Image

കാണാം കൊണോലി പ്ലോട്ട്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി 65: ജോര്‍ജ്‌ തുമ്പയില്‍)

Published on 02 May, 2015
കാണാം കൊണോലി പ്ലോട്ട്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി 65: ജോര്‍ജ്‌ തുമ്പയില്‍)
കൊണോലി പ്ലോട്ട്‌ കണ്ടിട്ടുണ്ടോയെന്നു കേരളത്തില്‍ നിന്നു വന്നൊരു സുഹൃത്ത്‌ അമേരിക്കയില്‍ വച്ച്‌ എന്നോട്‌ ചോദിച്ചപ്പോള്‍ ഞാനാദ്യം കരുതിയത്‌ ഏതോ വിദേശരാജ്യത്തെ ടൂറിസ്റ്റ്‌ ഡെസ്റ്റിനേഷന്‍ ആയിരിക്കുമെന്നാണ്‌. ഇല്ലെന്നു പറഞ്ഞപ്പോള്‍ അത്‌ കേരളത്തിലാണെന്നും അതൊക്കെ കണ്ടില്ലെങ്കില്‍ കേരളീയനാണെന്നു പറയുന്നതില്‍ എന്താണ്‌ അര്‍ത്ഥമെന്നും അദ്ദേഹം ചോദിച്ചപ്പോള്‍ ശരിക്കും ചൂളിപ്പോയി. ഇനി ചോദിക്കട്ടെ നിങ്ങള്‌ കണ്ടിട്ടുണ്ടോ ഈ കൊണോലി പ്ലോട്ട്‌. ഇത്‌ എവിടെയാണെന്നു തിരുവിതാംകൂറുകാരു ശരിക്കും ചോദിക്കും. മലബാറിനെക്കുറിച്ച്‌ അവര്‍ക്ക്‌ വലിയ ഗ്രാഹ്യമില്ലാത്തതു തന്നെ കാരണം. മലബാര്‍ എന്നൊക്കെ പറയുന്നത്‌ ഭാഷാപരമായും സംസ്‌ക്കാരപരമായും ഏറെയും കര്‍ണാടകത്തോടും തമിഴ്‌നാടിനോടുമൊക്കെ ചേര്‍ന്നു നില്‍ക്കുന്നതു കൊണ്ടായിരിക്കാം ആരാണ്ട്‌ ഗള്‍ഫില്‍ പോകുന്നതു പോലെയാണ്‌ തിരുവിതാംകൂറുകാര്‍ക്ക്‌ ഈ മലബാറിലേക്കുള്ള പോക്ക്‌. പണ്ട്‌ വല്യ അപ്പൂപ്പന്മാരുടെ കാലത്ത്‌ കുടിയേറ്റം ശക്തമായിരുന്ന കാലത്ത്‌ വന്നിട്ടുള്ള ചില ബന്ധുജനങ്ങളെ സന്ദര്‍ശിക്കാന്‍ പലരും പോകുന്നതായി കേട്ടിട്ടുണ്ട്‌. ആകെപ്പാടെ 15 ദിവസത്തെ അവധിക്ക്‌ നാട്ടില്‍ വരുന്ന നമുക്ക്‌ നിന്നു തിരിയാന്‍ സമയമുണ്ടാവില്ല, അതിനിടയ്‌ക്ക്‌ എങ്ങനെ കൊണോലി പ്ലോട്ട്‌ കാണാന്‍ സമയം കിട്ടും എന്നു പറഞ്ഞ്‌ ശരിക്കും മുങ്ങുകയായിരുന്നു സുഹൃത്തിന്റെ മുന്നില്‍ നിന്ന്‌. പിന്നെ പോയി ശരിക്കും റഫര്‍ ചെയ്‌തു. അടുത്ത വരവില്‍ നിലമ്പൂര്‍ക്ക്‌ വണ്ടി പിടിക്കുകയും ചെയ്‌തു.

കേരളത്തില്‍ മലപ്പുറം ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഇവിടേക്ക്‌ കോഴിക്കോട്ട്‌ നിന്ന്‌ 70 കിലോമീറ്ററും ഊട്ടിയില്‍ നിന്ന്‌ 100 കിലോമീറ്ററും ഉണ്ട്‌. നിലമ്പൂരിന്റെ കിഴക്ക്‌ നീലഗിരി മലനിരകളും പടിഞ്ഞാറ്‌ ഏറനാട്‌ താലൂക്കും തെക്ക്‌ പെരിന്തല്‍മണ്ണയും വടക്ക്‌ വയനാടുമാണ്‌. പ്രകൃതിസുന്ദരമായ സ്ഥലം. ക്യാമറയും കൊണ്ടുള്ള യാത്രയില്‍ ആദ്യപകുതിയില്‍ തന്നെ 2 ജിബിയുടെ മെമ്മറി കാര്‍ഡ്‌ ഒരെണ്ണം തീര്‍ന്നു.

ഇനി കൊണേലി പ്ലോട്ടിലേക്ക്‌ വരാം. സംഗതി ഇതാണ്‌. നിലമ്പൂര്‍ ഗസ്റ്റ്‌ ഹൗസില്‍ ചെന്നപ്പോള്‍ അവിടുത്തെ വെയിറ്ററും കുക്കുമൊക്കെയായ ഗോപാലേട്ടന്‍ എന്ന്‌ എല്ലാരും സ്‌നേഹത്തോടെ വിളിക്കുന്ന മിസ്റ്റര്‍. ഗോപാലകൃഷ്‌ണന്‍ നായരാണ്‌ ഇക്കാര്യം വിശദമാക്കിയത്‌. ബ്രിട്ടീഷ്‌ ഇന്ത്യയിലെ മലബാര്‍ ജില്ലയുടെ കളക്ടറും മജിസ്‌റ്റ്രേട്ടും ആയിരുന്ന സര്‍ ലെഫ്‌റ്റനന്റ്‌ ഹെന്രി വാലന്റൈന്‍ കനോലിയുടെ പേരിലുള്ള സ്ഥലമാണത്‌. 1846ല്‍ ആദ്യമായി തോക്കുതോട്ടം വെച്ചുപിടിപ്പിച്ചതു്‌ ഇവിടെയായിരുന്നു. ലോകത്തിലെ ആദ്യത്തെ തേക്കുതോട്ടം. ശരിയായിരിക്കും ആദ്യത്തേതാവും, എന്തായാലും നമ്മുടെ അവകാശവാദത്തിന്‌ ഇതുവരെ മറ്റാരും മറുവാദം ഉന്നയിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിന്‍തോട്ടം ഇവിടെയാണുള്ളതെന്ന്‌ ഗോപാലേട്ടനും പറയുന്നു. വെറുപ്പിക്കണ്ട, അതങ്ങനെ തന്നെ. എന്നാലും കേരളത്തിലെ ഈ റെക്കോഡ്‌ അങ്ങ്‌ അമേരിക്കയില്‍ ഇരുന്ന്‌ അറിഞ്ഞില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഖിന്നത തോന്നി, ശരിക്കും.

1840 ലാണ്‌ ബ്രിട്ടീഷുകാര്‍ ലോകത്തു തന്നെ ആദ്യമായി നിലമ്പൂരില്‍ കനോലി പ്ലോട്ട്‌ എന്ന തേക്ക്‌ പ്ലാന്റേഷന്‍ ആരംഭിക്കുന്നത്‌. തേക്കിന്റെ ചരിത്രപരമായ അടയാളങ്ങള്‍ സംരക്ഷിക്കുവാനായി കേരള ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിട്ട്യൂട്ടിന്‌ കീഴില്‍ 1995 ലാണ്‌ തേക്ക്‌ മ്യൂസിയം ആരംഭിക്കുന്നത്‌. എന്തായാലും നിലമ്പൂരിന്‌ നഷ്‌ടപ്പെട്ടു കൊണ്ടിരുന്ന ഗരിമ തിരിച്ചു പിടിക്കാന്‍ ഈ തേക്കു മ്യൂസിയത്തിനു കഴിഞ്ഞിട്ടുണ്ട്‌.

ചായ കുടിച്ചു കൊണ്ട്‌ ജനാല തുറന്നു. അധികം തുറക്കണ്ട, വല്ല വെമ്പാലയും കയറി വരുമെന്നു ഗോപാലേട്ടന്‍. വെമ്പാല- അതെ ഉഗ്രന്‍ രാജവെമ്പാല. കേട്ടപാടി കതകടച്ചു കളഞ്ഞു. വെമ്പാലയൊന്നുമില്ല, വല്ല പാമ്പും കയറി വരുമെന്നേ ഉദ്ദേശിച്ചുള്ളുവെന്നു ഗോപാലേട്ടന്‍. ഇവിടെനിന്നും അഞ്ചു കിലോമീറ്റര്‍ അകലെയാണ്‌ ഇപ്പോഴുള്ള തേക്കുമ്യൂസിയം. അഞ്ച്‌ ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഈ തോട്ടത്തിലെ നൂറുകണക്കിനു തേക്കുവൃക്ഷങ്ങളില്‍ ഒന്നാണു ലോകത്തില്‍ ഇന്നുള്ളതില്‍, വെച്ചുപിടിപ്പിച്ച തേക്കുകളില്‍ ഏറ്റവും പ്രായമേറിയതും വലുതും. ഇവിടെയാണ്‌, ചാലിയാറും കുറുവന്‍പുഴയും സംഗമിക്കുന്നത്‌

അങ്ങനെ കൊണോലി പ്ലോട്ട്‌ എന്നു പേരുള്ള ഇവിടേക്ക്‌ യാത്ര തിരിച്ചു. നിലമ്പൂര്‍ പട്ടണത്തില്‍ നിന്ന്‌ 2 കിലോമീറ്ററുണ്ട്‌. ഇവിടുത്തെ കേരള വന ഗവേഷണ കേന്ദ്രത്തിലുള്ള നിലമ്പൂര്‍ തേക്ക്‌ മ്യൂസിയത്തില്‍ എല്ലാം തന്നെ വൃത്തിയോടും വെടിപ്പോടും കൂടി എഴുതി സൂക്ഷിച്ചിരിക്കുന്നു. പല ഇനത്തിലും ഗുണത്തിലും ഉള്ള തേക്കുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഓരോന്നിന്റെയും പ്രായം രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടപ്പോള്‍ മനുഷ്യരൊക്കെ ഈ തേക്കിനു മുന്നില്‍ എത്ര നിസ്സാരന്മാരെന്നു തോന്നിപ്പോയി.

കേരള ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിട്ട്യൂട്ടിന്‌ കീഴിലാണ്‌ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്‌. തേക്കുകളുമായി ബന്ധപ്പെട്ട ചരിത്രം, ആവാസവ്യവസ്ഥ, തേക്കിന്റെ ഉപയോഗങ്ങള്‍, പഠനങ്ങള്‍ തുടങ്ങി അനേകം വിഷയങ്ങളിലുള്ള ചാര്‍ട്ടുകളും ചിത്രങ്ങളും ദൃശ്യസംവിധാനങ്ങളും മ്യൂസിയത്തിലുണ്ട്‌. കൂടാതെ തേക്കു കൊണ്ട്‌ തീര്‍ത്ത ശില്‌പങ്ങളും ഇവിടെ കാണാം. തേക്കുകളെ പറ്റി കലാപരവും ശാസ്‌ത്രപരവും ചരിത്രപരവുമായ വിവരങ്ങള്‍ മ്യൂസിയത്തിലുള്‍ക്കൊള്ളുന്നു.

അധികം നേരം ചെലവഴിക്കാനുള്ള കാഴ്‌ചകള്‍ ഒന്നുമില്ലെന്നു തന്നെ പറയട്ടെ. കനോലി പ്ലോട്ട്‌ കണ്ട്‌, അതിന്റെ മുന്നില്‍ നിന്ന്‌ ഫോട്ടോ എടുത്ത്‌ വീണ്ടും ഗോപാലേട്ടന്റെ ടിബിയിലേക്ക്‌ തിരിച്ചു പോന്നു. ഇത്‌ കുടുകിലേയ്‌ക്കുള്ള യാത്രയാണ്‌. അതിനിടയില്‍ നിലമ്പൂര്‍ ഇറങ്ങിയെന്നു മാത്രം.

എത്തിപ്പെടല്‍

നിലമ്പൂരില്‍ നിന്ന്‌ ഊട്ടി റൂട്ടില്‍ 4 കിലോമീറ്റര്‍
നിലമ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന്‌ 3കിലോമീറ്റര്‍
കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന്‌ 36 കിലോമീറ്റര്‍ ദൂരം

(തുടരും)
കാണാം കൊണോലി പ്ലോട്ട്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി 65: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക