Image

നീലം ചുഴലിക്കാറ്റ് തമിഴ്‌നാട് തീരങ്ങളില്‍ നാശം വിതച്ചു

Published on 31 October, 2012
നീലം ചുഴലിക്കാറ്റ് തമിഴ്‌നാട് തീരങ്ങളില്‍ നാശം വിതച്ചു
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നീലം ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തെത്തി. വൈകുന്നേരം 5.15ഓടെ ചെന്നൈയില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ മഹാബലിപുരത്തിനടുത്തായാണ് ചുഴലിക്കാറ്റ് കരയിലേക്ക് കടന്നത്. ചുഴലിക്കാറ്റ് പൂര്‍ണ്ണമായി കരയിലേക്ക് കയറാന്‍ മൂന്ന് മണിക്കൂര്‍ വേണ്ടിവരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ഇപ്പോള്‍ ആഞ്ഞടിക്കുന്നത്.

ചെന്നൈയില്‍ നൂറിലധികം മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി. വിവിധയിടങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഗതാഗതം താറുമാറായി. വാര്‍ത്താ വിനിമയ ബന്ധങ്ങളും തകരാറിലായിട്ടുണ്ട്.

തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളിലെ ജില്ലകളില്‍ മഴ തുടരുകയാണ്. മഹാബലിപുരത്ത് മണ്ണിടിച്ചിലുണ്ടായി. തീരപ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ചെന്നൈ നഗരങ്ങളില്‍ പേമാരി പെയ്യുന്നു. 35 കിലോ മീറ്റര്‍ തെക്ക് കാഞ്ചീപുരം ജില്ലയിലെ മഹാബലിപുരം തീരങ്ങളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശി. 2 കുടിലുകള്‍ തകര്‍ന്നു. 23 മരങ്ങള്‍ വീണു. വാര്‍ത്താവിനിമയ വൈദ്യുതി ബന്ധങ്ങള്‍ തകരാറിലായി.

അതേസമയം, ചെന്നൈ തുറമുഖത്തിനടുത്ത് ആഴക്കടലില്‍ മുംബൈയില്‍ നിന്നുള്ള പ്രതിഭ എന്ന എണ്ണക്കപ്പല്‍ ശക്തമായ കാറ്റില്‍ ഒഴുകിപ്പോയി. 20 കിലോമീറ്ററോളം ഒഴുകി ബസന്ത് നഗറിനടുത്ത് കരയിലുറച്ച കപ്പലില്‍ നിന്നും ജീവനക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കപ്പലില്‍ 38 ജീവനക്കാരാണ് ഉള്ളത്. മത്സ്യബന്ധനത്തൊഴിലാളികളാണ് കപ്പല്‍ ജീവനക്കാരെ രക്ഷിക്കാന്‍ ഇറങ്ങിയിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക