Image

70 പേരുമായി സഞ്ചരിച്ച മലേഷ്യന്‍ ബോട്ടു മുങ്ങി

Published on 03 September, 2015
70 പേരുമായി സഞ്ചരിച്ച മലേഷ്യന്‍ ബോട്ടു മുങ്ങി

ക്വാലാലമ്പൂര്‍: രാജ്യത്തെ പടിഞ്ഞാറന്‍ കടല്‍ തീരത്ത് 70 പേരുമായി സഞ്ചരിച്ച ബോട്ടു മുങ്ങിയതായി മലേഷ്യന്‍ അധികൃതര്‍. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ദുരന്തം. 13 പേരെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയതായും 13 പേരുടെ മൃതദേഹം കണ്ടെടുത്തതായും എ.എഫ്.പി റിപോര്‍ട്ട് ചെയ്തു. ഇന്തോനേഷ്യയില്‍ നിന്ന് ജോലി തേടിവരുന്ന അഭയാര്‍ഥികള്‍ ആണ് ഇവരെന്ന് സംശയിക്കുന്നതായും ന്യൂസ് ഏജന്‍സി പുറത്തുവിട്ടു. 
മരത്തടി കൊണ്ട് നിര്‍മിച്ച ചെറിയ ബോട്ടാണ് അപകടത്തില്‍പെട്ടത്. എന്നാല്‍, ബോട്ടില്‍ നൂറോളം അഭയാര്‍ഥികള്‍ ഉണ്ടായിരുന്നുവെന്നും കപ്പലുകളും വിമാനങ്ങളും ഇറക്കി തിരച്ചില്‍ നടത്തിവരുന്നതായും മലേഷ്യന്‍ മാരിടൈം എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സിയുടെ പ്രാദേശിക മേധാവി മുഹമ്മദ് ഹംദാന്‍ അറിയിച്ചു. ഈ വര്‍ഷം നടന്നതില്‍ ഏറ്റവും വലിയ ബോട്ട് ദുരന്തമാണിതെന്നും അദ്ദേഹം പറഞ്ഞു.
സൗത് ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ് രാജ്യമായ മലേഷ്യയിലേക്ക് ഇന്തോനേഷ്യയില്‍ നിന്നും തൊഴില്‍ തേടി വരുന്നത് പതിവാണ്. 20 ലക്ഷത്തോളം പേര്‍ ഇങ്ങനെ അനധികൃതമായി എത്തിയിട്ടുണ്ടെന്നാണ് കണക്ക്.

സിറിയന്‍ അഭയാര്‍ഥികളുമായി സഞ്ചരിച്ച ബോട്ട് തുര്‍ക്കി തീരത്ത് മറിഞ്ഞ ദുരന്തത്തിന്‍െറ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിക്കുന്നതിനിടെയാണ് വീണ്ടുമൊരു ജല ദുരന്തം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക