Image

പൊതുസ്‌ഥലങ്ങളിലെ മലമൂത്രവിസര്‍ജനം നിരോധിച്ചു

Published on 27 September, 2012
പൊതുസ്‌ഥലങ്ങളിലെ മലമൂത്രവിസര്‍ജനം നിരോധിച്ചു
കൊച്ചി: സംസ്‌ഥാനത്തു പൊതുസ്‌ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തുന്നതു ഹൈക്കോതി നിരോധിച്ചു. പൊതുസ്‌ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തുന്നവര്‍ക്കെതിരേ കള്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനും തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍ക്കും ജസ്‌റ്റിസുമാരായ സി.എന്‍ രാമചന്ദ്രന്‍നായരും കെ. സുരേന്ദ്രമേനോനും ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച്‌ നിര്‍ദേശം നല്‍കി.

പൊതുസ്‌ഥലങ്ങളിലെ മലമൂത്രവിസര്‍ജനം വിനോദസഞ്ചാരമേഖലയില്‍ വ്യാപകമാണെന്നും വിനോദസഞ്ചാരികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായും കോടതി വിലയിരുത്തി. നദികളടക്കമുള്ള കുടിവെള്ള സ്രോതസുകള്‍ മലിനമാകാനും ഇതു കാരണമാകുന്നു. കേരളത്തിലെ നദികളില്‍ കോളിഫോം ബാക്‌ടീരിയയുടെ സാന്നിധ്യം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രശ്‌നപരിഹാരത്തിനായി കൂടുതല്‍ പൊതുടോയ്‌ലറ്റുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍ ഓരോ വീട്ടിലും ടോയ്‌ലറ്റുകള്‍ ഉണ്ടെന്ന്‌ ഉറപ്പുവരുത്തണമെന്നും ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശിച്ചു.

തീരപ്രദേശങ്ങളില്‍ ജനങ്ങള്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതു കൂടുതലും കടല്‍തീരത്തായതിനാല്‍ വിനോദ സഞ്ചാരികള്‍ക്കും ബീച്ച്‌ ടൂറിസത്തിനും ഇതു തടസമാകുന്നു.

ഈ മേഖലയിലെ ജനങ്ങളെ തീരദേശത്തുനിന്നു മാറ്റിപാര്‍പ്പിച്ചാല്‍ കടല്‍ ക്ഷോഭത്തില്‍നിന്നും സുനാമി ഭീഷണികളില്‍ നിന്നും രക്ഷിക്കാമെന്നും തീരദേശവാസികളുടെ പുനരധിവാസം സര്‍ക്കാര്‍ പരിഗണിക്കണമെന്നും നിര്‍ദേശമുണ്ട്‌. തീരദേശമേഖലയില്‍ വിനോദ സഞ്ചാരത്തിനും വികസനത്തിനും പ്രയോജനപ്പെടുന്ന തരത്തില്‍ ജലകായിക വിനോദങ്ങളും മറ്റു പരിപാടികളും സംഘടിപ്പിക്കണമെന്നും കോടതി പറഞ്ഞു. 2005ല്‍ പൊതു സ്‌ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നിരോധിച്ചുകൊണ്ട്‌ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിച്ചുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന്‌ ഡിവിഷന്‍ ബഞ്ച്‌ ചൂണ്ടിക്കാട്ടി. ഈ പശ്‌ചാത്തലത്തില്‍ കോടതി നിര്‍ദേശങ്ങളുടെ അടിസ്‌ഥാനത്തില്‍ സര്‍ക്കാര്‍ കര്‍മപദ്ധതി തയാറാക്കണമെന്നും മൂന്ന്‌ ആഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും ഡിവിഷന്‍ബഞ്ച്‌ നിര്‍ദേശിച്ചു.

പൊതുസ്‌ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതി അഭിഭാഷകന്‍ വി.ആര്‍. രാജേഷ്‌ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണു ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക