Image

മുല്ലപ്പെരിയാര്‍: സാങ്കേതിക വിദഗ്ദ്ധര്‍ക്കെതിരെ കേരളം പരാതി നല്‍കി

Published on 02 January, 2012
മുല്ലപ്പെരിയാര്‍: സാങ്കേതിക വിദഗ്ദ്ധര്‍ക്കെതിരെ കേരളം പരാതി നല്‍കി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തിയ സാങ്കേതിക വിദഗ്ദ്ധര്‍ക്കെതിരെ കേരളം ഉന്നതാധികാര സമിതിയില്‍ പരാതി നല്‍കി. സി.ഡി. തട്ടേ, ഡി.കെ. മേത്ത എന്നിവര്‍ക്കെതിരെയാണ് പരാതി. പരിശോധനയ്ക്കിടെ തമിഴ്‌നാടിന് അനുകൂലമായി ഇവര്‍ നിലപാടെടുത്തുവെന്ന് പരാതിയില്‍ പറയുന്നു. ഇവര്‍ക്കെതിരെ പരാതി നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ നേരത്തെ തീരുമാനിച്ചിരുന്നു.

അണക്കെട്ടിന്റെ കാര്യത്തില്‍ തത്സ്ഥിതി തുടരണമെന്ന സുപ്രീം കോടതി ഉത്തരവ് മറികടന്ന് തമിഴ്‌നാടിന് അനുകൂലമായി നിര്‍ദേശം നല്‍കിയെന്നതാണ് കേരളത്തിന്റെ ഒരു ആരോപണം. അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്താനും ഇരുവരും കേരളത്തിന്റെ എതിര്‍പ്പ് മറികടന്ന് തമിഴ്‌നാടിന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ജലവിഭവ ചീഫ് എന്‍ജിനീയറെ അവഹേളിച്ചു, കേരളം അഭിപ്രായം പറയുന്നത് വിലക്കി തുടങ്ങിയ മറ്റു പരാതികള്‍ വേറെയുമുണ്ട്. അതേസമയം, പരാതി ഇരുവരിലും അവിശ്വാസം രേഖപ്പെടുത്തലും അവരെ മാറ്റണമെന്ന് ആവശ്യപ്പെടുന്നതിന് തുല്യവുമാകുമെന്നുമുള്ള മറ്റൊരു വാദമുണ്ട്.

അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഉന്നതാധികതാര സമിതി മെമ്പര്‍ സെക്രട്ടറി സത്പാലിന് കേരളത്തിന്റെ പരാതി കൈമാറി. സാങ്കേതിക വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗമാണ് ഭൂകമ്പത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ തട്ടേ, മേത്ത എന്നിവരടങ്ങിയ രണ്ടംഗ സംഘത്തെ നിയോഗിച്ചത്.

അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ഭൂകമ്പബാധിത പ്രദേശങ്ങളിലും നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ഉന്നതാധികാര സമിതി മുമ്പാകെ രണ്ടംഗ സമിതി സമര്‍പ്പിച്ചു. കേരളത്തില്‍ രണ്ടുദിവസം നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടാണ് ഉന്നതാധികാര സമിതിക്ക് നല്‍കിയത്. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക