Image

മനുഷ്യത്വം മാറിനിന്ന നിമിഷം

Madhyamam Published on 31 July, 2015
മനുഷ്യത്വം മാറിനിന്ന നിമിഷം

നാസി കുറ്റവാളികളെ ശിക്ഷിക്കുന്നതിനായി ന്യൂറന്‍ബര്‍ഗില്‍ രാഷ്ട്രാന്തരീയ ട്രൈബ്യൂണല്‍ രൂപവത്കരിക്കപ്പെട്ടപ്പോള്‍ ചീഫ് പ്രോസിക്യൂട്ടര്‍മാരിലൊരാളായ യു.എസ് സുപ്രീംകോടതി ജഡ്ജി റോബര്‍ട്ട് എച്ച്. ജാക്സണ്‍ ആഗോളസമൂഹത്തെ ഓര്‍മപ്പെടുത്തിയ ഒരു കാര്യമുണ്ട്: ലക്ഷക്കണക്കിനു മനുഷ്യര്‍ കൊല്ലപ്പെട്ട മാനവദുരന്തത്തിന്‍െറ ഉത്തരവാദികളെയാണ് നാം വിചാരണ ചെയ്തു ശിക്ഷിക്കാന്‍ പോകുന്നതെങ്കിലും നിഷ്പക്ഷമായാണ് ഇവിടെ എല്ലാം നടക്കുന്നതെന്ന് ലോകത്തിനു ബോധ്യപ്പെടണം. അല്ളെങ്കില്‍, വരുംതലമുറ നമ്മെ പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്താതിരിക്കില്ല. 1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമനെ വ്യാഴാഴ്ച പുലര്‍ച്ചെ നാഗ്പുര്‍ ജയിലില്‍ തൂക്കിലേറ്റിയത് നീതിന്യായവ്യവസ്ഥയുടെ പ്രതിഷ്ഠാപിതമായ മാര്‍ഗത്തിലൂടെയാണെങ്കിലും നീതിയല്ല നടപ്പാക്കിയത് എന്ന തോന്നല്‍ വലിയൊരു വിഭാഗം പൗരന്മാരിലുണ്ടായത് പല കാരണങ്ങളാലാണ്. കുറ്റകൃത്യം അസന്ദിഗ്ധമായി തെളിയിക്കപ്പെടാത്ത കാലത്തോളം ഒരാളും ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്നതാണ് നീതിസംഹിതയിലെ ആദ്യപാഠം. യാക്കൂബ് മേമന്‍െറ കേസില്‍ അത് പലവിധത്തില്‍ വിസ്മരിക്കപ്പെട്ടു എന്ന് മാത്രമല്ല, ഒരു ജനാധിപത്യവ്യവസ്ഥയില്‍ കഴുമരത്തിന്‍െറ നിഴലില്‍ നില്‍ക്കുന്ന ഒരു പൗരന്‍െറ ജീവന്‍ രക്ഷിക്കാന്‍ പരിഷ്കൃതസമൂഹത്തിന്‍െറ മുന്നില്‍ തുറന്നുകിടക്കുന്ന സകലപോംവഴികളും താണ്ടിയിട്ടും ലക്ഷ്യം കാണാതെ പോവുകയും ചെയ്തു.  

1993മാര്‍ച്ച് 12നു നടന്ന രാജ്യത്തെ നടുക്കിയ സ്ഫോടന പരമ്പരയില്‍ 257 മനുഷ്യരാണ് കൊല്ലപ്പെട്ടത്. പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെ അനുഗ്രഹാശിസ്സുകളോടെ, അധോലോക നായകരായ ദാവൂദ് ഇബ്രാഹിമും അദ്ദേഹത്തിന്‍െറ സഹായി ടൈഗര്‍ മേമനുമൊക്കെയാണ് സ്ഫോടനത്തിന്‍െറ സൂത്രധാരകരെന്നാണ് ഉത്തരവാദപ്പെട്ടവര്‍ നല്‍കുന്ന വിവരം. എന്നാല്‍, യാക്കൂബ് മേമന്‍ കേസിലേക്ക് കടന്നുവരുന്നത് ടൈഗര്‍ മേമന്‍െറ സഹോദരന്‍ എന്ന നിലയില്‍ 1994ല്‍ നേപ്പാളില്‍ ഇന്ത്യന്‍ പൊലീസിന്‍െറ ‘പിടിയിലകപ്പെടുന്ന’തോടെയാണ്.  മാപ്പുസാക്ഷിയാക്കാമെന്ന ബന്ധപ്പെട്ടവരുടെ വാഗ്ദാനത്തിനു പുറത്താണ് മേമന്‍ കീഴടങ്ങിയതും കറാച്ചിയിലുള്ള കുടുംബത്തെ മുംബൈയിലത്തെിച്ചതും നിര്‍ണായക തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതുമെന്ന് അന്ന് അന്വേഷണത്തിന് നേതൃത്വം കൊടുത്ത ‘റോ’ തലവന്‍ ബി.രാമന്‍െറ വൈകിയത്തെിയ ‘വെളിപ്പെടുത്തല്‍’ ടാഡ കോടതി വിധിച്ച വധശിക്ഷ നിലനില്‍ക്കുമ്പോഴും ഈ കേസില്‍  വഴിത്തിരിവാവേണ്ടതായിരുന്നു.

ദയാഹരജിക്കു ഭരണഘടനയില്‍ വ്യവസ്ഥ എഴുതിച്ചേര്‍ത്തതുതന്നെ വലിയ ലക്ഷ്യം മുന്നില്‍കണ്ടാണ്. അതുകൊണ്ടാണ് പുന$പരിശോധനാഹരജിയും പിഴവു തിരുത്തല്‍ ഹരജിയും ഫലംകാണാതെ പോയ സന്ദര്‍ഭത്തില്‍ സംശയത്തിന്‍െറയും മനുഷ്യത്വത്തിന്‍െറയും ആനുകൂല്യങ്ങള്‍ നല്‍കി തൂക്കുമരത്തില്‍നിന്ന് മേമനെ രക്ഷപ്പെടുത്തണം എന്ന അഭ്യര്‍ഥനയോടെ നിയമജ്ഞരും ബുദ്ധിജീവികളും സാമൂഹിക രാഷ്ട്രീയരംഗത്തെ പ്രഗല്ഭരും രാഷ്ട്രപതിയെ സമീപിച്ചത്. പക്ഷേ, മേമനെ തൂക്കിക്കൊന്നേ അടങ്ങൂ എന്ന ഭരണകൂടത്തിന്‍െറ മനോഘടനയെ മറികടക്കാന്‍ സാധിക്കാതെപോയി. ഇന്ത്യ എന്ന മഹാരാജ്യത്തിന്‍െറ ധാര്‍മികവിചാരഗതിയുടെ അധോഗതിയാണ് ഇത് എടുത്തുകാട്ടുന്നത്.  ഈ കേസില്‍ നൂറുപേര്‍ ശിക്ഷിക്കപ്പെട്ടതില്‍ 11പേരെയാണ് ടാഡ കോടതി വധശിക്ഷക്കു വിധിച്ചിരുന്നത്.

എന്നാല്‍, പത്തുപേരെയും കഴുമരത്തില്‍നിന്ന് താഴെ ഇറക്കാന്‍ സുപ്രീം കോടതി മഹാമനസ്കത കാട്ടിയിട്ടും മേമനെ മാത്രം തൂക്കിലേറ്റുന്നതില്‍ ഉറച്ചുനിന്നത് തെളിവിന്‍െറ അടിസ്ഥാനത്തില്‍ മാത്രമാണെന്ന് കോടതിപോലും അവകാശപ്പെടുന്നില്ല.  ടാഡ കോടതിയുടെ മരണവാറന്‍റിന് അംഗീകരം നല്‍കിക്കൊണ്ട് മൂന്നംഗബെഞ്ചിന്‍െറ അവസാനവിധി വന്നതിനുശേഷവും ഗോപാലകൃഷ്ണ ഗാന്ധിയെപോലുള്ള പരിപക്വ വ്യക്തിത്വങ്ങള്‍ മനസാക്ഷിയുടെ മുറവിളി കേള്‍ക്കാന്‍ കേണപേക്ഷിച്ചിട്ടും രാഷ്ട്രപതിക്ക് ഒരു പൗരന്‍െറ ജീവനെ തൂക്കുമരത്തില്‍നിന്ന് താഴെ ഇറക്കാന്‍ സാധിച്ചില്ളെങ്കില്‍ വധശിക്ഷ എടുത്തുകളയുന്നതിനെക്കുറിച്ച് കൂലങ്കഷമായ പരിചിന്തനങ്ങള്‍ നടത്തി നമ്മുടെ മുന്നില്‍ ഗൗരവമേറിയ ചോദ്യങ്ങള്‍ ഇട്ടേച്ചുപോയ എ.പി.ജെ. അബ്ദുല്‍ കലാമിനെ പോലുള്ള മനീഷികളില്‍നിന്ന് പ്രണബ് മുഖര്‍ജിയുടെ കാലമായപ്പോഴേക്കും എത്ര അകലത്തിലേക്കാണ് മഹാസ്ഥാപനം താഴോട്ട് സഞ്ചരിച്ചതെന്ന് സങ്കടപ്പെടേണ്ടിവരും.

ചരിത്രത്തിലാദ്യമെന്നോണം പരമോന്നത നീതിപീഠം വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണി വരെ ഉറക്കമിളച്ചിരുന്നാണ് മേമന്‍ കേസിന്‍െറ അന്തിമ അധ്യായം എഴുതിത്തീര്‍ത്തത്. ഒരു പൗരന്‍െറ ജീവന്‍ രക്ഷിക്കാനായിരുന്നില്ല അത്. 21 വര്‍ഷമായി കാരാഗൃഹവാസം അനുഭവിക്കുന്ന ഒരു മനുഷ്യനെ,  കുറ്റവാളിയോ നിരപരാധിയോ ആവാം അയാള്‍,  ജന്മദിനത്തില്‍തന്നെ വേദനാജനകമായ മരണം സമ്മാനിക്കണമെന്ന നിര്‍ബന്ധബുദ്ധിയായിരുന്നു ആ ‘ത്യാഗ’ത്തിനു പിന്നില്‍’. ശിക്ഷയുടെ ആത്യന്തിക ലക്ഷ്യം പ്രതികാരമാവരുത് എന്ന മഹദ്വചനം ഒരിക്കല്‍കൂടി വിസ്മരിച്ചതിന് അഹിംസയുടെ പൈതൃകവാഹകരായ നമുക്ക്  സ്വയം തലതാഴ്ത്താം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക