Image

ന്യൂജേഴ്‌സിയില്‍ മാരിവില്ലിറങ്ങി; കാന്‍ജ്‌ ഓണാഘോഷം ചരിത്രമായി

Published on 31 August, 2015
ന്യൂജേഴ്‌സിയില്‍ മാരിവില്ലിറങ്ങി; കാന്‍ജ്‌ ഓണാഘോഷം ചരിത്രമായി
ന്യൂജേഴ്‌സി: കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയുടെ (കാന്‍ജ്‌) ഓണാഘോഷത്തിനു പോകേണ്ട എന്നാണ്‌ കരുതിയതെങ്കിലും (കാരണം വഴിയെ) അവിടെ ചെന്നുകഴിഞ്ഞപ്പോള്‍ വരാതിരുന്നെങ്കില്‍ വലിയ നഷ്‌ടം ആകുമായിരുന്നു എന്നു ബോധ്യമായി. `ഇതാണ്‌ ഓണം' റോക്ക്‌ലാന്റില്‍ നിന്നുവന്ന ലൈസി അലക്‌സ്‌ പറഞ്ഞത്‌ അക്ഷരാര്‍ത്ഥത്തില്‍ സത്യം. ഇത്രയും ജനം പങ്കെടുത്ത ഒരു ഓണാഘോഷം അടുത്തകാലത്തൊന്നും ന്യൂയോര്‍ക്ക്‌ - ന്യൂജേഴ്‌സി മേഖലയില്‍ ഉണ്ടായിട്ടില്ലെന്നത്‌ ഉറപ്പ്‌. കുറഞ്ഞത്‌ 1400 പേര്‍ ഓണം ഉണ്ടു. അതിലേറെ പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ്‌ ആളുകള്‍ പുറത്തു നില്‍ക്കുന്ന സ്ഥിതി. പങ്കെടുക്കാന്‍ ടിക്കറ്റ്‌ ആവശ്യപ്പെട്ട്‌ വിളിക്കുന്നവരുടെ ബാഹുല്യംകൊണ്ട്‌ രണ്ടു ദിവസമായി ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തു വെയ്‌ക്കേണ്ടി വന്നുവെന്ന്‌ പ്രസിഡന്റ്‌ ജയ്‌ കുളമ്പില്‍ പറഞ്ഞു. ഹൗസ്‌ ഫുള്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ എന്തു ചെയ്യും?

സ്‌കില്‍മാനില്‍ മോണ്ട്‌ ഗോമറി ഹൈസ്‌കൂളിലെ വേദിക്കു മുന്നില്‍ അലംകൃതമായ കമാനവും വലിയ പൂക്കളവും നിലവിളക്കിന്റെ ദീപ്‌തിയും അതിഥികളെ എതിരേറ്റപ്പോള്‍ കേരളത്തിലെത്തിയ പ്രതീതി. ഹാളില്‍ ഒരേസമയം നൂറുകണക്കിനു പേര്‍ സദ്യ ഉണ്ണുന്നു. ഒട്ടേറെ ടേബിളുകളിലായി ഭക്ഷണം വിളമ്പുന്നവരും, ക്യൂനില്‍ക്കുന്നവരും... ഈ കാഴ്‌ചകള്‍ കണ്ട്‌ മനസ്‌ നിറഞ്ഞു. സിതാര്‍ പാലസില്‍ ഒരുക്കിയ ചൂടുള്ള ഭക്ഷണം വയറും നിറച്ചു.

യുവതലമുറയുടെ വലിയ പങ്കാളിത്തമാണ്‌ ആഘോഷത്തെ ശ്രദ്ധേയമാക്കിയത്‌. നാടന്‍ വേഷത്തില്‍ ഇത്രയേറെ യുവതീ-യുവാക്കള്‍ ഒരേ വേദിയില്‍ എത്തുന്നത്‌ അപൂര്‍വ്വം. എച്ച്‌ 1 വിസയില്‍ ടെക്‌നോളജി സ്ഥാപനങ്ങളില്‍ ജോലിക്കെത്തിവര്‍ അവരില്‍ ധാരാളം.

സ്‌കൂളിനുള്ളില്‍ തന്നെ അരങ്ങേറിയ ഘോഷയാത്രയോടെ മാവേലി തമ്പുരാനെ വേദിയിലേക്കാനയിച്ചു. താലപ്പൊലിയും ചെണ്ടമേളവും അകമ്പടിയൊരുക്കിയ ഘോഷയാത്രയില്‍ വിശിഷ്‌ടാതിഥിളായെത്തിയ ന്യൂജേഴ്‌സി യൂട്ടിലിറ്റി കമ്മീഷണര്‍ ഉപേന്ദ്ര ചിവുക്കുള, വെന്‍ച്വര്‍ കാപ്പിറ്റലിസ്റ്റ്‌ ശ്രീധര്‍ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തന്നെ സ്വീകരിക്കാന്‍ ഇത്രയധികം പേര്‍ എത്തിയത്‌ തന്നെ ആശ്ചര്യപ്പെടുത്തിയെന്നും ഇത്രയും പേരെ വേദിയിലെത്തിച്ച സംഘടനാ പ്രസിഡന്റും കൂട്ടാളികളും ബഹു കേമന്മാരായിരിക്കുമെന്നും
അഭിനന്ദിച്ചു കൊണ്ടാണ്‌ മാവേലി തന്റെ ആശംസകള്‍ അറിയിച്ചത്‌.

താന്‍ കുറച്ചു മെലിഞ്ഞുപോയി എന്ന്‌ പലരും മാര്‍ഗ്ഗമധ്യേ പറയുന്നതു കേട്ടു. ഡയറ്റിലാണ്‌. അല്ലെങ്കില്‍ അടുത്ത ഓണത്തിനു വരാന്‍ പറ്റാത്ത സ്ഥിതി വരും. മാവേലിയുടെ നര്‍മ്മം സദസ്യര്‍ക്കു പിടിച്ചു.

ആഘോഷത്തിനെത്തിയവര്‍ക്കുവേണ്ടി കയ്യടി ആവശ്യപ്പെട്ട പ്രസിഡന്റ്‌ ജയ്‌ കുളമ്പില്‍, പങ്കെടുത്തവരാണ്‌ ആഘോഷം വിജയമാക്കിയതെന്നു ചൂണ്ടിക്കാട്ടി. ഭാരവാഹികള്‍ അതിനു വഴിയൊരുക്കിയെന്നു മാത്രം. മാസങ്ങളായി തങ്ങള്‍ ഇതിനായി അഹോരാത്രം പ്രവര്‍ത്തിച്ചു. അതു ഫലംകണ്ടു.

സംഘടനയുടെ പ്രഥമ പ്രസിഡന്റ്‌ പരേതനായ ഡോ. ഫിലിപ്പിന്റെ ഭാര്യ അമ്മു രോഗാവസ്ഥയെ തരണം ചെയ്യാന്‍ പ്രാര്‍ത്ഥിക്കാനും അഭ്യര്‍ത്ഥിച്ചു. മുന്‍ പ്രസിഡന്റുമാരുടെ സേവനങ്ങള്‍ നന്ദിപൂര്‍വ്വം അനുസ്‌മരിച്ച അദ്ദേഹം സദസിലുണ്ടായിരുന്നവരെ പ്രത്യേകം ആദരിച്ചു.

സംഘടനാ പ്രവര്‍ത്തനം സ്ഥാനത്തിനു വേണ്ടിയോ പേരെടുക്കാനോ അല്ല എന്നു പറഞ്ഞ ജയ്‌ സംഘടനാംഗങ്ങള്‍ക്ക്‌ സേവനമെത്തിക്കുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്‌തിയും അനുസ്‌മരിച്ചു. കള്‍ച്ചറല്‍ ഐഡന്റിറ്റി, ഇന്റഗ്രിറ്റി, ചാരിറ്റി എന്നവയാണ്‌ സംഘടനയുടെ ലക്ഷ്യമെന്ന്‌ ജയ്‌ കുളമ്പില്‍ ചൂണ്ടിക്കാട്ടി.

എല്ലാ സംഘടനാ പ്രതിനിധികളേയും ചടങ്ങില്‍ ഒന്നിച്ചുകൊണ്ടുവരാനായി എന്നതാണ്‌ ആഘോഷത്തെ വ്യത്യസ്‌തമാക്കിയത്‌. ഫോമാ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌, ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍ പോള്‍ കറുകപ്പിള്ളി എന്നിവര്‍ സംയുക്തമായി നിലവിളക്ക്‌ തെളിയിച്ചതും ശുഭോദര്‍ക്കമായി.

മുഖ്യാതിഥിയായിരുന്ന ചിവുക്കുള വാമനാവതാരത്തിനു ഉപേന്ദ്രയുമായുള്ള ബന്ധം വിശദീകരിച്ചു. ഇപ്പോള്‍ കാട്ടുന്ന ഐക്യബോധം നിലനിര്‍ത്തുകയും വരാന്‍പോകുന്ന ഇലക്ഷനില്‍ കൂട്ടമായി വോട്ട്‌ ചെയ്‌ത്‌ ശക്തി തെളിയിക്കുകയും വേണമെന്നദ്ദേഹം നിര്‍ദേശിച്ചു.

സോഫ്‌റ്റ്‌ വെയര്‍ വ്യവസായ രംഗത്തെ അതികായനായ രാജി തോമസ്‌, ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി ഫോമ കരാര്‍ ഉണ്ടാക്കുന്നതിനു പ്രധാന പങ്കുവഹിച്ച ബാബു തോമസ്‌ തെക്കേക്കര, തിരക്കഥാകൃത്ത്‌ അജയന്‍ വേണുഗോപാല്‍ (അക്കരക്കാഴ്‌ച, പെരുച്ചാഴി, ഇവിടെ) എന്നിവരെ പൊന്നാട അണിയിച്ച്‌ ആദരിച്ചു.

പ്രവാസി ചാനല്‍, ഇ-മലയാളി എന്നിവയുടെ സാരഥികളിലോരാൾ കൂടിയായ സുനില്‍ ട്രൈസ്റ്റാറിനു പ്രത്യേക പുരസ്‌കാരം നല്‍കിയത്‌ സദസ്‌ കരഘോഷത്തോടെ എതിരേറ്റു. ഇത്രയും ജനങ്ങളുടെ മുന്നില്‍ ഇത്തരമൊരു ആദരം താന്‍ സ്വപ്‌നേപി പ്രതീക്ഷിച്ചതല്ലെന്നും ഇതിനു മുമ്പ്‌ ഇങ്ങനെയൊന്ന്‌ ഉണ്ടായിട്ടില്ലെന്നും വികാരഭരിതനായി സുനില്‍ ചൂണ്ടിക്കാട്ടി. ഭാരവാഹികളോടദ്ദേഹം നന്ദി പറഞ്ഞു.

ചടങ്ങിന്റെ മുഖ്യസ്‌പോണ്‍സര്‍മാരായ ഡോ. റോയി സി.ജെ (കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌), സിജു അഗസ്റ്റിന്‍ (ടൗണ്‍ ഹോംസ്‌), ഡോ. രാജു കുന്നത്ത്‌ (മെഡ്സിറ്റി), ഡോ. മുഹമ്മദ്‌ മജീദ്‌ (സബിന്‍സ) എന്നിവരെ പൊന്നാട അണിയിച്ച്‌ ആദരിച്ചു.

കലാപരിപാടികളില്‍ ഏറ്റവും മികച്ചതായി ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന പരിപാടികള്‍ക്ക്‌ 3000 ഡോളര്‍ പ്രത്യേക പുരസ്‌കാരം ഡോ. റോയി പ്രഖ്യാപിച്ചത്‌ വ്യത്യസ്‌താനുഭവമായി.

മാലിനി നായരുടേയും ബിന്ധ്യ പ്രസാദിന്റേയും നേതൃത്വത്തില്‍ നടന്ന തിരുവാതിര ഹൃദയഹാരിയായി. സ്‌മിതാ മനോജിന്റെ നേതൃത്വത്തില്‍ ജംബോ പൂക്കളമൊരുക്കി.

പ്രമുഖ ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനിയായ ഇവന്റ്‌ കാറ്റ്‌സ്‌ ഒരുക്കിയ അത്യാധുനിക സൗണ്ട്‌ ആന്‍ഡ്‌ ലൈറ്റ്‌ സിസ്റ്റം, സ്റ്റേജ്‌ സൈസ്‌ വീഡിയോവാള്‍ എല്‍.ഇ.ഡി ഡിസ്‌പ്ലേ, ലൈവ്‌ വീഡിയോ തുടങ്ങിയ സംവിധാനങ്ങള്‍ പ്രത്യേകതയായി.

കാന്‍ജ്‌ പ്രസിഡന്റ്‌ ജയ്‌ കുളമ്പില്‍, ഓണം കണ്‍വീനര്‍ അജിത്‌ ഹരിഹരന്‍, കോ- കണ്‍വീനേഴ്‌സ്‌ ജിനേഷ്‌ തമ്പി, ജിനു അലക്‌സ്‌, തോമസ്‌ ജോര്‍ജ്‌, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ സജി പോള്‍, സെക്രട്ടറി സ്വപ്‌ന രാജേഷ്‌, ദിലീപ്‌ വര്‍ഗീസ്‌, ജേക്കബ്‌ കുര്യാക്കോസ്‌, അനിയന്‍ ജോര്‍ജ്‌, രാജു പള്ളത്ത്‌, മധു രാജന്‍, കാന്‍ജ്‌ ട്രസ്റ്റി ബോര്‍ഡ്‌ മെമ്പര്‍ ജിബി തോമസ്‌, ആനി ജോര്‍ജ്‌, മാലിനി നായര്‍, ജോസ്‌ വിളയില്‍, സ്‌മിത മനോജ്‌, മുന്‍ പ്രസിഡന്റ്‌ ജോയ്‌ പണിക്കര്‍, കെ.എസ്‌.എന്‍.ജെ പ്രസിഡന്റ്‌ ബോബി തോമസ്‌, ഹരികുമാര്‍ രാജന്‍, സണ്ണി വാളിപ്ലാക്കല്‍ തുടങ്ങിയ അനേകം പ്രമുഖര്‍ ഓണാഘോഷത്തിന്റെ വിജയത്തിനായി രംഗത്തുണ്ടായിരുന്നു.

കണ്‍വീനേഴ്‌സിനൊപ്പം പ്രസിഡന്റ്‌ ജയ്‌ കുളമ്പില്‍, വൈസ്‌ പ്രസിഡന്റ്‌ റോയ്‌ മാത്യു, സെക്രട്ടറി സ്വപ്‌ന രാജേഷ്‌, ജോയിന്റ്‌ സെക്രട്ടറി ജയന്‍ എം. ജോസഫ്‌, ട്രഷറര്‍ അലക്‌സ്‌ മാത്യു, ജോയിന്റ്‌ ട്രഷറര്‍ പ്രഭു കുമാര്‍, ദീപ്‌തിനായര്‍, രാജു കുന്നത്ത്‌, അബ്‌ദുള്ള സെയ്‌ദ്‌, ജെസ്സിക്ക തോമസ്‌, ജോസഫ്‌ ഇടിക്കുള തുടങ്ങിയവര്‍ ഉള്‍പ്പെട്ട വിപുലമായ കമ്മിറ്റിയാണ്‌ ഈവര്‍ഷത്തെ ഓണാഘോഷത്തിന്‌ നേതൃത്വം നല്‍കിയത്‌.

മുന്‍ ഫൊക്കാനാ പ്രസിഡന്റ്‌ ജോര്‍ജ്‌ കോശി, ഫോമാ നേതാക്കളായ അനിയന്‍ ജോര്‍ജ്‌, ജോസ്‌ ഏബ്രഹാം, സ്റ്റാന്‍ലി കളത്തില്‍, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ നേതാവ്‌ അലക്‌സ്‌ വിളനിലം, നാമം പ്രസിഡന്റ്‌ മാധവന്‍ നായര്‍, ദിലീപ്‌ വര്‍ഗീസ്‌, ഡോ. ഗോപിനാഥന്‍ നായര്‍, തോമസ്‌ മൊട്ടയ്‌ക്കല്‍ (ടോമര്‍ കണ്‍സ്‌ട്രക്ഷന്‍സ്‌), പ്രസ്‌ ക്ലബ്‌ മുന്‍ പ്രസിഡന്റ്‌ റെജി ജോര്‍ജ്‌, മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി പ്രസിഡന്റ്‌ ഷാജി വര്‍ഗീസ്‌, ഗായകന്‍ ജാസി ഗിഫ്‌റ്റ്‌ തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.

ചടങ്ങില്‍ മാലിനി നായര്‍ (തിരുവാതിര), റൂത്ത്‌ (അമേരിക്കന്‍ ദേശീയ ഗാനം), അഭി (ഇന്ത്യന്‍ ദേശീയ ഗാനം), സുമാ നായര്‍ (ഗാനം), ജോസുകുട്ടി അക്കരക്കാഴ്‌ചകള്‍ (സ്‌കിറ്റ്‌), റോഷി ആന്‍ഡ്‌ ടീം (ഡാന്‍സ്‌), ബിന്ദ്യ (നാടോടി നൃത്തം), ലക്ഷ്‌മി (ഗാനം), സിജി (ഗാനം), ലക്ഷ്‌മി ആന്‍ഡ്‌ ടീം (ഗ്രൂപ്പ്‌ സോംഗ്‌), ജെംസണ്‍ (ഗാനം) എന്നിവര്‍ അവതരിപ്പിച്ചു.
ന്യൂജേഴ്‌സിയില്‍ മാരിവില്ലിറങ്ങി; കാന്‍ജ്‌ ഓണാഘോഷം ചരിത്രമായി
ന്യൂജേഴ്‌സിയില്‍ മാരിവില്ലിറങ്ങി; കാന്‍ജ്‌ ഓണാഘോഷം ചരിത്രമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക