Image

വിഷയവൈവിധ്യവും ഈടുറ്റ ചര്‍ച്ചയും സമ്പന്നമാക്കിയ രണ്ടാം ദിനം

ആശ എസ് പണിക്കര്‍ Published on 28 June, 2015
 വിഷയവൈവിധ്യവും ഈടുറ്റ ചര്‍ച്ചയും  സമ്പന്നമാക്കിയ രണ്ടാം ദിനം
ഡോക്യുമെന്ററി - ഹ്രസ്വചിത്രങ്ങളുടെ വിഷയവൈവിധ്യം കൊണ്ടും അര്‍ത്ഥപൂര്‍ണമായ സിനിമാ ചര്‍ച്ചകള്‍ കൊണ്ടും സമ്പന്നമായിരുന്നു മേളയുടെ രണ്ടാം ദിനം. വിവിധ വിഭാഗങ്ങളിലായി അറുപതോളം ചിത്രങ്ങളാണ് ഇന്നലെ (ജൂണ്‍ 27) പ്രേക്ഷകനു മുന്നിലെത്തിയത്. ഇതില്‍ 32 എണ്ണം മല്‍സരവിഭാഗത്തിലായിരുന്നു പ്രദര്‍ശിപ്പിച്ചത്. 'നോവ്', 'സ്‌ക്രൈ', 'ഐയാം ഹോം' എന്നീ മൂന്നു ഹ്രസ്വചിത്രങ്ങളാണ് ക്യാംപസ് മല്‍സരവിഭാഗത്തില്‍ കൈരളിയില്‍ പ്രദര്‍ശിപ്പിച്ചത്. മ്യൂസിക് വീഡിയോ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. എച്ച്.ഐ.വിയുമായി ജനിച്ച ലോകത്തെ ആദ്യ തലമുറയുടെ കഥ പറഞ്ഞ 'സോ വാട്ട് ട്രാന്‍സിലേറ്റിംഗ് പോസിറ്റീവ്' കൂടാതെ സ്വയം കണ്ടെത്താനുള്ള ഏകാന്തതയെ യാത്രയെപ്പറ്റി സംസാരിച്ച 'നിര്‍ജന്‍', 'ഷെല്‍ട്ടര്‍', 'ഓഡു എ ബെറ്റര്‍ വേള്‍ഡ്', 'തെയിയേ' തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.  സംസ്‌കൃത ഭാഷയില്‍ ചിത്രീകരിച്ച 'ഓടു ടു എ ബെറ്റര്‍ വേള്‍ഡ്' എന്ന ചിത്രം മ്യൂസിക് വീഡിയോ വിഭാഗത്തില്‍ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റി. നാല് മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വ ചിത്രം സമാധാനത്തിനുള്ള വഴി കണ്ടെത്തുകയല്ല പകരം സമാധാനമാണ് വഴിയെന്ന് പ്രേക്ഷകനെ പഠിപ്പിക്കുന്നു. 
ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായി നാശത്തിന്റെ വക്കിലെത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ലോക്താക്കിന്റെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സമൂഹത്തിന്റെ കഥ പറഞ്ഞ നിശബ്ദ ചിത്രം 'ഫ്‌ളോട്ടിംഗ് ലൈഫ്' ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം പ്രേക്ഷകരിലേക്കെത്തിച്ചു. മല്‍സരവിഭാഗത്തിലെ ഷോര്‍ട്ട് ഡോക്യുമെന്ററിയില്‍ പ്രദര്‍ശിപ്പിച്ച മൂന്നു ചിത്രങ്ങള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങളാണ് കൈകാര്യം ചെയ്തത്.  തോട്ടിപ്പണി ചെയ്യുന്ന കേരളത്തിന്റെ ഒരു വിഭാഗത്തിന്റെ ദുരന്ത ജീവിതത്തന്റെ നേര്‍ക്കാഴ്ചകള്‍ തിരശ്ശീലയില്‍ പകര്‍ത്തിയ ക്യാസ്റ്റ് ആന്റ് ക്ലീന്‍ലിനസും പര്‍ദ്ദ സമ്പ്രദായത്തെയും ലിംഗപക്ഷപാദത്തെയും കേന്ദ്രപ്രമേയമാക്കിയ ഹിന്ദി ഡോക്യുമെന്ററി 'അണ്‍ വെയില്‍ഡ്' ഉം ഷൂ ബോക്‌സിനു പിന്നാലെ പാഞ്ഞ് ലോകം ചുറ്റിയ ദമ്പതികളുടെ കഥ പറഞ്ഞ ഇന്തോ-യു.എസ്. ചിത്രമായ 'ഫോളോയിംഗ് ദി ബോക്‌സും' ജീവിതത്തിന്റെ യഥാര്‍ത്ഥ കാഴ്ചകള്‍ സമ്മാനിച്ചു. 
ഫിലിം മേക്കര്‍ ഇന്‍ ഫോക്കസില്‍ കശ്മീരി സംവിധായകന്‍ അമിത് ദത്തയുടെ നളന്റെയും ദമയന്തിയുടെയും പ്രണയകഥ പറയുന്ന  'ചിത്രശാല'യും  'ഈവന്‍ റെഡ് കാന്‍ ഡി സാഡ്'  ഉള്‍പ്പെടെ നാല് ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തി. വാക്കുകള്‍ക്കും ചിത്രങ്ങള്‍ക്കും ഇടയില്‍ സങ്കലനം വ്യക്തമാ ക്കുന്ന ഒരു കലാകാരന്റെ ഛായാചിത്രം പങ്കുവയ്ക്കുന്നതായിരുന്നു 'ഈവന്‍ റെഡ് കാന്‍ ഡി സാഡ്' എന്ന സിനിമ. 
അനിമേഷന്‍ ചിത്രങ്ങളുടെ വിഭാഗത്തില്‍ ജര്‍മ്മന്‍ അനിമേഷന്‍ ചിത്രമായ 'ഏലിനേഷനും' ജനീവ തടാകത്തിന്റെ കഥ പറയുന്ന നിശ്ശബ്ദ ചിത്രമായ 'അയൂബ്‌ഡെ'യും ആസ്വാദകര്‍ക്ക് പുത്തന്‍ കാഴ്ചാനുഭവങ്ങള്‍  സമ്മാനിച്ചു. ബെസ്റ്റ് ഓഫ് ഐഡിഎ വിഭാഗത്തില്‍ കൊല്‍ക്കത്തയുടെ ലൈംഗിക തൊഴിലാളികളും  അവരുടെ കുട്ടികളും നേരിടുന്ന ദാരിദ്രത്തിന്റെയും അപമാനത്തിന്റെയും കഥ പറയുന്ന 'ബോണ്‍ ഇന്‍ടു  ബ്രോത്ത്‌ലസ്' എന്ന ചിത്രം തിയേറ്ററിനുള്ളിലെ പ്രേക്ഷകരില്‍ സൃഷ്ടിച്ചത് കടുത്ത നിശബ്ദതയായിരുന്നു. ഷോര്‍ട്ട് ഫിക്ഷന്‍ ഇന്‍ ഫോക്കസില്‍ പ്രദര്‍ശിപ്പിച്ച മലയാളിയായ മേജര്‍ സഞ്ജീവ് സംവിധാനം ചെയ്ത 'റൂഫിയാന്‍' എന്ന ചിത്രം ഒളിവില്‍ കഴിയുന്ന വിപ്ലവകാരിയുടെ ജീവിതത്തിലൂടെയുള്ള യാത്രയായിരുന്നു. പ്രദര്‍ശനത്തിനെത്തിയ 60 ലേറെ ചിത്രങ്ങള്‍ തിയേറ്ററിനുള്ളിലും പുറത്തും രണ്ടാം ദിനത്തെ സജീവമാക്കി. സിനിമ ചര്‍ച്ചകളിലും സംവാദങ്ങളിലും ഇടംപിടിക്കാന്‍ കഴിഞ്ഞൂവെന്നതാണ് രണ്ടാം ദിനത്തില്‍ പ്രദര്‍ശനത്തിനെത്തിയ എത്തിയ ചിത്രങ്ങളുടെ പ്രത്യേകത.

  കഉടഎഎഗ 2015  12 /27.06.2015
32 ചിത്രങ്ങള്‍ : മേളയില്‍ ഇന്ന് കാഴ്ചയുടെ പൂരം

രാജ്യാന്തര ഹ്രസ്വചലച്ചിത്രമേളയുടെ മൂന്നാം ദിനമായ ഇന്ന് (ജൂണ്‍ 28) പ്രേക്ഷകരെ കാത്തിരിക്കുന്നത് 32 ഓളം നല്ല ചിത്രങ്ങള്‍. ആറ്റൂര്‍ രവിവര്‍മ്മയെന്ന ഇന്ത്യന്‍ കവിതാ ലോകത്തെ സമാനതകളില്ലാത്ത പ്രതിഭയുടെ ജീവിതത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും അതുല്യ നിമിഷങ്ങളെ കോര്‍ത്തിണക്കി സംവിധായകന്‍ അന്‍വര്‍ അലി അണിയിച്ചൊരുക്കിയ ചിത്രമാണ് 'മറുവിളി'. 90 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം ലോങ് ഡോക്യുമെന്ററി വിഭാഗത്തിലാണ് ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത്. ഇതോടൊപ്പം രണ്ടു മലയാള ചിത്രങ്ങളും ഒരു ബംഗാളി ചിത്രവും ഈ വിഭാഗത്തില്‍ പ്രേക്ഷകന് മുന്നിലെത്തും. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പ്രാദേശിക ഭാഷയെ അവഗണിക്കുന്നതു മൂലം ആദിവാസി കുട്ടികള്‍ ക്ലാസ് മുറികളില്‍ നേരിടുന്ന ആത്മ സംഘര്‍ഷങ്ങളെ 28 മിനിട്ടിനുള്ളില്‍ സമൂഹത്തിനോട് പറയാന്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ 'ദി മദര്‍ ടങ്' എന്ന ചിത്രം ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ ഇന്ന് മല്‍സരത്തിനെത്തുന്നത്. പൊതുസമൂഹത്തിന് സുപരിചതമല്ലാത്ത ലൈംഗിക തൊഴിലാളികളുടെ ഇരുളടഞ്ഞ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ഷെറി ഗോവിന്ദന്‍ സംവിധാനം ചെയ്ത 'റെഡ് ബ്ലൂ ഗ്രീന്‍ യെല്ലോ' എന്ന ചിത്രം. ഈ ചിത്രവും ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്ന് മല്‍സരത്തിനെത്തുന്നുണ്ട്. 
ഷോര്‍ട്ട് ഫിക്ഷന്‍ പ്രദര്‍ശന വിഭാഗത്തില്‍ 9 ചിത്രങ്ങളും ആനിമേഷന്‍ വിഭാഗത്തില്‍ നാല് ചിത്രങ്ങളും ഇന്ന് മേളയുടെ മാറ്റുകൂട്ടും. വൈക്കം വിജയലക്ഷ്മിയെന്ന അന്ധയായ ഗായികയുടെ മാതാപിതാക്കളുടെ കഥ പറയുന്ന ചിത്രമാണ് 'സല്യൂട്ട്'. ഷോര്‍ട്ട് ഡോക്യുമെന്ററി പ്രദര്‍ശന വിഭാഗത്തിലൂടെയാണ് ചിത്രം മേളയിലെത്തുന്നത്. ഇതോടൊപ്പം മൂന്നു ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും. ഇന്റര്‍നാഷ്ണല്‍ ഡോക്യുമെന്ററി അസോസിയേഷന്‍ തെരഞ്ഞെടുത്ത മൂന്നു ചിത്രങ്ങളും, രാജ്യാന്തര വിഭാഗത്തില്‍ രണ്ടു ചിത്രങ്ങളും മൂന്നാം ദിനം കാണികള്‍ക്ക് കൗതുകമാകും. കൊറിയന്‍ സിനിമയുടെ ദൃശ്യഭംഗിയും തനിമയും ആവിഷ്‌കരിക്കുന്ന രണ്ടു ചിത്രങ്ങള്‍ കണ്ട്രിഫോക്കസ് വിഭാഗത്തിലൂടെ ഇന്ന് പ്രേക്ഷകന് മുന്നിലെത്തും. അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന വിഖ്യാത സംവിധായകന്റെ സിനിമകളിലൂടെ കടന്നുപോകുന്ന 58 മിനിട്ട് ദൈര്‍ഘ്യമുള്ള 'ഇമേജ് ആന്റ് റിഫ്‌ളക്ഷന്‍', ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ഇംഗ്ലീഷ് ഭാഷയുമായി കോര്‍ത്തിണക്കുന്ന സപ്ന്ദന്‍ ബാനര്‍ജി സംവിധാനം ചെയ്ത 'ഇംഗ്ലീഷ് ഇന്ത്യ' എന്ന ചിത്രവും ലോങ് ഡോക്യുമെന്ററി വിഭാഗത്തിലൂടെ സിനിമയുടെ പുത്തന്‍ ഭാവങ്ങളെ പ്രേക്ഷകന് പരിചയപ്പെടുത്തും. 



മേളയ്ക്ക് ചാരുതയേകാന്‍ കേരളീയ കലാരൂപങ്ങള്‍

സോപാന സംഗീതവും, പുള്ളുവന്‍ പാട്ടും, ഓട്ടന്‍ തുള്ളലും തുടങ്ങിയ കേരളത്തിന്റെ സാംസ്‌കാരികതനിമ വിളിച്ചോതുന്ന കലാപരിപാടികളുടെ അവതരണംകൊണ്ട് പുത്തന്‍ ഭാവം കൈവന്നിരിക്കുകയാണ് 8-ാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയ്ക്ക്. തിയേറ്റര്‍ കോംപ്ലക്‌സിനു മുന്നില്‍ തയ്യാറാക്കിയിരിക്കുന്ന കേരള പവലിയനിലാണ് കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ അരങ്ങേറുന്നത്. അമ്പലപ്പുഴ വിജയകുമാര്‍ ഇടക്കയില്‍ തീര്‍ത്ത വിസ്മയത്തോടെയാണ് കേരള  പവലിയന്‍ മിഴിതുറന്നത്. സുന്ദരന്‍ മുല്ലൂര്‍ക്കര അവതരിപ്പിക്കുന്ന ശാലീന സൗന്ദര്യമാര്‍ന്ന പുള്ളുവന്‍ പാട്ടും കൊട്ടാരക്കര കരുണാകരന്‍ മാസ്റ്റര്‍ അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളലും ഇന്നും നാളെയുമായി മേളയ്ക്ക് മാറ്റുകൂട്ടും.



സംഗീത സമന്വയത്തിനുള്ള ശ്രമമാണ് തന്റെ ചിത്രം : വസുധ ജോഷി

 പാശ്ചാത്യ സംഗീതത്തെ പരമ്പരാഗത വടക്കുകിഴക്കന്‍ ഭാരതീയ സംഗീതവുമായി സമന്വയിപ്പിക്കാനുള്ള പരീക്ഷണമായിരുന്നു തന്റെ മ്യൂസിക്കല്‍ റിയാലിറ്റിയായ 'ടു ക്യാച്ച് ദി വിന്‍ഡ്' എന്ന് പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ വസുധ ജോഷി പറഞ്ഞു. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയോടനുബന്ധിച്ച് കൈരളി തിയേറ്ററില്‍ നടന്ന പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഏറെ സങ്കുചിതവും സങ്കീര്‍ണവുമായ ബലിയപാല്‍ ജീവിതത്തിന് ചലച്ചിത്ര ആവിഷ്‌കാരം നല്‍കാന്‍ സാധിച്ചതാണ് തന്റെ കലാജീവിതത്തിലെ സന്തുഷ്ടമായ ഏട് എന്നവര്‍ കൂട്ടിച്ചേര്‍ത്തു.
ഡോക്യുമെന്ററിയും പത്രവും വ്യത്യസ്ത തലങ്ങളില്‍ നിന്ന് സത്യത്തെ തുറന്നു കാണിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകനും ബൈലൈന്‍ ബൈ ബി.ആര്‍.പി. ഡോക്യുമെന്ററിയുടെ സംവിധായകനുമായ പി.വൈ. അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. വിവാദ സൃഷ്ടികളായ ഡോക്യുമെന്ററികള്‍ക്ക് പ്രേക്ഷക ശ്രദ്ധ ലഭിക്കുമ്പോള്‍ മറ്റുള്ളവയുടെ ആസ്വാദക സാന്നിധ്യം കുറയും. സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം ഡോക്യുമെന്ററികള്‍ക്ക് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
സംവിധായകന്റെ രാഷ്ട്രീയം ഡോക്യുമെന്ററികള്‍ പ്രതിഫലിപ്പിക്കുന്നുവെന്ന് 'സീബ്രാലൈന്‍' ന്റെ സംവിധായകന്‍ രാജേഷ് ജയിംസ് പറഞ്ഞു. വര്‍ത്തമാനകാലത്തിന്റെ പരിഛേദമാണ് ഡോക്യുഫിക്ഷനുകള്‍ എന്ന് ഭാഗ്യനാഥ് സി.ജി. അഭിപ്രായപ്പെട്ടു. വികസനത്തിന്റെ മറവിലുള്ള പ്രകൃതി ചൂഷണത്തെ ചോദ്യം ചെയ്യുന്നതാണ് തന്റെ ഡോക്യുമെന്ററിയായ 'ഇന്‍ ഡെയിഞ്ചര്‍ സോണ്‍' എന്ന് അദ്ദേഹം പറഞ്ഞു. നാഗാലാന്‍ഡിലെ നാടോടി ജീവിത പശ്ചാത്തലത്തിലൂടെ കോളനിവല്‍ക്കരണവും മതവും രാഷ്ട്രീയവുമെല്ലാം സമന്വയിപ്പിച്ച് കഥ പറയുകയാണ് 'എവരി ടൈം യൂ ടെല്‍ എ സ്റ്റോറി' എന്ന ഡോക്യുമെന്ററിയുടെ സംവിധായകരായ അമിത് മഹന്തിയും രുചികാ നെഗിയും അഭിപ്രായപ്പെട്ടു. 



സിനിമാ സ്‌ക്രീനിങ് 'ഒരു സാമൂഹിക കല' : അരി അല്ലണ്‍സന്‍ 

സിനിമ ഒരു സാമൂഹിക മാധ്യമവും, സിനിമ സ്‌ക്രീനിങ് ഒരു സാമൂഹിക കലയുമാണെന്ന് സംവിധായകനും  ഡോക്യുമെന്ററി മേളയുടെ ജൂറി അംഗവുമായ അരി അല്ലണ്‍സന്‍ പറഞ്ഞു. 8-ാമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയുടെ ഭാഗമായി നിള തിയേറ്ററില്‍ നടന്ന 'മാസ്റ്റര്‍ ക്ലാസ്' സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
''ഇന്റര്‍നെറ്റിന്റെ വരവ് സിനിമയുടെ വിതരണ രീതിയില്‍ വ്യാപകമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചു. ഡോക്യുമെന്ററികള്‍ പുറത്തിറക്കാനുള്ള മാധ്യമം എന്ന നിലയിലും, സിനിമയില്‍ പ്രതിപാദിക്കുന്ന വിഷയത്തെ സംബന്ധിച്ച് പൊതുചര്‍ച്ചകള്‍ രൂപപ്പെടുത്തുന്നതിനും ഇന്റര്‍നെറ്റിനെ പ്രയോജനപ്പെടുത്തണം. ഇതിനായി ക്രൗഡ്ഫണ്ടിംഗ് പോലെയുള്ള വിപണന രീതികള്‍ പരീക്ഷിച്ച് സിനിമ ചെയ്യുന്നതിന് കൂടുതല്‍ ചെറുപ്പക്കാര്‍ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ ഡോ.സി.എസ്. വെങ്കിടേശ്വരന്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. 

ഇന്നത്തെ പരിപാടി (28-06-2015)
കൈരളി തിയേറ്റര്‍ 
ഫെയ്‌സ് ടു ഫെയ്‌സ്  വൈകിട്ട് 5 മണിക്ക്
അഭിലാഷ്  എസ് -സ്‌ക്രൈ - മല്‍സരവിഭാഗം ക്യാംപസ് ഫിലിം
അനുപം ബാര്‍വെ - സോ വാട്ട് - മല്‍സരവിഭാഗം മ്യൂസിക് വീഡിയോ
അന്‍കിറ്റ് മറാത്ത - നിര്‍ജന്‍ - മല്‍സരവിഭാഗം മ്യൂസിക് വീഡിയോ
അധിരാജ് ബോസ് - ഇന്റല്‍ കഫേ നൈറ്റ് - ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍
കരണ്‍ ധാര്‍ - കാണ്‍സൂത്ര - ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി
ജയപ്രകാശ് കൊറൊത്ത് - ഫാമിലി മാര്‍ട്ട് - ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍
ഹിമാലയ ദാവെ - മൊകാര്‍ട്ട് - ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍

ഫെയ്‌സ് ടു ഫെയ്‌സ്   വൈകിട്ട് 5.30 മണിക്ക്  
രാകേഷ് കുമാര്‍ - ഷാഡോ - മല്‍സരവിഭാഗം ഷോര്‍ട്ട് ഫിക്ഷന്‍
പ്രൊസിറ്റ് റോയി - ബ്ലഡി മൊസ്താച്ചെ - മല്‍സരവിഭാഗം ഷോര്‍ട്ട് ഫിക്ഷന്
കരുണ ബാന്‍സോഡെ - ആഫ്റ്റര്‍ നൂണ്‍ ലുല്ലബൈ - മല്‍സരവിഭാഗം   ഷോര്‍ട്ട് ഫിക്ഷന്‍
മേജര്‍ സജീവ് കെ.വി. - ദി റുഫൈന്‍ - ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍
ഹരിശങ്കര്‍ കെ.ഡി. - കോംറെഡ് വാള്‍ക്‌സ് ഓണ്‍ തിന്‍ ഐസ് - മല്‍സരവിഭാഗം ഷോര്‍ട്ട് ഫിക്ഷന്‍
ഷാരൂഖ് ബാവ - ഐയാം ഹോം - ക്യാംപസ് ഷോര്‍ട്ട് ഫിലിം
അരുണ്‍ സുകുമാര്‍ - തെയീ - മല്‍സരവിഭാഗം മ്യൂസിക് വീഡിയോ
നിള തിയേറ്റര്‍ മാസ്റ്റര്‍ ക്ലാസ്
"The Question of Truth in Cinema Fact and Interpretation''

കേരള പവലിയനില്‍   വൈകിട്ട് 6ന് 
പുള്ളുവന്‍പാട്ട്
അവതരണം : സുന്ദര്‍ മുള്ളൂര്‍ക്കര

ഷെഡ്യൂള്‍ മാറ്റം (28-06-2015)
നാളെ 12 മണിക്ക് നിള തിയേറ്ററില്‍ രാജ്യാന്തരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന 'മണിസ്‌ലാം' എന്ന ചിത്രത്തിനു പകരം 'ലോകപ്രിയ', 'രസികപ്രിയ' എന്നീ രണ്ടു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക