Image

നിരുപമ എന്നെ കീഴടക്കി

ആശ പണിക്കര്‍ Published on 26 May, 2015
നിരുപമ എന്നെ കീഴടക്കി
നീണ്ട എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം തമിഴ് സിനിമാ ലോകത്തു നിന്നും അകന്നു നിന്ന ജ്യോതിക 36 വയതിനിലേ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ തിരിച്ചെത്തിയിരിക്കുന്നു. ആരാധകര്‍ക്കൊപ്പം ജോയും സൂര്യയും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം. പ്രതീക്ഷ തെറ്റിയില്ല. തങ്ങളുടെ പ്രിയപ്പെട്ട ജോയുടെ വരവ് ആരാധകര്‍ ശരിക്കും ആഘോഷിച്ചു. തമിഴ് നാട്ടില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു വരികയാണ് 36 വയതിനിലേ എന്ന ചിത്രം. മലയാളത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് മഞ്ജു വാര്യരുടെ രണ്ടാം വരവ് ഗംഭീരമാക്കിയ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ റീമേക്കാണിത്. തമിഴിലും റോഷന്‍ തന്നെയാണ് സംവിധായകന്‍. തന്റെ തിരിച്ചു വരവിനെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും ജോ മനസ് തുറ്കകുന്നു.

എങ്ങനെയാണ് ഈ സിനിമയിലേക്കെത്തിയത്? 

ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയുടെ സിഡി ഞാനും സൂര്യയും ഒരുമിച്ചിരുന്നാണ് കണ്ടത്. സിനിമ തീരും വരെ തികച്ചും ആകാംക്ഷയോടെയാണ് ഞങ്ങള്‍ കണ്ടിരുന്നത്. സിനിമ തീര്‍ന്നു കഴിഞ്ഞപ്പോള്‍ അതിലെ നിരുപമ രാജീവ് എന്ന കഥാപാത്രം ഞങ്ങളുടെ മനസില്‍ പതിഞ്ഞു കഴിഞ്ഞിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് ഈ സിനിമ തമിഴില്‍ ചെയ്യുന്നുണ്ടെന്നു  സൂര്യ പറഞ്ഞപ്പോള്‍തന്നെ നിരുപമ എന്ന കഥാപാത്രമാകാന്‍ എനിക്കാഗ്രഹമുണ്ടെന്ന് ഞാന്‍ പറഞ്ഞു. സൂര്യക്കും വളരെ താല്‍പര്യമായിരുന്നു. എന്റെ തിരിച്ചുവരവിന് ഇതിലും നല്ലൊരു കഥാപാത്രത്തെ കിട്ടുകയില്ല എന്ന് ഞങ്ങള്‍ക്കിരുവര്‍ക്കും ബോധ്യമുണ്ടായിരുന്നു. സൂര്യയുടെ പ്രൊഡക്ഷന്‍ കമ്പനി 2ഡിയാണ് സിനിമ നിര്‍മിച്ചത്. 

കഥാപാത്രത്തെ കുറിച്ച്? 

ഒരു പെണ്ണിന്റെ സ്വപ്നങ്ങള്‍ക്ക് എക്‌സപയറി ഡേറ്റ് നിശ്ചയിക്കുന്നത് ആരാണ്? എന്റെ കരിയറില്‍ ഞാനിതു വരെ ഇത്ര ഗംഭീരമായ ഒരു ഡയലോഗ് പറഞ്ഞിട്ടില്ല. നിരുപമ എന്ന കഥാപാത്രം തന്റെ ഭര്‍ത്താവിനോടു ചോദിക്കുന്ന ആ ചോദ്യത്തിന്റെ കരുത്ത് എത്ര വലുതാണ്. അതു സമ്മതിക്കാതെ വയ്യ. അതോടെ നിരുപമ എന്റെ മനസില്‍ ഇടം പിടിക്കുകയായിരുന്നു. മലയാളത്തില്‍ നിരുപമ എന്ന കഥാപാത്രം തമിഴില്‍ വാസന്തിയാണ്. സത്യത്തില്‍ ഈ സിനമയുടെ പ്രമേയത്തിനു കൂടുതല്‍ ചേരുന്നത് തമിഴ് നാട്ടിലെ സാമൂഹ്യ സാഹചര്യങ്ങളാണ്. ഇവിടെ സ്ത്രീകള്‍ അധ്വാനത്തിലും കുടുംബത്തോടുമെല്ലാം അര്‍പ്പണ മനോഭാവമുള്ളവരാണെങ്കിലും അവര്‍ക്ക്  സമൂഹത്തില്‍ നിന്നും അര്‍ഹമായ അംഗീകാരം കിട്ടുന്നില്ല. പക്ഷേ കേരളത്തില്‍ സഥിതി കുറച്ചു കൂടി ഭേദമാണ്. നായികാ പ്രാധാന്യമുള്ള സിനിമകള്‍ കൂടുതലും മലയാളത്തിലാണ് പുറത്തിറങ്ങുന്നത്. അത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ച എത്രയെത്ര നടികളാണ് മലയാളത്തിലുള്ളത്. പക്ഷേ തമിഴ് സിനിമയില്‍ അങ്ങനെയല്ല. അവിടെ നായകന്റെ നിഴലായി പ്രണയരംഗങ്ങളില്‍ മാത്രം അഭിനയിച്ചു പോകുന്ന അവസ്ഥയാണ് നായികമാര്‍ക്കുള്ളത്. ഈ സിനിമയുടെ വിജയം തമിഴ് സിനിമയില്‍ കൂടുതല്‍ നായികാ പ്രധാന്യമുള്ള ചിത്രങ്ങളെടുക്കാന്‍ സംവിധായകര്‍ക്ക് പ്രചോദമാകുമെന്നാണ് കരുതുന്നത്. 

എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ക്യാമറക്കു മുന്നില്‍ നിന്നപ്പോള്‍ ? 

പ്രത്യേകിച്ചൊന്നും തോന്നിയില്ല. നല്ലൊരു സിനിമയുടെ ഭാഗമാകാന്‍ പോകുന്നു എന്ന സന്തോഷം മനസിലുണ്ടായിരുന്നു. നല്ലൊരു ടീമായിരുന്നു 36  വയതിനിലേയുടേത്.  മക്കള്‍ക്ക് അവധിയായതിനാല്‍ അവര്‍ രണ്ടും ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്നു. അതുകൊണ്ട് അവരെ എനിക്കൊട്ടും മിസ് ചെയ്തില്ല. പ്രേക്ഷകര്‍ ഈ ചിത്രം സ്വീകരിക്കും എന്നു തന്നെയായിരുന്നു പ്രതീക്ഷ. അവര്‍ ആവേശത്തോടെ തന്നെ സ്വീകരിച്ചു. അതില്‍ സന്തോഷമുണ്ട്. 


നിരുപമ എന്നെ കീഴടക്കി
നിരുപമ എന്നെ കീഴടക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക