Image

മഹാനഗരത്തെ നാട്ടിന്‍പുറമാക്കി ഷിക്കാഗോയില്‍ ഗീതാമണ്ഡലത്തിന്റെ ഓണാഘോഷം

ജോയിച്ചന്‍ പുതുക്കുളം Published on 01 September, 2015
മഹാനഗരത്തെ നാട്ടിന്‍പുറമാക്കി ഷിക്കാഗോയില്‍ ഗീതാമണ്ഡലത്തിന്റെ ഓണാഘോഷം
ഷിക്കാഗോ: മഹാനഗരത്തിന്റെ മടിത്തട്ടില്‍ ഓണത്തുമ്പിയും ഓണത്തപ്പനും വിരുന്നെത്തി. പൂക്കളിറുത്ത്‌ പൂക്കളമിട്ട്‌ ഗൃഹാതുരത്വത്തിന്റെ കിളിവാതിലിലൂടെ അവര്‍ അതിനെ വരവേറ്റു.നാലുകെട്ടും നടുമുറ്റവും കുളപ്പുരയും ഇവിടെയില്ല. തുമ്പയും മുക്കുറ്റിയും നങ്യാര്വിട്ടവും പൂക്കുന്ന തൊടിയില്ല. നാട്ടിടവഴികളുടെ ഗന്ധമില്ല. നാലുംകൂട്ടിമുറുക്കാനും വെടിവെട്ടംപറയാനും ആല്‌മംരവും അമ്പലത്തറയുമില്ല.

എങ്കിലും, നാടിന്റെ സ്‌മൃതികളില്‍ അവരുടെ ഓണം ചിക്കാഗോയില്‍ പെയ്‌തിറങ്ങി. അതിന്‌ മധുരങ്ങളില്‍ തിരുമധുരമായിരുന്നു. ഷിക്കാഗോയിലെ ഗീതാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലയാളികളുടെ ഓണാഘോഷമാണ്‌ ഗതകാലസ്‌മരണകളില്‍ പൂത്തുലഞ്ഞത്‌. കേരളത്തനിമയുടെ പ്രൗഢിയും പൈതൃകവും വിളിച്ചോതുന്ന തറവാടുവീടിനു സമാനമായ അന്തരീക്ഷത്തിലായിരുന്നു ഓണാഘോഷം.

ഇതിനായി ഗീതാമണ്ഡലത്തിന്റെ അങ്കണംതന്നെയാണ്‌ വേദിയായത്‌. നാട്ടിന്‍പുറങ്ങളില്‍ ആഘോഷിച്ചുമറഞ്ഞ ഓണനാളുകളിലേക്കു ഇതെല്ലാവരേയും കൊണ്ടുപോയി. സാധാരണ അമേരിക്കന്‍ മലയാളികളുടെ ഓണാഘാഷങ്ങളെല്ലാം വേദികളിലും അവയുടെ ആരവങ്ങളിലും മുങ്ങുകയാണ്‌ പതിവ്‌. ഇതില്‍ നിന്നും വ്യത്യസ്‌തമായിരുന്നു ഇത്തവണ ഗീതാമണ്ഡലം സംഘടിപ്പിച്ച മലയാളക്കരയുടെ മണമുള്ള ഈ ഓണാഘോഷം. അവ പ്രകൃതിയോടും മനുഷ്യനോടും സംവദിച്ചു. സുന്ദരമായ സ്ഥലത്ത്‌ അതിസുന്ദരമായി നടനം ചെയ്‌തു. പൂക്കളോടും പൂമ്പാറ്റകളോടും കിന്നാരംപറഞ്ഞു.

നട്ടുനനച്ച ചെടികളില്‍ വിരിഞ്ഞ പൂക്കള്‍കൊണ്ട്‌ പൂക്കളമൊരുക്കി. മണ്ണിന്റെ ഹൃദയത്തില്‍ വളര്‍ത്തി വലുതാക്കിയ പച്ചക്കറികള്‍കൊണ്ട്‌ സദ്യയൊരുക്കി. അവയുടെ സുഗന്ധവും ഗന്ധവും രുചിയും അവിടെ പരന്നപ്പോള്‍ മനസുകൊണ്ട്‌ ഒരുനൂറുവട്ടം അവര്‍ നാടിന്റെ തീരത്തണഞ്ഞു. പുതുതലമുറയ്‌ക്കുപോലും എന്നെന്നും ഓര്‍മയില്‍സൂക്ഷിക്കാനുള്ള ഓണാഘോഷമായി അതുമാറി. ഓണസദ്യവിളമ്പിയത്‌ ഒറിജിനല്‍ തൂശനിലകളില്‍ രണ്ടുതരം പ്രഥമന്‍ ഉള്‍പ്പെടെ എല്ലാ വിഭവങ്ങളും.. വിഭവങ്ങള്‍ ഒരുക്കാനും വിളമ്പാനും അംഗങ്ങളുടെ മത്സരം. പരസ്‌പരം ബഹുമാനിച്ച്‌, പരസ്‌പരം ആതിഥ്യമരുളി അവര്‍ ഓണസന്ദേശങ്ങളെ തലമുറകളിലേക്ക്‌ കൈമാറി.

ഗീതാമണ്ഡലത്തില്‍ അംഗങ്ങളായവരുടെ വീടുകളില്‍ തന്നെയുണ്ടാക്കിയ പച്ചക്കറികളായിരുന്നു ഓണസദ്യയ്‌ക്ക്‌ ഉപയോഗിച്ചിരുന്നത്‌. സ്വാദിഷ്ടമായ സദ്യയുടെ മയക്കംമാറുംമുമ്പ്‌ കലാപരിപാടികളുടെ വര്‍ണലോകം തുറന്നു. അതിനും കേരളത്തനിമയുടെ പൊട്ടുതൊട്ടിരുന്നു. കൈകൊട്ടികളി, തിരുവാതിരകളി, കോലുകളി, കുട്ടികളുടെ പന്തുകളി, തുമ്പിതുള്ളല്‍, കഥാപ്രസംഗം...അങ്ങനെ ഓര്‍മകളിലെ കലാലോകം അവര്‍ കണ്മുന്നില്‍ പുനഃസൃഷ്ടിച്ചു. ചെറിയ കുട്ടികള്‌മുയതല്‍ സ്‌ത്രീകള്‍ ഉള്‍പ്പ.ടെയുള്ള കുടുംബങ്ങളിലെ മുതിര്‍ന്ന വരെല്ലാം ഇതില്‍ അലിഞ്ഞുചേര്‍ന്നു. കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞും തമാശകള്‍ പങ്കിട്ടും സൗഹൃദപുഴയായി ഒഴുകി.

പൂവിളിയും പൂക്കുടയും പൂത്തുമ്പിയുമായി അവരുടെ ഓണം പൊന്നോണമായി. കേരളം കണ്ടിട്ടില്ലാത്ത, അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന കുട്ടികള്‍ക്കു പോലും തങ്ങള്‍ കേട്ടറിഞ്ഞ ഓണാഘോഷം അനുഭവിച്ചറിഞ്ഞത്‌ ഓര്‍മയില്‍ സൂക്ഷിക്കാനായി. അതിരാവിലെ നടന്ന വിഷ്‌ണു പൂജയോടും വാമന പൂജയോടും ആരംഭിച്ച ഓണാഘോഷങ്ങള്‍. വൈകുന്നേരം പുരുഷ സുക്തത്തോടൊപ്പം നടന്ന ദീപാരാധനയും ഒരിക്കലും മനസ്സില്‍ നിന്ന്‌ മാറുകയില്ല. ചിക്കാഗോയുടെ ചരിത്രത്തില്‍ നടന്നിട്ടുള്ള ഏറ്റവും അവസ്‌മരണീയമായ ഓണഘോഷമായിരുന്നു ഗീതാമണ്ഡലം ഈ വര്‍ഷം നടത്തിയത്‌ എന്ന്‌ കൂടിയവര്‍ എല്ലാം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

ഗീതാമണ്ഡലം പ്രസിഡന്റ്‌ ജയചന്ദ്രന്‍, സെക്രട്ടറി ബൈജു എസ്‌. മേനോന്‍, വൈസ്‌ പ്രസിഡന്റ്‌ രമാ നായര്‍, ട്രഷര്‍ അപ്പുക്കുട്ടന്‍, ജോയിന്റ്‌ സെക്രട്ടറി ബിജു കൃഷ്‌ണന്‍, ജോയിന്റ്‌ ട്രഷര്‍ ശിവ പ്രസാദ്‌, കമ്മിറ്റിയംഗങ്ങളായ ആനന്ദ്‌ പ്രഭാകര്‍, വിശ്വനാഥന്‍ കട്ടക്കാട്ട്‌, നാരായണന്‍ കുട്ടപ്പന്‍ , രവി കുട്ടപ്പന്‍, അരവിന്ദ്‌പിള്ള, മിനി നായര്‍, നടരാജന്‍ കൃഷ്‌ണന്‍, അനിലാല്‍ ശ്രീനിവാസന്‍, ജയന്‍ മുളങ്ങാടു, തുടങ്ങിയവരും അംഗങ്ങളായ, രശ്‌മി ബൈജു, സജി പിള്ള, ശ്രീജകുമാര്‍, റോയ്‌ അപ്പുകുട്ടന്‍, ജിതേന്ദ്ര കൈമള്‍, രവി നായര്‍, വിജയാ രവിന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ ചടങ്ങ്‌ സംഘടിപ്പിച്ചത്‌. ഇത്രവിപുലമായ രീതിയില്‍ വിത്യസ്‌തമായി ഓണാഘോഷം നടത്താന്‍ കഴിഞ്ഞതില്‍ എല്ലാ അംഗങ്ങള്‍ക്കും പ്രസിഡന്റ്‌ ജയചന്ദ്രന്‍ നന്ദിപറഞ്ഞു. എന്താണ്‌ ഓണമെന്ന്‌ അമേരിക്കയിലെ വരും തലമുറയെ മനസിലാക്കിപ്പിക്കാനും ഇത്തരം ആഘോഷങ്ങള്‍ കൊണ്ടു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരും വര്‍ഷങ്ങളിലും മലയാളത്തിന്റെ തനതു ശൈലിയില്‍ ഓണാഘോഷം സംഘടിപ്പിക്കാന്‍ കഴിയട്ടേയെന്നു സെക്രട്ടറി ബൈജു എസ്‌.മേനോന്‍ അഭിപ്രായപ്പെട്ടു. മിനി നായര്‍ അറിയിച്ചതാണിത്‌.
മഹാനഗരത്തെ നാട്ടിന്‍പുറമാക്കി ഷിക്കാഗോയില്‍ ഗീതാമണ്ഡലത്തിന്റെ ഓണാഘോഷം
മഹാനഗരത്തെ നാട്ടിന്‍പുറമാക്കി ഷിക്കാഗോയില്‍ ഗീതാമണ്ഡലത്തിന്റെ ഓണാഘോഷം
മഹാനഗരത്തെ നാട്ടിന്‍പുറമാക്കി ഷിക്കാഗോയില്‍ ഗീതാമണ്ഡലത്തിന്റെ ഓണാഘോഷം
മഹാനഗരത്തെ നാട്ടിന്‍പുറമാക്കി ഷിക്കാഗോയില്‍ ഗീതാമണ്ഡലത്തിന്റെ ഓണാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക