Image

മാധ്യമങ്ങള്‍ക്ക് ബാഹ്യനിയന്ത്രണം വേണ്ട; സെന്‍സേഷനലിസം അകറ്റി നിര്‍ത്തണം: പ്രധാനമന്ത്രി

Published on 02 January, 2012
മാധ്യമങ്ങള്‍ക്ക് ബാഹ്യനിയന്ത്രണം വേണ്ട;  സെന്‍സേഷനലിസം അകറ്റി നിര്‍ത്തണം:  പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വാര്‍ത്തകളില്‍ സെന്‍സേഷനലിസം ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും രാജ്യത്തിന് പ്രധാനമായ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ഹിന്ദി ദിനപത്രം െൈദനിക് ജാഗരന്റെ സ്ഥാപകന്‍ പുരാന്‍ ചന്ദ്ര ഗുപ്തന്റെ അനുസ്മരണാര്‍ഥം തയാറാക്കിയ സ്റ്റാംപ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ക്കു മേല്‍ ബാഹ്യനിയന്ത്രണം ഉണ്ടാവരുത് എന്നത് പൊതുവേയുള്ള അഭിപ്രായമാണ്.  വസ്തുനിഷ്ഠതയും നിഷ്പക്ഷതയും പ്രോത്സാഹിപ്പിക്കുന്നതും സെന്‍ഷേനലിസം ഇല്ലാതാക്കുന്നതുമായ പാത മാധ്യമ പ്രതിനിധികള്‍ കണ്ടെത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

സ്വാതന്ത്ര്യം ലഭിച്ച ശേഷവും മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ചും പ്രവര്‍ത്തന രീതികളെക്കുറിച്ചും ചര്‍ച്ചകള്‍ തുടരുകയാണ്. പെയ്ഡ് ന്യൂസ് പോലുള്ള 'രോഗങ്ങള്‍ തുടച്ചുനീക്കാന്‍ രാജ്യത്തെ മാധ്യമങ്ങള്‍ക്ക് കഴിയും എന്നതില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയുടെ വരവ് മാധ്യമങ്ങളുടെ വ്യാപനം വര്‍ധിപ്പിച്ചത് ജനാധിപത്യത്തിന് ഗുണകരമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 

നിര്‍ഭയവും സ്വതന്ത്രവുമായ റിപ്പോര്‍ട്ടിങ്ങിലൂടെ ശ്രദ്ധ നേടിയ ആളാണ് പുരാന്‍ ചന്ദ്ര ഗുപ്തയെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇത്തരം മാധ്യമപ്രവര്‍ത്തനമാണ് ഒരു ജനാധിപത്യ രാജ്യത്തിന് ആവശ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക