Image

തിരുവോണ നീര്‍ക്കണം (കവിത: ജോര്‍ജ്‌ നടവയല്‍)

Published on 31 August, 2015
തിരുവോണ നീര്‍ക്കണം (കവിത: ജോര്‍ജ്‌ നടവയല്‍)
തിരുവോണക്കതിരേ
തിരിയെ പോകുവതെന്തേ?
പൂവുപോരാഞ്ഞാവില്ല,
പൂക്കുട പോരാഞ്ഞാവില്ല,
കസവാടകള്‍ കാണാഞ്ഞാവില്ല,
പട്ടുടുപ്പുകള്‍ കാണാഞ്ഞാവില്ല.
ആവണിക്കതിരേ
തിരിയെ പോകുവതെന്തേ?
ഊണുവിഭവങ്ങള്‍ മതിയാഞ്ഞാവില്ല.
പൂക്കളങ്ങള്‍ വിളയാഞ്ഞാവില്ല.
തിരുവാതിരത്തിളക്കം പോരാഞ്ഞാവില്ല.
ചെണ്ടമേളപ്പെരുക്കം പിഴച്ചിട്ടാവില്ല.

`ഒന്നുണ്ട്‌ കേട്ടോളൂ മലയാള മാളോരേ..'
തിരുവോണ നീര്‍ക്കണം കിനിയുന്നൂ:
വീട്ടിലെ ടിവിവിഡ്ഡിപ്പെട്ടിയില്‍
കാണാത്ത കൂത്തൊന്നുമില്ലിനി-
യോണമെന്നോമനപ്പേരില്‍;
അത്തം പത്തോണം?ബഹളം തീര്‍ത്തൂ,
ഭൂഗോളമാകെയും മാവേലിപ്പാട്ടുകള്‍ കാതടഞ്ഞു,
ചോരക്കളമിതെത്രയോ
തെരുവില്‍ ചെമ്പടയായ്‌, കാവിപ്പടയായ്‌
എത്രയോ യുവഫൂല്‌ക്കാരങ്ങള്‍
ലോറിയേറി, ക്രെയ്‌നേറി, ജേസിബീ യേറി
ന്യൂജെന്‍ ക്യാമ്പസ്സിലും ലഹരി ചീറ്റി,
രൗദ്രം കുരുതിക്കളമേറി,
മലയാളമക്കള്‍ കുടല്‍ മാലയണിയുന്നൂ.
ഭേരിക്കള്‍, ചേരികള്‍ തോറും
ഓണത്തല്ലുണ്ടല്ലോ,
ആന കടുവാപട്ടിക്കൂട്ടം വിളയാടുന്നുണ്ടല്ലോ-
തമ്മില്‍ത്തല്ലുണ്ടല്ലോ, കത്തിക്കുത്തുണ്ടല്ലോ,
ബോംബുണ്ടല്ലോ, റേപ്പുണ്ടല്ലോ,
മാദ്ധ്യമമതരാഷ്ട്രീയം
തമ്മില്‍ത്തമ്മില്‍?വിഴുപ്പലക്കുന്നുണ്ടല്ലോ,
പച്ചക്കറികളില്‍ നിറയെ രാസ നിറമുണ്ടല്ലോ,
ചുംബനം തെരുവില്‍ രാസ്സലീലയാടുന്നുണ്ടല്ലോ,
ബാലകരെ പീഡികയില്‍ പീഡിപ്പിക്കുന്നുണ്ടല്ലോ,
സ്വര്‍ണ്ണം ചുറ്റിയിറച്ചികളുണ്ടല്ലോ,
ഖദറില്‍ പൊതിഞ്ഞ? ജീവച്‌ശ്ശവങ്ങളുണ്ടല്ലോ,
ചുവപ്പണിഞ്ഞ്‌ ഗഞ്ചാവില്‍ വിപ്ലവം ചീറ്റും
ടെക്കി സഖാക്കളുണ്ടല്ലോ,
ലോകാ സമസ്‌താ സുഖി നോ ഭവന്തൂ-
വതെന്റെ താമരയിലേ വിരിയാവൂവെന്നുണ്ടല്ലോ,
ബംഗ്ലാപാണ്ഡി നാട്ടിലെ തെരുവുമക്കള്‍ക്കു
ഗള്‍ഫാം കേരളത്തെരുവോരങ്ങളില്‍
ഏടി എം തോറും ക്യൂവുണ്ടല്ലോ,
പണമകലേയ്‌ക്ക്‌ പാറുന്നുണ്ടല്ലോ,
പേപ്പട്ടിപോലെ കോലംകെട്ട മലയാളപ്പരിഷകള്‍
മദ്യശാലയെ ദേവാലയമെന്നാക്കി
നിരതെറ്റാതെ നില്‌ക്കുന്നുണ്ടല്ലോ-,
കാണം വിറ്റു പാതാളം തോണ്ടും
നിങ്ങടെ നെറികെട്ടയോണം
മലയാളദ്രോഹികളേ
നിങ്ങടെ നീചയോണം ...
**** *****
മറുനാട്ടിലെ മലയാളീ..
നീയും ചമയ്‌ക്കുന്നൂവോണം-
പെരുവയറും വളര്‍ത്തി,
പുറംപൂച്ചു പുരട്ടി
മറുനാട്ടില്‍ മലയാളീ..
നീയും ചമയ്‌ക്കുന്നൂവോണം-
നിങ്ങടെയോണങ്ങളില്‍
നാളേയ്‌ക്കെന്തേലുമുണ്ടോ?

***** *****

തിരുവോണക്കതിരേ
തിരിയെ പോകുവതെന്തേ?
പൂവുപോരാഞ്ഞാവില്ല
പൂക്കുട പോരാഞ്ഞാവില്ല
കസവാടകള്‍ കാണാഞ്ഞാവില്ല
പട്ടുടുപ്പുകള്‍ കാണാഞ്ഞാവില്ല.
ആവണിക്കതിരേ
തിരിയെ പോകുവതെന്തേ?
ഊണുവിഭവങ്ങള്‍ മതിയാഞ്ഞാവില്ല.
പൂക്കളങ്ങള്‍ വിളയാഞ്ഞാവില്ല.
തിരുവാതിരത്തിളക്കം പോരാഞ്ഞാവില്ല.
ചെണ്ടമേളപ്പെരുക്കം പിഴച്ചിട്ടാവില്ല.
`ഒന്നുണ്ട്‌ കേട്ടോളൂ മലയാള മാളോരേ..'
തിരുവോണ നീര്‍ക്കണം കനയ്‌ക്കുന്നൂ:
`അകക്കത്തിയും പുറപ്പത്തിയും
ഉറഞ്ഞാടുമീയോണം
പാഴോണമല്ലോ'
തിരുവോണ നീര്‍ക്കണം കനയ്‌ക്കുന്നൂ.
തിരുവോണ നീര്‍ക്കണം (കവിത: ജോര്‍ജ്‌ നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക