്‌)
സമീപത്തുള്ള വിമാനത്താവളം 54 കി.മീ. (കോയമ്പത്തൂര്‍)
തൃശ്ശൂര്‍ 69 കി.മീ.
മലപ്പുറം 97 കി.മീ.
കോഴിക്കോട്‌ 147 കി.മീ.

(തുടരും)

തിരുത്ത്‌:-

പോത്തുണ്ടി ഡാമിനെക്കുറിച്ചുള്ള കുറിപ്പില്‍ ഒരു പിശക്‌ വന്നിട്ടുണ്ട്‌. കേരള ഗവര്‍ണ്ണറായിരുന്ന ഡോ.ആര്‍ രാധാകൃഷ്‌ണ റാവു 1958-ല്‍ അണക്കെട്ട്‌ ഉദ്‌ഘാടനം ചെയ്‌തുവെന്നായിരുന്നു ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നത്‌. എന്നാല്‍, കേരളത്തിന്റെ ആദ്യത്തെ ഗവര്‍ണ്ണറായിരുന്ന ബി. രാമകൃഷ്‌ണ റാവു (1956-1960) വാണ്‌ ഇത്‌ നിര്‍വഹിച്ചതെന്ന്‌ ടെക്‌സസിലെ അര്‍ലിങ്‌ടണില്‍ നിന്നും ഫിലിപ്പ്‌ ജോണ്‍സ്‌ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. തെറ്റ്‌ പറ്റിയതില്‍ ക്ഷമാപണം. വായനക്കാരന്റെ പ്രതികരണത്തിന്‌ അഭിനന്ദനങ്ങള്‍ !
പുഷ്‌പരഥങ്ങള്‍ നിറഞ്ഞ മലമ്പുഴ-1 (പ്രകൃതിയുടെ നിഴലുകള്‍ തേടി -79:ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക