Image

ഒബാമറോംനി വാക്പയറ്റ് വീണ്ടും

Published on 16 August, 2012
ഒബാമറോംനി വാക്പയറ്റ് വീണ്ടും
വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇരു സ്ഥാനാര്‍ഥികള്‍ തമ്മില്‍ വീണ്ടും വാഗ്വാദം.പ്രസിഡന്റ് ഒബാമ വിദ്വേഷത്തിന്റെ പ്രചാരണതന്ത്രങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ആരോപിച്ച റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനി, രാജ്യത്ത് മോശം ഭരണമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നതെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം ഷികാഗോയില്‍ ഒബാമ നടത്തിയ പ്രസംഗത്തിന് മറുപടിയെന്നോണമാണ് റോംനി ഒഹായോയില്‍ കടുത്ത ഭാഷയില്‍ തിരിച്ചടിച്ചത്. 

പ്രചാരണവേളയില്‍ ഒബാമ നടത്തുന്ന പ്രസംഗങ്ങള്‍ക്ക് താഴ്ന്ന നിലവാരമാണെന്ന് റോംനിയുടെ പ്രസ് സെക്രട്ടറി ആന്‍ഡ്രിയ സോളും ആക്ഷേപിച്ചു. ഉടനെ ഒബാമയുടെ മറുപടിയും വന്നു. റോംനിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടിയ ഒബാമ പക്ഷം, അദ്ദേഹത്തിന് പരസ്യത്തിലൂടെയും മറ്റും കോടിക്കണക്കിന് ഡോളര്‍ നഷ്ടപ്പെടുന്നതിന്റെ മനോവിഷമമായിരിക്കാം ഇപ്പോള്‍ ഇങ്ങനെ പറയുന്നതിന്റെ കാരണമെന്നും അവര്‍ പറഞ്ഞു. ഒബാമയുടെ പ്രസ് സെക്രട്ടറി ബെന്‍ ലബോര്‍ട്ടാണ് ബുധനാഴ്ച റോംനിക്കെതിരെ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം വെര്‍ജീനിയയില്‍ ഒബാമയുടെ പ്രചാരണപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ, പ്രസിഡന്റ് ജോ ബിഡനും റോംനിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

ഒബാമറോംനി വാക്പയറ്റ് വീണ്ടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക