Image

മോഹങ്ങളേ, ഇനി ഉറങ്ങൂ (ചെറുകഥ: ജോര്‍ജ്ജ്‌ ഡേവിഡ്‌, ആല്‍ബനി )

Published on 01 August, 2015
മോഹങ്ങളേ, ഇനി ഉറങ്ങൂ (ചെറുകഥ: ജോര്‍ജ്ജ്‌ ഡേവിഡ്‌, ആല്‍ബനി )
`ഉണ്ണിക്ക്‌ ഒരു കത്തുണ്ട്‌.' തിരിഞ്ഞുനോക്കുമ്പോള്‍ ഒരു കത്തുമായി പ്യൂണ്‍.. ഓപ്പോളുടെ കത്ത്‌. ഒത്തിരി നാളുകള്‍ കൂടിയുള്ള ആ കത്തു കണ്ടപ്പോള്‍ വലിയ സന്തോഷം. വിവരം അറിയാനുള്ള ആവേശത്തില്‍ കത്തു പൊട്ടിച്ചു. `അച്ഛനു സുഖമില്ല. ഉടന്‍ വരിക.' അത്രേയുള്ളു. തന്റച്ഛനെന്തു പറ്റി? ഒരുതരത്തില്‍ ഉച്ചവരെ ജോലിയില്‍ നിന്നു. രണ്ടു ദിവസത്തെ അവധിയെടുത്ത്‌, ഓടിക്കിതച്ച്‌ ബസ്‌സ്‌റ്റോപ്പില്‍ എത്തിയപ്പൊഴേക്കും നാട്ടിലേക്കുള്ള ബസ്‌ പൊയ്‌ക്കഴിഞ്ഞിരുന്നു. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു. ഇനി ചരക്കു കയറ്റിവരുന്ന ലോറികള്‍മാത്രം ആശ്രയം. ആ പ്രതീക്ഷയോടെ റോഡിന്റെ ഓരത്തുള്ള മാടക്കടയിലെ ബഞ്ചില്‍ ഇരുന്നു. ഒടുവില്‍ ഒരു ലോറിയില്‍ കയറിപ്പറ്റുമ്പോള്‍ ആശ്വാസം തോന്നി.

ഓച്ചിറ അമ്പലത്തിനു മുന്‍പില്‍ വണ്ടി നിറുത്തി. ചന്നംപിന്നം പെയ്യുന്ന മഴ. എതിരേ വന്ന ഓട്ടോറിക്ഷ കൈകാണിച്ചു നിറുത്തി. വളരെ പതുക്കെയാണതു പോയത്‌. വീട്ടിലേക്കു തിരിയുന്ന വളവില്‍ വന്നപ്പോള്‍ ഓട്ടോ നിന്നു. `ഇനിയും അങ്ങോട്ടു പോകത്തില്ല.' ഡ്രൈവറുടെ ശബ്ദം ഓര്‍മ്മയുടെ ലോകത്തില്‍നിന്ന്‌ തന്നെ തിരിച്ചുവരുത്തി. `എന്താണ്‌?'. `കലുങ്കുപണി നടക്കുന്നതിനാല്‍ മുന്‍പോട്ടു പോകാന്‍ നിവൃത്തിയില്ല.' പൈസ കൊടുത്ത്‌, ഓട്ടോറിക്ഷയുടെ വശത്തു തൂക്കിയിട്ടിരുന്ന റെക്‌സിന്‍ മാറ്റി ഇറങ്ങുമ്പോള്‍ റോഡു നിറയെ വെള്ളം. മഴ തെല്ലു ശമിച്ചിരുന്നു. പാടവരമ്പിലൂടെ നടന്നു, ഇരുട്ടിനുമുന്‍പ്‌ ഇല്ലത്തെത്താനായി വേഗം. വരമ്പ്‌ ചെളിമൂടിക്കിടന്നെങ്കിലും, ചെറുപ്പം മുതലുള്ള ശീലംകാരണം അതിലേ നടക്കാന്‍ പ്രയാസം തോന്നിയില്ല.

ആകെ നനഞ്ഞുകുളിച്ച്‌, പടിപ്പുരവാതില്‍ തള്ളിത്തുറക്കുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. തുളസിത്തറയിലും അമ്മയുടെ അസ്ഥിത്തറയിലും വിളക്കു കണ്ടില്ല; മഴകാരണം കെട്ടുപോയതാകും. ഉമ്മറത്തു വച്ചിരുന്ന മണ്ണെണ്ണവിളക്കിന്റെ നേരിയ വെളിച്ചം പടിപ്പുരയോളം പരന്നു. ഉമ്മറത്തെ ചാരുകസേരയില്‍ അച്ഛനെ കണ്ടില്ല. വിഭ്രാന്തിയൊതുക്കി ഉമ്മറത്തിന്റെ പടവുകള്‍ കയറി, ദ്രവിച്ചുതുടങ്ങിയ കതകിന്‍പാളികളില്‍ മുട്ടിവിളിച്ചു: ഓപ്പോളേ, ഓപ്പോളേ... പഴക്കമുള്ള കതകുകള്‍ ഞരങ്ങിത്തുറന്നു. കരഞ്ഞുകലങ്ങിയ കണ്ണുമായി ഓപ്പോള്‍. എന്തു പറയണമെന്നറിയാതെ വിഷമിക്കുമ്പോള്‍, ഓപ്പോള്‍:`ഉണ്ണീ, എളുപ്പന്ന്‌ തല തുവര്‍ത്തൂ. എന്നിട്ട്‌ അച്ഛന്റടുത്തോട്ടു വന്നോളൂ...'

തല തുവര്‍ത്തി, നനഞ്ഞ തുണി മാറി, അച്ഛന്‍ കിടന്ന മുറിയിലേക്കു ചെന്നു. കയറ്റുകട്ടിലില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന അസ്ഥിപഞ്‌ജരമായ അച്ഛന്‍... കണ്ണില്‍ ഇരുട്ടു കയറുന്നതുപോലെ. കൈ കട്ടിലിലൂന്നി അച്ഛന്റെ അടുക്കല്‍ തറയില്‍ ഇരുന്നു. ഓപ്പോള്‍ വിളിച്ചു: `അച്ഛാ, ഉണ്ണി വന്നു. കണ്ണു തുറക്കൂ...' അടഞ്ഞ കണ്ണുകള്‍ പാതി തുറന്നു. അച്ഛന്‍ തന്നെ നോക്കി കുറെനേരം കിടന്നു. എന്നിട്ട്‌ എന്തോ പറയാന്‍ ശ്രമിച്ചു; പക്ഷേ, ശബ്ദം പുറത്തു വന്നില്ല. തന്നെ നോക്കിയ കണ്ണുകളിലൂടെ ഒലിച്ചിറങ്ങിയ ദയനീയത പായിലേക്ക്‌ ഇറ്റിറ്റുവീണു. അതു കാണാന്‍ കരുത്തില്ലാതെ കട്ടിലില്‍ മുഖമമര്‍ത്തി കരഞ്ഞു. `ഈ നിലയിലായിട്ട്‌ രണ്ടാഴ്‌ചയായി. നിന്നെ അറിയിക്കണ്ട, നീ വിഷമിക്കും എന്നു പറഞ്ഞു. ഒരു ദിവസം അച്ഛന്‍ ഒത്തിരി സംസാരിച്ചു. അതില്‍പ്പിന്നെ ഈ കിടപ്പാണ്‌. രണ്ടുദിവസംമുന്‍പു പറഞ്ഞു, നിന്നെ കാണണമെന്ന്‌. അതാ കത്തെഴുതാന്‍ താമസിച്ചത്‌.'

പട്ടിണി കിടന്നിട്ടും അഭിമാനം കളഞ്ഞുകുളിക്കാത്ത അച്ഛന്‍... അവസാനം തനിക്ക്‌ ഒരു ജോലി കിട്ടാന്‍ ഇല്ലം പണയപ്പെടുത്തി. ബാങ്കില്‍ അടയ്‌ക്കാന്‍ പണമില്ലാതെ നട്ടംതിരിയുമ്പോഴും തന്നെ അറിയിച്ചില്ല. തനിക്കു കിട്ടുന്ന തുച്ഛമായ ശമ്പളം തന്റെ ചെലവിനുപോലും തികയില്ലെന്നു ബോദ്ധ്യമായ അച്ഛന്‍ കടം വാങ്ങി ബാങ്കില്‍ പലിശ അടയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും, കിടിശികകാരണം ബാങ്ക്‌ ജപ്‌തിനോട്ടീസ്‌ അയച്ചു. എല്ലാംകൊണ്ടും കനസ്സു തകര്‍ന്ന അച്ഛന്‍ ആവക വിവരങ്ങളൊന്നും തന്നെ അറിയിച്ചില്ല. അത്രമാത്രം അച്ഛന്‍ തന്നെ സ്‌നേഹിച്ചിരുന്നു. ആ അച്ഛന്റെ ആ കിടപ്പ്‌ താങ്ങാനാവുന്നതായിരുന്നില്ല. ഓരോ കാര്യങ്ങള്‍ ഓര്‍ത്തോര്‍ത്ത്‌ ഇരുന്നിരിപ്പില്‍ ഉറങ്ങിപ്പോയി.

ഓപ്പോളിന്റെ ശബം കേട്ടാണുണര്‍ന്നത്‌: `ഉണ്ണീ, നമ്മുടച്ഛന്‍ നമ്മെവിട്ടു പോയെടാ...!' എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം തരിച്ചിരുന്നുപോയി. ഓപ്പോള്‍ അച്ഛന്റെ ദേഹത്ത്‌ വീണുകിടന്നു കരയുന്നു. ഓപ്പോളെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ വിഷമിക്കുമ്പോള്‍ താനും വിതുമ്പുകയായിരുന്നു....
മോഹങ്ങളേ, ഇനി ഉറങ്ങൂ (ചെറുകഥ: ജോര്‍ജ്ജ്‌ ഡേവിഡ്‌, ആല്‍ബനി )
Join WhatsApp News
വായനക്കാരൻ 2015-08-01 17:20:54
ജീവിതമാകുമീ വാല്മീകത്തിലെ 
മൂക വികാരങ്ങള്‍ വ്യര്‍ത്ഥമല്ലേ 
കളിയും ചിരിയും വിടരും നാളുകള്‍ 
കദനത്തിലേക്കുള്ള യാത്രയല്ലേ 
കരയരുതേ മനസ്സേ നീയിനി 
കനവുകള്‍ തേടി അലയരുതേ 

സ്വപ്നങ്ങളേ വീണുറങ്ങൂ.  മോഹങ്ങളേ ഇനിയുറങ്ങൂ.... 
(ബാലു കിരിയത്ത് - തകിലുകൊട്ടാമ്പുറം)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക