Image

കളമശ്ശേരിയിലെ വിവാദ ഭൂമി: പോക്കുവരവ് റദ്ദാക്കിയ ടി.ഒ. സൂരജിന്റെ ഉത്തരവ് ഹൈകോടതി അസാധുവാക്കി

Published on 26 May, 2015
കളമശ്ശേരിയിലെ വിവാദ ഭൂമി: പോക്കുവരവ് റദ്ദാക്കിയ ടി.ഒ. സൂരജിന്റെ ഉത്തരവ് ഹൈകോടതി അസാധുവാക്കി

കൊച്ചി: സലീം രാജിന്റെ പേരുള്‍പ്പെട്ടതിലൂടെ വിവാദമായ കളമശ്ശേരിയിലെ ഭൂമിയുടെ പോക്കുവരവ് റദ്ദാക്കിയ മുന്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ ടി.ഒ. സൂരജിന്റെ ഉത്തരവ് ഹൈകോടതി അസാധുവാക്കി. സ്ഥലത്തിന്റെ തണ്ടപ്പേര്‍ നീക്കിയ നടപടിയും ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള റദ്ദാക്കി. വര്‍ഷങ്ങളായി ഭൂമി കൈവശംവെച്ചു വരുന്ന കളമശ്ശേരി പത്തടിപ്പാലം സ്വദേശി ഷെരീഫയുടെയും മക്കളുടെയും പേരില്‍ റവന്യൂ അധികൃതര്‍ കരം സ്വീകരിക്കണമെന്നും ഉത്തരവ് സിവില്‍ കോടതികളില്‍ നിലവിലുള്ള കേസുകളുടെ തീര്‍പ്പിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

ഷെരീഫയും മക്കളായ നാസര്‍, നൗഷാദ്, നൗഷാദിന്റെ ഭാര്യ ഷാമിത എന്നിവരും നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. അതേസമയം, തര്‍ക്കമുള്ള സ്ഥലത്ത് ഷാമിത അനധികൃതമായി കെട്ടിട നിര്‍മാണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി സലീം രാജിന്റെ ബന്ധുകൂടിയായ അബ്ദുല്‍ മജീദ് നല്‍കിയ ഹര്‍ജി കോടതി തള്ളി. 85 വര്‍ഷമായി കൈമാറ്റം ചെയ്യപ്പെട്ട ഒട്ടേറെ ആധാരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ തങ്ങളുടെ പേരിലുള്ളതെന്ന് വ്യക്തതയുള്ള തൃക്കാക്കര നോര്‍ത് വില്‌ളേജിലെ 99 സെന്റ് സ്ഥലത്തിന്റെ തണ്ടപ്പേരും പോക്കുവരവും ലാന്‍ഡ് റവന്യൂ കമീഷണര്‍ നീക്കംചെയ്തത് അധികാരപരിധി ലംഘിച്ചാണെന്നായിരുന്നു ഹരജിക്കാരുടെ ആരോപണം.

സര്‍ക്കാറില്‍ നിക്ഷിപ്തമായ ഭൂമി എന്നാരോപിച്ചാണ് തണ്ടപ്പേര്‍ റദ്ദാക്കിയത്. ലാന്‍ഡ് റവന്യൂ കമീഷണറുടെ നടപടിയുടെയും കലക്ടറുടെ നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തില്‍ ഭൂമിയുടെ കരമടക്കലുള്‍പ്പെടെയുള്ള നടപടികള്‍ റവന്യൂ അധികൃതര്‍ തടയുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. ലാന്‍ഡ് റവന്യൂ കമീഷണറുടെ നടപടി അധികാരപരിധി ലംഘിക്കുന്നതാണെന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവും ഇവര്‍ ഹാജരാക്കി. ഇതേസമയത്താണ് ഹരജിയിലെ എതിര്‍കക്ഷിയായ അബ്ദുല്‍ മജീദ് അനധികൃത കെട്ടിട നിര്‍മാണം ആരോപിച്ച് ഹരജിക്കാരിയായ ഷമിതക്കെതിരെ ഹരജി നല്‍കിയത്. സര്‍ക്കാറിന്റെ നിക്ഷിപ്ത ഭൂമിയില്‍ അനധികൃതമായി കെട്ടിടം നിര്‍മിക്കുന്നുവെന്നായിരുന്നു ഈ ഹരജിയിലെ ആരോപണം.
1963ലെ ഭൂപരിഷ്‌കരണ നിയമം വരുന്നതിനു മുമ്പേ ജന്മം അവകാശം സ്ഥാപിക്കപ്പെട്ട ഭൂമി സര്‍ക്കാറിന്റെ നിക്ഷിപ്ത ഭൂമിയാണോയെന്ന കാര്യം പരിശോധിക്കേണ്ടതു തന്നെയില്‌ളെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, ഇത് സംബന്ധിച്ച് സിവില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ മറ്റ് അഭിപ്രായ പ്രകടനവും നടത്തുന്നില്ല.

അതേസമയം, കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം സര്‍ക്കാറില്‍ നിക്ഷിപ്തമായ ഭൂമി നിര്‍ണയിക്കല്‍ ലാന്‍ഡ് റവന്യൂ കമീഷണറുടെ അധികാരപരിധിയില്‍ വരുന്നതല്‌ളെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, സിവില്‍ കോടതിയില്‍ കേസ് നിലനില്‍ക്കെ ഇത്തരമൊരു ഉത്തരവിടാന്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് കഴിയില്ല. വര്‍ഷങ്ങളായി നികുതി നല്‍കിവരുന്ന ഹരജിക്കാരെ കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാക്കി ഭൂമി ഏറ്റെടുക്കാനുള്ള കമീഷണറുടെ ശ്രമം നിയമവിരുദ്ധവും ഏകാധിപത്യപരവുമാണ്. സിവില്‍ കോടതി വിധി വരുംവരെ നിലവിലെ അവസ്ഥ തുടരാന്‍ അനുവദിക്കണമെന്ന എതിര്‍കക്ഷികളുടെ വാദവും കോടതി തള്ളി. ലാന്‍ഡ് റവന്യൂ കമീഷണറുടെ സാധുതയില്ലാത്ത ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ളതാണ് നിലവിലെ സ്ഥിതി. ഈ ഉത്തരവ് തിരുത്തപ്പെടേണ്ടതാണ്. തിരുത്തപ്പെട്ടാല്‍ ഈ ഉത്തരവ് നിലവിലുണ്ടാവില്ല. അതിനാല്‍, നിലവിലെ സ്ഥിതി തുടരാന്‍ ഉത്തരവിടാനാവില്‌ളെന്ന് കോടതി വ്യക്തമാക്കി.

അനധികൃതമെന്ന് ആരോപിക്കുന്ന കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട അപേക്ഷ നഗരസഭയുടെ പരിഗണനയിലിരിക്കുകയാണെന്നും അന്തിമ തീര്‍പ്പുണ്ടാകാത്ത സാഹചര്യത്തില്‍ കോടതി ഇടപെടല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ ആവശ്യമില്‌ളെന്നും വ്യക്തമാക്കിയ കോടതി ഇതു സംബന്ധിച്ച ഹരജി തള്ളി. തുടര്‍ന്നാണ് പോക്കുവരവും തണ്ടപ്പേരും റദ്ദാക്കിയ ലാന്‍ഡ് റവന്യൂ കമീഷണറുടെ നടപടി കോടതി അസാധുവാക്കിയത്.

http://www.madhyamam.com/news/355547/150526
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക