Image

ആ ദുര്‍ഭൂതം പുനരവതരിക്കുമോ? (ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 29 June, 2015
ആ ദുര്‍ഭൂതം പുനരവതരിക്കുമോ? (ഡല്‍ഹികത്ത് : പി.വി.തോമസ്)
1975 ജൂണ്‍ 12. അലഹബാദ് ഹൈക്കോടതിയില്‍ ജസ്റ്റിസ് ജഗ് മോഹല്‍ലാല്‍ സിന്‍ഹയുടെ കോടതി മുറി. മുറിയില്‍ പ്രക്ഷുബ്ദമായ നിശബ്ദതയാണ്. ജനം തിങ്ങി നിറഞ്ഞിരിക്കുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും രാജ് നാരായണും തമ്മിലുള്ള റായ് ബറേലി ലോക്‌സഭാ തിരഞ്ഞെടുപ്പ് കേസിന്റെ വിധി പുറത്തു വരികയാണ്. ജസ്റ്റിസ് സിന്‍ഹ വിധി വായിച്ചു തുടങ്ങി. വിധിയുടെ അവസാന ഭാഗത്ത് അദ്ദേഹം എത്തി. 'ആയതിനാല്‍ ഒന്നാം പ്രതി(ഇന്ദിരാ ഗാന്ധി) തിരഞ്ഞെടുപ്പ് നിയമത്തിന്റെ 123(7) വകുപ്പ് പ്രകാരം കുറ്റക്കാരിയാണ്. ആയതിനാല്‍ അവരെ ഇന്ന് മുതല്‍ ആറു വര്‍ഷത്തേയ്ക്ക് പൊതുസ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ നിന്നും അയോഗ്യത കല്‍പ്പിക്കുന്നു.'

ഇന്ത്യയുടെ ചരിത്രം തന്നെ മാറ്റിമറിച്ച ഒരു വിധി ആയിരുന്നു അത്്. ഇന്ദിരാ ഗാന്ധിയേയും മകന്‍ സജ്ഞയ് ഗാന്ധിയേയും കോണ്‍ഗ്രസ് പാര്‍ട്ടിയേയും അത് തകിടം മറിച്ചു. രാജ്യം ആകമാനം ഇളകിമറിഞ്ഞു. ഇന്ദിരാ ഗാന്ധി സുപ്രീം കോടതിയില്‍ അപ്പീലിനു പോയി. ജൂണ്‍ 24നു വെക്കേഷന്‍ ജഡ്ജി ജസ്റ്റിസ് പി.ആര്‍.കൃഷ്ണയ്യര്‍ അപ്പീലില്‍ വിധി പറഞ്ഞു. ഇന്ദിരയ്ക്ക് ഉപാധികളോടെ സ്‌റ്റേ നല്‍കി. അതായത് ഇന്ദിരയ്ക്ക് പ്രധാനമന്ത്രി ആയി തുടരാം. പക്ഷെ ലോക്‌സഭയില്‍ വോട്ട് ചെയ്യുവാനോ സംസാരിക്കുവാനോ അനുവാദമില്ല. ജൂണ്‍ 25 അര്‍ധരാത്രിക്ക് ഇന്ദിര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അത് മാര്‍ച്ച് 21 1977 വരെ നിലനിന്നു. അതായത് 21 മാസം. ഇക്കാലയളവില്‍ നടന്ന കാര്യങ്ങള്‍ ചരിത്രമാണ്. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ കരിപുരണ്ട ഏടാണ്. ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും ചവിട്ടി മെതിക്കപ്പെട്ടു. മനുഷ്യാവകാശം നിഷേധിച്ചു. പൗരന് ജീവനുള്ള അവകാശം പോലും സുപ്രീംകോടതി നിഷേധിച്ചു. ആയിരക്കണക്കിന് ജനങ്ങളെ ജയിലിലടച്ചു. ഇവരില്‍ സ്വാതന്ത്ര്യ സമരസേനാനികളായ ജയപ്രകാശ് നാരായണും രാഷ്ട്രീയ നേതാക്കന്മാരായ മൊറാര്‍ജി ദേശായിയും, എല്‍.കെ. അദ്വാനിയും എ.ബി.വായ്‌പെയും മാധ്യമ പ്രവര്‍ത്തകരായ കുല്‍ദീപ് നെയ്യാര്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പേരും തൊഴിലാളി യുവജന വിദ്യാര്‍ത്ഥി മഹിളാ നേതാക്കന്മാരും ഉള്‍പ്പെടുന്നു. രാജ്യം തികച്ചും ഇന്ദിരയുടെ ഏകാധിപത്യ ഭരണത്തിനു കീഴിലായി.

ഇന്ന് അടിയന്തിരാവസ്ഥയുടെ നാല്‍പതാം വാര്‍ഷികം രാഷ്ട്രം ആചരിക്കുമ്പോള്‍ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ്: ആ ദുര്‍ദൂതം പുനരവതരിക്കുമോ? ഈ ചോദ്യം ആദ്യം ചോദിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പി. നേതാവും മുന്‍ ഉപ പ്രധാനമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിയോഗിയുമായ അദ്വാനിയാണ്. ഉത്തരമായി അദ്ദേഹം തന്നെ പറഞ്ഞു: 'ജനാധിപത്യത്തെ തച്ചുടയ്ക്കുവാന്‍ ശക്തിയുള്ളവര്‍ ഇന്ന് വളരെ കരുത്തരാണ്. ഇനിയും ഒരു അടിയന്തരാവസ്ഥ സംഭവിക്കുകയില്ലെന്ന കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസം ഇല്ല.' ഇത് രാജ്യവ്യാപകമായ കോളിളക്കം ഉണ്ടാക്കി. കോണ്‍ഗ്രസ്സും മറ്റ് പ്രതിപക്ഷ കക്ഷികളും സംശയത്തിന്റെ മുള്‍മുന മോഡിക്കു നേരെ നീട്ടി. ഇത് തിരുത്തുവാനായി അദ്വാനി ഒരു പുനര്‍ പ്രസ്താവന നടത്തി. അദ്ദേഹം പറഞ്ഞു അദ്ദേഹത്തിന്റെ ആദ്യ പരാമര്‍ശം സമകാലീക രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ അല്ല. എന്‍.ഡി.എ.യുടെ ഭരണകാലത്ത് ഒരു അടിയന്തിരാവസ്ഥ ഉണ്ടാകുമെന്ന് ഭയക്കേണ്ടതുമില്ല.

അദ്വാനി ഒരു പുനര്‍ചിന്തനത്തിന്റെ ഭാഗമായി ആദ്യപ്രസ്താവനയില്‍ നിന്നും പുറകോട്ട് പോയെങ്കിലും അദ്ദേഹം ഉന്നയിച്ച വിഷയം വളരെ ഗൗരവമേറിയതാണ്. അടിയന്തിരാവസ്ഥ വീണ്ടും ആവര്‍ത്തിക്കപ്പെടുമോ? അങ്ങനെ ഉണ്ടായാല്‍ ആരായിരിക്കാം അതിന്റെ ഭരണകര്‍ത്താവ്? രാഹുല്‍ ഗാന്ധി? നരേന്ദ്രമോഡി അതോ മൂന്നാമത് ആരെങ്കിലുമോ? അങ്ങനെ സംഭവിച്ചാല്‍ എന്തായിരിക്കാം ജനങ്ങളുടെ പ്രതികരണം? ഇന്നത്തെ വിദ്യാര്‍ത്ഥികളും യുവജനങ്ങളും പൗരസഞ്ചയവും അതിനെതിരെ പ്രതികരിക്കുമോ? അതോ പുരോഗമനത്തിന്റെ പേരില്‍ അതിനെ സ്വീകരിക്കുമോ? അതോ നിര്‍വികാരമായ, നിസംഗമായ ഒരുതരം നിശബ്ദതയോടെ സ്വന്തം കാര്യങ്ങളില്‍ മാത്രം വ്യാപൃതരായി ചരിത്രപരമായ നിഷ്‌ക്രിയത്വത്തില്‍ മുഴുകുമോ?

അദ്വാനിയുടെ തിരുത്തല്‍ രാഷ്ട്രീയമായി സ്വാഭാവികമായും ശരിയാണ്. അത് അദ്ദേഹം ചെയ്‌തേ പറ്റൂ. അദ്വാനി ഉദ്ദേശിച്ചത് കോണ്‍ഗ്രസ്സിനേയും കുടുംബ വാഴ്ചയേയും ആണെന്ന് ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ വിശദീകരിച്ചു. അദ്ദേഹത്തിന്റെ വിശദീകരണവും രാഷ്ട്രീയമായി അംഗീകരിച്ചേ പറ്റൂ. പക്ഷെ ചരിത്രപരമായും രാഷ്ട്രീയപരമായും സംഘടനാപരമായും നേതൃപരമായും കോണ്‍ഗ്രസിന് ഇനി ഒരു അടിയന്ത്രാവസ്ഥയ്ക്ക് ബാല്യം ഉണ്ടോ? രാഹുല്‍ ഗാന്ധിക്ക്് മുത്തശ്ശി ഇന്ദിരാ ഗാന്ധി ആകുവാന്‍ സാധിക്കുമെന്ന് സാമാന്യ ബോധമുള്ളവരാരും വിശ്വസിക്കുകയില്ല.

അങ്ങനെയെങ്കില്‍ അദ്വാനി ഉദ്ദേശിച്ചത്് ആരെ ആയിരിക്കും? സുഷമാ സ്വരാജിനെ അല്ല. അരുണ്‍ ജെയ്റ്റ്‌ലിയെ അല്ല. അമിത് ഷായേയും രാജ്‌നാഥ് സിങ്ങിനേയുമല്ല. പിന്നെയാര്?
വലിയ വലിയ മുദ്രാവാക്യങ്ങളും വാഗ്ദാനങ്ങളും ഏകാധിപതികളുടെ ലക്ഷണമാണ്. ഉദ്ദാഹരണമായി നോക്കുക. നാസി യുവാക്കള്‍ക്ക് അഡോള്‍ഫ് ഹിറ്റ്‌ലര്‍ ചൊല്ലികൊടുത്തിരുന്ന പ്രതിജ്ഞാ വാചകം: 'അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജര്‍മ്മനിയാകുന്നു; ജര്‍മ്മനി അഡോള്‍ഫ് ഹിറ്റ്‌ലറും.'  ഇതേ വാചകം തന്നെ അടിയന്തിരാവസ്ഥാ കാലത്ത്് അന്നത്തെ കോ്ണ്‍ഗ്രസ് പ്രസിഡന്റ് ദേവകാന്ത് ബറുവാ രാഷ്ട്രത്തിന് ചൊല്ലി തന്നു: 'ഇന്ദിര ഇന്ത്യയാകുന്നു: ഇന്ത്യ ഇന്ദിരയും' ഇതിനു സമാനമായ മറ്റൊരു മുദ്രാവാക്യം ഇന്ദിരയുടെ രാഷ്ട്രീയ ഉപദേശകനായ യശ്പാല്‍ കപൂറും പ്രചരിപ്പിച്ചു: 'ദേശ് കീ നേതാ ഇന്ദിരാഗാന്ധി.'

ഇന്ദിരാ ഗാന്ധിയുടെ തന്നെ മറ്റ് ചില മുദ്രാവാക്യങ്ങളും അവരുടെ ജനാധിപത്യ വിരുദ്ധമായ രാഷ്ട്രീയ ദുരുദ്ദേശമെന്ന അടിയന്തിരാവസ്ഥയെ മൂടിവെയ്ക്കുവാനുള്ളതായിരുന്നു. 'ഗരീബി/ ഹഠാവൊ'. 'ഇരുപതിന പരിപാടി' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അധികാര പ്രമത്തയായ ഒരു ഏകാധിപതി അവരുടെ യഥാര്‍ത്ഥ ഉദ്ദേശത്തെ മറച്ചു വെയ്ക്കുവാന്‍ ഉപയോഗിച്ച പുകമറയായിട്ടേ ഇന്ന്് കാണുവാന്‍ സാധിക്കുകയുള്ളൂ. ഈ ഏകാധിപതികള്‍ അവരുടെ തെറ്റുകളെ, പാപ കറകളെ കഴുകി കളയുവാന്‍ ഉപയോഗിക്കുന്ന വന്‍ തന്ത്രങ്ങളായിട്ടേ പ്രഥമ ദൃഷ്ട്യാ സദുദ്ദേശപരമായ ഈ മുദ്രാവാക്യങ്ങളെ കാണാനാവൂ.

'സ്വച്ഛ് ഭാരതവും', 'അഛാ ദിന്‍ ആയേഗായും', 'യോഗയും', 'മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേര്‍ണന്‍സും', 'മേയ്ക്ക് ഇന്‍ ഇന്ത്യയും' എല്ലാം ഇതു പോലുള്ള ഓരോ മുദ്രാവാക്യങ്ങളാണ്. അടിയന്തിരാവസ്ഥ കാലത്തെ ഭരണഘടനേതര അധികാര കേന്ദ്രമായിരുന്ന സഞ്ജയ് ഗാന്ധിക്കും വൃക്ഷങ്ങള്‍ നടുന്നതിനും നിര്‍ബന്ധിത വന്ധീകരണത്തിനും ഇതുപോലുള്ള ആകൃഷ്ടമായ മുദ്രാവാക്യങ്ങള്‍ ഉണ്ടായിരുന്നു. 'ഗരീബി ഹഠാവോ', ഇരുപതിന പരിപാടി പോലെയുള്ള അടിയന്തിരാവസ്ഥ കാലത്തും അതിനു ശേഷമുള്ള മുദ്രാവാക്യങ്ങളെ ഒരിക്കലും മുഖവിലയ്ക്ക്് എടുക്കരുത്. അവ വെറും പ്രതീകാത്മകമാണ്. വികസന അജണ്ട എന്ന പ്രചരണ തന്ത്രത്തിന്റെ ഭാഗമാണ്. ഗരീബി ഹഠാവോയ്ക്ക് ശേഷം ഇന്ത്യയില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടുവോ? അല്ലെങ്കില്‍ ഇരുപതിന പരിപാടിക്ക് ശേഷം ഇന്ത്യയില്‍ സമ്പൂര്‍ണ്ണ വികസനം ഉണ്ടായോ? അപ്പോള്‍ ഭരിക്കുന്നവര്‍ ഭരിക്കപ്പെടുന്നവന്റെ കണ്ണുകെട്ടുവാനായി കാലാകാലങ്ങളില്‍ ഇങ്ങനെ ഓരോ ചെപ്പടി വിദ്യകളുമായി രംഗപ്രവേശനം ചെയ്യും. അതുകൊണ്ട്് ഈ വക മുദ്രാവാക്യങ്ങള്‍ പലപ്പോഴും ഭീതിദായകമാണ്. ഓര്‍മ്മിക്കുക ഹിറ്റ്‌ലറുടെ ആര്യ വംശത്തിന്റെ മേധാവിത്വത്തെ കുറിച്ചുള്ള ആ മുദ്രാവാക്യം. എത്ര ആയിരക്കണക്കിന് ജൂതന്മാരാണ് അതിന്റെ ഫലമായി ഗ്യാസ്് ചേമ്പറുകളിലും ഫയറിങ്ങ് സ്‌ക്വാഡുകളുടെ മുമ്പിലും ചത്തൊടുങ്ങിയത്.

നാല്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ദിരാ ഗാന്ധി അരങ്ങേറിയ അടിയന്തിരാവസ്ഥ എന്ന ഭീകര നാടകം ഇതില്‍ നിന്നൊന്നും വ്യത്യസ്തമായിരുന്നില്ല. ഏകദേശം ഒരു ലക്ഷത്തിലേറെ പൗരന്മാരെ ഇന്ദിരാഗാന്ധി കരുതല്‍ തടങ്കല്‍ നിയമപ്രകാരം ജയിലിലടച്ചു. ഇവര്‍ക്കൊന്നും കോടതിയില്‍ ഇവയെ ചോദ്യം ചെയ്യുവാനും അവകാശം ഉണ്ടായിരുന്നില്ല. ആയിരക്കണക്കിന് ആളുകളെ നിര്‍ബന്ധിത വന്ധീകരണത്തിന് ഇരയാക്കി. ജനസംഖ്യ തടയുക ദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്യുക എന്ന മുദ്രാവാക്യത്തിന്റെ പേരില്‍. ന്ഗര സൗന്ദര്യ വത്കരണത്തിന്റെ പേരില്‍ സാധുക്കള്‍ ജീവിക്കുന്ന ചേരിപ്രദേശങ്ങള്‍ ബുള്‍ഡോസറുകള്‍ വെച്ച് ഇടിച്ചു നിരപ്പാക്കി. അവിടെ പച്ച മരതൈകള്‍ നട്ടുപിടിപ്പിച്ചു. ജനങ്ങളുടെ സ്വതന്ത്രമായ സംസാര സ്വാതന്ത്ര്യം എടുത്തു കളഞ്ഞു. ഇന്ദിരാ ഗാന്ധിയെ വിമര്‍ശിച്ചാല്‍ ജയില്‍ ആയിരുന്നു പ്രതിഫലം. ത്യാഗോജ്വലമായ ഒരു സ്വാതന്ത്ര്യ സമരത്തിന്റെ ഫലമായി നേടിയെടുത്ത ജനാധിപത്യ അവാകശങ്ങള്‍ പിച്ചി ചീന്തപ്പെട്ടു.

അടിയന്തിരാവസ്ഥ ഒരു ദിവസം പൊടുന്നനെ സംഭവിച്ച ഒരു കാര്യമായിരുന്നില്ല. ഇന്ദിരയുടെ ഭരണത്തോടുള്ള അതൃപ്തി രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ചും വടക്കേ ഇന്ത്യയില്‍ അലയടിച്ച് ഉയര്‍ന്നു വരുന്നുണ്ടായിരുന്നു. അഴിമതി, തൊഴിലില്ലായ്മ, ദാരിദ്ര്യം, ഭരണകമ്മി എല്ലാം ഇതിനുള്ള കാരണങ്ങളായിരുന്നു. ഇതിനെ എല്ലാം മൂടിവെയ്ക്കുവാനായി ഇന്ദിര ഉപയോഗിച്ച തന്ത്രമാകട്ടെ പൊള്ളയായ കുറേ മുദ്രാവാക്യങ്ങളും. ഇന്ദിരയ്ക്ക് എതിരെ ഒട്ടേറെ ജനകീയ മുന്നേറ്റങ്ങള്‍ ഉടലെടുത്തു. അതിന്റെ പരിസമാപ്തി ആയിരുന്നു ബീഹാറില്‍ നിന്നും ജയ്പ്രകാശ് നാരായണന്‍ നയിച്ച 'സമ്പൂര്‍ണ്ണ വിപ്ലവം'. അതിന്റെ തീ ജ്വാലയില്‍ കരുത്ത തൈകളായിരുന്നു അന്ന് വിദ്യാര്‍ത്ഥി നേതാക്കന്മാരായിരുന്ന നിധീഷ് കുമാറും ലാലുപ്രസാദ് യാദവും. ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ റെയില്‍ വേ സമരവും ഇന്ദിരാ ഭരണത്തിന്റെ അടിത്തറ ഇളക്കി. പ്രശ്‌നങ്ങളെ യാഥാര്‍ത്ഥ്യ ബോധത്തോടെ നേരിടുന്നതിനു പകരം ഇന്ദിരയില്‍ താന്‍ അകാരണമായി പീഢിപ്പിക്കപ്പെടുകയാണെന്ന മാനസികാവസ്ഥ വളര്‍ന്നു.  പെര്‍സിക്യൂഷന്‍കോസ്ഌക്‌സ്. പ്രതികൂലമായ കോടതി വിധി കൂടി ഉണ്ടായപ്പോള്‍ ഇന്ദിരയ്ക്ക് ഒട്ടും പിടിച്ച്് നില്‍ക്കാനായില്ല. അധികാരമില്ലാത്ത ജീവിതം അവര്‍ക്ക് സങ്കല്‍പ്പിക്കുവാനേ ആയില്ല. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആയ സിദ്ധാര്‍ത്ഥ ശങ്കര്‍ റേയുടേയും ഒരു ഏകാധിപതിയുടെ എല്ലാ സ്വഭാവവും ഉണ്ടായിരുന്ന ഇളയ മകന്‍ സഞ്ജയ് ഗാന്ധിയുടേയും ഉപദേശവും കൂടി ആയപ്പോള്‍ എരിതീയില്‍ എണ്ണ പകരപ്പെട്ടു. അങ്ങനെ  അടിയന്തിരാവസ്ഥ ഇന്‍ഡ്യാക്കാരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു.

1975 ജൂണ്‍ 25 അര്‍ദ്ധരാത്രിയില്‍ ഇന്ത്യയും ഡല്‍ഹിയും ഉറങ്ങി കിടക്കവേ പന്ത്രണ്ട് വെല്ലിങ്ങ്ടണ്‍ ക്രിസ്റ്റില്‍ അപ്പോഴും വെളിച്ചമുണ്ടായിരുന്നു. അവിടെ ഒരു പാതിരാ കൊലപാതകത്തിനുള്ള ഒരു ഗൂഢാലോചന പൂര്‍ത്തിയാവുകയായിരുന്നു. ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുവാന്‍ ഇന്ദിരയും സഞ്ജയും തീരുമാനിച്ചു. ഇതിനെ പിന്താങ്ങി സിദ്ധാര്‍ത്ഥ ശങ്കര്‍ റേയും മുഖവും നട്ടെല്ലുമില്ലാത്ത കുറേ കോണ്‍ഗ്രസ്സ് നേതാക്കന്മാരുമുണ്ടായിരുന്നു. ഈ പാര്‍ശ്വവര്‍ത്തികളും പാദസേവകരും ഇന്ത്യന്‍ ജനാധിപത്യത്തെ ആ രാത്രിയില്‍ കൊലയ്ക്കു കൊടുത്തു. പാതി രാത്രി തന്നെ കേന്ദ്രമന്ത്ര സഭാംഗങ്ങളെ വിളിച്ച് രാവിലെ ആറുമണിക്ക് മീറ്റിങ്ങിന് ഹാജരാകുവാന്‍ അറിയിച്ചു. ഇതികനം തന്നെ രാഷ്ട്രപതി ഭവനിലേയ്ക്ക് പ്രധാനമന്ത്രിയുടെ സെക്രട്ടറി ആയ ആര്‍.കെ. ധവാനെ ഇന്ദിരയുടെ സന്ദേശവുമായി അയച്ചു. രാഷ്ട്രപതി ഫക്രൂദീന്‍ അലി അഹമ്മദ് ഒരു മടിയും കൂടാതെ, ഒരു ചോദ്യവും ചോദിക്കാതെ അടിയന്തിരാവസ്ഥയുടെ  ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടു.  ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കാര്‍്ട്ടൂണിസ്റ്റ് ആയിരുന്ന അബു എബ്രഹാമിന്റെ ഭാവനാ പ്രകാരം പ്രസിഡന്റ് ബാത്ടബില്‍ കിടന്നു കൊണ്ടാണ് ഈ പാതിരാകൊലപാതകത്തിന്റെ ഒപ്പിടുന്നത്്. ഇനിയുണ്ടെങ്കില്‍ കൊണ്ടുവരിക എന്നും പറഞ്ഞതായി കാര്‍ട്ടൂണിസ്റ്റിന്റെ ഭാവനയില്‍ വരയ്ക്കപ്പെട്ടു. അങ്ങനെ ഭരണഘടന അനുശാനിക്കുന്ന ക്യാബിനറ്റിന്റെ അംഗീകാരം പോലുമില്ലാതെ ഒരു ഓര്‍ഡിനന്‍സില്‍  ഇന്ത്യന്‍ ഭരണഘടനയുടെ കാവല്‍ ഭടനായ രാഷ്ട്രപതി ഒപ്പിട്ടു. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ അപകടത്തിലാണെന്ന് ഇന്ദിര അടിയന്തിരാവസ്ഥ ഓര്‍ഡിനസിന്റെ കാരണമായി പറഞ്ഞെങ്കിലും അതിനെ പിന്തുണയ്ക്കുന്ന ഒരു രേഖയും രാഷ്ട്രപതിക്ക് നല്‍കിയില്ല. എങ്കിലും രാഷ്ട്രപതി അതില്‍ ഒപ്പിട്ടു.
ആ രാത്രി ഇന്ത്യന്‍ ജനാധിപത്യം വഞ്ചിക്കപ്പെട്ടു. അതിനുശേഷമുള്ള ചരിത്രം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഏതായാലും ഇന്ദിരാ ഗാന്ധി 1977 ജനുവരിയില്‍ ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുവാന്‍ തീരുമാനിച്ചു. ഇത് അവര്‍ക്ക് കിട്ടിയ രഹസ്യാന്വേഷണ പോലീസിന്റെ തെറ്റായ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു. തെരഞ്ഞെടുപ്പില്‍ ഇന്ദിരയും സജ്ഞയും കോണ്‍ഗ്രസ്സും തോല്‍പ്പിക്കപ്പെട്ടു. ജയിക്കുമെന്നായിരുന്നു രഹസ്യാന്വേഷണ റിപ്പോര്‍ട്ട്!
 ഞാന്‍ അന്ന് ഒരു ബിരുദ വിദ്യാര്‍ത്ഥി ആയിരുന്നു. എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളേജില്‍. അതായത് 1975-ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍. ജയ്് പ്രകാശ് നാരായണ്‍ കേരളം സന്ദര്‍ശിക്കുവാന്‍ ജൂണ്‍ അവസാനത്തില്‍ പരിപാടി ഇട്ടിരുന്നു. അദ്ദേഹത്തിന് സ്വീകരണം നല്‍കുവാനായി ഒരു ക്മ്മിറ്റി രൂപീകരിക്കപ്പെട്ടു. ഞാനും അതില്‍ അംഗമായിരുന്നു. ഏതായാലും സ്വീകരണം ഒന്നും വേണ്ടിവന്നില്ല.

അതിനു മുമ്പേ ഇന്ദിര ജെ.പി. എന്ന 'ലോക് നായകനെ' അറസ്റ്റ് ചെയ്തു. പക്ഷെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഞാനും സുഹൃത്തുക്കളും സജീവമായി. അതിന്റെ ഫലമായി വീട്ടിലെ അന്തരീക്ഷം കലുഷിതമാവുകയും ഞാന്‍ കേരളം വിട്ട് വടക്കേ ഇന്ത്യയിലേക്ക് ഒരു സ്വയം നാടുകടത്തലിന് തുനിയുകയും ചെയ്തു. 38 വര്‍ഷങ്ങള്‍ക്ക് മുമ്പ്്. പിന്നീട് ജീവിതം ഒരു നീണ്ട യാത്രയും അലച്ചിലും അന്വേഷണവുമായിരുന്നു. ഇങ്ങനെ അടിയന്തിരാവസ്ഥ മാറ്റി മറിച്ച എത്രയോ ജീവിതങ്ങള്‍! അതില്‍ കഥാവശേഷരായവര്‍ എത്രയോ പേര്‍! രാജനും സ്്‌നേഹലതാ റെഡ്ഡിയും ജോര്‍ജ് ഫെര്‍ണാണ്ടസും ഇതില്‍ അറിയപ്പെടുന്നവരില്‍ ചിലരാണ്. അറിയപ്പെടാത്ത എത്രയോ ജീവിതങ്ങള്‍ അടിയന്തിരാവസ്ഥയില്‍ ഹോമിക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യയില്‍ ഒരു അടിയന്തിരാവസ്ഥയ്ക്ക് ഇനി ഒരു സാധ്യതയുണ്ടോ? മോഡിക്ക് അത് സാധിക്കുമോ? ഇന്ന് ഇന്ത്യയില്‍ ഏതെങ്കിലും നേതാവ് അതിന് പര്യാപ്തന്‍ ആണെങ്കില്‍ അത് മോഡി മാത്രമാണ്. പക്ഷെ അദ്ദേഹത്തിനും അത് സാധിക്കുമെന്ന് തോന്നുന്നില്ല. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാല്‍ പോലും അത് നിലനിര്‍ത്തിക്കൊണ്ട് പോകുവാന്‍ മോഡിക്കെന്നു മാത്രമല്ല ആര്‍ക്കും സാധിക്കുമെന്ന് തോന്നുന്നില്ല. ഒരു പക്ഷെ സായുധ സേനകളുടെ പിന്‍ബലം ഉണ്ടെങ്കില്‍ പോലും. അതിനു കാരണം ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 42 ന്റെ ഭേദഗതി മാത്രമല്ല. ഇതുപ്രകാരം ഒരു പ്രധാനമന്ത്രിക്ക് അടിയന്തിരാവസ്ഥ നിലവില്‍ വരുത്തണമെങ്കില്‍ പാര്‍ലമെന്റിലെ രണ്ട് സഭകളുടേയും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. പക്ഷെ ഈ സാങ്കേതികത അല്ല ഇവിടെ പ്രശ്‌നം. ഇന്ത്യന്‍ ജനാധിപത്യം, ഇന്ത്യന്‍ ജനത ഒരിക്കലും ഇനിയൊരു അടിയന്തിരാവസ്ഥയ്ക്ക് വഴങ്ങുകയില്ല. അത് ഇന്ദിരാ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ നരേന്ദ്ര മോഡിയോ ആയികൊള്ളട്ടെ.


ആ ദുര്‍ഭൂതം പുനരവതരിക്കുമോ? (ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക