Image

ടൂറിസ്റ്റ്‌വിസാച്ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തി

Published on 04 December, 2012
ടൂറിസ്റ്റ്‌വിസാച്ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തി
ന്യൂഡല്‍ഹി: വിദേശികള്‍ക്കുള്ള ടൂറിസ്റ്റ്‌വിസാച്ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തി. അടുത്തടുത്തുള്ള സന്ദര്‍ശനങ്ങള്‍ക്കിടയില്‍ രണ്ടു മാസമെങ്കിലും കാലപരിധി വേണമെന്ന നിബന്ധന ഇളവ് ചെയ്തു. അതേസമയം, പാകിസ്താന്‍, ചൈന, ഇറാന്‍, ഇറാഖ്, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, സുഡാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും പാക്, ബംഗ്ലാദേശി വംശജര്‍ക്കും പൗരത്വമില്ലാത്തവര്‍ക്കും ഈ നിബന്ധന തുടരും.

മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിനുശേഷം, 2009-ലാണ് ഈ നിബന്ധന കൊണ്ടുവന്നത്. ലഷ്‌കര്‍ ഇ തൊയ്ബ തലവന്‍ ഡേവിഡ് ഹെഡ്‌ലി, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസസൗകര്യം ദുരുപയോഗം ചെയ്താണ് ഒമ്പതുതവണ ഇന്ത്യയിലെത്തിയതെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

അതിനാല്‍ പാകിസ്താനില്‍ നിന്നുള്ള വിസ അപേക്ഷകരുടെ കാര്യത്തില്‍ സര്‍ക്കാര്‍ കടുത്ത ജാഗ്രത തുടരും. രണ്ടുതലമുറ മുമ്പാണെങ്കിലും പാക് പാരമ്പര്യമുള്ളവരുടെ കാര്യത്തില്‍ വിസ അപേക്ഷകള്‍ കേന്ദ്രത്തിന്റെ മുന്‍കൂട്ടിയുള്ള അനുമതി നേടിയിരിക്കണമെന്ന് ഓരോ രാജ്യത്തെയും ഇന്ത്യന്‍ നയതന്ത്രാലയങ്ങളെ അറിയിച്ചിട്ടുണ്ട്.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ രണ്ടുമാസത്തെ ഇടവേള എന്ന നിബന്ധനയില്‍ ഇളവ് നല്‍കുന്നതിനൊപ്പം പല രാജ്യക്കാര്‍ക്കും 'എത്തിയശേഷം വിസ' (വിസ ഓണ്‍ അറൈവല്‍) എന്ന സൗകര്യം നല്‍കുന്നുമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക