Image

സഭാ തര്‍ക്കം: വിധി നടപ്പാക്കാനെത്തിയ സി.ഐക്ക്‌ മര്‍ദ്ദനമേറ്റു

Published on 02 January, 2012
സഭാ തര്‍ക്കം: വിധി നടപ്പാക്കാനെത്തിയ സി.ഐക്ക്‌ മര്‍ദ്ദനമേറ്റു
കോലഞ്ചേരി: യാക്കോബായ - ഓര്‍ത്തഡോക്‌സ്‌ സഭാ തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കാനെത്തിയ സി.ഐയ്‌ക്ക്‌ മര്‍ദ്ദനത്തില്‍ പരിക്കേറ്റു. കോലഞ്ചേരി കണ്യാട്ടുനിരപ്പ്‌ സെന്റ്‌ ജോണ്‍സ്‌ പള്ളിയില്‍ കോടതിവിധി നടപ്പാക്കാനെത്തിയ പുത്തന്‍കുരിശ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു കെ. സ്റ്റീഫനെ കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. തലയ്‌ക്കു പിന്നില്‍ അടിയേറ്റ ഇദ്ദേഹം ബോധരഹിതനായി നിലത്തുവീണു. സ്ഥലത്തുണ്‌ടായിരുന്ന പോലീസാണു സിഐയെ ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിലെത്തിച്ചത്‌. തലയ്‌ക്കു സാരമായി പരിക്കേറ്റെന്നു പ്രാഥമിക പരിശോധനയില്‍ വ്യക്തമായതിനെത്തുടര്‍ന്ന്‌ ഐസിയുവിലേക്കു മാറ്റി. സിഐ അപകടനില തരണംചെയ്‌തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം. യാക്കോബായ-ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഇവിടെ ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിനു ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പോലീസ്‌ സംരക്ഷണം നല്‌കുന്നുണ്ട്‌. അഞ്ച്‌, ആറ്‌ തീയതികളില്‍ നടക്കുന്ന പെരുന്നാളിനു തുടക്കംകുറിച്ച്‌ ഇന്നലെ കുര്‍ബാനയ്‌ക്കുശേഷം വികാരി ഫാ. ജോണ്‍ മൂലാമറ്റത്തിന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗം കൊടിയേറ്റാന്‍ എത്തിയതോടെയാണു സംഘര്‍ഷങ്ങളുടെ തുടക്കം.

കൊടി കയറ്റുന്നതു തടയാന്‍ സ്ഥലത്തുണ്‌ടായിരുന്ന യാക്കോബായ വിഭാഗം സംഘടിച്ചെത്തി. ഇവരെ തടയുന്നതിനിടെ യാക്കോബായ വിഭാഗവും പോലീസും തമ്മില്‍ നേരിയ തോതില്‍ ഉന്തും തള്ളും ലാത്തിച്ചാര്‍ജും നടന്നു. ഇതിനിടെയാണു പുത്തന്‍കുരിശ്‌ സിഐ ബിജു കെ. സ്റ്റീഫനു തലയ്‌ക്കു പരിക്കേറ്റത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക