Image

രാജ്യത്തിന് ഗുണമുണ്ടാക്കുന്നതല്ല സ്വയം നേട്ടമുണ്ടാക്കുന്നതാണ് മോദി നയമെന്ന് ശര്‍മിഷ്ഠ മുഖര്‍ജി

Published on 26 May, 2015
രാജ്യത്തിന് ഗുണമുണ്ടാക്കുന്നതല്ല സ്വയം നേട്ടമുണ്ടാക്കുന്നതാണ് മോദി നയമെന്ന്  ശര്‍മിഷ്ഠ മുഖര്‍ജി
തിരുവനന്തപുരം: രാജ്യത്തിന് ഗുണമുണ്ടാക്കുന്നതല്ല സ്വയം നേട്ടമുണ്ടാക്കുന്നതാണ് മോദി നയമെന്ന് എ.ഐ.സി.സി വക്താവ് ശര്‍മിഷ്ഠ മുഖര്‍ജി. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ളെന്ന് മാത്രമല്ല പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിലും കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്ന് ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ വ്യക്തമാണ്.
കാര്‍ഷിക-വ്യാവസായികമേഖല തകര്‍ന്നു. രാജ്യത്തെ പ്രമുഖ എട്ട് വ്യാവസായികമേഖലയില്‍ 3.5 ശതമാനത്തിന്‍െറ കുറവുണ്ടായി. നിര്‍മാണമേഖല സ്തംഭനാവസ്ഥയിലാണ്. ഒരുവര്‍ഷത്തിനകം കയറ്റുമതിയില്‍ 11 ശതമാനത്തിന്‍െറ കുറവ് ഉണ്ടായി. സര്‍ക്കാറിന്‍െറ നയങ്ങള്‍ കാരണം ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ വിദേശകമ്പനികളും മടിക്കുന്നു. അടുപ്പക്കാരായ കുത്തകകളെ സഹായിക്കുന്നതിനാണ് അദ്ദേഹം നിയമങ്ങള്‍ ഉണ്ടാക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്‍െറ ഭൂമി ഏറ്റെടുക്കല്‍ നിയമവും തൊഴില്‍ നിയമ പരിഷ്കരണവും ഇക്കാര്യം തെളിയിക്കുന്നതായും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെയും നികുതിഘടനയില്‍ മാറ്റം വരുത്താതെയും മികച്ച വ്യാപാരാന്തരീക്ഷം സൃഷ്ടിക്കാതെയുമാണ് ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന വാദം ഉയര്‍ത്തുന്നത്.
യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന കരാര്‍ അട്ടിമറിച്ച് ഫ്രാന്‍സുമായി നടത്താന്‍ പോകുന്ന റാഫേല്‍ ഫൈറ്റര്‍ ജെറ്റ് ഇടപാടും പൂര്‍ണപരാജയമാണ്. സാങ്കേതികവിദ്യകൂടി കൈമാറത്തക്കവിധമാണ് യു.പി.എ സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍, മോദിയുടെ കരാറില്‍ 18ന് പകരം 36 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് പ്രാധാന്യം നല്‍കിയത്. സാങ്കേതികവിദ്യയുടെ കൈമാറ്റം പരാമര്‍ശിച്ചിട്ടുപോലുമില്ല. ഇതിലൂടെ സ്വന്തം ആശയമായ മേക്ക് ഇന്‍ ഇന്ത്യക്ക് മോദി തന്നെ തുരങ്കംവെച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക